Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിധിക്ക് മുന്നിൽ തോൽക്കാൻ വിജേഷിന് മനസ്സില്ല! വീഗാലാൻഡിൽ നിന്നും വീണ് ശരീരം തളർന്ന വിജേഷ് വിജയൻ ഗുരുവായൂരപ്പന്റെ മുന്നിൽ മനംനിറഞ്ഞ് പാടി; നിറഞ്ഞ കൈയടികളോട് സദസ്സ്

വിധിക്ക് മുന്നിൽ തോൽക്കാൻ വിജേഷിന് മനസ്സില്ല! വീഗാലാൻഡിൽ നിന്നും വീണ് ശരീരം തളർന്ന വിജേഷ് വിജയൻ ഗുരുവായൂരപ്പന്റെ മുന്നിൽ മനംനിറഞ്ഞ് പാടി; നിറഞ്ഞ കൈയടികളോട് സദസ്സ്

ഗുരുവായൂർ: വിജേഷ് വിജയനെ സൈബർലോകം ഇനിയും മറന്നിട്ടില്ലല്ലോ..? എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് സമരം തെറിപറഞ്ഞ് പൊളിച്ച സന്ധ്യയെന്ന വീട്ടമ്മയ്ക്ക് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകിയപ്പോൾ എന്തേ സ്വന്തം സ്ഥാപനത്തിലെ റൈഡിൽ നിന്നും വീണ് നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വിജയനെന്ന ചെറുപ്പക്കാരനെ ഓർക്കാത്തത് എന്ന ചോദ്യം ഉയർത്തിയത് സൈബർലോകം തന്നെയായിരുന്നു. ഇതോടെ വിജേഷിന് സഹായ ഹസ്തങ്ങൾ നീട്ടി സിപിഐ(എം) പ്രവർത്തകർ രംഗത്തെത്തി. ഈ പണം കൊണ്ട് ഫിസിയോതൊറാപ്പി ചികിത്സ നടത്തിയ വിജേഷ് വിജയൻ കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ മറ്റൊരു അഭിലാഷം കൂടി സാധിച്ചു. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ ശ്രീകൃഷ്ണന്റെ നടയിൽ പാടണമെന്ന ആഗ്രഹമാണ് വിജേഷ് സാധിച്ചത്.

നിശ്ചയദാർഡ്യവും, കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹായം കൊണ്ടാണ് വീഗാലാന്റിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി വിജേഷ് വിജയന് തന്റെ ആഗ്രഹം സഫലീകരിക്കാൻ സാധിച്ചത്. വീഗാലാന്റിലെ ഉയരത്തിൽ നിന്ന് താഴ്ചയിലേക്ക് പതിച്ചിട്ടും, നട്ടെല്ലിന് ഗുരുതരപരിക്കേറ്റ് ശരീരം തളർന്നിട്ടും വിജേഷ് തന്റെയുള്ളിലെ സംഗീതം വിട്ടിരുന്നില്ല. ഈ സംഗീതത്തോടുള്ള ആരാധനയും ഉപാസനയുമാണ് വിജേഷ് വിജയന് മുന്നിൽ വിജയവഴി വീണ്ടും തുറന്നത്.

ഫിസിയോതെറാപ്പി ചികിത്സ ചെറിയതോതിൽ ഫലം കണ്ട് തുടങ്ങിയപ്പോൾ തന്നെ വിജേഷിന്റെ മനസ്സിലേക്ക് ഓടിയെത്തയത് പണ്ട് കണ്ണന്റെ തിരുമുമ്പിൽ താൻ നടത്തിയിരുന്ന സംഗീതാർച്ചനയായിരുന്നു. ഏതാണ്ട് 7 വർഷത്തോളം ഗുരുവായ മാങ്ങാട് കെ. നടേശന്റെ പക്കൽ നിന്ന് സ്വായത്തമാക്കിയ വരപ്രസാദം. സംഗീതോത്സവത്തിൽ കീർത്തനമാലപിച്ച് ഗുരുവായൂർ ഉണ്ണിക്കണ്ണന് സമർപ്പിച്ചു. അമൃതവാഹിനി രാഗത്തിൽ ശ്രീരാമപാദമാ എന്നു തുടങ്ങുന്ന കീർത്തനമാണ് കഴിഞ്ഞദിവസം വിജേഷ് ഗുരുവായൂരിലെ നിറഞ്ഞസദസ്സിന് മുൻപിൽ ആലപിച്ചത്.

ഇപ്പോൾ ഫിസിയോതെറാപ്പി മാത്രമാണ് വിജേഷിന്റെ ചികിത്സ. ഇതിലൂടെ ചെറിയതോതിലെങ്കിലും മാറ്റം കണ്ടതോടെയാണ് സാംഗീതോത്സവത്തിൽ പാടാനുള്ള മോഹം മനസ്സിലുദിച്ചത്. പൂർണ്ണപിന്തുണയോടെ അമ്മയും സഹോദരനുമടങ്ങുന്ന കുടുംബവും പിന്നെ 2002 മുതൽ എല്ലാമെല്ലാമായ സുഹൃത്തുക്കളും ഒപ്പം നിന്നു. അപകടത്തിന് ശേഷം എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത വിജേഷിന് ഇപ്പോൾ അല്പനേരമെങ്കിലും പരസഹായമില്ലാതെ ഇരിക്കാനും വാക്കറിന്റെ സഹായത്തോടെ ചെറുതായി നടക്കാനും സാധിക്കുന്നുണ്ട്. കീർത്തനം ആലപിച്ചു തീരുംവരെ ഏറെ പണിപ്പെട്ടാണ് മൈക്കിന് മുൻപിലിരുന്നതെന്ന് വിജേഷ് മറുനാടൻ മലയാളിയോട് പറഞ്ഞു.

എന്തായാലും അദ്ദേഹത്തിന്റെ ഭൂതകാലമറിയാത്ത പലരും അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ലെങ്കിലും ശുദ്ധസംഗീതത്തെ നിറഞ്ഞമനസ്സോടെയാണ് സദസ്സ് വരവേറ്റത്. ആലാപനശേഷം കണ്ണനെ തൊഴുത് വണങ്ങിയാണ് വിജേഷും കുടുംബവും ഗുരുവായൂരിൽ നിന്ന് മടങ്ങിയത്. 2002ലാണ് തൃശ്ശൂരിൽ നിന്നും വീഗാലാന്റിലേക്ക് വിനോദയാത്രപോയ വിജേഷിന് വീണ് പരിക്കേൽക്കുന്നത് ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ച ഇദ്ദേഹത്തിന് യഥാസമയം ചികിത്സ ലഭിക്കാത്തതാണ് ശരീരം തളർന്നുപോകാൻ കാരണമെന്ന് പറയപ്പെടുന്നു. തുടർന്ന് വീഗാലാന്റിന്റെ ഉടമ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുമായി ബന്ധപ്പെട്ടെങ്കിലും തുടക്കത്തിൽ ചികിത്സക്കായി നൽകിയ 50000 രൂപ മാത്രമാണ് സഹായം ലഭിച്ചത്.

തിരുവനന്തപുരത്ത് സി പി എം സമരത്തിനെതിരെ ആഞ്ഞടിച്ച വീട്ടമ്മ സന്ധ്യക്ക് ചിറ്റിലപ്പള്ളി 5 ലക്ഷം വാഗ്ദാനം ചെയ്തതോടെ വിജേഷിന്റെ പ്രശ്‌നം മുഖ്യധാരയിലെത്തിയിരുന്നു തുടർന്ന് വിഷയം മാദ്ധ്യമങ്ങളിലും ചർച്ചയായി. മറുനാടൻ മലയാളി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ അന്ന് വിജേഷ് വിഷയം റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ സി പി എം ഇടപെട്ട് എട്ട് ലക്ഷത്തോളം രൂപ വിജേഷിനും കുടുംബത്തിനും സ്വരൂപിച്ചുനൽകിയിരുന്നു. മറ്റു സുമനസ്സുകളും സഹായത്തിനെത്തി. ഈ തുകകൊണ്ടാണ് ഇപ്പോൾ വിജേഷ് ചികിത്സ തുടർന്നുപോരുന്നത്.  വിജേഷ് എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി മുന്നേറാനുള്ള ഒരുക്കത്തിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP