Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സൂക്ഷിക്കുക... അമിത രക്തസമ്മർദം അറിയാതെ നിങ്ങളെ ഇല്ലാതാക്കും; ഉപ്പുകുറച്ചും വ്യായാമം ചെയ്തും ഹൃദയാരോഗ്യം സംരക്ഷിക്കുക; ലോക അമിതരക്തസമ്മർദ ദിനത്തിൽ ജീവനെക്കുറിച്ചോർക്കാം നമുക്ക്; പ്രശസ്ത കാർഡിയോളജിസ്റ്റ്‌ ഡോ പ്രതാപ് കുമാറിന്റെ ലേഖനം

സൂക്ഷിക്കുക... അമിത രക്തസമ്മർദം അറിയാതെ നിങ്ങളെ ഇല്ലാതാക്കും; ഉപ്പുകുറച്ചും വ്യായാമം ചെയ്തും ഹൃദയാരോഗ്യം സംരക്ഷിക്കുക; ലോക അമിതരക്തസമ്മർദ ദിനത്തിൽ ജീവനെക്കുറിച്ചോർക്കാം നമുക്ക്; പ്രശസ്ത കാർഡിയോളജിസ്റ്റ്‌ ഡോ പ്രതാപ് കുമാറിന്റെ ലേഖനം

ഹൃദയം മിടിക്കുമ്പോൾ ശരീരമാസകലം രക്തമെത്തുകയും സിരകളിൽ കൂടി ഓക്‌സിജൻ വിന്യസിക്കപ്പെടുക്കയും ശാരീരിക പ്രവൃത്തികൾക്കുള്ള ഊർജം ലഭിക്കുകയും ചെയ്യുന്നു. രക്തം സഞ്ചരിക്കുമ്പോൾ ഞരമ്പിന്റെ ഇരുവശങ്ങളിലും സമ്മർദം ചെലുത്തും. ഇത്തരത്തിൽ ചെലുത്തുന്ന സമ്മർദമാണ് രക്തസമ്മർദമെന്ന പേരിൽ അറിയപ്പെടുന്നത്.

രണ്ടു തരത്തിലാണ് രക്തസമ്മർദം കണക്കുകൂട്ടുന്നത്. ആദ്യത്തെ കണക്ക് സിസ്റ്റോളിക് രക്ത സമ്മർദം. ഹൃദയം മിടിക്കുമ്പോൾ ഉണ്ടാകുന്ന ഏറ്റവും ഉയർന്ന സമ്മർദത്തിന്റെ തോതാണിത്. രണ്ടാമത്തേത് ഡയാസ്‌റ്റോളിക് രക്തസമ്മർദം. ഹൃദയമിടിപ്പുകൾക്കിടയിലെ ഇടവേളയിൽ ഹൃദയം വിശ്രമിക്കുമ്പോൾ സിരകളിൽ ചെലുത്തുന്ന സമ്മർദത്തിന്റെ തോതാണിത്. ശാരീരിക പ്രവർത്തനങ്ങളുടെയും ഉറക്കം, മാനസികസമ്മർദം, വ്യായാമം തുടങ്ങിയവയുടെയും അടിസ്ഥാനത്തിൽ രക്തസമ്മർദത്തിൽ അനുനിമിഷം മാറ്റംവരാം. സാധാരണ ഗതിയിൽ 120/80 മില്ലിമീറ്റർ മെർക്കുറി എന്ന തോതിലാണ് മുതിർന്ന ഒരാളിൽ രക്തസമ്മർദം ഉണ്ടാകേണ്ടത്.

രക്തസമ്മർദപ്പട്ടിക

പരിശോധനയിലൂടെ മാത്രമേ അമിത രക്തസമ്മർദമുണ്ടോ എന്നു കണ്ടെത്താനാകൂ. ഓരോ അവസരത്തിലും പലതരത്തിലായിരിക്കും രക്തസമ്മർദം അനുഭവപ്പെടുക. സിസ്റ്റോളിക് ബിപി 120മില്ലീമിറ്റർ മെർക്കുറിയിൽ കുറവും ഡയാസ്റ്റോളിക് ബിപി 80മില്ലീമീറ്റർ മെർക്കുറിയിൽ കുറവുമാണെങ്കിൽ അതാണ് സാധാരണനില. സിസ്റ്റോളിക് ബിപി 120നും 139നും ഇടയിലോ ഡയാസ്റ്റോളിക് ബിപി 80നും 89നും ഇടയിലോ ആണെങ്കിൽ അതു പ്രീ ഹൈപ്പർടെൻഷൻ എന്ന നിലയാണ്. അമിത രക്തസമ്മർദംതന്നെ രണ്ടു വിധമുണ്ട്. സിസ്റ്റോളിക് ബിപി 140നും 159നും ഇടയിലോ ഡയാസ്റ്റോളിക് ബിപി 90നും 99നും ഇടയിലോ ആകുമ്പോഴാണ് അതിനെ സ്‌റ്റേജ് 1 അമിത രക്തസമ്മർദമായി കണക്കാക്കുക.

സിസ്‌റ്റോളിക് രക്തസമ്മർദം 160 അധികമോ ഡയാസ്‌റ്റോളിക് രക്തസമ്മർദം 100ൽ അധികമോ ആകുന്ന അവസ്ഥ കുറച്ചുകൂടി ഗുരുതരമാണ്. ഇതിനെ അമിതരക്തസമ്മർദം സ്‌റ്റേജ് രണ്ടെന്നാണ് പറയുക. ചികിത്സ വേണ്ട ഘട്ടമാണ് ഇത്. ഹൈപ്പർ ടെൻസീവ് ക്രൈസിസ് എന്ന അടുത്തഘട്ടമാണ് ഏറ്റവും അപകടകരം. ഈ നിലയിലുള്ളവർക്ക് സിസ്റ്റോളിക് പ്രഷർ 180ലധികമോ ഡയാസ്റ്റോളിക് പ്രഷൻ 110ൽ അധികമോ ആകാം.

അമ്പതു വയസിനു മുകളിൽ പ്രായമുള്ളവരുടെ സിസ്റ്റോളിക് ബ്ലഡ് പ്രഷർ വർധിക്കുന്നത് അതീവ ഗുരുതരമായി കരുതണം. ഇവ ഹൃദയരോഗങ്ങളുടെ ലക്ഷണമാകാം. സിസ്‌റ്റോളിക് ബ്ലഡ് പ്രഷറിൽ 20 മില്ലീമീറ്റർ മെർക്കുറിയുടെയോ ഡയാസ്‌റ്റോളിക് ബ്ലഡ് പ്രഷറിൽ 10 മില്ലീ മീറ്റർ മെർക്കുറിയുടെയോ വ്യതിയാനമുണ്ടായാൽ അതു ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ സാധ്യത ഇരട്ടിയാക്കുന്നുവെന്നാണ് പുതിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

രക്തസമ്മർദം കുറയുന്നതും അപകടകരമായ അവസ്ഥയാണ്. ധനമികളിലെ രക്തസമ്മർദം കുറയുന്ന അവസ്ഥയാണ് ഇത്. ഈ സ്ഥിതി വന്നാൽ തലച്ചോറിലേക്കും ആന്തരികാവയവങ്ങളിലേക്കുമുള്ള രക്തചംക്രമണത്തിന്റെ തോത് കുറയും. ഇത് ബോധക്കേടിനും തലകറക്കത്തിനും കാരണമാകും. തുടർച്ചയായി രക്തം ആവശ്യമായ തോതിൽ ശാരീരികാവയവങ്ങളിൽ എത്തുന്നതു കുറഞ്ഞാൽ പക്ഷാഘാതം, ഹൃദയാഘാതം, കിഡ്‌നി തകരാറുകൾ എന്നിവയ്ക്കു കാരണമാകാം.

ഉയർന്ന രക്തസമ്മർദം ഹൃദയാരോഗ്യം തകർക്കുന്നതെങ്ങനെ

ആരോഗ്യപൂർണമായ ധമനികൾ വളയുന്നതും ബലവത്തായതും ഇലാസ്തികവുമാണ്. ധമനികളിലെ ഇന്നർ ലൈനിങ് രക്തത്തിന് സ്വതന്ത്രമായി കടന്നുപോകാൻ കഴിയും വിധമുള്ളതാണ്. അമിത രക്തസമ്മർദമുണ്ടാകുമ്പോൾ അതു ഇന്നർ ലൈനിംഗിലെ കോശങ്ങളെ നശിപ്പിക്കും. ഇത് ധമനികളെ ചുരുക്കുകയും രക്തചംക്രമണം തടസപ്പെടുത്തുകയും ചെയയ്ും. ഇത്തരത്തിൽ സംഭവിക്കുമ്പോൾ ഹൃദയത്തിലേക്ക് രക്തം എത്തുന്നത് തടസപ്പെടുകയും അത് നെഞ്ചുവേദനയിലേക്കും ഹൃദയാഘാതത്തിലേക്കും എത്തുകയും ചെയ്യും.

അമിത രക്തസമ്മർദം ഹൃദയത്തെ കൂടുതൽ അധ്വാനിക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യവുമുണ്ട്. ഇതു ഹൃദയത്തെ ഇടത് വെൻട്രിക്കിളിന്റെ ആരോഗ്യം തകർക്കും. ഇതുമൂലം രക്തം പമ്പ്‌ചെയ്യാനുള്ള സാഹചര്യം നഷ്ടമാകും. ഇതിനെയാണ് ലെഫ്റ്റ് വെൻട്രിക്കുലാർ ഹൈപ്പർട്രോഫി എന്നു പറയുന്നത്. ഈ നില ഹൃദയാഘാതത്തിനുള്ള സാധ്യത വർധിപ്പിക്കുകയും പെട്ടെന്നുള്ള ഹൃദ്രോഗമരണത്തിനു വഴിവയ്ക്കുകയും ചെയ്യും.

അമിത രക്തസമ്മർദം മൂലം ഹൃദയത്തിനുണ്ടാകുന്ന ഏതൊരു ക്ഷതവും ഹൃദയപശികളെ ദുർബലമാക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതിന് ഇടവരുത്തുകയും ചെയ്യും. സാവധാനം ഇതു ഹൃദയാഘാതത്തിലെത്തുകയുമായിരിക്കും ഫലം.

ദുർബലമായ ധമനിയിലൂടെയുള്ള സമ്മർദത്തോടെയുള്ള രക്തസഞ്ചാരം ഹൃദയഭിത്തിയെ വിപുലീകരിക്കുകയും വീക്കമുണ്ടാക്കുകയും ചെയ്യും. ഏതൊരു ഘട്ടത്തിലും ആന്തരിക രക്തസ്രാവം ഉണ്ടാകാൻ സാധ്യതയുണ്ടാക്കുന്നതാണ് ഇത്. എന്യൂറിസം എന്നാണ് ഈ രോഗാവസ്ഥയെ വിളിക്കുന്നത്. ഇത് ശരീരത്തിലെ ഏതു ധമനിയിലും സംഭവിക്കാവുന്നതാണ്. ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോർട്ടയിലാണ് ഇതുകൂടുതൽ സംഭവിക്കുക.

ഹൃദയരോഗങ്ങൾ കൂടാതെ അമിതരക്തസമ്മർദം തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾക്കും ലൈംഗിക വിഷമതകൾക്കും ഇതുവഴിവയ്ക്കും.

അമിത രക്തസമ്മർദം നിയന്ത്രിക്കാൻ മൂന്നു കൽപനകൾ

  • ഉപ്പിന്റെ ഉപയോഗം കുറച്ചുകൊണ്ടുള്ള ഭക്ഷണക്രമം
  • പതിവായ വ്യായാമവും മാനസിക സമ്മർദം നിയന്ത്രിക്കലും
  • മരുന്നുകൾ- രക്തസമ്മർദത്തിന്റെ തോത് കണക്കാക്കി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുപയോഗം.

(മെഡിട്രീന ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും പ്രശസ്ത കാർഡിയോളജിസ്റ്റുമാണ് ഡോ. പ്രതാപ് കുമാർ)

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP