Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൊച്ചിയിലെ പെട്ടിക്കടക്കാരൻ ഇതുവരെ സന്ദർശിച്ചത് 16 വിദേശ രാജ്യങ്ങൾ; എല്ലാം മാടക്കടയിലെ വരുമാനം കൊണ്ട്; വിജയൻ ജീവിതം ആസ്വദിക്കുന്നത് കണ്ട് നമുക്ക് അസൂയപ്പെടാം

കൊച്ചിയിലെ പെട്ടിക്കടക്കാരൻ ഇതുവരെ സന്ദർശിച്ചത് 16 വിദേശ രാജ്യങ്ങൾ; എല്ലാം മാടക്കടയിലെ വരുമാനം കൊണ്ട്; വിജയൻ ജീവിതം ആസ്വദിക്കുന്നത് കണ്ട് നമുക്ക് അസൂയപ്പെടാം

കൊച്ചി: മഞ്ജു വാര്യർ നായികയായ സൂപ്പർഹിറ്റ് മലയാള ചിത്രത്തിലെ കഥാപാത്രം നിരുപമ രാജീവിന് പ്രോത്സാഹിപ്പിക്കാൻ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രം പരിചയപ്പെടുത്തുന്ന വയോധിക ദമ്പതികളെ മലയാളികൾ ഓർക്കുന്നില്ലേ..? വീട് പണയപ്പെടുത്തി ലോകം ചുറ്റുകയും പിന്നീട് തിരികെയെത്തി ചായക്കട നടത്തി ലോൺ തിരിച്ചടയ്ക്കുകയും ചെയ്ത ദമ്പതികളുടെ കഥ.. ഇത് വെറുമൊരു സിനിമക്കഥയല്ല. ഹൗ ഓൾഡ് ആർ യുവിൽ റോഷൻ ആൻഡ്രൂസ് പ്രോക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചത് യഥാർത്ഥ ജീവിതങ്ങളെ തന്നെയായിരുന്നു. ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിച്ച് ടെൻഷനടിച്ചിരിക്കുന്ന മലയാളികൾക്ക് ഇടയിൽ പുതിയ മാതൃക തീർത്തതുകൊച്ചിയിലെ തെരുവോരത്ത് ചായക്കട നടത്തുന്ന 65കാരൻ വിജയനും ഭാര്യ മോഹനയുമാണ്.

ഒരു ചായക്കടക്കാരൻ ലോകം മുഴുവൻ ചുറ്റാൻ സാധിക്കുമോ എന്ന് ചോദിക്കുന്നവർക്ക് മുന്നിൽ അസാധ്യമായത് ഒന്നുമില്ലെന്ന് പറയുകയാണ് വിജയനും ഭാര്യയും. ലോകം കാണാനുള്ള സ്വപ്നത്തെ പിന്തുടർന്ന് ലോകം കീഴടക്കിയ ആളാണ്. അതും ചായ വിറ്റു ലഭിച്ച പണം കൊണ്ട്. ബ്രിട്ടൻ, ഫ്രാൻസ്, ഓസ്ട്രിയ, ഈജിപത്, യുഎഇ വിജയൻ ഭാര്യയുമൊത്ത് സന്ദർശനം നടത്തിയ രാജ്യങ്ങളുടെ പട്ടിക നീളുകയാണ്. 40 വർഷമായി ചായക്കട നടത്തുകയാണ് വിജയൻ. പക്ഷേ അത് അദ്ദേഹത്തിന്റെ ലോക സഞ്ചാരത്തിന് ഒരു തടസ്സമേ ആയിട്ടില്ല. ഈ യാത്രകളെല്ലാം നടത്തിയത് ചായക്കടയിൽ നിന്ന് ലഭിച്ച വരുമാനം മാത്രം കൊണ്ടാണ്. ഇതിനകം 16 രാജ്യങ്ങൾ ഈ സഞ്ചാരികൾ കറങ്ങിക്കണ്ടു.

അച്ഛനിൽ നിന്നാണ് സഞ്ചാരത്തോടുള്ള അഭിനിവേശം തനിക്കു പകർന്നു കിട്ടിയതെന്ന് വിജയൻ പറയുന്നു. 'എനിക്ക് ആറു വയസ്സുണ്ടായിരുന്നപ്പോൾ എന്നെയും കൂട്ടി അദ്ദേഹം പലയിടങ്ങളിലും പോയിട്ടുണ്ട്. മധുരൈ, പളനി എന്നിവിടങ്ങളിലൊക്കെ. ആ ഓർമ്മകളാണ് എന്റെ സഞ്ചാര സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ കരുത്തായത്,' വിജയൻ പറയുന്നു. സഞ്ചാരത്തിലൂടെ ലോകത്തെ അറിഞ്ഞ വിജയന്റെ ജീവിതം പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു. അച്ഛനോടൊപ്പം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദർശിച്ചിട്ടുണ്ട്. അച്ഛന്റെ മരണത്തോടെ യാത്രകൾക്ക് താൽക്കാലിക വിരാമമാകുകയും കുടുംബ ഉത്തരവാദിത്തം ചുമലിലാകുകയും ചെയ്തു. പിന്നീട് 1988-ൽ കുക്കായി ഒരാളോടൊപ്പം ഹിമാലയൻ യാത്ര നടത്തിയതോടെയാണ് സഞ്ചാരത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത്.

യാത്രകളിൽ ഭാര്യ മോഹനയേയും കൂടെ കൂട്ടും. സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുമ്പോൾ അതിൽ പങ്കാളികളാകാൻ ആരുമില്ലെങ്കിൽ യാത്രകളിൽ പിന്നെന്ത് അർത്ഥമെന്ന് ഭാര്യയെ സൂചിപ്പിച്ച് വിജയൻ ചോദിക്കുന്നു. നാൽപ്പതു വർഷമായി വിവാഹം കഴിഞ്ഞിട്ട്. വിവാഹ ശേഷമാണ് യാത്രകൾക്ക് ദൂരവും കൂടിയത്. ലോകത്തെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഈ ദമ്പതികൾ ചുറ്റിയടിച്ചു. ഏറെ ആസ്വദിച്ച യാത്രകളെക്കുറിച്ച് പറയാൻ മോഹനയ്ക്ക് നൂറു നാവാണ്. 'പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ള ഞാൻ ആദ്യ വിദേശ യാത്ര നടത്തിയപ്പോൾ അത് വലിയ ആശ്ചര്യമായിരുന്നു. ഞാനൊരിക്കലും ഇതു സ്വപ്നം കണ്ടതല്ല. പിന്നീട് ഭർത്താവിനൊപ്പം യാത്രകൾ എന്റെയും അഭിനിവേശമായി മാറുകയായിരുന്നു,' മോഹന പറയുന്നു. സ്വിറ്റ്‌സർലാന്റ് ആയിരിക്കാം തന്നെ ഏറെ ആകർഷിച്ചത് പക്ഷെ ഇസ്രയേലിലെ യേശുവിന്റെ പ്രതിമയുടെ മുന്നിൽ സ്വയം മറന്ന് ഒരുപാട് നേരം നിന്നത് മോഹന ഓർത്തെടുക്കുന്നു.

പക്ഷേ വിജയനെ ഏറെ ആകർഷിച്ചത് അറേബ്യൻ മരുഭൂമിയും ഈജിപ്തിലെ നൈൽ നദിയുമാണ്. വീണ്ടും പോകാൻ ആ്ഗ്രഹിക്കുന്നതും ഇവിടേക്കാണ്. ഒരു സാമ്പത്തിക അരക്ഷിതാവസ്ഥയും അലട്ടാത്ത വിജയൻ ലോണെടുത്തും യാത്രകൾ നടത്തുന്നു. ചായക്കടയിൽ നിന്നുള്ള ഏക വരുമാനം കൊണ്ട് മാത്രം ചുരുങ്ങിയ കാലയളവിൽ ഇത്ര യാത്രകൾ നടത്താൻ കഴിയില്ലല്ലോ. ലോണെടുത്ത നടത്തുന്ന യാത്ര കഴിഞ്ഞ് തിരിച്ചെത്തിയാൽ അടുത്ത മൂന്ന് വർഷം അതു തിരിച്ചടക്കാനായി അധ്വാനിക്കും. പിന്നീടാണ് അടുത്ത യാത്ര. യാത്രയും ജീവിതവും ഇങ്ങനെ ആസ്വദിച്ചു മുന്നോട്ടു കൊണ്ടുപോകുന്നു ഈ ദമ്പതികൾ.

ജീവിതത്തിൽ പല പ്രയാസങ്ങളും ഉണ്ടായിട്ടുണ്ട്. അതെല്ലാം കഠിനാധ്വാനം കൊണ്ട് മറികടക്കാവുന്നതെയുള്ളൂവെന്ന് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളിൽ വിജയൻ പറയുന്നു. ഒരു സ്വപ്നത്തിനു പിന്നാലെ നിങ്ങൾ തിരിച്ചാൽ ഒന്നിനും നിങ്ങളെ തടയാനാവില്ലെന്ന വിജയൻ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു. മിതമായ ചെലവുകളിലാണ് യാത്രകളെല്ലാം. അമിതമായി ഒന്നും ചെലവഴിക്കാറില്ല. ദിവസവും 300 രൂപ വീതമാണ് യാത്രകൽക്കുള്ള ടിക്കറ്റിനായി വിജയൻ മാറ്റിവയ്ക്കുന്നത്. അടുത്ത യാത്രക്കായി ഒരുങ്ങുമ്പോൾ ഈ ദമ്പതികൾക്ക് പക്ഷെ അൽപ്പം പ്രയാസമുണ്ട്. പ്രായാധിക്യം മൂലം പുതിയ സ്വപ്ന ദേശത്തേക്കുള്ള യാത്രയ്ക്കായി ലോൺ തരാൻ ബാങ്കുകൾ മടികാട്ടുന്നതാണത്. യുഎസാണ് അടുത്ത സ്വപ്നം. എങ്ങനെയെങ്കിലും താൻ ഭാര്യയേയും കൂട്ടി അവിടെ എത്തുമെന്ന് തന്നെ വിജയൻ ഉറപ്പിച്ചു പറയുന്നു. 'എനിക്കൊരിക്കലും അവളില്ലാതെ യാത്ര ചെയ്യാനാവില്ല. അവൾ കൂടെയുണ്ടാകുമ്പോഴാണ് യാത്രകൾക്ക മധുരമുണ്ടാകുന്നത്,' വിജയൻ പുഞ്ചിരിക്കുന്നു.

ഇവരുടെ യാത്രകളെ സഹായിക്കാനായി സോഷ്യൽ മീഡിയ അടക്കമുള്ള ഓൺലൈൻ സംവിധാനനങ്ങളിലൂടെ ക്രൗഡ് ഫണ്ടിങ് ഉടനെ ആരംഭിക്കുന്നുണ്ട്. അവസാനമില്ലാത്ത യാത്രകൾക്കായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP