Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭവാനീശ്വരന് ഇടക്ക കൊട്ടി കീർത്തനമാലപിക്കുന്നത് നിസ്‌കാര തഴമ്പുള്ള ജൗഷാൽ; മതേതരത്വത്തിൽ മാതൃകയായി പള്ളുരുത്തി ക്ഷേത്രം

ഭവാനീശ്വരന് ഇടക്ക കൊട്ടി കീർത്തനമാലപിക്കുന്നത് നിസ്‌കാര തഴമ്പുള്ള ജൗഷാൽ; മതേതരത്വത്തിൽ മാതൃകയായി പള്ളുരുത്തി ക്ഷേത്രം

കൊച്ചി : സ്‌കൂൾ കലോത്സവത്തിനായി ചെണ്ട മേളം പഠിക്കാൻ പള്ളുരുത്തിക്കാരനായ ജൗഷാൽ ബാബു തീരുമാനിച്ചത് ഒരു പക്ഷേ നിയോഗമായിരിക്കാം. സമൂഹത്തിൽ നിന്നുയർന്ന ചെറുതല്ലാത്ത എതിർപ്പുകളെ അവഗണിച്ച ജൗഷാൽ ബാബുവാണ് ഇന്ന് പള്ളുരുത്തി ശ്രീ ഭവാനീശ്വരന്റെ മുൻപിൽ ഇടക്ക കൊട്ടി കീർത്തനമാലപിക്കുന്നത് എന്ന് കേട്ടാൽ ആരും അത്ഭുതപ്പെട്ടുപോകും.

അടിസ്ഥാന വിഭാഗത്തിൽപ്പെട്ട വാദ്യകലാക്കാരന്മാരുൾപ്പെടെ ഉച്ചനീചത്വം ആരോപിക്കപ്പെട്ട് പലയിടങ്ങളിലും മാറ്റി നിർത്തപ്പെടുമ്പോഴാണ് ജൗഷാൽ ബാബുവെന്ന മുസ്ലിം ചെറുപ്പക്കാരൻ പള്ളുരുത്തി ശ്രീഭവാനീശ്വര ക്ഷേത്രത്തിൽ നിറഞ്ഞ മനസോടെ ഇപ്പോഴും സോപാന സംഗീത കലാകാരനായി ജോലിചെയ്യുന്നത്. ശ്രീധർമ്മ പരിപാലന യോഗത്തിന്റെ കീഴിലായാണ് ഭവാനീശ്വര ക്ഷേത്രം. യോഗത്തിന്റെ കീഴിലുള്ള അമ്പലത്തിനു സമീപത്തെ എസ്.ഡി.പി.വൈ സ്‌കൂളിലാണ് ബാബു പത്താം തരം വരെ പഠിച്ചത്. സ്‌കൂളിലെ പാട്ടുകാരനും കലാഭിരുചിയുള്ള ബാബുവിനെ വാദ്യകലയിലേക്ക് കൈപിടിച്ചാനയിച്ചത് അമ്പലത്തിലെ ജീവനക്കാരനും കൂടിയായ വാദ്യകലാകാരൻ നായനരമ്പലം ഉണ്ണി ദയാനന്തനായിരുന്നു.

യോഗത്തിന്റെ കീഴിലുള്ള സ്‌കൂളിലെ കുട്ടികളെ ചെണ്ടമേളവും, പഞ്ചവാദ്യവും കലോത്സവ മത്സരത്തിനായി അഭ്യസിപ്പിച്ചായിരുന്നു തുടക്കം. അന്നത്തെ സ്‌കൂൾ  ഹെഡ്‌മാസ്റ്ററായിരുന്ന പരമേശ്വരൻ മാസ്റ്ററുടെ പ്രത്യേക താൽപ്പര്യമായിരുന്നു ജൗഷാൽ ബാബുവെന്ന വാദ്യകലാക്കാരനെ കണ്ടെടുത്തതെന്ന് നിസംശയം പറയാം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ നടന്ന സംസ്ഥാന കലോത്സവത്തിൽ ബാബു ഉൾപ്പെട്ട ടീം സമ്മാനം നേടി. അതൊരു തുടക്കം മാത്രമായിരുന്നെങ്കിലും തന്റെ ജീവിതം ഇനി വാദ്യ കലയോടൊപ്പമാണെന്ന് പതിനെഞ്ചാം വയസിലേ മനസിൽ ഉറപ്പിച്ചിരുന്നു.

അതിന് ശേഷം ശിവക്ഷേത്രത്തിലെ നിത്യ സന്ദർശകനായി ജൗഷാൽ ബാബു. തന്റെ ഗുരുകൂടിയായ ഉണ്ണി ദയാനന്തൻ ആശാനെ ഒഴിവുസമയങ്ങളിൽ സഹായിച്ചിരുന്നതും ബാബുവായിരുന്നു. ക്ഷേത്ര കലയായ സോപാന സംഗീതം അഭ്യസിക്കാൻ ബാബുവിനെ നിർബന്ധിച്ചതും ഉണ്ണി ദയാനന്തനായിരുന്നു. വടക്കൻ പറവൂർ സ്വദേശിയായ പ്രശസ്ത സോപാന സംഗീതജ്ഞൻ കാവിൽ ഉണ്ണികൃഷ്ണവാര്യരാണ് ജൗഷാൽ ബാബുവിനെ സോപാന സംഗീതം പഠിപ്പിച്ചത്. അത് വരെ സവർണ്ണ ക്ഷേത്രകലയായിരുന്ന മേഖലയിലേക്ക് ഒരു മുസ്ലിം യുവാവ് കടന്ന് ചെന്നപ്പോൾ ഇരു കയ്യും നീട്ടിയാണ് ഉണ്ണികൃഷ്ണവാര്യർ സ്വീകരിച്ചതെന്ന് ബാബു ഓർക്കുന്നു.

24 വർഷം മുൻപാണ് ബാബു ശ്രീഭവാനീശ്വരക്ഷേത്രത്തിലെ ജീവനക്കാരനായി നിയമിക്കപ്പെടുന്നത്. ക്ഷേത്രത്തിൽ വരുന്ന ആരും തന്നെ ഒരു അന്യ മതസ്ഥനായി ഇതു വരെ കണ്ടിട്ടില്ലെന്നും അദേഹം പറയുന്നു. ക്ഷേത്രത്തിലെ ജീവനക്കാരനായ ബാബു പള്ളിയിലെ നിസ്‌ക്കാരത്തിനായും പോകാറുണ്ട്. പള്ളുരുത്തിക്കാർക്കെല്ലാം തന്നെയും ആ നാടിന്റെ പാരമ്പര്യത്തേയും വ്യക്തമായി അറിയാവുന്നതു കൊണ്ട് യാതൊരു പ്രശ്‌നവും ജൗഷാൽ ബാബുവിനിപ്പോഴില്ല. തുടക്കത്തിൽ പിതാവിൽ നിന്നും കുടുംബത്തിനകത്തുനിന്നും ഉയർന്ന എതിർപ്പ് തന്റെ കലാവൈഭവത്തിലൂടെ തന്നെയാണ് ഈ ചെറുപ്പക്കാരൻ മറികടന്നത്. രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ കൊട്ടിപ്പാടുന്ന തിൽ ഏറെ സന്തോഷവാനാണെന്ന് ജൗഷാൽ ബാബു.

മതത്തിനും ജാതിക്കും ഉപരിയായി മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിച്ച ശ്രീ നാരായണ ഗുരുവിന്റെ മഹത്തായ പാരമ്പര്യം അവകാശപ്പെടുന്ന ഭവനീശ്വരക്ഷേത്രത്തിന്റെ ഭാരവാഹികളുടെ മതേതര മനസും ജൗഷാൽ ബാബുവിനിവിടെ തുണയാണ്. ഗുരുവിന്റെ ചരിത്ര പ്രാധാന്യമുള്ള പന്തിഭോജനം നടത്തിയതും ജാതിയുടെ മതിലുകൾ പൊട്ടിച്ചെറിയാൻ ആഹ്വാനം ചെയ്ത് ഗുരുവിന്റെ നേതൃത്വത്തിൽ ആദ്യ മിത്ര വിവാഹം നടന്നതും പള്ളുരുത്തി ശ്രീ ഭവാനീശ്വര ക്ഷേത്രത്തിലാണ്. ഗുരുവായൂർ ക്ഷേത്രത്തിലുൾപ്പെടെ ദളിത് വിഭാഗക്കാരനായ കലാക്കാരനെ മാറ്റി നിർത്തിയെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജൗഷാൽ ബാബുവിനെ ഇപ്പോഴും സംരക്ഷിക്കുന്ന ശ്രീ ഭവാനീശ്വരക്ഷേത്രം മാതൃകയാകുന്നത്. ഭാര്യ സാഹിറയോടൊപ്പം പള്ളുരുത്തിയിൽ തന്നെയാണ് ജൗഷാൽ ബാബു താമസിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP