Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവർക്ക് ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി

ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവർക്ക് ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി

മുരളി തുമ്മാരുകുടി

പ്രേമത്തെ മുക്കിക്കൊല്ലുമ്പോൾ...

ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വോട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ?
പൊലീസ് എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്? പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവരെ ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.; പ്രേമത്തെ നമ്മൾ മുക്കികൊല്ലരുതെന്ന് മുരളി തുമ്മാരുകുടി
പ്രേമത്തെ മുക്കിക്കൊല്ലുമ്പോൾ...

പ്രേമിച്ച് വിവാഹം കഴിച്ച യുവാവിനെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടു പോയെന്നും പിന്നീട് യുവാവിന്റെ മൃതദേഹം ആറ്റിൽ കണ്ടെത്തിയെന്നുമുള്ള വാർത്തയാണ് ജനീവയിൽ വിമാനമിറങ്ങിയ എന്നെ വരവേറ്റത്. എന്റെ ആദ്യത്തെ ചിന്ത മുഴുവൻ ആ പെൺകുട്ടിയെയും ആ യുവാവിന്റെ കുടുംബത്തെപ്പറ്റിയും ആയിരുന്നു. ഇത്രമാത്രം അതിക്രമം നടത്തുന്ന ബന്ധുക്കളാണ് കുട്ടിക്കുള്ളതെങ്കിൽ വീട്ടിൽ നിന്നും ഇറങ്ങിപ്പോരുന്നതിന് മുൻപ് എന്തൊക്കെ ആ കുട്ടി അനുഭവിച്ചു കാണും? മരിക്കുന്നതിന് മുൻപ് എന്തൊക്കെ അക്രമങ്ങൾ ആ യുവാവ് നേരിടേണ്ടി വന്നു? ഒരു തെറ്റും ചെയ്യാതിരുന്നിട്ടും എത്ര ദുരിതപൂർണ്ണമായ ജീവിതമാണ് ആ കുട്ടിക്ക് ഇനി ഉണ്ടാവാൻ പോകുന്നത്. ഇതൊക്കെ തരണം ചെയ്യാനുള്ള ശക്തി ഉണ്ടാകട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു. ഈ അക്രമികളെ ഏറ്റവും വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, പരമാവധി ശിക്ഷ കൊടുക്കണം, പറ്റിയാൽ പതിറ്റാണ്ടുകളോളം ജയിലിന് പുറം ലോകം കാണുകയും അരുത്. പൊലീസിന്റെ തുടക്കത്തിലുള്ള ഇടപെടൽ കാണുമ്പോൾ കഷ്ടം തോന്നുന്നു. എത്ര ലാഘവത്തോടെയാണ് ഈ പ്രശ്‌നത്തിൽ ഇടപെട്ടത്. കുറ്റവാളികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ ഇവരൊക്കെ വിചാരിച്ചാൽ സാധിക്കുമോ? ഇനിമുതൽ പ്രേമ വിവാഹം ചെയ്യുന്നവർ സ്വന്തം സംരക്ഷണത്തിന് ക്വോട്ടേഷൻ ഗാങിനെ വെക്കാൻ തീരുമാനിച്ചാൽ തെറ്റ് പറയാൻ പറ്റുമോ?

പക്ഷെ ഇതൊരു വ്യക്തിയുടെ കാര്യം മാത്രമല്ലല്ലോ. പ്രേമ വിവാഹത്തിന്റെ പേരിൽ ബന്ധുക്കൾ കുട്ടികളെ കൊല്ലുന്ന സംഭവം ആദ്യമായിട്ടല്ല നമ്മുടെ സമൂഹത്തിൽ ഉണ്ടാകുന്നത്. ഈ വർഷം പകുതിയാകുന്നതിന് മുൻപ് തന്നെ ഇത് രണ്ടാമത്തെ സംഭവമാണ്. ഇതാകട്ടെ അവസാനത്തേതല്ല എന്നും എനിക്കുറപ്പുണ്ട്. ഇതിനൊരറുതി വരണം. ലോകം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയെന്നും, ലോകത്തിലെ ബഹുഭൂരിപക്ഷം യുവാക്കളും യുവതികളും പങ്കാളിയെ സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തുകയാണെന്നും ഒക്കെ ഇവരൊന്നും അറിഞ്ഞിട്ടില്ലേ? നൂറു വർഷം മുൻപ് പോലും അറേൻജ്ഡ് വിവാഹങ്ങൾ ധാരാളമുണ്ടായിരുന്ന ചൈനയിൽ, സ്ത്രീകളും പുരുഷന്മാരും വിവാഹത്തിന് മുൻപ് പരിചയപ്പെടാൻ ഏറെ നിയന്ത്രണങ്ങൾ ഇപ്പോഴും ഉള്ള മധ്യേഷ്യയിൽ, വിദ്യാഭ്യാസപരമായി കേരളത്തേക്കാൾ പിന്നോട്ട് നിൽക്കുന്ന ആഫ്രിക്കയിൽ, എല്ലാം യുവാക്കൾ സ്വന്തം പങ്കാളിയെ കണ്ടുപിടിക്കുന്നതിലേക്ക് കാലം മാറിക്കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലും വികസിത രാജ്യങ്ങളിലും 'അറേൻജ്ഡ് മാര്യേജ്' എന്ന സാമൂഹിക അനാചാരത്തെപ്പറ്റി അവിടുത്തെ കുട്ടികൾ പുസ്തകത്തിൽ വായിക്കുന്നതേ ഉള്ളൂ. എന്നിട്ടും നമ്മൾ ഇപ്പോഴും ജാതിയും മതവും ജാതകവും നോക്കി വിവാഹം കഴിക്കുന്നു എന്നത് പോകട്ടെ, എല്ലാ തരത്തിലും യോജിച്ചതാണെങ്കിൽ പോലും കുട്ടികൾ സ്വയം തീരുമാനമെടുത്തു എന്ന ഒറ്റ കാരണത്താൽ അവരെ വെട്ടിക്കൊല്ലുന്നു. ഏത് നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്, ഏതു നൂറ്റാണ്ടിലേക്കാണ് നാം പുരോഗമിക്കുന്നത് ?

മൂന്നു കാര്യങ്ങളാണ് ഈ അവസരത്തിൽ എന്നെ ഏറ്റവും വേദനിപ്പിക്കുന്നത്.

1. പ്രായപൂർത്തിയായ കുട്ടികൾ സ്വയം പങ്കാളിയെ കണ്ടെത്തുന്നത് ഒരു 'തെറ്റായി' നമ്മുടെ സമൂഹത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നു. മകളെ കൊല്ലുന്നവരും സഹോദരിയുടെ ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിടുന്നവരും കുറവായിരിക്കും. എന്നാൽ പ്രേമിച്ച് വിവാഹിതരാകാൻ ശ്രമിക്കുന്നവരെ കുറ്റപ്പെടുത്തുന്നവരും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നവരും ഏറെയുണ്ട്. ഇന്നും, ഈ ദിവസവും കേരളത്തിൽ എത്രയോ വീടുകളിൽ ഇത്തരം പീഡനങ്ങൾ നടക്കുന്നുണ്ടാകും. ഇതും അവസാനിക്കണം. ഈ മരണത്തിന് അത്രെയെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയണം. രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തതുകൊണ്ടോ പത്തു പേരെ കുറച്ചു നാൾ ജയിലിലിട്ടതുകൊണ്ടോ ഈ സംഭവം അവസാനിച്ചാൽ അതാണ് യഥാർത്ഥ ദുരന്തം.

2. ഓരോ മരണവും കഴിയുമ്പോൾ കൊലയെ ന്യായീകരിച്ചു മക്കളെ 'വളർത്തി വലുതാക്കി' എന്ന സെന്റിമെന്റ് പറഞ്ഞ് പിന്തുണക്കുന്നവർ ഏറെയുണ്ട്, ഇത്തവണയും ഉണ്ടാകും. ഇത് ശുദ്ധ ഭോഷ്‌കാണ്. യഥാർത്ഥത്തിൽ വളർത്തി വലുതാക്കുക എന്നാൽ സ്വന്തം കാര്യത്തിൽ സ്വയം തീരുമാനമെടുക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ് അർത്ഥം. അല്ലാതെ മാടിനെ പോലെ തീറ്റ കൊടുത്തു വളർത്തി വേണ്ട വലുപ്പം ആകുമ്പോൾ ഉടമസ്ഥന് തോന്നുന്നത് പോലെ വിൽക്കുകയോ കൊല്ലുകയോ വളർത്തുകയോ ചെയ്യാം എന്നതല്ല. കുട്ടികളെ സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിവില്ലാതെ വളർത്തുന്നവരും, കുട്ടികളുടെ തീരുമാനം അംഗീകരിക്കാൻ സാധിക്കാത്തവരും കുട്ടികളെ വളർത്തിയിട്ടേ ഉള്ളു, വലുതാക്കിയിട്ടില്ല.

3. വിവാഹം കഴിച്ചതിനു ശേഷമോ വിവാഹം കഴിക്കാനോ സംരക്ഷണം ആവശ്യപ്പെടുന്നവരെ 'നല്ല കുട്ടികളായി' മാതാപിതാക്കളുടെ കൂടെ പറഞ്ഞുവിടാൻ ശ്രമിക്കുന്ന പൊലീസുകാർ ഇപ്പോഴും കേരളത്തിൽ ജീവിച്ചിരിക്കുന്നു. ഇതിൽ അതിശയമില്ല. കാരണം പൊതുസമൂഹത്തിന്റെ പരിച്ഛേദമാണല്ലോ പൊലീസ്. എന്നാൽ പൊതുസമൂഹത്തിന്റെ സദാചാര ചിന്തകൾ നടപ്പാക്കുകയല്ല പൊലീസിന്റെ കടമ, ഈ നാട്ടിലെ നിയമം നടപ്പിലാക്കുകയാണ്. പ്രായപൂർത്തിയായ ആണിനും പെണ്ണിനും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് ജീവിക്കാൻ അർഹതയുണ്ടെന്ന് നിയമവും കോടതികളും എത്രയോ പ്രാവശ്യം പറഞ്ഞിരിക്കുന്നു. അപ്പോൾ മാതാപിതാക്കളുടെ കൂടെ പോകണമെന്ന് പറയാൻ പൊലീസിന് ഒരു അധികാരവുമില്ല.

ഒരു കാര്യം നാം അറിയണം. കേരളം ലോകത്തിന്റെ ഭാഗം തന്നെയാണ്. നമ്മുടെ കുട്ടികൾ വിദ്യാഭ്യാസം കഴിഞ്ഞു ലോകമെമ്പാടും പോയി ജീവിക്കുകയാണ്. ലോകത്തെങ്ങും നടക്കുന്ന കാര്യങ്ങൾ കേരളത്തിൽ ഇരുന്നേ അവർ അറിയുന്നുണ്ട്. അങ്ങനെ നമ്മുടെ സമൂഹം മാറുകയാണ്, കുട്ടികളും. കൂടുതൽ കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ കണ്ടുപിടിക്കുന്നുവെങ്കിൽ അതൊരു വലിയ സാമൂഹ്യ പുരോഗതിയായി കരുതാതെ അതിനെതിര് നിൽക്കുന്നത് തെറ്റായ പ്രവണതയാണ്. മാതാപിതാക്കൾ ജാതിയും മതവും ജാതകവും നോക്കി ഇണയെ കണ്ടെത്തുന്ന രീതി അമ്പത് വർഷത്തിൽ കൂടുതൽ ലോകത്തൊരിടത്തും നിലനിൽക്കില്ല. അങ്ങനൊരു ലോകത്ത് സാംസ്‌കാരിക ദിനോസറുകളായി ജീവിക്കണോ എന്ന് ഓരോ കുടുംബവും തീരുമാനിക്കണം. എന്നാൽ ഇക്കാര്യം ഒരു കുടുംബ വിഷയം മാത്രമല്ല. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനാഗ്രഹിക്കുന്നവരെ അതിന് അനുവദിക്കേണ്ടത് പൗര ധർമ്മമാണ്. അത് അറിയാത്തവർക്ക് മനസ്സിലാക്കി കൊടുക്കണം. എതിര് നിൽക്കുന്നവർക്ക് പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും.

ആളുകൾ സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ ഏറ്റവും അസ്വസ്ഥമാകുന്നത് ജാതിയും മതവും ഒക്കെയാണ്. കാരണം കുട്ടികൾ ജാതിക്കും മതത്തിനും അതീതമായി പങ്കാളികളെ തിരഞ്ഞെടുത്താൽ പിന്നെ ഏറെ നാൾ ജാതിയും മതവും ഒന്നും ഉണ്ടാവില്ല. അതോടെ ഇത്തരം പ്രസ്ഥാനങ്ങൾ ഉണ്ടാക്കി അതിന്റെ ചെലവിൽ ജീവിക്കുന്നവരുടെ കഞ്ഞികുടി മുട്ടും. അതൊഴിവാക്കാനാണ് 'സമുദായം' എന്നും 'കുടുംബമഹിമ' എന്നും ഒക്കെപ്പറഞ്ഞു പ്രേമവിവാഹങ്ങൾക്ക് തടയിടാൻ നോക്കുന്നത്. അക്രമം പലപ്പോഴും നേതൃത്വം അണികളോട് പറഞ്ഞു ചെയ്യിക്കുന്നതല്ല. തലമുറകളായി അവരുടെ ചിന്തകളിലേക്ക് ഇത്തരം ജാതി മത ബോധങ്ങൾ കുത്തിക്കയറ്റിയിരിക്കുകയാണ്. അതിന് വേണ്ടി മക്കളെ കൊല്ലാനും ബന്ധുക്കളെ കൊല്ലിക്കാനും പറ്റുന്ന തരത്തിൽ അന്ധവും ആഴത്തിലുള്ളതുമാണ് ഇത്തരം മിഥ്യാവിശ്വാസങ്ങൾ.

ജാതി മത സമ്പ്രദായങ്ങളോട് അധികം മമത കാണിക്കാത്ത ഒരു സർക്കാർ ആണ് നമുക്കിപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ അവർ ഈ മരണം ഈ വിഷയത്തിൽ കാതലായ മാറ്റം ഉണ്ടാക്കാനുള്ള അവസരമാക്കി എടുക്കണം. എന്റെ അഭിപ്രായത്തിൽ താഴെ പറയുന്ന കാര്യങ്ങൾ നാം എങ്ങനെയും നടപ്പിലാക്കണം.

1. പ്രായപൂർത്തിയായവർക്ക് സ്വന്തം ഇഷ്ടപ്രകാരം പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള നിയമപരമായ അവകാശത്തെക്കുറിച്ച് വ്യാപകമായ ബോധവൽക്കരണം സമൂഹത്തിൽ നടത്തണം. സ്വജാതിയിൽ നിന്നോ മതത്തിൽ നിന്നോ പുറത്തുള്ളവരെ വിവാഹം കഴിക്കുന്നവർക്കെതിരെയോ അവരുടെ കുടുംബങ്ങൾക്കെതിരെയോ ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ നടത്തുന്നതിനെ പിന്തുണക്കുന്നില്ല എന്ന് എല്ലാ സമുദായ നേതൃത്വവും പബ്ലിക്ക് ആയി പറയണം.

2. ഇഷ്ടമുള്ളവരെ സ്‌നേഹിക്കാനും വിവാഹം കഴിക്കാനുമുള്ള അർഹതയെപ്പറ്റി, നിയമപരമായ സംരക്ഷണത്തെപ്പറ്റി, എല്ലാ യുവജനങ്ങൾക്കും സ്റ്റഡി ക്ലാസ്സ് നൽകുക. ഓരോ പഞ്ചായത്തിലും ഇങ്ങനെയുള്ളവരെ സഹായിക്കാൻ ലീഗൽ സെല്ലുകൾ സ്ഥാപിക്കുക.

3. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാൻ ശ്രമിക്കുന്നവരെ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുന്നവരെ ശിക്ഷിക്കാൻ കർശനമായ വകുപ്പുകൾ ഉണ്ടാക്കുക. അവ നടപ്പിലാക്കുക.

4. പ്രേമവിവാഹത്തിന് മുൻപോ ശേഷമോ കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ആക്രമണ ഭീഷണി നേരിടുന്നവർക്ക് സംരക്ഷണം നൽകാൻ നടപടിക്രമങ്ങൾ ഉണ്ടാക്കുക. ആവശ്യമുള്ളവർക്ക് സുരക്ഷിതമായി താമസിക്കാൻ സർക്കാർ ഷെൽട്ടറുകൾ ഉണ്ടാക്കുക.

5. പ്രേമവിവാഹത്തെച്ചൊല്ലി ദുരാചാര കൊല നടത്തുന്നവരെ ജാമ്യമില്ലാതെ, വിചാരണ കഴിയും വരെ തടവിലിടുക. ചുരുങ്ങിയത് മുപ്പത് വർഷം വരെയെങ്കിലും പരോളില്ലാതെ കഠിനതടവ് നൽകുക.

6. ഇക്കാര്യത്തിൽ രാഷ്ട്രീയ വൈര്യം മറന്നു നമ്മുടെ യുവാക്കൾ മുന്നോട്ടിറങ്ങണം. നമ്മുടെ യുവജന കമ്മീഷനൊക്കെ ഇത്തരം മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകണം. ഈ മരണം പാഴായി പോകരുത്. ഈ മരണത്തെ ചൂണ്ടിക്കാട്ടി അച്ഛനും സഹോദരങ്ങളും ബന്ധുക്കളും പ്രേമ വിവാഹങ്ങൾ മുടക്കുന്ന കാലമല്ല ഉണ്ടാകേണ്ടത്. മറിച്ച് ഈ അക്രമങ്ങൾ നടത്തിയപ്പോൾ അതിനെതിരെ സമൂഹം നടത്തിയ ഇടപെടലുകളും പ്രതികൾക്ക് കിട്ടിയ ശിക്ഷയും ആയിരിക്കണം സമൂഹം ഓർത്തിരിക്കേണ്ടത്. അത് കൂടുതൽ പ്രേമ വിവാഹങ്ങളിലേക്കും ദുരഭിമാനം ഇല്ലാത്ത ഒരു ലോകത്തിലേക്കും നമ്മുടെ സമൂഹത്തെ നയിക്കണം. നമ്മുടെ കുട്ടികളിലെ പ്രേമത്തെ, നമ്മുടെ സമൂഹത്തിലെ സ്‌നേഹത്തെ നമ്മൾ മുക്കിക്കൊല്ലരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP