Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനാമാരാ മത്‌സൂരി അഥവ ലിംഗോത്സവം: ജപ്പാനിലെ വിചിത്രമായ ഒരു ഉത്സവത്തെ കുറിച്ച്

കാനാമാരാ മത്‌സൂരി അഥവ ലിംഗോത്സവം: ജപ്പാനിലെ വിചിത്രമായ ഒരു ഉത്സവത്തെ കുറിച്ച്

രവികുമാർ അമ്പാടി

തിവിചിത്രമാണ് നമ്മുടെ ലോകം. പല നിറവും ആചാരവും അനുഷ്ഠാനങ്ങളാലും വൈവിധ്യമാണ്. നമുക്ക് ഭ്രാന്ത് എന്നു തോന്നും വിധത്തിലുള്ള ചില കാര്യങ്ങൾ മറ്റൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമുള്ള ആചാരങ്ങളാണ്. ഇങ്ങനെ തീർത്തും കൗതുകകരമായ ഒരു പാട് കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. ഇങ്ങനെ വിചിത്രമായ ലോകത്തു നിന്നുള്ള കൗതുകമുണർത്തുന്ന ഫീച്ചറുകൾ പ്രസിദ്ധീകരിക്കുകയാണ്. രവികുമാർ അമ്പാടി തയ്യാറാക്കി ഫീച്ചറിൽ ലോകത്തിന്റെ നാനാ കോണുകളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ കാര്യങ്ങളാണ് പറയുന്നത്..

കാനാമാരാ മത്‌സൂരി അഥവ ലിംഗോത്സവം

ജപ്പാനിലെ കവാസാക്കി നഗരം പ്രശസ്തമായത്, കവാസാക്കി എന്ന ബൈക്കിന്റെ പേരിൽ മാത്രമല്ല, എല്ലാവർഷവും ഏപ്രിൽ ആദ്യ ഞായറാഴ്ച നടക്കുന്ന കാനാമാരാ മത്‌സൂരി എന്ന ഉത്സവത്തിന്റെ പേരിൽ കൂടിയാണ്. കാവാസാക്കിയിലെ കാനയാമ ക്ഷേത്രം ലിംഗാരാധനക്ക് പ്രാധാന്യം നൽകുന്ന ക്ഷേത്രമാണ്.

കാനയാമ സുന്ദരിയായ ഒരു രാജകുമാരിയായിരുന്നു. അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായ ഒരു അസുരൻ, അവൾ മറ്റു പുരുഷന്മാരോടൊത്ത് ജീവിക്കുന്നതിനെ തടയുവാൻ തീരുമാനിച്ചു. അതിന് അസുരൻ കണ്ടെത്തിയ വഴി തികച്ചും വിചിത്രമായിരുന്നു. മായാശക്തിയാൽ സ്വന്തം ശരീരം സൂക്ഷ്മരൂപത്തിലാക്കി ആ അസുരൻ കാനയാമയുടെ യോനിയിൽ ഒളിച്ചിരുന്നു.

ഈ വിവരങ്ങളൊന്നു മറിയാതെ, പ്രായപൂർത്തിയായപ്പോൾ രാജാവ് കാനയാമയെ മറ്റൊരു സുന്ദരനായ രാജകുമാരന് വിവാഹം ചെയ്തുകൊടുത്തു. ആദ്യരാത്രിയിൽ, അനുരാഗ തീവ്രതയിൽ ആനന്ദ നിർവൃതിയിൽ ആറാടാനൊരുങ്ങിയ രാജകുമാരന്റെ ലിംഗം, കാനയാമയുടെ യോനിയിൽ ഒളിച്ചിരുന്ന അസുരൻ കടിച്ചുമുറിച്ചു. ചോരവാർന്നൊഴുകി, രാജകുമാരൻ മരിച്ചു.

വീണ്ടും ഒരിക്കൽ കൂടി ഇതാവർത്തിച്ചപ്പോൾ രാജകുമാരി, രക്ഷക്കായി ഒരു മന്ത്രവാദിയെ സമീപിച്ചു. ആ മന്ത്രവാദി, ഇരുമ്പിൽ ഒരു ലിംഗമുണ്ടാക്കി അതിൽ മാംസപാളികൾ പൊതിഞ്ഞു നൽകി. ഇറങ്ങി വരുന്ന ലിംഗം കണ്ട്, വൈര്യാഗ്യ ബുദ്ധിയോടെ അതിൽ ആഞ്ഞു കടിച്ച അസുരന്റെ പല്ലുകൾ മുഴുവനും ഇരുമ്പിൽ തട്ടി തകർന്നുപോയി. ശക്തി നശിച്ച അസുരൻ യോനിയിൽ നിന്നും പുറത്തേക്ക് വന്ന് രാജകുമാരിയോട് രക്ഷിക്കാൻ അപേക്ഷിച്ചു.

അപ്പോൾ അവിടെ എത്തിയ മന്ത്രവാദി അസുരന് ശാപമോക്ഷം നൽകുകയും, ദൈവീക ശക്തിയുള്ള കാനയാമയുടെ ഭൃത്യനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേവിയായ കാനയാമക്ക് വേണ്ടി ആ അസുരൻ നിർമ്മിച്ചതാണത്രെ ഇന്നത്തെ കാനയാമ ക്ഷേത്രം. കുടുംബ സൗഭാഗ്യത്തിനുവേണ്ടി ഭാര്യാഭർത്താക്കന്മാരും, വിജയത്തിനായി ബിസിനസ്സുകാരും കല്യാണം നടന്നുകിട്ടുവാൻ കന്യകമാരുമൊക്കെ ഇവിടെ പ്രാർത്ഥിക്കാനെത്താറുണ്ടെങ്കിലും ഇവിടെ എത്തുന്ന പ്രധാന സന്ദർശകർ ലൈംഗിക തൊഴിലാളികളാണ്. കാനയാമയെ പ്രവർത്തിച്ച്, തങ്ങളുടെ തൊഴിലിനിറങ്ങിയാൽ ലൈംഗിക രോഗങ്ങൾ പിടിപെടില്ലെന്നാണ് വിശ്വാസം.

അസുരന് മോക്ഷം കിട്ടിയതിന്റെ ഓർമ്മക്കായാണ് എല്ലാ വർഷവും ഏപ്രിൽ മാസത്തിലെ ആദ്യ ഞായറാഴ്ച ഇവിടെ ലിംഗോത്സവം ആഘോഷിക്കുന്നത്. വലിയ ലിംഗങ്ങൾ പ്ലോട്ടുകളായി വാഹനങ്ങളിൽ മെല്ലെ നീങ്ങും. ഇതിനു പിന്നിലായി ലിംഗരൂപങ്ങൾ വഹിച്ചുകൊണ്ട് ഭക്തരും. അന്നത്തെ ദിവസം സ്ത്രീകൾ, പ്രത്യേകിച്ചും കന്യകമാർ ഭക്ഷിക്കുന്നതെന്തും ലിംഗാകൃതിയുള്ളവയായിരിക്കും. ഈ ഉത്സവത്തിനായി ലിംഗാകൃതിയിലുള്ള ഐസ്‌ക്രീമുകൾ, കേക്കുകൾ, കുക്കികൾ തുടങ്ങിയവ വിപണിയിലിറക്കും.

ഘോഷയാത്ര ക്ഷേത്ര സന്നിദ്ധിയിൽ എത്തുന്നതോടെ, ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും. പിന്നെ പൂജാദികർമ്മങ്ങളാണ്. അവയ്ക്കൊടുവിൽ ലിംഗാകൃതിയിലുള്ള ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP