Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളപ്പണത്തിന്റെ സഞ്ചാര വഴികൾ..! സുനിൽ എം എസ് എഴുതുന്ന ലേഖനം

കള്ളപ്പണത്തിന്റെ സഞ്ചാര വഴികൾ..! സുനിൽ എം എസ് എഴുതുന്ന ലേഖനം

ഞാനൊഴികെ മറ്റ് അനന്തരാവകാശികളില്ലാതെ ചരമമടഞ്ഞ എന്റെ അമ്മാവന്റെ ഭൂസ്വത്ത് കുറച്ചുനാൾ മുമ്പ് എനിക്കു കിട്ടിയിരുന്നു. അങ്ങനെ, മേലു വിയർക്കാതെ എനിക്കു കിട്ടിയ ഭൂസ്വത്തിന്റെ ചെറിയൊരു ഭാഗം വാങ്ങാനാഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് ഒരാളെത്തി. ഞങ്ങൾ തമ്മിൽ വില പേശൽ നടന്നു. രണ്ടു കോടി രൂപയ്ക്കു കച്ചവടമുറപ്പിച്ചു. ഞാനൊരു വ്യവസ്ഥ മുന്നോട്ടു വച്ചു: തീറാധാരത്തിൽ പകുതി വില മാത്രമേ കാണിക്കൂ.

തീറാധാരത്തിൽ പകുതി വില മാത്രമേ കാണിക്കൂ എന്നു കേട്ടപ്പോൾ വസ്തു വാങ്ങാനെത്തിയ ആൾക്കും സന്തോഷമായി. ഒരു കോടി രൂപയിന്മേലുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീയും ലാഭിക്കാമല്ലോ. കക്ഷി ഒരു കോടി രൂപ ബാങ്ക് ഡ്രാഫ്റ്റായി തന്നു. ശേഷിക്കുന്ന ഒരു കോടി രൂപ ഒരു ബ്രീഫ് കേസിൽ രൊക്കം പണമായും. കക്ഷിയും കണക്കിൽ പെടുത്താതെ സമ്പാദിച്ചു വച്ചിരുന്ന പണമായിരുന്നിരിക്കണം അതും. ഇപ്പരിപാടി അപ്പോളെല്ലാവർക്കുമുണ്ട്! ഞാൻ തീറാധാരം രജിസ്റ്റർ ചെയ്തു നൽകി.

ഒരു കോടി രൂപയുടെ ബാങ്ക് ഡ്രാഫ്റ്റു ഞാനെന്റെ ബാങ്കക്കൗണ്ടിൽ നിക്ഷേപിച്ചു. ഇനി ബ്രീഫ് കേസിലിരിക്കുന്ന ഒരു കോടി രൂപയെന്തു ചെയ്യും?

അതു കണക്കിൽപ്പെടാത്ത പണമായതുകൊണ്ടു ബാങ്കിലടയ്ക്കാനാവില്ല. ബാങ്കിലെങ്ങാൻ അടച്ചുപോയാൽ, അടുത്ത ദിവസം തന്നെ ആദായനികുതിക്കാർ കയറിവന്നു ചോദിച്ചേയ്ക്കാം: എവിടുന്നു കിട്ടീ, ആ പണം? ഉത്തരം മുട്ടിയതു തന്നെ. അവർ അക്കൗണ്ടു മരവിപ്പിക്കും. കള്ളപ്പണക്കാരനെന്നു ചാനലുകൾ ഉറപ്പായും വിശേഷിപ്പിക്കും.

തീറാധാരത്തിൽ കാണിച്ചിട്ടില്ലാത്തതുകൊണ്ട് കള്ളപ്പണമെന്ന ആരോപണത്തെ എതിർക്കാനാവില്ല. ഒരു കോടി രൂപയിന്മേൽ അടയ്‌ക്കേണ്ടിയിരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീയും അടയ്ക്കാതെ തടിതപ്പിയിരിക്കുന്നു. ഇതിനൊക്കെപ്പുറമേ, ഒരു കോടിയിന്മേലുള്ള ആദായനികുതിയും ഒഴിവാക്കാനാണു നോട്ടം.

വിറ്റ വസ്തുവിന്റെ ഉടമസ്ഥത എനിക്കു ലഭിച്ചിരുന്ന തീയതിയെ അടിസ്ഥാനമാക്കി ആദായനികുതിയിൽ നേരിയൊരിളവു ലഭിച്ചെന്നു വരാം, ലഭിച്ചില്ലെന്നും വരാം. ആദായനികുതിവകുപ്പ് ഇളവുകളൊന്നുമനുവദിക്കുന്നില്ലെങ്കിൽ, വിറ്റവിലയിന്മേൽ ഒരു പക്ഷേ, മുപ്പതു ശതമാനം വരെ ആദായനികുതി കൊടുക്കേണ്ടി വന്നേയ്ക്കാം. ആകെ വിറ്റവില രണ്ടു കോടി രൂപ. രണ്ടു കോടി രൂപയുടെ മുപ്പതു ശതമാനമെന്നാൽ അറുപതു ലക്ഷം രൂപ! അറുപതു ലക്ഷം രൂപ നികുതിയായി അടയ്ക്കുകയോ!

പൊതുവിൽ നിയമങ്ങളനുസരിക്കുന്നൊരു വ്യക്തിയാണു ഞാൻ. പക്ഷേ, ഇത്രയധികം രൂപ സർക്കാരിനു കൊടുക്കുന്നതുകൊണ്ടു നമുക്കെന്തു പ്രയോജനം! അതിൽ പകുതിയെങ്കിലും ലാഭിക്കണം. ആ ലക്ഷ്യത്തോടെയാണു തീറാധാരത്തിൽ പകുതിവില മാത്രം കാണിച്ചതും, പകുതി വില രൊക്കം പണമായി വാങ്ങിയതും.

ആദായനികുതിക്കാർ അതു പിടിച്ചെടുത്താൽ നികുതിയും പിഴയും അടയ്‌ക്കേണ്ടി വരും. ക്രിമിനൽക്കുറ്റവുമാകും. മിക്കവാറും ''അഴിയെണ്ണേണ്ടതായും'' വരും. ഈ ആപത്തുകളൊഴിവാക്കണമെങ്കിൽ ബ്രീഫ് കേസിലുള്ള ഒരു കോടി രൂപ എവിടേയ്‌ക്കെങ്കിലും കടത്തണം. എവിടേയ്ക്കു കടത്തുന്നതാണു നല്ലത്? എന്താണതിനൊരു വഴി?

ഞാൻ അതിരഹസ്യമായി ചില അന്വേഷണങ്ങൾ നടത്തി. ഹവാലയുൾപ്പെടെ പല വഴികളും പൊന്തിവന്നു. അവയിൽ, താരതമ്യേന എളുപ്പമുള്ളൊന്ന് എനിക്കിഷ്ടപ്പെട്ടു. അതനുസരിച്ച്, ഞാൻ പണവുമായി ഗുജറാത്തിലെ സൂററ്റിലേയ്ക്കു പറന്നു. അവിടെ വജ്രങ്ങൾ ധാരാളം. അവിടത്തെ പ്രസിദ്ധനായൊരു വജ്രവ്യാപാരിയിൽ നിന്ന് ഒരു കോടി രൂപ വിലവരുന്ന വജ്രങ്ങൾ ഞാൻ വാങ്ങി. അവ കോർത്തുണ്ടാക്കിയൊരു മാലയുടെ രൂപത്തിലായിരുന്നു. ഒരു കോടി രൂപ രൊക്കം പണമായി കൊടുത്തപ്പോൾ വജ്രവ്യാപാരി യാതൊരു ഭാവവ്യത്യാസവും കൂടാതെ അതു വാങ്ങി പെട്ടിയിലിട്ടു; പകരം, വജ്രങ്ങൾ കോർത്ത മാല തരികയും ചെയ്തു. ചോദ്യങ്ങളില്ല, ബില്ലുമില്ല. വ്യാപാരി തന്ന വജ്രങ്ങൾ വജ്രങ്ങൾ തന്നെയാണോ എന്നറിയില്ല. അവ കൃത്രിമമല്ലെന്ന വിശ്വാസത്തിൻ ഞാനവ വാങ്ങി.

ദുബായ് വിസ കൈയിലുണ്ടായിരുന്നു. അതുകൊണ്ട് ഏതാനും ദിവസങ്ങൾക്കുള്ളിൽ എനിക്കു മുംബൈയിൽ നിന്നു ദുബായിലേയ്ക്കു പോകാൻ സാധിച്ചു. ഒരു കോടി രൂപയുടെ വജ്രമാല ശരീരത്തിലണിഞ്ഞുകൊണ്ടായിരുന്നു യാത്ര. വജ്രമാലയണിഞ്ഞുകൊണ്ടു മുംബൈ എയർപോർട്ടിൽ പ്രവേശിച്ചപ്പോൾ ഉൾക്കിടിലമുണ്ടായിരുന്നു: പിടിക്കപ്പെട്ടേയ്ക്കുമോ! എന്റെ ആശങ്കകൾ അസ്ഥാനത്തായിരുന്നു; യാതൊരു തടസ്സവുമുണ്ടായില്ല. വജ്രമാലയണിഞ്ഞുകൊണ്ടു വിദേശത്തു നിന്നിങ്ങോട്ടു വന്നിറങ്ങുകയായിരുന്നെങ്കിൽ ഒരുപക്ഷേ, ഞാൻ കള്ളക്കടത്തുകാരനായി മുദ്രയടിക്കപ്പെട്ടേനേ!

ദുബായിൽച്ചെന്നയുടൻ ഞാൻ വജ്രമാലയൂരിവിറ്റു. ഒരു കോടി രൂപ വിലയുള്ള വജ്രമാല നമുക്കിവിടെ, കേരളത്തിൽ വലുതാണ്. എന്നാൽ ദുബായിലതെല്ലാം നിസ്സാരം. അതിന്റെ പല മടങ്ങു വിലയുള്ള വജ്രങ്ങൾ പോലും അവിടെ അനായാസം വിൽക്കാം. തലയിൽ മുണ്ടിട്ടു കള്ളുഷാപ്പിൽ കയറുന്നതു പോലെ, പാത്തും പതുങ്ങിയുമുള്ള വിൽപ്പനയല്ല നടന്നത്; അവിടത്തെ നിയമങ്ങൾക്കനുസൃതമായ, തുറന്ന വിൽപ്പന തന്നെ നടന്നു. വജ്രമാലയുടെ ജാതകമൊന്നും പറഞ്ഞുകൊടുക്കേണ്ടി വന്നില്ല. വിറ്റയുടൻ രൊക്കം പണം കിട്ടുകയും ചെയ്തു: ആറു ലക്ഷത്തിലേറെ ദിർഹം.

ദിർഹവും രൂപയും തമ്മിലുള്ള വിനിമയനിരക്കുവച്ചു ഞാൻ കണക്കു കൂട്ടി നോക്കി: മുടക്കുമുതലിനു പുറമെ, പത്തു ലക്ഷം രൂപയോളം ലാഭവും കിട്ടിയിരിക്കുന്നു. ഞാൻ ചിരിച്ചുപോയി: കള്ളപ്പണത്തിന്മേൽ ലാഭം! ഇന്ത്യാഗവണ്മെന്ററിയാതിരിക്കുന്നതാണു നല്ലത്; അറിഞ്ഞാൽ, ഈ ലാഭത്തിന്മേലും അവർ ആദായനികുതി ആവശ്യപ്പെടും, തീർച്ച.

വജ്രക്കടയിൽ നിന്നു പണവുമായി ഞാൻ പോയതു ദുബായിലുള്ളൊരു ബാങ്കിലേയ്ക്കാണ്. ''എനിക്ക് ഒരക്കൗണ്ടു തുടങ്ങണം,'' ഞാൻ പറഞ്ഞു. ബാങ്ക് ഓഫീസർ പുഞ്ചിരിയോടെ എന്നെ സ്വീകരിച്ചു. അക്കൗണ്ടു തുടങ്ങാൻ മിനിറ്റുകൾ മാത്രമേ വേണ്ടി വന്നുള്ളൂ. വജ്രമാല വിറ്റു കിട്ടിയ ദിർഹം മുഴുവൻ ഞാൻ അക്കൗണ്ടിലടച്ചു. എവിടുന്നു കിട്ടീ, ഇത്രയധികം പണമെന്ന് ആരുമെന്നോടു ചോദിച്ചില്ല. അവിടെ അതൊന്നുമാരും ആരായാറില്ലെന്നു തോന്നുന്നു.

കേരളത്തിൽ തിരിച്ചെത്തിയ പാടെ, എന്നെ അസ്വസ്ഥത ബാധിച്ചു. ദുബായിലേയ്ക്ക് കേരളത്തിൽ നിന്ന് അധികം അകലമില്ല. ഇന്ത്യാഗവണ്മെന്റ് അന്വേഷിക്കുകയാണെങ്കിൽ ദുബായിയിലെ ബാങ്ക് എന്റെ അക്കൗണ്ടിലെ തുകയുടെ കാര്യം ഇന്ത്യാഗവണ്മെന്റിനു വെളിപ്പെടുത്തിക്കൊടുക്കുകയില്ലെന്ന് എന്താണുറപ്പ്? അവരങ്ങനെ വെളിപ്പെടുത്താറില്ലെന്നാണു പറഞ്ഞു കേട്ടത്. എങ്കിലും, പണം കുറേക്കൂടി അകലേയ്ക്കു മാറ്റുന്നതാകും ബുദ്ധി. ഇന്ത്യാഗവണ്മെന്റിനു പെട്ടെന്നെത്താനാകാത്തയത്ര അകലത്തേയ്ക്ക്. സ്വിറ്റ്‌സർലന്റിലെ ബാങ്കുകളിലാണു പണം ഏറ്റവും സുരക്ഷിതമെന്നു പറഞ്ഞുകേട്ടിട്ടുണ്ട്. ദുബായിൽ നിന്നു സ്വിസ് ബാങ്കിലേയ്‌ക്കെങ്ങനെ പണം കടത്താം?

ഞാൻ ഗൂഗിൾ സെർച്ചു നടത്തി. ഗൂഗിളിനെ പൂജിക്കണം: നിമിഷാർദ്ധം കൊണ്ട് ചില സ്വിസ് കമ്പനികളുടെ വിവരങ്ങൾ ഗൂഗിൾ ഉയർത്തിക്കൊണ്ടു വന്നു. അവയുടെ വെബ്‌സൈറ്റുകളിൽ പറഞ്ഞിരിക്കുന്നതെല്ലാം ഞാൻ പലയാവർത്തി വായിച്ചു മനസ്സിലാക്കി. ആപത്തുകളിൽ ചെന്നു ചാടരുതല്ലോ. തൃപ്തി തോന്നിപ്പിച്ച കമ്പനികളുടെ വെബ്‌പേജുകളിൽ ഞാനൊരു സന്ദേശം പോസ്റ്റു ചെയ്തു. താമസിയാതെ മറുപടികൾ വന്നു. പ്രോത്സാഹജനകമായിരുന്നു, മറുപടികളെല്ലാം. അവയിലൊരു കമ്പനിയുടെ സേവനങ്ങൾക്കുള്ള ഫീസു കൂടുതലായിരുന്നു. എങ്കിലും ഞാനവരെത്തന്നെ തെരഞ്ഞെടുത്തു. അവരോടു ഞാനെന്റെ കൃത്യമായ ആവശ്യം സൂചിപ്പിച്ചു: ദുബായിലുള്ള പണം സ്വിറ്റ്‌സർലന്റിലെ സുരക്ഷിതമായ ഏതെങ്കിലുമൊരു ബാങ്കിലേയ്ക്കു മാറ്റണം.

കമ്പനിയുടെ മറുപടിയിൽ നിന്ന് എനിക്കു മനസ്സിലാക്കിയെടുക്കാനായ പ്രക്രിയ അല്പം സങ്കീർണമായിരുന്നു. ദുബായിൽ നിന്നു സ്വിറ്റ്‌സർലന്റിലേയ്ക്കുള്ള പണത്തിന്റെ യാത്ര നേരിട്ടല്ല. ദുബായിൽ നിന്നാദ്യം പോകുന്നത് സമോവ എന്നൊരു രാജ്യത്തെ ഒരു കമ്പനിയിലേയ്ക്കായിരിക്കും. നിക്ഷേപത്തിന്റെ രൂപത്തിൽ. അവിടന്നതു സീഷെൽസിലെ മറ്റൊരു കമ്പനിയിലേയ്ക്കു കടക്കും. സീഷെൽസിൽ നിന്നു ബ്രിട്ടീഷ് വേർജിൻ ഐലന്റിലെ ഒരു കമ്പനിയിലേയ്ക്ക്. അതവിടേയും അവസാനിക്കുന്നില്ല. പലയിടങ്ങളിലായി കറങ്ങിത്തിരിഞ്ഞ്, ഒടുവിൽ, പണം സ്വിസ് ബാങ്കിലെത്തും.

മഹാഭാരതത്തിൽ, ധൈര്യസമേതം ചക്രവ്യൂഹത്തിനകത്തു കടന്ന അഭിമന്യുവിനു പുറത്തുകടക്കാനുള്ള വഴിയറിയാതെ മരണപ്പെടേണ്ടിവന്നതാണു പെട്ടെന്നോർത്തുപോയത്. ഇത്രയധികം സ്ഥലങ്ങളിൽക്കിടന്നു കറങ്ങുന്നതിനിടയിൽ പണത്തിനു വഴി തെറ്റുകയോ അതെവിടെയെങ്കിലും കുടുങ്ങിപ്പോകുകയോ മറ്റോ ചെയ്യുമോ? പണം തിരികെക്കിട്ടേണ്ടപ്പോൾ തിരികെക്കിട്ടാതെ വന്നേയ്ക്കുമോ? എന്തുകൊണ്ട് പണം ദുബായിൽ നിന്നു സ്വിസ് ബാങ്കിലേയ്ക്കു നേരിട്ടു മാറ്റിക്കൂടാ? ദുബായിൽ നിന്നു സ്വിറ്റ്‌സർലന്റിലേയ്ക്കു നേരിട്ടു വിമാനസർവീസുണ്ടല്ലോ. ഞാൻ സംശയങ്ങളുന്നയിച്ചു.

വിശദീകരണം വന്നു: പണത്തിന്റെ റൂട്ട് വിമാനത്തിന്റേതിൽ നിന്നു വ്യത്യസ്തമാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പണം സ്വിസ് ബാങ്കിലെത്തിയിരിക്കും. ആവശ്യമുള്ളപ്പോൾ പിൻവലിക്കുകയും ചെയ്യാം. പണം നൂറു ശതമാനം സുരക്ഷിതമായിരിക്കും. സ്വിസ് ബാങ്കുകളിലെ സുരക്ഷിതത്വം പ്രസിദ്ധമാണ്. പിന്നെ, മദ്ധ്യവർത്തികളായ ഞങ്ങളുടെ ഈ സേവനങ്ങൾക്കെല്ലാം ചെറിയൊരു ഫീസുള്ള കാര്യം ഓർമ്മിക്കുമല്ലോ.

പണം അങ്ങോട്ടുമിങ്ങോട്ടും പോകുന്നതു മറ്റാരും അതിന്റെ പന്ഥാവു മനസ്സിലാക്കുകയും, അതിനെ പിന്തുടർന്നു പിടികൂടുകയും ചെയ്യാതിരിക്കാൻ വേണ്ടിയാണ്. ചക്രവ്യൂഹത്തിന്റെ ഒരു പ്രായോഗികമാതൃക; ഒരാപ്ലിക്കേഷൻ. ''ആപ്പ്'' എന്നും പറയാം. പണത്തെ പിന്തുടരാൻ ശ്രമിക്കുന്ന അധികാരികൾക്കു ചക്രവ്യൂഹത്തിൽ വച്ചു വഴി പിഴയ്ക്കും. പാതിവഴിയിലവർ ശ്രമം ഉപേക്ഷിക്കും. പണത്തിനാകട്ടെ, വഴി പിഴയ്ക്കുകയുമില്ല.

രണ്ടാഴ്ച കഴിഞ്ഞപ്പോഴേയ്ക്കു ഞാനൊരു സ്വിസ് ബാങ്കു നിക്ഷേപകനായി. അക്കൗണ്ടിൽ ഒന്നരലക്ഷത്തോളം സ്വിസ് ഫ്രാങ്ക്. പാസ്ബുക്കില്ല, ചെക്ക് ബുക്കില്ല. യൂസർ നെയിമും ഏതാനും പാസ്വേർഡുകളും മാത്രം. അവയെനിക്കു ഹൃദിസ്ഥമാണ്.

ഇനിയെപ്പോൾ വേണമെങ്കിലും ആദായനികുതിക്കാർ വീട്ടിൽക്കയറി വന്നോട്ടെ, ചികഞ്ഞു നോക്കിക്കോട്ടെ. എന്റെ രഹസ്യസമ്പാദ്യത്തെപ്പറ്റി അവർക്കൊരു വിവരവും കിട്ടാൻ പോകുന്നില്ല.

കുടുംബസമേതം സ്വിറ്റ്‌സർലന്റിൽപ്പോയി കുറച്ചുദിവസം സുഖവാസമെടുക്കാൻ പ്ലാനുണ്ട്. സാധിച്ചാൽ അമേരിക്കയുമൊന്നു കാണണം. ഒന്നര ലക്ഷത്തോളം സ്വിസ് ഫ്രാങ്ക് സ്വിസ് ബാങ്കിൽ കിടക്കുമ്പോൾ അതിനെന്താ ബുദ്ധിമുട്ട്! അടിച്ചുപൊളിക്കുക തന്നെ. അതിനൊക്കെയല്ലെങ്കിൽ മറ്റെന്തിനാണു കള്ളപ്പണം!

ഏതാനും ദിവസം കഴിഞ്ഞപ്പോൾ ഞാൻ സ്വിസ് ബാങ്കിൽക്കിടക്കുന്ന പണത്തിന്മേൽ പലിശ കണക്കാക്കാൻ തുടങ്ങി. ഒരു വർഷത്തേയ്ക്കുള്ള സ്ഥിരനിക്ഷേപത്തിന് എട്ടു ശതമാനത്തിൽ കുറയാത്ത പലിശ നൽകുന്ന ബാങ്കുകൾ കേരളത്തിൽ ധാരാളം. സ്വിസ് ബാങ്കും അത്രയൊക്കെത്തന്നെ തരുമായിരിക്കണം. ഒരു കോടിയിന്മേൽ എട്ടു ശതമാനം പലിശയെന്നാൽ, വർഷം എട്ടു ലക്ഷം രൂപ. പലിശ പിൻവലിക്കാതിരുന്നാൽ പലിശ മേൽ പലിശ നേടാം. ഒരു പതിറ്റാണ്ടു കൊണ്ടു തന്നെ നിക്ഷേപം ഏതാണ്ടിരട്ടിയാക്കാം. ഏറ്റവുമധികം പലിശ കൂടുതൽ കിട്ടുന്ന പദ്ധതിയിലേയ്ക്കു മാറ്റണമെന്ന നിർദ്ദേശം കൊടുക്കാനായി ഞാനെന്റെ അക്കൗണ്ടുള്ള സ്വിസ് ബാങ്ക് വെബ് സൈറ്റ് സന്ദർശിച്ചു.

സ്ഥിരനിക്ഷേപങ്ങൾക്കു സ്വിസ് ബാങ്കു നൽകുന്ന പലിശനിരക്കുകൾ കണ്ടു ഞാൻ നടുങ്ങി. കേരളത്തിലെ മിക്ക ബാങ്കുകളും ഒരു വർഷത്തേയ്ക്കുള്ള സ്ഥിരനിക്ഷേപത്തിന് എട്ടു ശതമാനത്തോളം പലിശ നൽകുമ്പോൾ, സ്വിസ് ബാങ്കു നൽകുന്നതെത്രയെന്നോ, 1.22 ശതമാനം മാത്രം! നിക്ഷേപത്തിന്റെ കാലാവധി കൂടുമ്പോൾ കേരളത്തിൽ പലിശനിരക്കും കൂടുകയാണു ചെയ്യുക. എന്നാൽ, സ്വിസ് ബാങ്കുകളിലെ പലിശനിരക്കു കുറയുകയാണു ചെയ്യുന്നത്. പത്തു വർഷത്തേയ്ക്കുള്ള പലിശനിരക്ക് വെറും അരശതമാനം. രണ്ടു വർഷത്തെ നിരക്കാണ് ഏറ്റവും വിചിത്രം: പൂജ്യം!

സ്ഥിരനിക്ഷേപങ്ങൾക്കുള്ള സ്വിസ് ബാങ്കുകളുടെ പലിശനിരക്കുകൾ തുച്ഛമാണെന്നു കണ്ടതോടെ പത്തു കൊല്ലം കൊണ്ടു നിക്ഷേപം ഇരട്ടിയാക്കി വളർത്താമെന്ന എന്റെ സങ്കല്പം തകർന്നു. ഒരു കോടി രൂപ എത്ര കാലമാണു കാര്യമായ വരുമാനമൊന്നുമില്ലാതെ അക്കൗണ്ടിൽ വച്ചുകൊണ്ടിരിക്കുക! കാര്യമായ വരുമാനമുണ്ടാക്കിത്തരുന്നില്ലെങ്കിൽ സ്വിസ് ബാങ്ക് അക്കൗണ്ടുകൊണ്ട് ഒരലമാരയുടെ ഗുണമേയുള്ളൂ. നാണയപ്പെരുപ്പം മൂലം നാമറിയാതെ അലമാരയിലെ പണത്തിനു മൂല്യശോഷണം വരികയും ചെയ്യും. പണം അലമാരയിൽ നിന്നു പുറത്തുകടന്നെങ്കിൽ മാത്രമേ, അതിനു വരുമാനം നേടാനാകൂ.

സ്വിസ് ബാങ്കിലെ പലിശനിരക്കിനേക്കാളുയർന്ന വരുമാനം നേടാനുള്ള വഴികൾ ഞാനാരാഞ്ഞു. പല നിർദ്ദേശങ്ങളും കിട്ടി. അവയിലൊന്ന് അതിവേഗം വളരുന്ന ചില രാഷ്ട്രങ്ങളിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തുകയെന്നതായിരുന്നു. ചൈനയും ഇന്ത്യയുമാണ് ഏറ്റവുമധികം വളർച്ചയുള്ള വൻ രാജ്യങ്ങൾ. ചൈനയിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തുന്നതിനേക്കാൾ എളുപ്പം ഇന്ത്യയിലേതിൽ നിക്ഷേപം നടത്തുന്നതാണെന്നായിരുന്നു, നിർദ്ദേശത്തിലെ ശുപാർശ.

വൈചിത്ര്യം നോക്കണേ! ഇന്ത്യയിൽ വച്ചു കണ്ടുപിടിക്കപ്പെടാതിരിക്കാൻ വേണ്ടി ബുദ്ധിമുട്ടുകൾ സഹിച്ചു സ്വിറ്റ്‌സർലന്റിലേയ്ക്കു കടത്തിയ കള്ളപ്പണം ഉയർന്ന വരുമാനം കിട്ടാൻ തിരികെ ഇന്ത്യയിൽത്തന്നെ നിക്ഷേപിയ്‌ക്കേണ്ടി വരുന്ന അവസ്ഥ. ഓഹരിക്കമ്പോളത്തിൽ നിക്ഷേപങ്ങൾ ആരുടേതെന്നു കണ്ടെത്തുന്നത് ഇന്ത്യയിലെ അധികൃതർക്ക് എളുപ്പമാണ്. അവിടെ നിക്ഷേപം നടത്തിയാൽ എന്റെ കള്ളപ്പണം പിടിക്കപ്പെടും, തീർച്ച. എനിക്കു ഭയമായി.

പക്ഷേ, കൂടുതൽ വിവരങ്ങളറിയാനായപ്പോൾ എന്റെ ഭയമകന്നു. വിദേശനിക്ഷേപകർക്കു വേണ്ടി ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തിയിരിക്കുന്ന നിരവധി സ്ഥാപനങ്ങൾ ചില വിദേശരാജ്യങ്ങളിലുണ്ട്. മൊറീഷ്യസ് അത്തരമൊരു രാജ്യമാണ്. ആ സ്ഥാപനങ്ങൾക്കു പണം നൽകിയാൽ, അവരതുപയോഗിച്ച് ഇന്ത്യൻ ഓഹരികൾ വാങ്ങുകയും, അവയുടെ അടിസ്ഥാനത്തിൽ പാർട്ടിസിപ്പേറ്ററി നോട്ട് അഥവാ പീനോട്ട് എന്നൊരു സാക്ഷ്യപത്രം നമുക്കു തരികയും ചെയ്യുന്നു.

പീനോട്ട് നമുക്കെളുപ്പം വിറ്റൊഴിയാം. വിൽക്കുമ്പോൾ ഓഹരിവിലകളുയർന്നിട്ടുണ്ടെങ്കിൽ അതിനനുസൃതമായ മെച്ചം നമുക്കു കിട്ടുന്നു. ഇതിനു പുറമേ, ഓഹരികളിന്മേലുള്ള ലാഭവീതവും നമുക്കുള്ളതു തന്നെ. ഓഹരിവിലകളിൽ ഇടിവുണ്ടായാൽ നഷ്ടസാദ്ധ്യതയുണ്ട്.

നമ്മുടെ പേര് ഇന്ത്യൻ ഓഹരിക്കമ്പോളത്തിലെവിടേയും പ്രത്യക്ഷപ്പെടുകയില്ലെന്നതാണു പീനോട്ടിന്റെ മുഖ്യവൈശിഷ്ട്യം. അതെന്നെ ആകർഷിച്ചു. എന്റെ കള്ളപ്പണം പിടിക്കപ്പെടുകയില്ലല്ലോ. ഓഹരിക്കമ്പോളത്തിൽ നിന്നു കിട്ടാവുന്ന മെച്ചങ്ങൾ നേടുകയും ചെയ്യാം.

വീണ്ടുമൊന്നാലോചിയ്‌ക്കേണ്ടി വന്നില്ല. കള്ളപ്പണക്കാർ രാഷ്ട്രത്തിന്റെ സമ്പദ്വ്യവസ്ഥയെ തുരങ്കം വയ്ക്കുന്നവരാണെന്നു പൊതുവിൽ വ്യാഖ്യാനിക്കപ്പെടാറുണ്ടെങ്കിലും, എന്റെ കള്ളപ്പണം ഇന്ത്യയിൽത്തന്നെ കിടക്കട്ടേയെന്നു ഞാൻ തീരുമാനിച്ചു. ഇതിനായി മൊറീഷ്യസിലെ പല സ്ഥാപനങ്ങളിൽ വിശ്വാസ്യതയുള്ളതെന്നു തോന്നിപ്പിച്ച ഒന്നിനെ ഞാൻ തെരഞ്ഞെടുത്തു. ആ സ്ഥാപനത്തിന്റെ പീനോട്ടുകൾ ഞാൻ വാങ്ങി.

അങ്ങനെ, എന്റെ കള്ളപ്പണമുപയോഗിച്ചു ഞാൻ ഇന്ത്യൻ ഓഹരിക്കമ്പോളത്തിലെ ഒരു രഹസ്യനിക്ഷേപകനായിത്തീർന്നിരിക്കുന്നു!

കുറിപ്പ്: ഇന്ത്യൻ ഓഹരിക്കമ്പോളത്തിൽ പീനോട്ടുകൾ വഴിയുള്ള നിക്ഷേപം രണ്ടര ലക്ഷം കോടി രൂപയിലേറെയുണ്ടത്രേ! ഓഹരിക്കമ്പോളത്തിൽ വലുതായ സ്വാധീനം ചെലുത്താൻ പീനോട്ടുകൾ വഴിയുള്ള ഈ നിക്ഷേപങ്ങൾക്കാകും. കള്ളപ്പണമെങ്ങനെയുണ്ടാകുന്നെന്നും അതിന്റെ വഴികളും ലളിതമായി വിശദീകരിക്കാൻ വേണ്ടി മെനഞ്ഞെടുത്തൊരു സാങ്കല്പികകഥയാണു മുകളിൽ കൊടുത്തിരിക്കുന്നത്. കഷ്ടിച്ചു ജീവിച്ചുപോകുന്ന ഈ ലേഖകന്റെ പക്കൽ കള്ളപ്പണമില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈ ലേഖനപരമ്പര കള്ളപ്പണത്തെ പ്രോത്സാഹിപ്പിക്കാനുദ്ദേശിച്ചുള്ളതുമല്ല.

[email protected]

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP