Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരോഹിതന്മാരുടെ ഏറ്റവും ശക്തമായ പീഡനസാമഗ്രിയായി ഇന്ന് കുമ്പസാരം മാറിയിരിക്കുന്നു; ക്രിസ്തുവിന്റെ പേരിലുള്ള ഒരു കർമ്മം മനുഷ്യരെ പീഡിപ്പിക്കുവാനായിട്ട് ഉപയോഗിക്കുന്നുവെങ്കിൽ അത് തീർച്ചയായും മാറ്റപ്പെടണം; വിൽസൺ കരിമ്പന്നൂർ എഴുതുന്നു

പുരോഹിതന്മാരുടെ ഏറ്റവും ശക്തമായ പീഡനസാമഗ്രിയായി  ഇന്ന് കുമ്പസാരം മാറിയിരിക്കുന്നു; ക്രിസ്തുവിന്റെ പേരിലുള്ള ഒരു കർമ്മം മനുഷ്യരെ പീഡിപ്പിക്കുവാനായിട്ട് ഉപയോഗിക്കുന്നുവെങ്കിൽ അത് തീർച്ചയായും  മാറ്റപ്പെടണം; വിൽസൺ  കരിമ്പന്നൂർ എഴുതുന്നു

വിൽസൺ കരിമ്പന്നൂർ

വിടുത്തെ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്ന പ്രധാനവിഷയം കുമ്പസാരമാണ് . കുമ്പസാരം ചൂഷണോപാധിയായി മാറിയെങ്കിൽ അത് വേണ്ടെന്നു വെക്കുന്നതല്ലേ നല്ലത് . യേശുക്രിസ്തു മാനവരെ രക്ഷിക്കുവാനും മനുകുലത്തിന് സ്‌നേഹം ചൊരിയുവാനുമായിട്ടാണ് ജീവൻ വെടിഞ്ഞത് എന്ന് വിശ്വസിക്കുകയും അത് ഘോഷിക്കുകയും ചെയ്യുന്നവർ,ആ ക്രിസ്തുവിന്റെ പേരിലുള്ള ഒരു കർമ്മം മനുഷ്യരെ പീഡിപ്പിക്കുവാനായിട്ട് ഉപയോഗിക്കുന്നുവെങ്കിൽ അത് തീർച്ചയായും മാറ്റപ്പെടണം. അതാണ് ഈ കുറിപ്പിലെ പ്രതിപാദ്യവിഷയം

കുമ്പസാര രഹസ്യം ചോർത്തുമെന്നു ഭീഷണിപ്പെടുത്തി ഒരു സ്ത്രീയെ ലൈംഗികമായി ഉപയോഗിച്ചു എന്ന നടുക്കുന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കുമ്പസാരം എന്ന പേരിൽ അറിയപ്പെടുന്ന ക്രൈസ്തവ ആചാരം ഇന്ന് ചോദ്യം ചെയ്യപ്പെടുകയാണ്. ക്രൈസ്തവ ആചാരം എന്നു പറഞ്ഞാൽ പൂർണ്ണമായും ശരിയാവില്ല. ചില ക്രിസ്തീയ സഭകളിൽ മാത്രം നിലനിൽക്കുന്ന ഒരു കർമ്മമാണ് ഇന്ന് വിവാദമായിരിക്കുന്ന തരത്തിലുള്ള കുമ്പസാരം. അതായത് കത്തോലിക്കാ സഭയിലും ഓർത്തഡോക്‌സ്, യാക്കോബായ സഭകളിലും മാത്രമാണ് പുരോഹിതന്റ മുമ്പിൽ ഇടവക അംഗങ്ങൾ തങ്ങളുടെ പാപം മുഴുവൻ വെളിപ്പെടുത്തുന്ന ഇപ്പോൾ വിവാദം ആയിരിക്കുന്ന തരത്തിലുള്ള കുമ്പസാരം നിലവിൽ നിൽക്കുന്നത്.ഇങ്ങനെ പുരോഹിതന്റെ കാതിലേക്ക് കുമ്പസാരക്കൂട്ടിൽ ഇരുന്നു പറയുന്നതുകൊണ്ട് ചെവിക്കുമ്പസാരം എന്നാണു ഈ കുമ്പസാരം അറിയപ്പെടുന്നത്.

എന്നാൽ മാർത്തോമാ, സി എസ ഐ,, ബിലീവേഴ്സ് സഭകളിലും പെന്തകൊസ്തു വിഭാഗങ്ങളിലും ഇമ്മാതിരിയുള്ള കുമ്പസാരം നിലവിൽ ഇല്ല. പ്രസ്തുത സഭകളിൽ ദൈവത്തിനോട് നേരിട്ടുള്ള പാപഏറ്റുപറച്ചിലുകൾ മാത്രമേയുള്ളു. യേശുക്രിസ്തു നേടിയ രക്ഷ മനസ്താപിക്ക് പാപമോചനവചനത്തിലൂടെ കിട്ടാൻ യേശുവിന്റെ പ്രീതിയിലുള്ള വിശ്വാസവും ശരണവും മാത്രം മതിയെന്ന് അവർ കരുതുന്നു. അതുകൊണ്ടുതന്നെ മേപ്പടി സഭകളിൽ കുമ്പസാരരഹസ്യം വച്ചുള്ള മുതലെടുപ്പുകൾക്കു സാംഗത്യമില്ല . അതുകൊണ്ടു പ്രസ്തുത സഭകളിലെ പുരോഹിതർ എല്ലാരും ഭേദപ്പെട്ടവർ ആണെന്ന് അർത്ഥമില്ല. മറ്റു പല പ്രശ്‌നങ്ങൾ അവരെ ചുറ്റിപ്പറ്റിയും ഉണ്ട് .

എന്താണ് കുമ്പസാരം ?

ഒരു ഇടവക അംഗം അയാൾ ചെയ്ത പാപം തന്റെ ഇടവകയിലെ പുരോഹിതനോട് രഹസ്യമായി പള്ളിയിലെ കുമ്പസാരക്കൂട്ടിൽ വച്ച് പറയുകയും, ആ പുരോഹിതൻ അത് ശ്രവിച്ചിട്ടു തക്കതായ പരിഹാരമാർഗം നിർദ്ദേശിക്കുകയും, ആ അംഗത്തിന്റെ പാപം ദൈവത്തിനുവേണ്ടി ക്ഷമിക്കുയും ചെയ്യുന്ന കർമ്മത്തിനെയാണ് കുമ്പസാരം എന്ന് പറയുന്നത്.

അനുതാപകൂദാശ, അനുരഞ്ജനകൂദാശ, ഏറ്റുപറച്ചിലിന്റെ കൂദാശ , ക്ഷമയുടെ കൂദാശ, മാനസാന്തരകൂദാശ എന്ന പേരിലൊക്കെയും കുമ്പസാരം അറിയപ്പെടുന്നുണ്ട്. കുമ്പസാരം എന്ന പദം കടന്നുവന്നത് പോർത്തുഗീസ് ഭാഷയിൽ നിന്നാണ്. കുംസാർ എന്ന കൊങ്കിണി വാക്കിനെപ്പോലെ, കുമ്പസാരം എന്ന മലയാളം പദവും ഉണ്ടായത് കൺഫെസ്സോർ (Confessar) എന്ന പോർത്തുഗീസ് പദത്തിൽ നിന്നാണ്.

1599 ജൂൺ 20-ൽ നടന്ന ഉദയംപേരൂർ സുന്നഹദോസിലൂടെയാണ് കുമ്പസാരവും, ചെവിക്കുമ്പസാരവും കേരളത്തിൽ ആരംഭിക്കുന്നത്. ആ സമ്മേളനം വിളിച്ചു കൂട്ടിയ ഗോവയിലെ ബിഷപ്പ് അലെക്‌സിസ് ഡെ മെനസിസ്, പുരോഹിതന്മാരുടെ ഏറ്റവും ശക്തമായ പീഡനസാമിഗ്രിയായ ചെവിക്കുമ്പസാരത്തിന്റെ കാര്യം ഇവിടെ ആരംഭിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നാണ് പ്രശസ്ത ചരിത്രകാരനായ എഡ്വേർഡ് ഗിബ്ബൺ എഴുതിയിരിക്കുന്നത്. പാപത്തെക്കുറിച്ചുള്ള മനസ്സിന്റെ നൊമ്പരത്തിൽ ഊന്നിയുള്ള പിഴമൂളൽ ആയിരുന്നു അതുവരെയുള്ള കേരളസഭയുടെ അനുതാപപ്രക്രീയ .

കുമ്പസാരം പതിമൂന്നാം നൂറ്റാണ്ടിൽ നിലവിൽ വന്നു

യേശുക്രിസ്തുവിന്റെ കാലത്തോ ആദിമസഭയിലോ കുമ്പസാരം എന്ന ഒരു കർമ്മം ഇല്ലായിരുന്നു. പോപ്പ് ഇന്നസെന്റു മൂന്നാമന്റെ നേതൃത്വത്തിൽ 1215 നവംബറിൽ നടന്ന (11-11- 1215) നാലാം ലാറ്ററൻ ( Rome's Lateran Palace) കൗൺസിൽ 21-ആം കാനോൻ ആയി കുമ്പസാരത്തെ അംഗീകരിച്ചു.ആണ്ടിലൊരിക്കൽ പാപങ്ങൾ ഏറ്റുപറഞ്ഞു കുമ്പസാരിക്കണം എന്നായിരുന്നു അന്നത്തെ തീരുമാനം .

അതിന്റെ മുമ്പും കുമ്പസാരം അനൗദ്ദ്യോഗികമായി പലയിടത്തും നടന്നിരുന്നു.എന്നാൽ ആറാം നൂറ്റാണ്ടിനു മുമ്പ് കുമ്പസാരം ക്രിസ്തീയ സഭകളിൽ ഇല്ലായിരുന്നുവെന്നാണ് ചരിത്രപഠിതാക്കൾ പറയുന്നത്. മറ്റു പല മതവിഭാഗങ്ങളിൽ നിലനിന്നിരുന്ന സമാനമായ കർമ്മം ക്രിസ്തീയസഭകൾ കടം കൊണ്ടതാണെന്നും അഭിപ്രായം ഉണ്ട്.

തുടക്കത്തിൽ ആണ്ടുകുമ്പസാരമായിരുന്നു. വലിയനോമ്പ് (50 നോമ്പ്) സമയത്തു നടത്തുന്ന ആണ്ട് കുമ്പസാരത്തിനു ഇന്നും നല്ല പ്രധാന്യം ഉണ്ട്. പിന്നീട് അത് മാസകുമ്പസാരവും ദിവസ്സകുമ്പസാരവും ഒക്കെ ആയിട്ട് അങ്ങ് വർദ്ധിപ്പിച്ചു. പുരോഹിതരുടെ കയ്യിൽ ജനങ്ങളുടെ ദൗർബല്യത്തിന്റെ കണക്കുപുസ്തകം ലഭിക്കുന്ന പ്രക്രീയക്ക് അവർ പ്രധാന്യം നൽകുമെന്നതിനു സംശയം വേണ്ടല്ലോ.

കുമ്പസാരത്തിന്റെ പ്രസക്തി

ജീവിതത്തിലെ കുറ്റവും കുറവും വേദനകളും ഒരു വാർദ്ധക്യപുരോഹിതന്റെ കാതുകളിലേക്ക് പറഞ്ഞു കൊടുക്കുമ്പോൾ മാനസികമായി പലർക്കും കുറെ ആശ്വാസം ലഭിക്കുമെന്നാണ് ചെവിക്കുമ്പസ്സാരത്തെ അനുകൂലിക്കുന്ന മണ്മറഞ്ഞ ചില പ്രശസ്തരുടെ കുറിപ്പിൽ കാണുന്നത് . അത് ഒരു പരിധി വരെ ശരിയും ആണ് . എന്നാൽ അങ്ങനെ എഴുതിയിടത്തൊക്കെ കാണുന്ന ഒരു പ്രത്യേകത വയോധികനായ പുരോഹിതൻ എന്നാണു എഴുതിയിരിക്കുന്നത് . അതിൽ നിന്നും മനസ്സിലാക്കേണ്ടത്, പണ്ട് കാലത്തു ചെവിക്കുമ്പസാരത്തിൽ പങ്കാളിയായിരുന്നത് വാർദ്ധ്യകത്തിൽ എത്തിയ പുരോഹിതന്മാർ ആയിരുന്നുവെന്നാണ്.ജീവിതത്തിലെ കുറ്റവും കുറവും വേദനകളും ഒരു വാർദ്ധക്യപുരോഹിതന്റെ കാതുകളിലേക്ക് പറഞ്ഞു കൊടുക്കുമ്പോൾ മാനസികമായി പലർക്കും കുറെ ആശ്വാസം ലഭിക്കുമെന്നാണ് ചെവിക്കുമ്പസ്സാരത്തെ അനുകൂലിക്കുന്ന മണ്മറഞ്ഞ ചില പ്രശസ്തരുടെ കുറിപ്പിൽ കാണുന്നത് . അത് ഒരു പരിധി വരെ ശരിയും ആണ് . എന്നാൽ അങ്ങനെ എഴുതിയിടത്തൊക്കെ കാണുന്ന ഒരു പ്രത്യേകത വയോധികനായ പുരോഹിതൻ എന്നാണു എഴുതിയിരിക്കുന്നത് . അതിൽ നിന്നും മനസ്സിലാക്കേണ്ടത്, പണ്ട് കാലത്തു ചെവിക്കുമ്പസാരത്തിൽ പങ്കാളിയായിരുന്നത് വാർദ്ധ്യകത്തിൽ എത്തിയ പുരോഹിതന്മാർ ആയിരുന്നുവെന്നാണ്.

എന്നാൽ ഇന്ന് വളരെ ചെറുപ്പക്കാരായ പുരോഹിതരുടെ മുമ്പിൽ ആണല്ലോ മനസ്താപികൾ തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുന്നത്. കത്തോലിക്കാസഭാവിശ്വാസം അനുസരിച്ചു ലൈംഗിക സംബന്ധമായ പാപം നിലനിൽക്കുന്നത്,അശുദ്ധപാപമായിട്ടാണ് . ഇതിനെപ്പറ്റി ഒരു ലേഖനത്തിൽ എഴുത്തുകാരി ബെറ്റിമോൾ മാത്യു ചോദിക്കുന്നു; പാപത്തിൽ അശുദ്ധവും വിശുദ്ധവും ഉണ്ടോയെന്ന്. അശുദ്ധപാപത്തോട് അച്ചന്മാർക്ക് പ്രത്യേക ആസക്തിയാണെന്ന് കോളേജ് അദ്ധ്യാപിക കൂടിയായ ബെറ്റിമോൾ മാത്യു പ്രസ്തുത ലേഖനത്തിൽ എഴുതുന്നു.
ഇന്ന് കൂടുതൽ പാപം ഉണ്ടാകുന്നത് അശുദ്ധപാപമായ ലൈംഗികവിഷയത്തിലാണ്. കൊലയും, കൊള്ളിവെയ്‌പ്പും , കള്ളവും പിടിച്ചുപറിയും ഒന്നും ഇന്ന് സാധാരണക്കാർ ചെയ്യാറില്ലല്ലോ.അതിനാൽ തന്നെ ആ വിഷയത്തിലുള്ള മനസ്താപ പ്രകരണം ഇന്ന് വളരെ കുറവാണ് . ഇന്റർനെറ്റും മൊബൈലും അശുദ്ധപാപമായ അവിഹിത ലൈംഗികബന്ധങ്ങൾക്ക് വളം വച്ച് കൊടുക്കുന്നതുകൊണ്ടു അതിനിപ്പോൾ നല്ല മാർക്കറ്റ് ആണ് . അതിൽ ആസക്തിയുള്ള പട്ടക്കാർക്കു നല്ലകാലം ?!

ഇതിനെ പറ്റി മുൻ വൈദികനായിരുന്നു കെപി ഷിബു 2011ൽ 'എന്റെ വൈദിക ജീവിതം ഒരു തുറന്നെഴുത്ത്' എന്ന പുസ്തകത്തിൽ വളരെയധികം കാര്യങ്ങൾ എഴുതിയിട്ടുണ്ട്.സീറോ മലബാർ സഭയിലെ സന്യാസ സഭയായ വിൻസൻഷ്യൻ സഭാംഗമായിരുന്ന കെപി ഷിബു,സഭയിൽ നടമാടുന്ന ഉച്ചനീചത്വങ്ങളുടെയും അനീതിയുടെയും പേരിൽ വൈദികവൃത്തി ഉപേക്ഷിച്ച് അദ്ധ്യാപകനായി മാറിയ ആളാണ് .

അദ്ദേഹം കുമ്പസാരത്തെ പറ്റി തന്റെ പുസ്തകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു:

'..................എന്റെ ജീവിതത്തിൽ കേട്ട കുമ്പസാരങ്ങളിൽ എൻപത് ശതമാനവും ലൈംഗിക പാപങ്ങളാണ്................എന്നാൽ ഈ ലൈംഗിക പാപങ്ങളെല്ലാം കേട്ട് അതിന്റെ ഉത്തേജനത്തിൽ സ്വയം ഭോഗം ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം പുരോഹിതരും. ചിലർ ഈ ലൈംഗിക പാപങ്ങളെ ചൂഴ്ന്ന് അതിന്റെ കേന്ദ്രങ്ങളെ കുറിച്ച് അന്വേഷിച്ചറിയുകയും ചിലപ്പോൾ അവിടുത്തെ സന്ദർശരാവുകയും ചെയ്യുന്നു.'' ഇങ്ങനെയാണ് കുമ്പസാരം രഹസ്യമുപയോഗിച്ച് വൈദികർ നടത്തുന്ന ലൈംഗിക ചൂഷണത്തെ കുറിച്ച് കെ.പി. ഷിബു 2011ൽ എഴുതിയിരിക്കുന്നത്.

ചില വൈദികർ ഇടവകയിലെ ഭക്തരായ സ്ത്രീകളുടെ ഭവനങ്ങൾ നോക്കി സന്ദർശനം നടത്തുന്നവരാണ്. അവർ അവിടെ ചെന്ന് രാത്രി വൈകുവോളം ചെലവഴിക്കുകയും മിക്കവാറും അമ്മയെയോ മകളെയോ ലൈംഗികമായി ഉപയോഗിച്ച തിരിച്ച് പോരുകയും ചെയ്യും. സമൂഹത്തിൽ തങ്ങൾക്കുള്ള മാനം തകരുമെന്ന് കരുതി ഇക്കാര്യങ്ങൾ ആരോടും പറയാറില്ല. പക്ഷെ കുമ്പസാരങ്ങളിൽ ഇവർ വെളിപ്പെടുത്തുകയും ചെയ്യും. വൈദികർ സന്യാസിനികളെ ശാരീരികമായി ഉപയോഗിക്കുന്നത് സന്യസ മഠങ്ങളിൽ രാത്രികാലങ്ങളിൽ താമസിച്ചുകൊണ്ടാണ്. സന്യാസമഠങ്ങൾ ശരിക്കും വേശ്യാലയമായി മാറുന്നു എന്നാണ് അനുഭവത്തിൽ നിന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് കെപി ഷിബു എഴുതുന്നു.
ഒരു പുരോഹിതൻ ആയിരുന്ന ആൾ തന്നെ ഇങ്ങനെ തുറന്നു പറയുമ്പോൾ അതിൽ വാസ്തവം ഉണ്ടായിരിക്കുമല്ലോ.

കന്യാസ്ത്രീയുടെ അനുഭവം

'ആമേൻ- ഒരു കന്യാസ്ത്രീയുടെ ആത്മകഥ' എന്ന ഗ്രന്ഥം രചിച്ച കത്തോലിക്കാ സന്യാസിനിയാണ് സിസ്റ്റർ ജെസ്മി. ആ പുസ്തകത്തിൽ കുമ്പസാരത്തെ പറ്റി സിസ്റ്റർ ജെസ്മിഇങ്ങനെ എഴുതുന്നു. നോവീഷത്ത്ക്കാലത്ത് കുമ്പസാരിക്കുവാൻ പലരും മനസ്സ് വിറങ്ങലിച്ചായിരുന്നു പുരോഹിതനെ സമീപിച്ചിരുന്നത്. ഓരോ പെൺകുട്ടിയും കുമ്പസാരത്തിനുമുമ്പു പുരോഹിതന്റെ രണ്ടു കവിളിലും ഉമ്മ വെയ്ക്കുവാൻ ആവശ്യപ്പെടുമായിരുന്നു. കുമ്പസാരത്തിനു പോയ ജെസ്മി മനസ്സിൽ ധൈര്യംവരുത്തി പുരോഹിതന് ഉമ്മ കൊടുക്കുവാൻ വിസമ്മതിച്ചു. ബൈബിളിൽ നിന്നുള്ള വാക്യം എടുത്തു കാണിച്ചുകൊണ്ട്, 'കുട്ടീ ഇത് എനിക്കു ലഭിക്കുന്ന ആത്മീയചുംബനമാണെന്നു' പറഞ്ഞ് , നിർബന്ധിച്ചു കവിളത്ത് ഉമ്മമേടിച്ചു.

പ്രലോഭനത്തിലേക്ക് വലിച്ചിഴയ്ക്കണമോ

ഇന്നത്തെ കാലത്തു പല ഇടവകകളിലും വികാരിമാർ ചെറുപ്പക്കാരായ പുരോഹിതന്മാർ ആണ്.
ചെറുപ്പക്കാരായ പുരോഹിതർക്ക് ലൈംഗികവിഷയങ്ങൾ സ്ത്രീകളിൽ നിന്നും കേൾക്കുമ്പോൾ യാതൊരു വികാരവും ഉണ്ടാകില്ലായെന്നു പറഞ്ഞാൽ അത് അംഗീകരിക്കുവാൻ കഴിയില്ല. കാരണം, ജന്തുക്കൾക്ക് പ്രകൃതി കൊടുത്തിരിക്കുന്ന പ്രത്യുല്പാദന പ്രക്രീയയെ ഏറ്റവും ആനന്ദകരമായി ആസ്വദിക്കുന്നത് മനുഷ്യനാണ്. ലൈംഗികത മനുഷ്യനു വെറും പ്രത്യുല്പാദനപ്രക്രീയ മാത്രമല്ല.അതവന്റെ ജീവിതത്തിന്റെ അടിത്തറയാണ്. അതിനാൽ തന്നെ മനുഷ്യർക്ക് എതിർലിംഗത്തിൽ പെട്ടവരോടെ ഒരു പ്രത്യേക താല്പര്യം ഉണ്ട്. ആ താല്പര്യം കാഴ്ചയിലും, കേൾവിയിലും ഉണ്ട്.എന്തിനധികം ഭാവനയിൽ കൂടി പോലും ആ ഇഷ്ടം അവർ ആസ്വദിക്കുന്നുണ്ട്. ഏതൊരു മനുഷ്യനും ലൈംഗികവിഷയങ്ങൾ കേൾക്കുന്നതും, കാണുന്നതും, ഭാവനയിൽ കാണുന്നതും, ചിന്തിക്കുന്നതും ഒക്കെ വികാരങ്ങൾ ഉത്തേജിപ്പിക്കുന്നതാണ്.

സ്ത്രീകളെക്കാൾ,പുരുഷന്മാരാണ് വേഗത്തിൽ ലൈംഗിക ഉത്തേജിതർ ആകുന്നത് എന്നത് ഒരു സത്യം ആണല്ലോ. അപ്പോൾ ഒരു സ്ത്രീയിൽ നിന്ന് അവളുടെ ലൈംഗികബന്ധത്തിന്റെ കഥ അതും വേലി ചാടിയ കഥ വിസ്തരിച്ചു? കേട്ടാൽ ഉത്തേജിതനാകാത്ത
പുരുഷൻ പുരുഷനാണോ ? സത്യം ഇതായിരിക്കെ ഇങ്ങനെ ഒരു അവസരത്തിന് വേദിയൊരുക്കുന്നതു തന്നെ മണ്ടത്തരമാണെന്നു പറയാതിരിക്കാൻ വയ്യ. പ്രലോഭനമാണ് പല നല്ല മനുഷ്യരെയും വഷളരാക്കുന്നത്. അപ്പോൾ അറിഞ്ഞു കൊണ്ട് ചോരത്തിളപ്പുള്ള ചെറുപ്പക്കാരായ ഈ പട്ടക്കാരെ, അപഥസഞ്ചാരം നടത്തിയ സ്ത്രീയെന്ന പ്രലോഭനത്തിലേക്ക് ചാടിക്കണമോ?

എന്ന് പറഞ്ഞാൽ ഈ ചെവിക്കുമ്പസാരമെന്ന പ്രലോഭനകുരുക്ക് സഭ ഒഴിവാക്കണം. യേശു ശിഷ്യമാർക്കു മാത്രം കൊടുത്ത അധികാരമായ പാപമോചനവും മറ്റും ഒരു പുരോഹിതനും അവകാശപ്പെടുവാൻ വേദപുസ്തകം പഠിപ്പിക്കുന്നില്ല. വേദപുസ്തകത്തിലെ പുരോഹിതവർഗ്ഗം അത്ര നല്ലവർ ഒന്നും അല്ല, അവർ ക്രിസ്തുവിനെ ക്രൂശിച്ചവർ ആണ്. കയ്യഫാവും ഹന്നാസും ആയിരുന്നല്ലോ അവരുടെ നേതാക്കൾ.

കുമ്പസാരത്തിന്റെ വേദപുസ്തക അടിസ്ഥാനം

വിശുദ്ധവേദപുസ്തകത്തിൽ യോഹന്നാന്റെ സുവിശേഷം 20 -ആം അദ്ധ്യയത്തിന്റെ 21 മുതൽ 23 വരെയുള്ള വാക്യങ്ങളുടെ ബലത്തിലാണ് ഈ കുമ്പസാരത്തിന്റെയും പാപമോചനത്തിന്റെയും മൊത്തവ്യാപാരം പുരോഹിതർക്ക് നല്കപ്പെട്ടിരിക്കുന്നതു.
'.... യോഹ. 21 : യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
യോഹ..22 : ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ .
യോഹ..23 : ആരുടെ പാപങ്ങൾ നിങ്ങൾ മോചിക്കുന്നവോ അവർക്കും മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങൾ നിർത്തുന്നുവോ അവർക്കും നിർത്തിയിരിക്കുന്നു എന്നു പറഞ്ഞു.'

എന്നാൽ ഈ വാക്യങ്ങൾ വായിച്ചാൽ മനസ്സിലാകുന്നത്, പാപമോചനത്തിനുള്ള വരം യേശു താൻ തന്നെ തിരഞ്ഞെടുത്തിരിക്കുന്ന ശിഷ്യന്മാർക്കു മാത്രമേ നൽകിയിട്ടുള്ളൂ. യേശു തിരഞ്ഞെടുത്ത ശിഷ്യന്മാർ എവിടെ, ഇന്നത്തെ പുരോഹിതന്മാർ എവിടെ? ഒരിക്കലും പരസ്പരം സാമ്യപ്പെടുത്തുവാൻ കഴിയില്ലല്ലോ. യേശു ശിഷ്യന്മാർക്കു കൊടുത്ത അധികാരങ്ങൾ എല്ലാം പുരോഹിതർക്കും ഉണ്ടെന്ന രീതിയിലുള്ള സഭകളുടെ? നിലപാടുകൾ ശരിയല്ല. ആ നിലപാടുകളാണ് പുരോഹിതരെ അഹങ്കാരികളും ഇതുപോലുള്ള മ്ലേച്ഛത ഉള്ളവരായും മാറ്റുന്നത്.

സഭകളുടെ ഈ മാതിരിയുള്ള തെറ്റായ വ്യഖ്യാനങ്ങൾ മൂലം,സഭാജനങ്ങൾ കുപ്പായഭക്തന്മാർ ആയി മാറുന്നു. പുരോഹിതരുടെ എല്ലാ തെറ്റുകളും കണ്ണടച്ച് അംഗീകരിക്കുന്നു. തന്മൂലം ഇടവക വികാരികമാർ ദൈവത്തിന്റെ പ്രതിരൂപമായി സ്വയം മാറി വിശ്വാസികളുടെ മേൽ കുതിര കയറുന്നു. എന്നാൽ പുരോഹിതരാകുന്നവർ യേശുവിനെപ്പോലെ ജീവിച്ച്, ജനങ്ങൾക്ക് മാതൃകയാകേണ്ടവർ ആണ്. യേശു വഹിച്ചത് പോലെ പീഡാനുഭവവും ക്രൂശുമരണവും വഹിക്കുവാൻ പോലും അവർ തയ്യാറാകേണ്ടവർ ആണ്. അസ്സീസിയിലെ ഫ്രാൻസിസ് , ഫ്രാൻസിസ് സേവ്യർ, ഫാദർ ഡാമിയൻ തുടങ്ങിയവരൊക്കെ? അങ്ങനെ ജീവിച്ചവർ ആണ്. സിസ്റ്റർ ആയ മദർ തെരേസയും ആ ഗണത്തിൽ പെടുന്നു.

അതിനു പകരം ഇന്നത്തെ പല പുരോഹിതരും ആ പവിത്ര സ്ഥാനത്തിന് കളങ്കം ചാർത്തുന്നവർ ആണ്. ഈ കാലഘട്ടത്തിൽ അങ്ങനെയുള്ളവരുടെ എണ്ണം സഭാവ്യത്യാസം ഇല്ലാതെ വർദ്ധിക്കുകയാണ്.

വ്യഭിചാരം ചെയ്തു എന്ന് മാത്രം പറഞ്ഞാൽ പോരാ വിശദീകരിക്കണം

ചെവിക്കുമ്പസാരത്തിൽ പാപിയായ ഒരാൾ,അയാൾ? പാപം ചെയ്തു എന്ന് പറഞ്ഞാൽ മാത്രം പോരാ, അതിന്റെ വിഷാദശാംശങ്ങൾ നൽകണം . അതായത് ഒരാൾ അവിഹിത ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അതിനു പത്ത് കല്പനപ്രകാരം വ്യഭിചാരം ചെയ്തുവെന്നാണല്ലോ പറയുന്നത്. അനുതാപി പുരോഹിതനോട് അതങ്ങു നേരിട്ട് പറഞ്ഞു അവസാനിപ്പിക്കുവാൻ കഴിയില്ല. അതിന്റെ വിഷാദശാംശങ്ങൾ പുരോഹിതന്റെ മുമ്പിൽ നല്കണം.അതു സംബന്ധിച്ച് പുരോഹിതൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു എല്ലാം ഉത്തരം നൽകണം?. അതാണ് ഏറ്റവും വലിയ പാര, അതിലൂടെയാണ് ജഡമോഹിയായ പുരോഹിതന് കൂടുതൽ ഉത്തേജനം ലഭിക്കുന്ന കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുവാൻ കഴിയുന്നത്. ഇങ്ങനെ കൂടുതൽ വിശദാംശങ്ങൾ ? അറിയുന്നതിന്റെ ആവശ്യകതയെ പറ്റി ഫാ. നോബിൾ തോമസ് പാറക്കലിന്റെ 'കത്തോലിക്കാവിശ്വാസം - പ്രായോഗിക അറിവുകൾ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

' ആറും പത്തും പ്രമാണങ്ങൾ ലംഘിച്ചു എന്ന രീതിയിലല്ല കുമ്പസാരിക്കേണ്ടത്. വ്യഭിചാരം ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്രകാരം തന്നെ ഏറ്റുപറയണം. സാഹചര്യം, വ്യഭിചാരത്തിൽ പങ്കാളിയായ ആളുടെ ജീവിതാന്തസ്സ്, എത്രപ്രാവശ്യം തുടങ്ങിയവ പറയുമ്പോൾ ശരിയായ രീതിയിലുള്ള ഉപദേശം നല്കാൻ വൈദികന് സാധിക്കും'

കുമ്പസാര രഹസ്യം

ചെവിക്കുമ്പസാരത്തിൽ കൂടി പുരോഹിതൻ അറിയുന്ന രഹസ്യം ആ പുരോഹിതന്റെ ജീവൻ പോയാൽപ്പോലും വെളിപ്പെടുത്തരുത് എന്നാണു സഭാനിയമം. കർശനമായ ഈ രഹസ്യസ്വഭാവത്തിന് കുമ്പസാരത്തിന്റെ മുദ്ര (Seal of the Confessional) എന്നു പറയുന്നു. കത്തോലിക്കാ കാനൻ നിയമവ്യവസ്ഥയിൽ ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു 'ഈ കൂദാശയുടെ മുദ്ര അലംഘനീയമാണ്; അതിനാൽ മനസ്താപക്കാരന്റെ വാക്കുകളെ പുരോഹിതൻ ഏതുകാരണത്താലായാലും ഏതെങ്കിലും രീതിയിൽ വെളിപ്പെടുത്തുന്നത് പൂർണ്ണമായും വിലക്കപ്പെട്ടിരിക്കുന്നു.' കുമ്പസാരരഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനായ പുരോഹിതന് അവയെ തന്റെതന്നെയോ, മറ്റൊരാളുടെയോ ജീവൻ രക്ഷിക്കാനോ, ഏതെങ്കിലും ദുരന്തം ഒഴിവാക്കാനോ പോലും വെളിപ്പെടുത്താവുന്നതല്ല.

നിയമാവലികൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് കുമ്പസാര രഹസ്യം ഏറ്റവും ഹീനമായ രീതിയിൽ മുതലെടുപ്പിനായി ഉപയോഗിക്കപ്പെടുന്നു. അടുത്ത കാലത്തു പുറത്തു വന്ന അനേക സംഭവങ്ങളിൽ നിന്നും, മീൻ പിടിക്കുവാൻ മുക്കുവന് ചൂണ്ട എന്നപോലെ ഉള്ള ഒരു വസ്തുവായി പെണ്ണുപിടുത്തത്തിനു കുമ്പസാര രഹസ്യം ചില പുരോഹിതർ ഉപയോഗിക്കുന്നുവെന്നു വേണം മനസ്സിലാക്കുവാൻ.

ചെവിക്കുമ്പസാരം അവസാനിപ്പിക്കണം

പുരോഹിതന്റെ മുമ്പിൽ തങ്ങളുടെ സ്വകാര്യപാപങ്ങൾ ഏറ്റു പറയുന്ന രീതിയിൽ ഉള്ള ചെവിക്കുമ്പസാരം സഭകൾ അവസാനിപ്പിക്കേണ്ടിയ കാലം കഴിഞ്ഞു. യാതൊരു വേദപുസ്തക അടിസ്ഥാനവും ഇല്ലാത്ത, ക്രിസ്തുവിന്റെ കാലത്തിനു നൂറ്റാണ്ടുകൾക്കു ശേഷം ആരംഭിച്ച ഈ പ്രക്രീയ ഇന്നൊരു പീഡനോപകരണം?ആയി മാറിയിരിക്കുന്നു. ആയതിനാൽ ക്രിസ്തുവിനെ പിന്തുടരുന്ന സഭകൾ (പല സഭകളുടെയും കാര്യത്തിൽ അതില്ലായെന്നതാണ് വാസ്തവം!) ഒരു പീഡനോപകരണം വച്ച് പുലർത്തുവാൻ പാടില്ല. അതിനാൽ എത്രയും വേഗം ഈ രീതിയിൽ ഉള്ള, ലോകം മുഴുവനും അപഹസിക്കുന്ന, പലർക്കും മുതലെടുക്കുവാൻ സാധിക്കുന്ന ചെവിക്കുമ്പസാരം നിർത്തലാക്കണം.

ചെവിക്കുമ്പസാരം ഇനിയും തുടർന്നാൽ ....

ചെവിക്കുമ്പസാരം ഇനിയും തുടർന്നാൽ അത് അനേകരെ കള്ളം പറയുവാൻ പ്രേരിപ്പിക്കുകയെ ഉള്ളു. കാരണം, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വായിച്ച വിവരമുള്ള ഒരു സ്ത്രീയും ഇനിയും തങ്ങളുടെ അപഥസഞ്ചാരം പുരോഹിതന്റെ മുമ്പിൽ തുറന്നു പറയുവാൻ തയ്യാർ ആവില്ല. അതായത് ലൈംഗികതയുടെ കാര്യത്തിൽ പല സ്ത്രീകളും കള്ളം പറയുവാൻ ബാദ്ധ്യസ്ഥർ ആകുമെന്ന് ചുരുക്കം.വെറുതെ സഭാജനങ്ങളെ കള്ളം പറയുവാൻ പ്രേരിപ്പിക്കുന്ന ഒരു കർമ്മം സഭകൾ വച്ച് പുലർത്തുന്നത്, പാപത്തിനു കൂട്ട് നിൽക്കുന്നതിനു തുല്യം ആണ്ചെവിക്കുമ്പസാരം ഇനിയും തുടർന്നാൽ അത് അനേകരെ കള്ളം പറയുവാൻ പ്രേരിപ്പിക്കുകയെ ഉള്ളു. കാരണം, ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ വായിച്ച വിവരമുള്ള ഒരു സ്ത്രീയും ഇനിയും തങ്ങളുടെ അപഥസഞ്ചാരം പുരോഹിതന്റെ മുമ്പിൽ തുറന്നു പറയുവാൻ തയ്യാർ ആവില്ല. അതായത് ലൈംഗികതയുടെ കാര്യത്തിൽ പല സ്ത്രീകളും കള്ളം പറയുവാൻ ബാദ്ധ്യസ്ഥർ ആകുമെന്ന് ചുരുക്കം.വെറുതെ സഭാജനങ്ങളെ കള്ളം പറയുവാൻ പ്രേരിപ്പിക്കുന്ന ഒരു കർമ്മം സഭകൾ വച്ച് പുലർത്തുന്നത്, പാപത്തിനു കൂട്ട് നിൽക്കുന്നതിനു തുല്യം ആണ്.

മറ്റൊരു കാര്യം, സ്വന്തം മക്കളെ സ്‌നേഹിക്കുന്ന മാതാപിതാക്കൾ ഇനിയും കുമ്പസാരിക്കുവാനായിട്ടു തങ്ങളുടെ പെൺമക്കളെ ചെറുപ്പക്കാരായ പട്ടക്കാരുടെ അരികിലേക്ക് സ്വമനസ്സാലെ പറഞ്ഞു വിടുമെന്ന് തോന്നുന്നില്ല.

അടുത്തിടെ കണ്ടവരുന്ന ഒരു പ്രിതിഭാസം, ഒരു കുറ്റകൃത്യത്തിന് മാധ്യമപ്രശസ്തി കിട്ടിയാൽ അത് കുറയുകയല്ല, ആ മാതിരി കുറ്റകൃത്യങ്ങൾ വർദ്ധിക്കുകയാണ് എന്നതാണ്. പലർക്കും ആ തെറ്റുകൾ തുടങ്ങുവാൻ പ്രസ്തുത വിഷയങ്ങൾ വഴികാട്ടിയാകുന്നുവെന്നു സാരം. ദുരഭിമാനക്കൊല പോലുള്ള അനേകസംഭവങ്ങൾ ഈ പ്രതിഭാസത്തിനു അടിവരയിടുന്നു.
ആയതിനാൽ, കുമ്പസാരരഹസ്യത്തിന്റെ മറവിൽ ഇനിയും പീഡനങ്ങൾ വർദ്ധിക്കുവാൻ തന്നെയാണ് സാദ്ധ്യത. സഭാനേതൃത്വം വിവേചനബുദ്ധി കാട്ടി ചെവിക്കുമ്പസാരം എത്രയും വേഗം അവസാനിപ്പിക്കുക.

കാലത്തിന്റെ ചൂണ്ടുപലക ഉൾക്കൊള്ളുവാൻ മതങ്ങൾ എന്നും പിൻപന്തിയിൽ ആണ്. ലോകത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും, അതനുസരിച്ചു മനുഷ്യൻ മാറിക്കൊണ്ടിരിക്കും. എന്നാൽ പല മതങ്ങളും അതുൾക്കൊള്ളുകയില്ല. അതുകൊണ്ടു മതത്തിനു ഗുണത്തേക്കാൾ ദോഷമേ ഉണ്ടാകുന്നുള്ളൂ. ജനം അങ്ങനെയുള്ള മതങ്ങളിൽ നിന്നും അകലും. അതിനാൽ എല്ലാ മതങ്ങളും കൂട്ടങ്ങളും കാലത്തിന്റെ ചുവരെഴുത്തുകൾ ഉൾക്കൊണ്ടു കൊണ്ട് സ്വയം നവീകരിക്കപ്പെടുവാൻ തയ്യാറാകണം. ചെവിക്കുമ്പസാരവിഷയത്തിലും ഒരു നവീകരണം സഭകൾക്ക് ഇന്ന് ആവിശ്യമാണ്.

വാൽക്കഷ്ണം.

ഇവിടെ പുരോഹിതവർഗ്ഗം എന്നെഴുതിയതിനാൽ മൊത്തം പുരോഹിതരും കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർ എന്ന് ഒരിക്കലും അർത്ഥമാക്കിയിട്ടില്ല. അനേക പുരോഹിതർ നല്ല ജീവിതം നയിച്ച് ജനത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്. വ്യത്യസ്തമതങ്ങളിലെ അനേക പുരോഹിതർ സ്‌നേഹിതരായിട്ട്?എനിക്കുണ്ട്. അവരിൽ മിക്കവരും നല്ല മാതൃകജീവിതം നയിക്കുന്നവർ ആണ്. എന്നാലും ഒരു കുട്ടയിലെ മാമ്പഴത്തിൽ ചിലതു അഴുകിയാൽ അത് ആ മാമ്പഴക്കൂട്ടയെ മൊത്തമായി ബാധിക്കുന്ന ഒരു അവസ്ഥയിൽ ആണ് ക്രിസ്തീയ പുരോഹിതന്മാരുടെ ഇന്നത്തെ സ്ഥിതി?.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP