Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തേറ്റവും ദുരന്തം ഉണ്ടാകാൻ ഇടയുള്ള ശബരിമലയിൽ എന്തുകൊണ്ട് ഇക്കുറി അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല? മുരളി തുമ്മാരുകുടിയുടെ ലേഖനം

ലോകത്തേറ്റവും ദുരന്തം ഉണ്ടാകാൻ ഇടയുള്ള ശബരിമലയിൽ എന്തുകൊണ്ട് ഇക്കുറി അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല? മുരളി തുമ്മാരുകുടിയുടെ ലേഖനം

മുരളീ തുമ്മാരുകുടി

രോ ശബരിമലസീസണും ഒരു ദുരന്തനിവാരണ വിദഗ്ദ്ധൻ എന്ന നിലയിൽ ഞാൻ ഏറെ പേടിയോടെ നോക്കിക്കാണുന്ന ഒന്നാണ്. കാരണം നൂറോ അതിലധികമോ ആളുകൾമരിക്കുന്ന ഒരു ദുരന്തം ശബരിമലയിൽ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ലക്ഷക്കണക്കിന് ആളുകൾ മല കയറുന്നു. കാലാവസ്ഥ മുതൽ കാട്ടാന വരെ വില്ലനാവാം. റോഡപകടങ്ങൾ മുതൽ പെട്ടെന്നുള്ള വെള്ളപ്പൊക്കം വരെ സംഭവിക്കാം. മനഃപ്പൂർവം കുഴപ്പം ഉണ്ടാക്കുന്നതുതൊട്ട് ഒരു കുസൃതിയുടെ നുണബോംബാണെങ്കിലും മതി വൻ തിരക്കും ആൾനാശവും ഒക്കെ ഉണ്ടാക്കാൻ.

വലിയ തിരക്കുണ്ടാകുന്ന പരിപാടികൾ ലോകത്ത് അപൂർവമല്ല. തീർത്ഥാടനം തൊട്ട് മ്യൂസിക് ഫെസ്റ്റിവൽ വരെ ഇത്തരത്തിൽ ഉണ്ട്. പക്ഷെ, ശബരിമല പലതരത്തിലുംഅപൂർവമാണ്. ദൈർഘ്യംതന്നെ പ്രധാന വ്യത്യാസം. ഏതാണ്ട് രണ്ട് മാസക്കാലം ആണ് ഇപ്പോൾ ശബരിമല സീസൺ. രണ്ടാമത്, എന്ന് എത്ര പേർ വരുമെന്ന് മുൻകൂട്ടി പറയാൻ പറ്റില്ല. ആളു കൂടുന്ന ദിവസവും മോശം കാലാവസ്ഥാ ദിവസവും ഒന്നിച്ചുവന്നാൽ തന്നെ മതി കുഴപ്പമുണ്ടാവാൻ. ഇവർ വന്നു കൂടുന്ന സ്ഥലത്തിൽ എളുപ്പത്തിൽ സുരക്ഷിതമാക്കാൻ പറ്റുന്നഅതിരുകൾ ഇല്ല. പല നാട്ടുകാർ ആയതിനാൽ ഒരേ ഭാഷയിൽ അവരും ആയി സംവദിക്കാൻ പറ്റില്ല എന്നിങ്ങനെ പലതുണ്ട് പ്രശ്‌നങ്ങൾ. ഇതൊന്നും പോരാത്തതിന് ആൾക്കൂട്ടത്തെഅറിയാനും നിയന്ത്രിക്കാനും വികസിത രാജ്യങ്ങളിൽ ലഭ്യമായ പല സംവിധാനങ്ങളും ഇവിടെയുള്ള ഉദ്യോഗസ്ഥർക്ക് ലഭ്യവുമല്ല.

ഇതൊക്കെ ആലോചിക്കുമ്പോൾ ആണ് അപകടം ഇല്ലാതെ കടന്നുപോകുന്ന സീസണുകൾ അതിശയവും ഭാഗ്യവും ആയി നമുക്ക് തോന്നുന്നത്. ഈ വർഷം യാതൊരു വൻഅപകടങ്ങളും ഇല്ലാതെ സീസൺ കടന്നുപോയതിന് പക്ഷെ ഭാഗ്യത്തിനും അപ്പുറം ചില കാര്യങ്ങൾ ഉണ്ട്. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ മേൽനോട്ടത്തിൽ നേരത്തേ തന്നെആസൂത്രണം ചെയ്ത ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ അപകടം ഇല്ലാതാക്കാൻ വലിയ പങ്കു വഹിച്ചു. അതുകൊണ്ടുതന്നെ ശബരിമലയിൽ അപകടം ഇല്ലെങ്കിലും ഇത്തവണത്തെ മാതൃകാപ്രവർത്തനങ്ങൾ വാർത്തയാവേണ്ടതാണ്.

വകുപ്പുകളുടെ സംയോജനം: പൊലീസ് മുതൽ ആരോഗ്യം വരെ, വനം മുതൽ ജലസേചനം വരെ ഒരു ഡസനിൽ അധികം വകുപ്പുകൾ ആണ് ശബരിമല തീർത്ഥാടനം നല്ല രീതിയിൽ നടത്താനായിപമ്പയിലും സന്നിധാനത്തും ഒക്കെയായി പ്രവർത്തിക്കുക. അവ തമ്മിലുള്ള സംയോജിപ്പിച്ചുള്ള പ്രവർത്തനം ആണ് ദുരന്തലഘൂകരണത്തിന്റെ ഒന്നാമത്തെ ലക്ഷ്യം. ഇത്തവണ അത്ഫലപ്രദമായി നടിപ്പിലാക്കി.

എമർജൻസി ഓപ്പറേഷൻ സെന്റർ: വകുപ്പുകളുടെ സംയോജനത്തിനും അപകടം ഉണ്ടായാൽ യോജിച്ചുള്ള പ്രവർത്തനത്തിനും ആയി പമ്പയിൽ എമർജൻസിഓപ്പറേഷൻ സെന്റർ ഉണ്ടായിരുന്നു. ശബരിമല സീസൺ തുടങ്ങുന്നതിനു മുൻപേ തന്നെ ബഹുമാനപ്പെട്ട മന്ത്രി ശ്രീ അടൂർ പ്രകാണ് ഇത് ഉദ്ഘാടനം ചെയ്തു. സമയാസമയത്ത് ജില്ലാദുരന്തനിവാരണ അഥോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ നേരിട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുകയും ചെയ്തു.

സുരക്ഷാ യാത്ര: ശബരിമല സീസണിനു മുൻപുതന്നെ വിവധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഒരുമിച്ച് പമ്പ മുതൽ സന്നിധാനം വരെ ഒരു യാത്ര നടത്തി സുരക്ഷയിൽ പ്രധാനമായകാര്യങ്ങൾ, തയ്യാറെടുപ്പുകൾ എല്ലാം സംഘം വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള നിർദ്ദേശം നല്കി. ഒരുമിച്ചുള്ള യാത്ര ഒരു ഒത്തൊരുമക്കും ഉപകരിച്ചു.

സുരക്ഷിത പാത: ശബരിമലയിലേക്കുള്ള യാത്രയിലെ അപകടങ്ങൾ തുടങ്ങുന്നത് പമ്പയിൽ അല്ല. തീർത്ഥാടകർ അവരുടെ വീട്ടിൽനിന്നും ഇറങ്ങുമ്പോളാണ്. കേരളത്തിലെ പലറോഡുകളിലും തീർത്ഥാടനകാലത്ത് വാഹനങ്ങളുടെ എണ്ണം ഇരട്ടിക്കുകയോ പല മടങ്ങാവുകയോ ചെയ്യും. ഇതിൽ പലരും കേരളത്തിൽ വണ്ടി ഓടിച്ചിട്ടില്ലാത്തവർ തന്നെയാകാം. ഇതെല്ലാം മുൻനിർത്തി ശബരിമലയിലേക്ക് സുരക്ഷിതയാത്രക്കുള്ള സുരക്ഷിതപാത എന്ന ഒരു ലഘുലേഖ ദുരന്തനിവാരണ വകുപ്പ് തയ്യാറാക്കി വിതരണം ചെയ്തു. യാത്രയിൽപാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, അപകടം ഉണ്ടായാൽ ബന്ധപ്പെടേണ്ട നമ്പറുകൾ എല്ലാം ഒരു സ്ഥലത്തുതന്നെ ലഭ്യമാക്കി.

പമ്പയിലെ ജലനിരപ്പ്: ആളുകൾ ഇറങ്ങുന്ന സ്ഥലത്ത് പുഴയുടെ ആഴം മാർക്ക് ചെയ്തു വച്ചിരുന്നു, കൂടാതെ വൃഷ്ടി പ്രദേശത്തെ മഴയുടെ അളവനുസരിച്ച് പമ്പയിലെ ജലനിരപ്പ് ഉയരുന്നത് കണ്ട് മുന്നറിയിപ്പുകൾ വേറെയും നൽകിയിരുന്നു.

ആൾക്കൂട്ടത്തിന്റെ നിയന്ത്രണം: ശബരിമലയിലെ ഏറ്റവും വലിയ ദുരന്തസാധ്യത മലമുകളിൽ അനിയന്ത്രിതമായി ആളു കൂടുന്നതാണ്. ഇതിന്റെ പരിഹാരം മലയുടെ താഴെ തന്നെ വച്ച്തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുക എന്നതാണ്. ഇത്തവണ മലമുകളിൽ ഒരു സമയത്ത് ഏതാണ്ട് ഒരു ലക്ഷത്തിനു മുകളിൽ ആളുകൾ എത്തിയാൽ ശരണപാതയിൽ മുൻകൂട്ടിതന്നെതീർത്ഥാടകരെ പറഞ്ഞു മനസ്സിലാക്കി നിയന്ത്രിക്കുക എന്ന പദ്ധതി നടപ്പിലാക്കി. അതുകൊണ്ടുതന്നെ തീർത്ഥാടകർക്കും മറ്റുള്ളവർക്കും അനിയന്ത്രിതമായ സാഹചര്യങ്ങൾ ഉണ്ടായില്ല.

ഗതാഗത സംവിധാനങ്ങൾ: ശബരിമലക്കാലത്ത് കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ചെയ്യുന്ന സേവനങ്ങളെ നാം തീർച്ചയായും അഭിനന്ദിക്കേണ്ടതാണ്. പതിവുപോലെഏതെങ്കിലും ഒരു ചെറിയ പ്രശ്‌നം ആയിരിക്കും വാർത്താ പ്രാധാന്യം നേടുന്നത്. പക്ഷെ മകരവിളക്ക് കഴിഞ്ഞ് നടയിറങ്ങിയ ആയിരക്കണക്കിന് അയ്യപ്പന്മാരെ മൂന്നു മണിക്കൂറിനകംമുന്നൂറ്റി അൻപത് ചെയിൻ സർവീസിൽ മലയിറങ്ങി തിരക്ക് ഒഴിവാക്കിയതുപോലുള്ള കഥകളും വാർത്തയാകണം.

വാർത്താ വിനിമയം: മലയിലുള്ള വിവിധ ഡിപ്പാർട്ടുമെന്റകൾ തമ്മിലുള്ള വാർത്താവിനിമയം കൂടാതെ ഇതുമായി ബന്ധപ്പെട്ട ജില്ലാ കളക്ടർ, സംസ്ഥാന ദുരന്ത നിവാരണ വകുപ്പ്,വകുപ്പ്മന്ത്രി എന്നിവർ ചേർന്ന ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനം വാർത്തകൾ സമയാസമയം എല്ലാവരെയും അറിയിക്കുവാനും വേണ്ടപ്പോൾ തീരുമാനങ്ങൾ എടുക്കാനുംസഹായിച്ചു. ഈ ഗ്രൂപ്പിന്റെ ഭാഗമായതിനാൽ നിലക്കലിൽ ആനയിറങ്ങിയതുമുതൽ ഉള്ള ശബരിമലയിലെ ഇത്തവണത്തെ എല്ലാ നീക്കങ്ങളും അറിയാനും എനിക്കും സാധിച്ചു.

ഇനിയും ഏറെ ചെയ്യാനുണ്ട്: ശബരിമലയിൽ മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം തിരക്ക് കുറവായിരുന്നു. തമിഴ്!നാട്ടിൽ ഉണ്ടായ വെള്ളപ്പൊക്കം ഇതിനൊരു കാരണം ആണ്. അതുകൊണ്ടുതന്നെ ഈ വർഷത്തെ വിജയത്തെ നമ്മൾ എളിമയോടെ അംഗീകരിച്ച് കൂടുതൽ ആളുകൾ വരുന്ന വർഷത്തേക്ക് തയ്യാറെടുക്കാനുള്ള പരീക്ഷണം (േൃശalrun) ആയി കാണണം. എന്നാൽ മുൻകൂട്ടിയുള്ള ആസൂത്രണത്തിന്റേയും സംയോജനത്തിന്റേയും സമയാസമയത്തുള്ള വാർത്താ വിനിമയത്തിന്റേയും ഗുണം എല്ലാവരും മനസ്സിലാക്കിയിട്ടും ഉണ്ട്. അടുത്തവർഷത്തേക്ക് കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ചില നിർദ്ദേശങ്ങൾ പറയാം.

1. എല്ലാ വകുപ്പുകളും കൂടെ ഒരു ഡിബ്രീഫിങ് സെഷൻ നടത്തുക. ഏതു കാര്യങ്ങൾ നന്നായി നടന്നു, എവിടെ കുറച്ചുകൂടി ശ്രദ്ധിക്കണം, ഇതെല്ലാം ചർച്ചചെയ്ത് തീരുമാനങ്ങൾ എടുക്കണം, അടുത്ത വർഷത്തേക്ക് ഇത് നടപ്പിലാക്കാമല്ലോ.

2. ശബരിമലയിൽ നടപ്പിലാക്കിയ പദ്ധതി ഒരു Standard Operating Procedure ആയി പ്രസിദ്ധീകരിക്കണം. അപ്പോൾ വ്യക്തികൾ മാറിയാലും സംവിധാനം നിലനിലക്കുമല്ലോ.

3. എമർജൻസി ഓപ്പറേഷൻ സെന്ററിനെ കുറച്ചുകൂടി വിപുലമായ സംവിധാനങ്ങൾ ഒക്കെ ഉള്ള ഒരു സ്ഥലം ആക്കണം. പ്രത്യേകിച്ചും തിരക്കില്ലാതെ എപ്പോഴും എത്തിപ്പറ്റാൻകഴിയുന്നതും, സ്വന്തമായി ജനറേറ്റർ ഒക്കെ ഉള്ളതും ആയിരിക്കണം ഇത്. എല്ലാ ആളുകൾക്കും എപ്പോഴും കയറിവരാൻ പറ്റാത്ത തരത്തിൽ രണ്ടാമത്തെ നിലയിലോ മറ്റോസെക്യൂരിറ്റിയോടു കൂടിയുള്ളതായിരിക്കണം ഇത്.

4. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് പല സംഘാംഗങ്ങളും മണ്ഡലകാലം മുഴുവൻ 24/7 ജോലി ചെയ്യുന്ന ഒരു സംവിധാനം ആണ് ഉള്ളത്. ഇതു മാറ്റിവച്ചിട്ട് പരമാവധി ഒറ്റയടിക്ക് 14 ദിവസവും ( 7 ദിവസം ആണ് കൂടുതൽ ശരി) ദിവസത്തിൽ 12 മണിക്കൂർ മാത്രം ഡ്യൂട്ടി നൽകണം. സമയവും ജോലിയും കൂടുന്ന സമയത്ത് ജോലിയിൽ തെറ്റുകൾ ഉണ്ടാക്കാനുള്ള സാധ്യത എല്ലാവർക്കും ഉണ്ട്. അത് എമർജൻസി അംഗങ്ങൾക്കും ബാധകം ആണ് പക്ഷെ എമർജന്‌സിക്കാർ തെറ്റുവരുത്തിയാൽ അതിന്റെ പ്രത്യാഘാതം വലുതാണല്ലോ.

5. എമർജൻസി ടീമിന്റെ പ്രവർത്തനങ്ങൾ മണ്ഡലകാലത്തിനു മുൻപുതന്നെ ഡ്യൂട്ടിയിൽ വരാനിടയിലുള്ള എല്ലാവരേയും പറഞ്ഞു പഠിപ്പിക്കണം അതവരുടെ ജോലിയുടെ (TOR ) ഭാഗമാകുകയും വേണം.

6. എമർജൻസി ടീമിൽ ഉള്ളവർക്ക് ഉൾപ്പടെ ശബരിമലയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ആരോഗ്യപരമായി ജോലി ചെയ്യാനും വിശ്രമിക്കാനും ഉള്ള സംവിധാനങ്ങൾ ഉണ്ടാക്കണം എന്ന്പ്രത്യേകം പറയേണ്ടല്ലോ.

(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP