Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഈ ഒൻപത് ബ്രാൻഡുകളിൽ ഉള്ള വെളിച്ചെണ്ണ ഉപയോഗിച്ചാൽ രോഗം ഉറപ്പ്; ഇവ വിൽക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാർഹം; കണ്ടെത്തിയാൽ ഉടൻ ഈ നമ്പറുകളിൽ വിളിക്കുക

ഈ ഒൻപത് ബ്രാൻഡുകളിൽ ഉള്ള വെളിച്ചെണ്ണ ഉപയോഗിച്ചാൽ രോഗം ഉറപ്പ്; ഇവ വിൽക്കുന്നതും സൂക്ഷിക്കുന്നതും ശിക്ഷാർഹം; കണ്ടെത്തിയാൽ ഉടൻ ഈ നമ്പറുകളിൽ വിളിക്കുക

തിരുവനന്തപുരം: വെളിച്ചണ്ണയില്ലാത്ത ദിവസത്തെ പറ്റി മലയാളിക്ക് ചിന്തിക്കാൻ കഴയില്ല. എന്നാൽ കടകളിൽ കിട്ടുന്നതൊന്നും യാഥാർത്ഥ വെളിച്ചെണ്ണയല്ല. രോഗം കൊണ്ടു വരുന്ന വിഷ എണ്ണകളാണ് അവ. അത് ഉപയോഗിച്ചുള്ള ഭക്ഷണം പാകം ചെയ്യൽ ജീവിത ശൈലി രോഗങ്ങൾ മാത്രമല്ല ക്യാൻസർ പോലുള്ള രോഗങ്ങളുമെത്തിക്കും. അതുകൊണ്ട് കരുതലോടെ വേണം വെളിച്ചെണ്ണ കടയിൽ നിന്ന് വാങ്ങാൻ. ഏതായാലും ശക്തമായ നടപടികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറാകുന്നു. മാഫിയയ്ക്ക് മുന്നിൽ അടിതെറ്റാതെ അവർ നീങ്ങിയാൽ മായമില്ലാത്ത ഭക്ഷണമെന്ന ലക്ഷ്യത്തിലേക്ക് മലയാളി നീങ്ങും.

സംസ്ഥാനത്തെ പായ്ക്കറ്റിൽ ലഭിക്കുന്ന വെളിച്ചെണ്ണകളിൽ ഭൂരിഭാഗവും വെളിച്ചെണ്ണയല്ലെന്നാണ് പരാതികൾ വ്യാപകമാകുന്നത്. ലിക്വിഡ് പാരഫിനും പാംകർണോയിലും അടക്കമുള്ളവയാണ് പായ്ക്കറ്റ് വെളിച്ചെണ്ണയിൽ ഉള്ളതെന്നാണ് കണ്ടെത്തൽ. പെട്രോളിയം ഉത്പന്നങ്ങളും നിറംകൂട്ടാനുള്ള രാസവസ്തുക്കളും ചേർത്ത് വിപണയിലെത്തിക്കുന്ന വെളിച്ചെണ്ണ ആരോഗ്യത്തിനും ഹാനികരമാണെന്നും പരിശോധനകൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്ന് ശേഖരിച്ച പത്ത് വെളിച്ചെണ്ണ സാമ്പിളുകളാണ് കേരളത്തിന് അകത്തും പുറത്തുമായി മൂന്നു അംഗീകൃത ലാബുകളിലായി ഈയിടെ പരിശോധിച്ചത്. ഇതിൽ മിക്കതും വെളിച്ചെണ്ണയേ ആയിരുന്നില്ല എന്നതാണ് പരിശോധനയിൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് പരിശോധനയിൽ ഒമ്പത് ബ്രാൻഡുകളിൽ വിറ്റുവന്ന വെളിച്ചെണ്ണ മായംചേർത്തതാണെന്ന് കണ്ടത്തെി. ഇവ സംസ്ഥാനത്ത് നിരോധിച്ചു. കേര പ്‌ളസ്, ഗ്രീൻ കേരള, കേരള എവൺ, കേര സൂപ്പർ, കേര ഡ്രോപ്‌സ്, ബ്‌ളെയ്‌സ്, പുലരി, കൊ കൊ സുധം, കല്ലട പ്രിയം എന്നിവയാണ് നിരോധിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പുകൾപ്രകാരം ഈ ബ്രാൻഡുകളുടെ വിൽപന, വിതരണം, സംഭരണം എന്നിവയാണ് നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമീഷണർ ടി.വി. അനുപമ ഐ.എ.എസ് ഉത്തരവിട്ടത്. വെളിച്ചെണ്ണ മായംചേർത്ത് വിൽക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ റെയ്ഡാണ് കള്ളക്കളി തുറന്ന് കാട്ടിയത്.

നിരോധിച്ച ബ്രാൻഡിലുള്ള വെളിച്ചെണ്ണ കൈവശം സൂക്ഷിക്കുകയോ വിൽക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിലെ വകുപ്പ് 56 പ്രകാരം രണ്ടു ലക്ഷം രൂപ വരെ പിഴ ചുമത്താവുന്ന കുറ്റമാണെന്നും നിരോധ ഉത്തരവ് മനഃപൂർവം ലംഘിച്ചതായി കണ്ടത്തെിയാൽ ക്രിമിനൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഇവ വിപണിയിൽ കണ്ടത്തെിയാൽ ആ വിവരം ടോൾഫ്രീ നമ്പറിലോ (1800 425 1125) അതത് ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമീഷണർമാരുടെ നമ്പറിലോ ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിലെ റിസർച് ഓഫിസറുടെ നമ്പറിലോ അറിയിക്കണം.
ജില്ല, ഫോൺ നമ്പർ ക്രമത്തിൽ:

തിരുവനന്തപുരം8943346181, കൊല്ലം8943346182, പത്തനംതിട്ട8943346183, ആലപ്പുഴ8943346184, കോട്ടയം8943346185, ഇടുക്കി8943346186, എറണാകുളം8943346187, തൃശൂർ8943346188, പാലക്കാട്8943346189, മലപ്പുറം8943346190, കോഴിക്കോട്8943346191, വയനാട്8943346192, കണ്ണൂർ8943346193, കാസർകോട്8943346194. മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (തിരുവനന്തപുരം)8946646195, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (എറണാകുളം)8943346196, മൊബൈൽ വിജിലൻസ് സ്‌ക്വാഡ് (കോഴിക്കോട്)8943346197, റിസർച് ഓഫിസർ (തിരുവനന്തപുരം)8943346198.

വെളിച്ചെണ്ണയുടെ മണവും നിറവുമുള്ള ദ്രാവകമാണ് വെളിച്ചെണ്ണയെന്ന വ്യാജേന പായ്ക്കറ്റ് കവറുകളിൽ നിറയ്ക്കുന്നത് എന്നാണ് കണ്ടെത്തൽ. ലിക്വിഡ് പാരഫിനുൾപ്പെടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളും പാം ഓയിൽ, പാം കർണൽ ഓയിൽ, സോൾ വന്റ് ഓയിൽ തുടങ്ങിയ വിലക്കുറവുള്ള മറ്റ് എണ്ണകളും വെളിച്ചെണ്ണയുടെ സുഗന്ധത്തോടെ വിപണയിൽ എത്തും. തമിഴ്‌നാട്ടിലെ കാങ്കയം പൊള്ളാച്ചി നെഗമം എന്നിവടങ്ങളിലേയും കർണാടകത്തിലെ ഉൾഭാഗങ്ങളിലേയും അനധികൃത മിക്‌സിങ് പ്ലാന്റുകളിൽ നിന്ന് മായത്തിൽ മുങ്ങിയ വെളിച്ചെണ്ണയുമായി പ്രതിദിനം നൂറുകണക്കിന് ടാങ്കർ ലോറികളാണ് അതിർത്തി കടന്ന് എത്തുന്നത്.

ഇത് പരിശോധിക്കാനോ നിയന്ത്രിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും നിലവിലില്ല. ഇതിൽ പിന്നെയും നിറവും മണവും കേടാകാതിരിക്കാനുള്ള രാസവസ്തുക്കളും ചേർത്ത് ഓരോ കമ്പനികളും ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നു. കേരളത്തിലെ ലാബുകളിൽ വെളിച്ചെണ്ണയിലെ മായം കൃത്യമായി പരിശോധിച്ച് കണ്ടെത്താനുള്ള സംവിധാനം ഇല്ല എന്നത് മായം കലർത്തുന്നവർക്ക് അനുകൂലസാഹചര്യം ഒരുക്കുന്നു.

കരിഓയിൽ വെളുപ്പിച്ചത്, കെർണർ, പാരഫിൻ ഓയിലുകൾ തുടങ്ങിയവയാണ് വെളിച്ചെണ്ണയിൽ ചേർക്കുന്നത്. സംസ്ഥാനത്തിനു പുറത്തു തയ്യാർ ചെയ്ത് ടാങ്കർ ലോറികളിൽ എത്തിക്കുന്ന വ്യാജ വെളിച്ചെണ്ണ ബാരലുകളിലാക്കി ഗോഡൗണുകളിൽ സൂക്ഷിക്കുന്നു. ഇത്തരം ബാരലുകൾ അതീവ രഹസ്യമായി കൊപ്രാ മില്ലുകളിൽ കൊണ്ടുവന്ന് കന്നാസിലേക്കു പകർത്തി ആട്ടിയ വെളിച്ചെണ്ണ എന്ന പേരിൽ ചില്ലറ വിൽപന കേന്ദ്രങ്ങളിൽ എത്തിക്കുകയാണു രീതി. രുചിയിലോ ഗന്ധത്തിലോ കാര്യമായ വ്യത്യാസമില്ലാത്തതിനാൽ മായം ചേർത്ത വെളിച്ചെണ്ണ തിരിച്ചറിയുക എളുപ്പമല്ല.

തണുപ്പുകാലത്തു പോലും ഇത്തരം എണ്ണ കട്ടപിടിക്കില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. മഞ്ഞുകാലം ആരംഭിക്കുന്നതോടെ ശുദ്ധ വെളിച്ചെണ്ണ ഖരാവസ്ഥയിലാവുക പതിവാണ്. മായം ചേർത്തവയിൽ ഈ പ്രതിഭാസം ഉണ്ടാകില്ല. വ്യാജൻ ശരീരത്തു പുരട്ടിയാൽ മെഴുകു പോലെ പറ്റിപ്പിടിക്കുകയും ചെയ്യും. മായം കലർന്ന വ്യാജ വെളിച്ചെണ്ണയുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇവയുടെ നിരന്തര ഉപയോഗം ഹൃദയാഘാതം, കാൻസർ തുടങ്ങിയവയ്ക്കു കാണണമാകും. കൃത്രിമമായി ഉണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം രോഗപ്രതിരോധശേഷി നഷ്ടമാക്കുമെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.

തെങ്ങുകളുടെ എണ്ണം കുറഞ്ഞതും മണ്ഡരി അടക്കമുള്ള രോഗങ്ങൾ ബാധിച്ചതും സംസ്ഥാനത്തു നാളികേര ഉൽപാദനത്തെ കാര്യമായി ബാധിച്ചിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ കരിക്ക് വിപണിയിൽ എത്തിയതോടെ തേങ്ങയുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി. ഇതോടെ ഭൂരിപക്ഷം കൊപ്രാ മില്ലുകളുടെയും പ്രവർത്തനം തടസപ്പെട്ടു. കൊപ്ര കിട്ടാനില്ലാത്തതിനാൽ വെളിച്ചെണ്ണ ഉൽപാദനം നിർത്തിവച്ച മില്ലുകളിൽ നിന്നു പോലും വിപണിയിലേക്ക് എണ്ണ എത്തുന്നുണ്ട്. പേരിനു മാത്രം കൊപ്ര ആട്ടിയതിനുശേഷം വൻതോതിൽ വെളിച്ചെണ്ണ വിൽക്കുന്ന കേന്ദ്രങ്ങളുമുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ നിന്നുവരുന്ന വെളിച്ചെണ്ണ മായം കലർന്നവയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP