Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെവി വൃത്തിയാക്കുവാൻ ഉള്ളതല്ല കോട്ടൻ ബഡ്; ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ലോകമെങ്ങും പിന്തുടരുന്ന മണ്ടത്തരം

ചെവി വൃത്തിയാക്കുവാൻ ഉള്ളതല്ല കോട്ടൻ ബഡ്; ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ലോകമെങ്ങും പിന്തുടരുന്ന മണ്ടത്തരം

കവൻട്രി: ഷോപ്പിങ്ങിനിടയിൽ പലപ്പോഴും മറക്കാതെ വാങ്ങാൻ കുറിച്ചിടുന്ന ഒരു ഐറ്റം ഉണ്ട്, കോട്ടൻ ബഡ് അഥവാ ഇയർ ബഡ്. ചെവിയിൽ പണ്ട് കാലത്ത് വൃത്തിയാക്കുവാൻ ഉപയോഗിച്ചിരുന്ന ചെവി തോണ്ടിയുടെ പുത്തൻ രൂപമാണ് ഇയർ ബഡ്. എന്നാൽ സിഗരറ്റ് പാക്കറ്റിനു പുറത്തു ഉള്ളത് പോലെ ഒരു നിയമ പ്രകാരമുള്ള മുന്നറിയിപ്പ് ഓരോ പാക്കറ്റ് ഇയർ ബഡിലും എഴുതിയിട്ടുണ്ട്. ഈ ഉൽപ്പന്നം ചെവിയിൽ ഇടാൻ പാടില്ല എന്ന് തന്നെയാണ് അറിയിപ്പിന്റെ കാതൽ. എന്നാൽ ലോകമെങ്ങും ജനം ഈ മുന്നറിയിപ്പ് അവഗണിച്ചു ചെവിക്കാഷ്ടം അഥവാ മെഴുകു എന്നറിയപ്പെടുന്ന വസ്തു നീക്കം ചെയ്യൻ ഇയർ ബഡുകളെ ആശ്രയിച്ചു തുടങ്ങിയിട്ട് ഏകദേശം 90 വർഷത്തിലേറെയായി. ചിലരാകട്ടെ ചെവിക്കൊപ്പം കൺപീള നീക്കം ചെയ്യാനും മൂക്ക് വൃത്തിയാക്കാനും ഒക്കെ ഈ കോട്ടൻ ബഡ് ഉപയോഗിക്കും. എന്നാൽ ചെവി പോലെ തന്നെ ശരീരത്തിന്റെ ഒരു ഭാഗത്തും ഇത് കടത്തി വിടാൻ പാടില്ല എന്നാണ് ഇക്കാലമത്രയും നിർമ്മാതാക്കൾ പറഞ്ഞു കൊണ്ടിരിക്കുന്നതും.

അനേകം പേരുടെ കേൾവി പൂർണ്ണമായോ ഭാഗികമായോ നഷ്ടമാകാൻ കാരണമായ ഈ ഉദ്പ്പന്നം പിറവി എടുക്കുന്നത് അമേരിക്കയിലാണ്. പിന്നെ കാട്ടു തീ പോലെ ലോകം എങ്ങും പടരാൻ താമസം ഉണ്ടായില്ല. പക്ഷെ തമാശ, ഇതല്ല, എന്തിനു വേണ്ടി ഉപയോഗിക്കരുതെന്ന് നിർമ്മാതാക്കൾ പറഞ്ഞുവോ, അതിനു വേണ്ടി മാത്രമാണ് കോട്ടൻ ബഡ് ഉപയോഗിക്കുന്നതും ഉപയോഗിച്ച് കൊണ്ടിരിക്കുന്നതും. ഇന്ന് കാണുന്നതരം പ്ലാസ്റ്റിക്, കടലാസ്സ് തണ്ടിന്റെ അറ്റതായിരുന്നില്ല ആദ്യമായി ഇറങ്ങിയ ഇയർ ബഡുകൾ. പകരം അവ തടി നിർമ്മിതം ആയിരുന്നു. മാത്രമല്ല ഒരറ്റത്ത് മാത്രമായിരുന്നു പഞ്ഞി പിടിപ്പിച്ചിരുന്നത്. പക്ഷെ ഈ ഉദ്പ്പന്നം ഇറങ്ങി 5 പതിറ്റാണ്ടോളം ഇന്ന് കാണുന്ന മുന്നറിയിപ്പ് ഇല്ലാതെയാണ് കച്ചവടം നടന്നത്. ഇക്കാലം കൊണ്ട് ലോക ജനത കോട്ടൻ ബഡിന്റെ ഉപയോഗം ചെവിത്തോണ്ടിയിൽ നിന്നും മറ്റനേകം കാര്യങ്ങളിലേക്ക് കൂടി പറിച്ചു നട്ടിരുന്നു. എന്നാൽ ഇവ ശരീരത്തിന് വളരെ ഹാനികരം ആയി മാറുന്നു എന്ന് കണ്ടതിനെ തുടർന്ന് 1970 ലിലാണ് ആദ്യമായി ചെവിയിൽ ഇടുന്നത് ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകും എന്ന മുന്നറിയിപ്പ് നിലവിൽ വന്നത്. ഇക്കാലത്ത് മുതിർന്നവരുടെ ചെവി വൃത്തിയാക്കുന്നതിനു എന്ന ലേബൽ കൂടി പ്രസിദ്ധം ചെയ്തിരുന്നു.

ചെവിയിൽ ഇയർ ബഡ് ഇടുന്നത് പലരും ചെവി കടിക്കുമ്പോൾ മാത്രമല്ല എന്നതാണ് കൂടുതൽ സത്യത്തോട് ചേർന്ന് നിൽക്കുന്ന വസ്തുത. മിക്കവർക്കും ഇതൊരു ഹോബിയാണ്. കാരണം അനേകായിരം നാഡികൾ സംഗമിക്കുന്ന കേന്ദ്രം കൂടിയാണ് ചെവിയുടെ ഉള്ളറ. ഒരേ സമയം അനേകം സംവേദനങ്ങൾ ഇതിലെ പ്രവേഗിക്കുന്നതിനാൽ പലപ്പോഴും അസഹ്യമായതോ അസ്വസ്ഥത പരത്തുന്നതോ ആയ അനുഭവം ഉണ്ടാവുകയും ഇത് ഇയർ ബഡിനെ ആശ്രയിക്കാൻ കാരണം ആകുകയും ചെയ്യും. നിർദോഷമായ പ്രക്രിയ എന്നതിനാലും, ഇയർ ബഡ് ഉപയോഗിക്കുന്നതിലൂടെ ലഭിക്കുന്ന അവാച്യമായ അനുഭൂതിയും ചേരുന്നതിലൂടെ ഇതിനു തടയിടാൻ കഴിയാതാകുന്നു. എന്നാൽ എത്രയും കൂടുതൽ ഇയർ ബഡ് ഉപയോഗിക്കുന്നുവോ അത്രയും കൂടുതൽ ചെവിക്കകത്തു ഇയർ ബഡ് ഉപയോഗിക്കുവാൻ കാരണമായ നാഡി പ്രവർത്തനമോ അത് വഴി ഉള്ള ചൊറിച്ചിലോ സംഭവിക്കുന്നു എന്നതും ഇത് സംബന്ധിച്ച പഠനം വെളിപ്പെടുത്തുന്നു.

മാത്രമല്ല ചെവിക്കകത്ത് രൂപം കൊള്ളുന്ന മെഴുകു പുറം തള്ളേണ്ട വസ്തു ആണെന്നും അത് അഴുക്കു ആണെന്നും ഉള്ള മിഥ്യ ധാരണ എങ്ങനെയോ ലോകം മുഴുവൻ പരക്കുകയും ചെയ്തു. സത്യത്തിൽ ചെവിയെ അണുബാധയിൽ നിന്നും സംരക്ഷിക്കുന്ന കവചം കൂടിയാണ് ഇയർ വാക്‌സ്. കണ്ണിൽ കണ്ണീരു രൂപപ്പെടുന്നത് പോലെയാണ് ചെവിയിൽ വാക്‌സ് രൂപം കൊള്ളുന്നത്. കണ്ണീർ കൃഷ്ണമണിയെ സഹായിക്കുന്ന പോലെ ഒരു പ്രവർത്തനമാണ് ഇയർ വാക്‌സിന്റേത്. ചെവിയുടെ ഉൾ വശമായ ചെവിക്കനാൽ വളരെ ലോലമായ ചർമ്മം മൂലം നിർമ്മിതം ആയതിനാൽ ഇവയെ സംരക്ഷിക്കുന്ന ജോലിയാണ് ഇയർ വാക്‌സ് ഏറ്റെടുക്കുന്നത്. എന്നാൽ ഇയർ ബഡ് ഇടുന്നത് മൂലം ചെവിക്കാനലിനും ദോഷം സംഭവിക്കുന്നു. ചെവിക്കകത്ത് എന്താണോ ആവശ്യമായുള്ളത് അതിനെ പുറത്തെടുത്തു കളയുകയാണ് ഇയർ ബഡുകൾ ചെയ്യുന്നത്. ശരീരത്തിന്റെ ഓരോ അവയവങ്ങളിലും ഇത്തരം സംരക്ഷണ കവചങ്ങൾ ഉണ്ടെന്നും ആന്തരിക അവയവങ്ങളിലെ സംരക്ഷണ കവചങ്ങളും മനുഷ്യർ ഇങ്ങനെ നീക്കം ചെയ്യാൻ ശ്രമം നടത്തിയിരുന്നെങ്കിൽ മരണം ഏറെ അകലെ ആകില്ലെന്നും വിദഗ്ദ്ധർ ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നു.

മാത്രമല്ല പലപ്പോഴും വാക്‌സിനെ പുറത്തേക്കു എടുക്കുന്നതിനു പകരം അകത്തേക്ക് തള്ളി ഇയർ ഡ്രമ്മിനു കേടുവരുത്തുകയാണ് ഇയർ ബഡ് ചെയ്യുന്നത്. ഇങ്ങനെ വാക്‌സ് അകത്തേക്ക് തള്ളപ്പെടുന്നത് ഭാവിയിൽ ബധിരതയിലേക്കു നയിക്കും. ചെവിക്കു മധ്യത്തിൽ ഉള്ള ലോലമായ അസ്ഥികളെ കൂടി അപകടപ്പെടുത്താൻ ഇയർ ബഡുകൾ കാരണമാകും എന്നും പഠനം പറയുന്നു.

ഇയർ ബഡുകളെ കൊണ്ടുള്ള ശരിയായ പ്രയോജനം
1. മെഴുകു തിരികൾ കത്തിക്കാൻ ഉള്ള ഏറ്റവും നല്ല ഉപാധി. അൽപ്പം സ്പിരിറ്റിൽ മുക്കിയ ഇയർ ബഡ് കൈപൊള്ളാതെ മെഴുകു തിരി, ഗ്യാസ് സ്റ്റൗവ് എന്നിവ ഒക്കെ കത്തിക്കാൻ സഹായകമാകും

2. യാത്ര പോകുമ്പോൾ അൽപ്പം പെർഫ്യുമിൽ മുക്കിയ ഇയർ ബഡ് കൂടെ കരുതൂ, സുഗന്ധം പിന്നാലെയുണ്ടാകും

3. ഹെയർ ഡ്രയറിൽ ചുറ്റിപ്പിണഞ്ഞ മുടി ഇളക്കി എടുക്കാനും ഇയർ ബഡ് ഉപയോഗിക്കാം

4. കെട്ടുപിണഞ്ഞ സിപ്, തുരുമ്പ് പിടിച്ച താക്കോൽ പഴുത് എന്നിവയിൽ അൽപ്പം എണ്ണ മുക്കിയ ഇയർ ബഡ് പലവിധ മാജിക് കാട്ടിയേക്കും

5. കമ്പ്യൂട്ടർ കീ ബോർഡ് വൃത്തിയാക്കുവാൻ ഇത്തിരി കുഞ്ഞൻ ഇയർ ബഡ് അല്ലാതെ മറ്റാരുണ്ട് സഹായത്തിന്?

6. അൽപ്പം വാസലിൻ മുക്കിയ ഇയർ ബഡ് നല്ല തീപ്പന്തം പോലെയുള്ള ജ്വലന സഹായി ആണോ എന്ന് പരീക്ഷിച്ചു നോക്കൂ

7. പട്ടിയുടെയും പൂച്ചയുടെയും ഒക്കെ പല്ല് വൃത്തിയാക്കാനും ഇയർ ബഡ് ഉപകരിക്കും എന്ന് പറഞ്ഞാൽ പൂർത്തിയായി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP