Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം

അന്യമാകുന്ന മലബാറിലെ കുറിക്കല്ല്യാണം

ലബാറിലെ ഒട്ടുമിക്ക നാട്ടിൽ പ്രദേശത്തും വർഷങ്ങൾക്കു മുൻപ് സജീവമായി നിലനിന്നിരുന്നു കുറികല്യാണം എന്ന പരസ്പര സഹായ നിധി. പക്ഷെ ഇന്ന് വളരെ വിരളിലെണ്ണാവുന്ന പ്രദേശങ്ങളിൽ മാത്രമേ ഇത് കണ്ടു വരുന്നുള്ളൂ. ചായ സൽകാരം എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഈ കുറികല്യാണത്തിന്റെ അഭാവമാണ് നാട്ടിൻ പുറങ്ങളിൽ സജീവമായി നിലനിൽക്കുന്ന ബ്ലേഡ് മാഫിയ. മുൻപ് സാമ്പത്തിക ബുദ്ധിമുട്ടുള്ളവനാണെങ്കിൽ പോലുംതന്റെ കയ്യിലുള്ളതിൽ നിന്നും അൽപമെടുത്തു മറ്റുള്ളവനെ സഹായിക്കാൻ കാണിച്ചിരുന്ന ആ സ്‌നേഹവും താൽപര്യവും കുറഞ്ഞു വരുകയും ഞാനും എന്റെ കുടുംബവും എന്ന കുടുസ്സു മനസ്സുമാണ് കുറികല്യാണം പോലുള്ള പരസ്പര സഹായ നിധികൾ അപ്രത്യക്ഷമാവാൻ കാരണം, നാട്ടിൻ പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു പരസ്പര സഹായ ഹസ്തമായിരുന്നു ഈ കുറിക്കല്ല്യാണം.

ഇന്ന് എന്തിനും ഏതിനും ബാങ്കുകളെയും ബ്ലേഡ് മാഫിയകളെയും ആശ്രയിക്കുന്ന നാം മുൻകാലങ്ങളിൽ നാട്ടിൻ പുറങ്ങളിൽ നടന്നിരുന്ന ഈ കുറിക്കല്ല്യാണം കൊണ്ട് ഒരുപരിധിവരെ ബ്ലേഡ് മാഫിയകളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ സാധിച്ചിരുന്നു എന്നത് ഒരു വലിയ സത്യം തന്നെയാണ്. ഇതിലൂടെ കൈ മാറിയിരുന്നത് പണത്തിനുമപ്പുറമായി സഹജീവികളോടുള്ള പരസ്പര സ്‌നേഹവും വിശ്വാസവും മതാതീത ചിന്തകൾക്കപ്പുറം ബുദ്ധിമുട്ടുള്ളവനെ സഹായിക്കണം എന്നുള്ള ആത്മ സംതൃപ്തിയുമായിരുന്നു.

എല്ലാ ആഴ്‌ച്ചകളിലും ഒരു കുറിക്കല്ല്യാണം എന്ന തോതിൽ നാട്ടിൻ പുറങ്ങളിലെ പ്രസിദ്ധമായ ചായ മക്കാനികളിൽ ഉണ്ടായിരുന്നത് നാം പലരും ഇന്ന് ഓർക്കുന്നുണ്ടാകും. മക്കാനികളിലെ ചുമരിൽ തൂങ്ങിയാടികൊണ്ടിരുന്ന വലിയ അക്ഷരത്തിലുള്ള പഴയ കലണ്ടറിൽ... ഇന്നു നാം കല്യാണ മണ്ഡപങ്ങൾ ബുക്ക് ചെയ്യുന്നത് പോലെ മാസങ്ങൾക്കു മുൻപ് തന്നെ തങ്ങളുടെ കുറി കല്യാണത്തിന്റെ ഡേറ്റ് കുറിച്ചിടുമായിരുന്നു.

ഈ ദിവസങ്ങളിൽ മറ്റാരും തന്നെ കുറിക്കല്ല്യാണം നടത്തുമായിരുന്നില്ല. ആഴ്ചയിൽ ഒന്ന് എന്നരീതിയിലായിരുന്നു ഇത് നടന്നിരുന്നത്. ചെറിയ ഒരു പേപ്പറിൽ കുറി കത്തും മിനുസ പെടുത്തിയ മരപ്പലകയിൽ (പഴയ കുറികല്യാണ വാർത്താ ബോർഡ്, എഴുതിയുമായിരുന്നു ആളുകളെ അറിയിച്ചിരുന്നത് അത്യാവശ്യം സാമ്പത്തികമുള്ളവർ മൈക്ക് സെറ്റ് കെട്ടി പഴയ ഗാനങ്ങളും ഇടയ്ക്കിടയ്ക്ക് അനൗൺസ്‌മെന്റുകളും നടത്തി ആഘോഷ പൂർവ്വം നടത്തുന്നതും കാണാമായിരുന്നു.

'മറക്കാതിരിക്കുക ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കുറിക്കല്ല്യാണം ചെലക്കൊടാൻ ഹനീഫ മറക്കാതിരിക്കുക' ഈ അനൗൺസ്‌മെന്റ് ഇന്നും എന്റെ മനസ്സിൽ മുഴങ്ങിനിൽക്കുന്നു. കല്യാണത്തിനു പങ്കെടുക്കുന്നവർക്ക് മക്കാനികളിൽ നിന്നും ചായയും ലഗുകടികളുമാണ് നൽകിയിരുന്നത്. സാമ്പത്തികത്തിനനുസരിച്ചു ചിലർ പൊറോട്ടയും ഇറച്ചിക്കറിയും ചായയും നൽകിയിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകൾക്കു ഒരു പരിധിവരെ അറുതി വരുത്താൻ ഈ കല്യാണങ്ങൾ കൊണ്ട് സാധിച്ചിരുന്നു.

വീടിന്റെ അറ്റകുറ്റ പണി നടത്താനോ മകളുടെ കല്യാണത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നികത്താനോ ആയിരുന്നു ഇത്തരം കുറിക്കല്ല്യാണം നടത്തിയിരുന്നത് എല്ലാവർഷവും മുറ പോലെ നടത്തുന്നവരും ഉണ്ടായിരുന്നു. ഒന്നിച്ചു ലഭിക്കുന്ന ഒരു വൻതുക തന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഉപകരിക്കുകയും ഒന്നിച്ചു തിരിച്ചടക്കേണ്ട എന്നതുമാണ് ഇത്തരം കുറിക്കല്ല്യാണം ഗ്രമാന്തരങ്ങളിൽ വ്യാപകമാവാൻ കാരണം.

പണമുള്ളവനും ഇല്ലാത്തവനും പരസ്പരം സഹായിച്ചിരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരം സത്പ്രവർത്തികൾ നാട്ടിൽ നിലനിന്നിരുന്നതു മൂലമാണ് ബ്ലേഡ് മാഫിയകളുടെ വട്ട പലിശയിൽ നിന്നും കടക്കെണി മൂലം ഉണ്ടാകുന്ന അത്യാഹിതങ്ങളിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ ഒരു പരിധിവരെ സാധിച്ചിരുന്നത്.

ഇന്നു കഥ മാറി ഇത്തരം കൂട്ടായ്മകൾ അന്യമായതോടെ ബ്ലേഡ് മാഫിയ നാട്ടിൻ പുറങ്ങളിൽ പിടിമുറുക്കുകയും ഭീമമായ കടക്കെണി മൂലം ജീവിതം ഹോമിക്കപെട്ട അവസ്ഥ എത്തിയപ്പോൾ മാത്രമാണ് നാം ഇത്തരം കല്യാണങ്ങളുടെ (പരസ്പര സഹായ നിധി) ആവശ്യകത വിളിച്ചോതുന്നത്. സമൂഹം ഇന്നു വളരെ സങ്കുചിത മനോഭാവത്തോടു കൂടിയാണ് മുന്നോട്ടു പോകുന്നത്. ഞാനും എന്റെ കുടുംബവും എന്നതിലപ്പുറം ചിന്തിക്കാൻ പോലും ഇന്നത്തെ സമൂഹം തയ്യാറാവുന്നില്ല എന്നത് ഖേദകരം തന്നെയാണ്.

പരസ്പര സ്‌നേഹവും മനുഷ്യർ തമ്മിലുള്ള സഹവർത്തിത്തവും മറ്റുള്ളവന്റെ ദുഃഖത്തിൽ പങ്കു ചേരാനുള്ള മനസ്സും ഉള്ള സമൂഹത്തിലാണ് ഇത്തരം കല്യാണങ്ങൾ നടന്നിരുന്നത്. പരസ്പരം അറിയാനും അയൽക്കാരന്റെ വിഷമതകളിൽ കയറിച്ചെന്നു അവന്റെ ദുഃഖങ്ങളിൽ പങ്കു ചേരാനും ആവശ്യമുള്ളപ്പോൾ സഹായിക്കാനും ഈ പുതു തലമുറക്ക് സാധിക്കാത്തിടത്തോളം കാലം നമ്മുടെ ഇടയിലുള്ള പരസ്പര സ്‌നേഹവും വിശ്വാസവും നശിക്കുകയും മത സ്പർദ്ധ വർദ്ധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.

ഇത്തരം കല്യാണങ്ങൾ (പരസ്പര സഹായ നിധികൾ) നാട്ടിൽ പുറങ്ങളിൽ നിന്നും അന്യമായതോടെയാണ് നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതൽ മലീനമായതും ഉള്ളവനും ഇല്ലാത്തവനും എന്നുള്ള അന്തരം വർദ്ധിച്ചതോടെ ബ്ലേഡ് മാഫിയ നാട്ടിൽ തഴച്ചു വളർന്നതും.

വിദ്യഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഒരു ജന വിഭാഗം ഇത്തരം നന്മ നിറഞ്ഞ കാര്യങ്ങൾ ചെയ്തു പരസ്പര ഐക്യവും മതത്തിനതീതമായ സ്‌നേഹവും നിലനിർത്തിയിരുന്നെങ്കിൽ വിദ്യഭ്യാസമുള്ള ന്യൂ ജനറേഷൻ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കുറിക്കല്ല്യാണം എന്ന പേരിലല്ലെങ്കിലും മറ്റൊരു രീതിയിൽ സഹായ പ്രവർത്തനങ്ങൾ നടത്തി പാവപ്പെട്ട ജനവിഭാഗത്തെ ബാങ്കുകളുടെയും ബ്ലേഡ് മാഫിയകളുടെയും കയ്യിൽ നിന്നു മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറയുകയും നമ്മുടെ സാമൂഹിക അന്തരീക്ഷം കൂടുതൽ സ്‌നേഹ നിബിഡമാക്കാൻ സാധിക്കുകയുള്ളൂ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP