Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആശുപത്രിവാസം

ആശുപത്രിവാസം

വാസുദേവൻപിള്ള സാറിനെ പരിചയപ്പെടുന്നത് പെൻഷൻകാരുടെ യൂണിയൻ നേതാവ് എന്ന നിലയിലായിരുന്നു. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ഹെൽത്ത് ഓഫീസറായിരുന്നു അദ്ദേഹം. ഒരു മകൾ, ഭാര്യ റവന്യൂ ബോർഡിൽ സൂപ്രണ്ടായി പെൻഷൻ പറ്റി - ഏറെ താമസിയാതെ മരിക്കുകയും ചെയ്തു.

പിള്ളസാറിന്റെ മകൾ ജയശ്രീ ഡിഗ്രി പഠിത്തം തിരുവനന്തപുരത്ത് ആൾസെയിൻസ് കോളേജിലായിരുന്നു. പഠിപ്പ് കഴിഞ്ഞ് ഒട്ടും താമസിക്കാതെ ബിഎസ്എൻഎൽ-ലിൽ പണി കിട്ടി. ട്രെയിനിങ് പിരീഡിൽ ജേക്കബ്ബുമായി പരിചയപ്പെട്ടു. ആ പരിചയം പിന്നീട് വിവാഹത്തിൽ കലാശിച്ചു. അച്ഛനും അമ്മയും സമ്മതിച്ചായിരുന്നു വിവാഹം. പൂർണ്ണ സമ്മതമായിരുന്നുവോ? അല്ല - പിന്നെ ഒരേയൊരു മകൾ, വിദ്യാസമ്പന്ന - വരനും മിടുക്കൻ - ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.

വിവാഹം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ രണ്ടാളും ഒന്നിച്ചെഴുതിയിരുന്ന ബാങ്ക് ടെസ്റ്റിൽ സെലക്ഷൻ ലഭിച്ചു. ഒരാൾക്ക് കൊട്ടാരക്കര ബ്രാഞ്ചിൽ മറ്റേയാൾക്ക് മാവേലിക്കര ബ്രാഞ്ചിലും. അവരുടെ അനുരാഗവല്ലിയിൽ ഒരു മകളും, മകനും പിറന്നു. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നത് അമ്മൂമ്മയും അപ്പൂപ്പനുമായിരുന്നു. കൂട്ടത്തിൽ വീട്ടുജോലിക്ക് സഹായിയായി രാധയും.

രാധ തിരുവനന്തപുരത്ത് നെയ്യാർഡാമിന് സമീപമുള്ളയാളാണ്. ബാങ്കിൽ ഒപ്പം പണിയെടുത്തിരുന്ന ഗ്രേസിയുടെ വീട്ടിൽ മുമ്പ് പണിക്ക് നിന്നിരുന്ന വിശ്വസ്തയാണ് രാധ. അങ്ങനെ വാസുദേവൻപിള്ള സാറിന്റെ മകൾ ജയശ്രീയുടെ അടുക്കള സഹായിയായി വന്നുചേർന്നു.

പിള്ളസാറിന്റെയും മകളുടേയും ജീവിതത്തിലെ നിർണ്ണായകഘട്ടങ്ങളിൽ രാധയുടെ സേവനം ആവോളം ലഭിച്ചിരുന്നു. ജയശ്രീയുടെ അമ്മയുടെ മരണസമയത്ത്, മകൾ വയസ്സറിയിച്ചപ്പോൾ, മകന്റെ വിവാഹം നടന്നപ്പോൾ, അവസാനം പിതാവിന്റെ മരണം വരെയും. അവരുടെ സേവനം ഏറ്റവും വേണ്ടപ്പെട്ട കുടുംബാംഗം എന്ന നിലയിൽ തന്നെയായിരുന്നു. ഇടയ്ക്ക് ഒന്ന് പറഞ്ഞുകൊള്ളട്ടേ-

ജയശ്രീയുടെ മകൻ പഠിക്കുവാൻ ബഹുമിടുക്കൻ. വളർച്ചയുടെ ഘട്ടത്തിൽ പലപ്പോഴും സ്വന്തം പിതാവിനോട് ഒരു റിബലായി പെരുമാറി. അപ്പൂപ്പനോടായിരുന്നു സ്‌നേഹവും ബഹുമാനവും. വക്കീൽ പഠിപ്പ് നല്ല നിലയിൽ കഴിഞ്ഞപ്പോൾ കൂടെ പഠിച്ച് ഒന്നാം റാങ്ക് നേടിയ പെൺകുട്ടിയെ മനസ്സാൽ വരിച്ച് - അപ്പൂപ്പന്റെ സഹായത്തോടെ വീട്ടിൽ വിഷയം അവതരിപ്പിച്ച് - ഒടുവിൽ എൻഎസ്എസ്-എസ്എൻഡിപി ഐക്യത്തോടെ തിരുവനന്തപുരത്തുകാരിയെ വിവാഹം കഴിച്ചു.

ഒന്നാം റാങ്കുകാരിയും രോഹിത്തും ഒന്നിച്ചാണ് മജിസ്‌ട്രേറ്റ് ടെസ്റ്റ് എഴുതിയതെങ്കിലും രോഹിത്തിനുമാത്രമാണ് സെലക്ഷൻ ലഭിച്ചത്. ഇപ്പോൾ ഡൽഹിയിൽ ട്രെയിനിങ് കഴിഞ്ഞ് നിയമനവും ലഭിച്ചു. റാങ്കുകാരി തുടർന്ന് ഉപരി പഠനം പൂർത്തീകരിച്ചു. ചെറുമകൻ ആവശ്യപ്പെട്ടപ്രകാരം അപ്പൂപ്പൻ തന്റെ ഷെയർ വിറ്റ് ഒരു ഫ്ളാറ്റ് വാങ്ങാൻ ഒരു കോടി ഇരുപത് ലക്ഷം രൂപ രോഹിത്തിനെ ഏൽപ്പിച്ചു.

വാസുദേവൻപിള്ള സാറിന് 86 വയസ്സുള്ളപ്പോഴാണ് ഒരു സ്‌ട്രോക്ക് വന്നിട്ട് തിരുവല്ല ആശുപത്രിയിൽ 9 ദിവസത്തോളം ഐസി യൂണിറ്റിൽ കിടക്കേണ്ടി വന്നത്. വിവരമറിഞ്ഞപ്പോൾ ഞാനും അദ്ദേഹത്തെ ഒന്ന് കാണുവാനായി ആശുപത്രിയിൽ പോയിരുന്നു. ഒരു പകൽ മുഴുവനും അവിടെ പുറത്ത് മുറിയിലും പരിസരത്തുമായി കഴിഞ്ഞുകൂടി. 14 വർഷം സാറിന്റെ ജീവിതത്തിൽ നിർണ്ണായകഘട്ടങ്ങളിൽ സഹായിയായിരുന്ന രാധ തന്റെ ജീവിതം വെളിപ്പെടുത്തിയത് അന്നാണ്.

ചങ്ങനാശ്ശേരിയിൽ നിന്ന് തിരുവനന്തപുരം അക്കൗണ്ട്‌സ് ഓഫീസിൽ ജോലി നേടിവന്ന അംബിക. വിവാഹം കഴിച്ചത് നെയ്യാറ്റിൻകരക്കാരനും സെക്രട്ടറിയേറ്റിൽ ജോലി നോക്കിയിരുന്ന വേണുഗോപാലിനെയായിരുന്നു. അവർ ഒന്നായിച്ചേർന്ന് കുന്നുകുഴി ലോകോളേജിന് പരിസരത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസമാക്കി. 7 വർഷം കഴിഞ്ഞു. ആ വീട് ഉടമസ്ഥർ വിൽക്കുവാൻ തീരുമാനിച്ചപ്പോൾ വേണുഗോപാലിനോട് അവർക്ക് ആവശ്യമുണ്ടോയെന്ന് അന്വേഷിച്ചു. ഭാര്യയും ഭർത്താവും കൂട്ടായ ഒരു തീരുമാനത്തിലെത്തി. എന്തായാലും പെൻഷൻ വരെ തിരുവനന്തപുരത്ത് കഴിഞ്ഞേ പറ്റൂ. എന്നാൽപ്പിന്നെ നമുക്ക് ഇതങ്ങ് വാങ്ങാം-വാങ്ങി. വീട്ടുടമയുടെ അകന്ന ബന്ധത്തിൽപ്പെട്ട രാധ അങ്ങനെയാണ് അംബികയുടേയും വേണുഗോപാലിന്റെയും വീട്ടിൽ സഹായിയായി മാറിയത്.

വിവാഹം കഴിഞ്ഞ് 8 വർഷം കഴിഞ്ഞ ദമ്പതികൾക്ക് ഒരു കുഞ്ഞിക്കാല് കാണുവാനുള്ള ഭാഗ്യമുണ്ടായില്ല. തൃശ്ശൂരിൽ ചില ഓഫീസുകളിൽ അംബിക ഓഡിറ്റിംഗിനു പോയ അവസരത്തിലാണ് വേണുസാർ രാധയെ ആദ്യമായി വശപ്പെടുത്തിയത്. വിവാഹപ്രായം കഴിഞ്ഞു നിന്ന രാധ വരുംവരായ്മകളെക്കുറിച്ച് ആരാഞ്ഞപ്പോൾ വേണുസാർ പറഞ്ഞു നീ ധൈര്യമായിരിക്ക് ഞാൻ ചേച്ചിയോട് പറഞ്ഞ് എല്ലാം ശരിയാക്കിക്കൊള്ളം. നീ ഒരു കുഞ്ഞിനെ ഞങ്ങൾക്കുവേണ്ടി പ്രസവിച്ചു തന്നാൽ മതി ഞങ്ങളുടെയെല്ലാം കൊടുത്ത് ആ കുഞ്ഞിനെ ഞങ്ങൾ വളർത്തിക്കൊള്ളാം. നിന്റെ ചേച്ചിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല. പല ഡോക്ടർമാരേയും കണ്ട് പരിശോധിച്ചു.

രാധയ്ക്ക് ഛർദ്ദിൽ ആരംഭിക്കുന്നതിനുമുമ്പു തന്നെ വേണുവും അംബികയും ഒരു ധാരണയിലെത്തിയിരുന്നു. കുഞ്ഞിന്റെ ജനനം-ഒരു വയസ്സ് വരെയുള്ള പരിചരണം ഇത് കഴിഞ്ഞാൽ രാധയെ മറ്റ് എവിടേക്കെങ്കിലും മാറ്റി താമസിപ്പിക്കാം. കുട്ടിയെ സ്വന്തമാക്കാം. അതുവരെ നാത്തൂൻ എന്ന രീതിയിൽ പരിചരണവും ചികിത്സയും നടത്താം. അംബിക ഒരു വർഷത്തെ ലീവെടുത്തു. രണ്ടാളും കൂടി ചങ്ങനാശ്ശേരി വീട്ടിലേക്ക് താമസം മാറ്റി. വേണുഗോപാൽ തിരുവനന്തപുരത്തും. ആഴ്ചയിലൊരിക്കൽ ചങ്ങനാശ്ശേരിയിൽ പോയി വരും.

രാധയുടെ പരിചരണം ആത്മാർത്ഥമായിത്തന്നെ അംബിക നിർവ്വഹിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പ്രസവം നടന്നു. സുഖപ്രസവം - പെൺകുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ആശുപത്രി റിക്കോർഡിൽ പിതാവിന്റെ സ്ഥാനത്ത് വേണുഗോപാലിന്റെ പേരും വിലാസവും തന്നെയാണ് അംബിക നൽകിയത്. രാധയുടെ പേര് അംബിക എന്നും മാറ്റി. അമ്മയേയും കുഞ്ഞിനേയും അംബികയും വേണുഗോപാലും അതീവ താൽപര്യത്തോടെ തന്നെയാണ് പരിചരിച്ചത്. രാധയെപ്പോലെ തന്നെ അംബികയും കുഞ്ഞിനെ ലാളിച്ചുകൊണ്ട് അവരുടെ മാതൃത്വം മതിമറന്ന് ആസ്വദിച്ചു.

ഒരു വർഷത്തെ ലീവ് കഴിഞ്ഞ് ജോലിക്ക് മടങ്ങുവാൻ അംബിക താൽപര്യം കാണിച്ചില്ല. ലീവ് വീണ്ടും നീട്ടി. ഇടയ്ക്ക് ഒരിക്കൽ പോലും തിരുവനന്തപുരത്തെ വീട്ടിൽ പോയിരുന്നില്ല. കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോൾ രാധ അംബികയുടെ കൂട്ടുകാരി ജലജയുടെ വീട്ടിൽ - എറണാകുളം കടവന്ത്രയിൽ - സഹായിയായി പോകേണ്ടി വന്നു. അവരുടെ പ്രായമായ അമ്മ മാത്രമായിരുന്നു കുടുംബവീട്ടിൽ. എല്ലാ സൗകര്യങ്ങളുമുള്ള വീട്. മിക്കവാറും ദിവസങ്ങളിൽ അംബിക അങ്ങോട്ടോ രാധ ഇങ്ങോട്ടോ ടെലഫോണിൽ വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ തിരക്കാറുണ്ട്.

വിധിവൈപര്യം എന്നുതന്നെ പറയട്ടേ - കുഞ്ഞിന് 3 വയസ്സുള്ളപ്പോൾ ഒരു പനി ബാധിച്ചു. 11 ദിവസം ആശുപത്രിയിൽ കഴിഞ്ഞു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. മരണവാർത്തയറിഞ്ഞ് രാധയും ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി. ഒരാഴ്ച അവിടെ നിന്ന് വീട്ടുകാര്യങ്ങളിൽ സഹായിച്ചു.

രാധയ്ക്കിപ്പോൾ വയസ്സ് 45. അന്യ വീടുകൾ സ്വന്തം വീടുപോലെ കരുതി കഴിഞ്ഞു കൂടുന്നു. ദുരന്തങ്ങൾ വീണ്ടും രാധയെ പിന്തുടർന്നു. അംബിക ചേച്ചി ഒരു ദിവസം തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കണക്കറ്റ് ഉറക്കഗുളികകൾ കഴിച്ച് ആത്മഹത്യ ചെയ്തു.

വേണുഗോപാൽ സാർ ഇപ്പോൾ എവിടെയാണെന്ന് ആർക്കും അറിയില്ല. കുന്നുകുഴിയിലെ വീടും സ്ഥലവും രാധയുടെ പേരിൽ ഇഷ്ടദാനം ചെയ്ത് കടവന്ത്രയിലെ വീട് അഡ്രസ്സിൽ പോേസ്റ്റാഫീസ് മുഖാന്തിരം രേഖകൾ അയച്ചുകൊടുത്തിട്ടാണ് വേണുസാർ അപ്രത്യക്ഷനായത്.

ആശുപത്രിയിൽ പിള്ളസാറിനെ കാണുവാൻ കാത്തിരുന്ന ലേഖകനോട് രാധ ഒരു ആവശ്യം പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരമായിരുന്നു - സാർ എനിക്ക് ആ വീട് വിറ്റ് ഏതെങ്കിലും അനാഥമന്ദിരത്തിൽ പോയി ഇനിയുള്ള കാലം കഴിച്ചുകൂട്ടണം. സാർ എന്നെയൊന്ന് സഹായിക്കുമോ? രാധയുടെ ദയനീയ ചോദ്യം കാതിൽ മുഴങ്ങുമ്പോൾ..........അച്ഛന് ഇപ്പോൾ ഓർമ്മയുണ്ട്. കണ്ണുകൾ തുറന്ന് എന്നോട് സംസാരിച്ചു-പിള്ള സാറിന്റെ മകൾ ജയശ്രീ വളരെ സന്തോഷത്തോടെ ഈ വിവരം മുറിയിൽ വന്നു പറഞ്ഞപ്പോൾ ഞാൻ എനിക്ക് കൂടി അദ്ദേഹത്തെയൊന്ന് നേരിൽ കാണുവാനുള്ള ത്വരയിൽ രാധയുടെ ചോദ്യം മറന്ന് ഐസി യൂണിറ്റിനെ ലക്ഷ്യമാക്കി നടന്നു............

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP