Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക ഗ്ലോക്കോമവാരം മാർച്ച് 6 ഗ്ലോക്കോമ ദിനം

ലോക ഗ്ലോക്കോമവാരം മാർച്ച് 6 ഗ്ലോക്കോമ ദിനം

ലോക ഗ്ലോക്കോമവാരം മാർച്ച് മാസത്തിൽ ആചരിക്കുന്നു. ഗ്ലോക്കോമ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് വാരാചരണം സംഘടിപ്പിക്കുന്നത്. കണ്ണിലുണ്ടാകുന്ന അമിത സമ്മർദ്ദമാണ് ഗ്ലോക്കോമയ്ക്ക് കാരണം. പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത ഈ രോഗം അന്ധതയ്ക്ക് ഒരു പ്രധാന കാരണമാണ്. കാഴ്ച പകരുന്ന നാഡീഞരമ്പുകൾ അമിതമായ സമ്മർദ്ദത്തെത്തുടർന്ന് തകർന്നാണ് അന്ധത സംഭവിക്കുന്നത്. കണ്ണിലെ അമിത സമ്മർദ്ദം തുടർന്നാൽ സ്ഥിരമായ അന്ധത ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കും.

ഏതു പ്രായത്തിലുള്ളവർക്കും ബാധിക്കാവുന്ന ഒരുഅസുഖമാണ് ഗ്ലോക്കോമ. കണ്ണിലെ സ്രവങ്ങളുടെ നിർബാധമായ ഒഴുക്കിന് തടസ്സമുണ്ടാകുമ്പോഴാണ് അമിത സമ്മർദ്ദമുണ്ടാകുന്നത്. ചില രോഗികളിൽ കണ്ണിലെ നാഡീഞരമ്പുകളിലേക്കുള്ള രക്തയോട്ടം കുറയുന്നത് ഞരമ്പുകളുടെ ആരോഗ്യത്തെ ബാധിച്ച് അന്ധത സംഭവിക്കുന്നു.

അക്വസ്ഹ്യൂമർ എന്ന സ്രവം ഒഴുകിപ്പോവുന്ന ചാലിന് തടസ്സമുണ്ടാവുന്നു. ഇതിന്റെ കാരണം അജ്ഞാതമാണ്. എങ്കിലും ഇത് പാരമ്പര്യരോഗമായികരുതുന്നു. മാതാപിതാക്കളിൽ നിന്ന് കുട്ടികളിലേക്ക് ഈ രോഗം പാരമ്പര്യമായി പകർന്നുകിട്ടുന്നുവെന്ന് ഡോക്ടർമാർക്ക് ഇപ്പോൾ അറിയാം.

കണ്ണിലുണ്ടാകുന്ന രോഗബാധകൾ, കണ്ണുവീക്കം, കണ്ണിലെ ശസ്ത്രക്രിയ, കണ്ണിലുണ്ടാവുന്ന മുറിവ്, രാസവസ്തുക്കളും മറ്റും കണ്ണിൽ വീഴുന്നത് എന്നിവ ഗ്ലോക്കോമയ്ക്ക് കാരണമാവാം. രണ്ട് കണ്ണിലും ഈ രോഗം ബാധിക്കുമെങ്കിലും ഏറ്റക്കുറിച്ചിലുകൾ ഉണ്ടാവാം.

ഗുരുതരമായ ഗ്ലോക്കോമയാണ് സാധാരണ കണ്ടുവരുന്നത്. താഴെപ്പറയുന്ന വിഭാഗത്തിലുള്ള ഗ്ലോക്കോമയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്:

  • ലോ-ടെൻഷൻ ഗ്ലോക്കോമ - കണ്ണിൽസാധാരണ സമ്മർദ്ദമുള്ളവർക്ക് ഉണ്ടാകുന്നതാണ് ഈ ഗ്ലോക്കോമ.
  • അക്യൂട്ട് ഗ്ലോക്കോമ - കണ്ണിലെ സമ്മർദ്ദം പെട്ടെന്ന് വർദ്ധിച്ച് സംഭവിക്കുന്നു. അക്വസ്ഹ്യൂമറിന്റെ ഒഴുക്ക്, ഐറിസിലെ തടസ്സത്തെത്തുടർന്ന് നിലയ്ക്കുന്നു. കണ്ണിൽവേദന, മനംപിരട്ടൽ, കണ്ണുചുവക്കൽ, കാഴ്ചയ്ക്ക് മങ്ങൽഎന്നിവയാണ് രോഗലക്ഷണങ്ങൾ. എത്രയുംവേഗം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടില്ലെങ്കിൽ കാഴ്ചശക്തി നഷ്ടപ്പെടും. ലേസർശസ്ത്രക്രിയയാണ് ഈ സ്ഥിതിവിശേഷത്തിന് ഫലപ്രദമായിട്ടുള്ളത്.
  • കോൺജിനെറ്റൽ ഗ്ലോക്കോമ - ജന്മനാ തന്നെ ഈ രോഗമുണ്ടായിരിക്കും. ഈ രോഗമുള്ളകുഞ്ഞുങ്ങൾ പ്രകാശത്തോട് അതിതീവ്രമായി പ്രതികരിക്കും. വീക്കം വന്ന കണ്ണിൽ നിന്ന് എപ്പോഴും കണ്ണുനീർ ഒഴുകിക്കൊണ്ടിരിക്കും. ഇത് ശസ്ത്രക്രിയകൊണ്ട് ശരിയാക്കാം.
  • സെക്കണ്ടറി ഗ്ലോക്കോമ - കണ്ണിലെ മുറിവുകൾ, തിമിരം, കണ്ണിലെ വീക്കം എന്നിവകൊണ്ട് സെക്കണ്ടറി ഗ്ലോക്കോമ സംഭവിക്കാം. സ്റ്റിറോയിഡ് (കോർട്ടിസോൺ) അടങ്ങിയ ഔഷധങ്ങളുടെ ഉപയോഗം കണ്ണിലെ സമ്മർദ്ദം വർദ്ധിപ്പിക്കും. സ്റ്റിറോയിഡ് അടങ്ങിയ ഔഷധങ്ങൾ ഉപയോഗിക്കുന്നവർ ഇടയ്ക്കിടെ കണ്ണിലെ സമ്മർദ്ദം പരിശോധിക്കണം.

ഗ്ലോക്കോമയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ഗ്ലോക്കോമഗ്ലോക്കോമ രോഗികൾക്ക് കണ്ണിലെ ഉയർന്ന സമ്മർദ്ദം മൂലം വേദനയോ മറ്റെന്തെങ്കിലും ലക്ഷണമോ ഉണ്ടാകാത്തതിനാൽ കാഴ്ച നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കൃത്യമായി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. നിങ്ങൾക്ക് 40 വയസ്സിന് മുകളിൽ പ്രായമുണ്ടെങ്കിലോ കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടായിരുന്നെങ്കിലോ 2 വർഷത്തിലൊരിക്കൽ കണ്ണ് ഡോക്ടറെ കണ്ട് പൂർണ്ണ പരിശോധന നടത്തിയിരിക്കണം. നിങ്ങൾക്ക് പ്രമേഹം മുതലായ ആരോഗ്യ പ്രശ്‌നങ്ങളോ കുടുംബത്തിൽ ആർക്കെങ്കിലും ഗ്ലോക്കോമയോമറ്റ് നേത്രരോഗങ്ങളോ മുമ്പ് വന്നിട്ടുണ്ടെങ്കിലോ കണ്ണ് ഡോക്ടറെ അടിക്കടി കാണേണ്ടതാണ്.

ക്രോണിക് ഗ്ലോക്കോമ (പ്രൈമറി ഓപ്പൺ - ആംഗിൾ) ആണ് സാധാരണകണ്ടുവരുന്ന തരം ഗ്ലോക്കോമ. ഭാവിയിൽ കാഴ്ചശക്തി നഷ്ടപ്പെടുന്നതുവരെ അതിന്റെ യാതൊരുലക്ഷണവും കാണിക്കില്ല. ക്ഷതം ക്രമേണ ആരംഭിച്ച് പതുക്കെ പതുക്കെ കാഴ്ചശക്തി പൂർണ്ണമായി ഇല്ലാതാക്കും. ആദ്യം വശത്തെ കാഴ്ചയാണ് ഇല്ലാതാവുക. ഭൂരിഭാഗം ഞരമ്പുകൾക്കും തകരാർ സംഭവിച്ച് നല്ലൊരു ശതമാനം കാഴ്ച നഷ്ടപ്പെടുന്നതുവരെ വ്യക്തി ഇതേക്കുറിച്ച് അറിയില്ല. ഇത്തരത്തിൽ കാഴ്ചശക്തിയിലുണ്ടാവുന്ന തകരാർ പരിഹരിക്കാനാവില്ല. നഷ്ടപ്പെട്ട കാഴ്ചശക്തി ചികിത്സയിലൂടെ തിരിച്ച് വീണ്ടെടുക്കാനുമാവില്ല. എന്നാൽ കാഴ്ച നഷ്ടമാവുന്ന പ്രക്രിയയുടെ വേഗതകുറയ്ക്കാനാവും. അതിനാലാണ് എത്രയും നേരത്തേ പ്രശ്‌നം കണ്ടെത്തേണ്ടത് പ്രാധാന്യമർഹിക്കുന്നത്. അങ്ങനെ വന്നാൽ കാഴ്ചയ്ക്ക് ചെറിയ ക്ഷതം ഉണ്ടാകുമ്പോൾത്തന്നെ ചികിത്സ ആരംഭിക്കാനാവും.

ഗ്ലോക്കോമ ആർക്ക് വേണമെങ്കിലും വരാമെങ്കിലും ചിലകൂട്ടരിൽ ഇതിനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തിൽ ഗ്ലോക്കോമയുടെ ചരിത്രമുണ്ടാവുക, പ്രമേഹം, മൈഗ്രേൻ, ഹ്രസ്വദൃഷ്ടി (മയോപ്പിയ), രക്ത സമ്മർദ്ദം, മുമ്പോ എപ്പോഴോ സ്റ്റീറോയിഡ് അടങ്ങിയകോർട്ടിസോൺ മരുന്നുകളുടെ ഉപയോഗം എന്നിവയാണ് ഇവ.

എങ്ങനെ ചികിത്സിക്കാം?

ഗ്ലോക്കോമഗ്ലോക്കോമയ്ക്ക് സ്ഥായിയായ പരിഹാരം ഇല്ലെങ്കിലും, നിയന്ത്രിച്ച് നിർത്തി കാഴ്ചശക്തി ഇല്ലാതാകുന്നതിന്റെ പ്രക്രിയയുടെ വേഗം കുറയ്ക്കാനാകും. ചികിത്സ ഇപ്രകാരമാണ്:

  •  കണ്ണിൽ തുള്ളിമരുന്നൊഴിക്കൽ
  •  ലേസർ (ലേസർ ട്രാബിക്കുലോപ്ലാസ്റ്റി) - കാഴ്ചശക്തി കുറയുന്നത് തടയാൻ തുള്ളിമരുന്നിന് കഴിയുന്നില്ലെങ്കിലാണ് ഇത് പ്രയോഗിക്കുന്നത്. പല കേസ്സുകളിലും ലേസർ ചികിത്സയ്ക്ക് ശേഷവും തുള്ളി മരുന്ന് തുടരണം. ലേസർ ചികിത്സയ്ക്ക് ആശുപത്രിവാസം വേണ്ടിവരില്ല.
  • ശസ്ത്രക്രിയ (ലേസർ ട്രാബിക്കുലോക്ടമി) - കണ്ണിലെമർദ്ദം നിയന്ത്രിക്കാൻ തുള്ളിമരുന്ന് പ്രയോഗവും ലേസർ ചികിത്സയും പരാജയപ്പെടുന്നിടത്താണ് ശസ്ത്രക്രിയ വേണ്ടിവരുന്നത്. ഇതുവഴി കണ്ണിലെ സ്രവങ്ങൾക്ക് പുറത്തുപോകാൻ ഒരു പുതിയചാല്കീറും.
    ഗവൺമെന്റ്‌സംരംഭങ്ങൾ

2020-ഓടെ അന്ധതയുടെ ശതമാനം 1.4-ൽ നിന്നും .3 ആയികുറയ്ക്കുക എന്ന ലക്ഷ്യത്തോടെ 1976-ൽ 100 ശതമാനം കേന്ദ്രാവിഷ്‌കൃത പദ്ധതി എന്ന നിലയിൽ തുടക്കമിട്ടതാണ് 'ദേശീയഅന്ധതാ നിവാരണ' പരിപാടി (എൻ.പി.സി.ബി). 2001-02-ലെ കണക്ക് പ്രകാരം 1.1 ശതമാനം ആയിരുന്നു അന്ധതയുടെതോത്. 2006-07-ൽ ഇത് 1 ശതമാനമായികുറഞ്ഞു.

അന്ധതയുടെ കാരണങ്ങളിൽ 5.80 ശതമാനം ഗ്ലോക്കോമയാണ്. 12-ാം പദ്ധതിയിൽ ഒന്ന്, രണ്ട്, മൂന്ന് തലങ്ങളിൽ അന്ധത കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രാജ്യത്തെ ഈ അംഗവൈകല്യം ഗണ്യമായി കുറയ്ക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. നേത്ര ആരോഗ്യം വർദ്ധിപ്പിക്കുന്നതിലും അന്ധത തടയുന്നതിനും സമഗ്രമായ നേത്രസംരക്ഷണസേവനങ്ങൾ എല്ലാ ജില്ലകളിലും ഉറപ്പുവരുത്തും. നേത്ര ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നതിനും ശ്രമങ്ങൾ നടന്നുവരുന്നു. നേത്രരോഗചികിത്സാരംഗത്ത് സന്നദ്ധ സംഘടനകളുടെയും സ്വകാര്യ ഡോക്ടർമാരുടെയും സേവനം ഇതിനായി ഉപയോഗിക്കുന്നു.

കൃത്യമായ നേത്രപരിശോധനയിലൂടെയും, പ്രത്യേകിച്ച് 40 വയസ്സിന് ശേഷം, ഉടൻ തന്നെയുള്ള ചികിത്സയിലൂടെ അവശേഷിക്കുന്ന കാഴ്ച സംരക്ഷിക്കാനാവും. എന്നാൽ ഗ്ലോക്കോമമൂലം നഷ്ടപ്പെട്ട കാഴ്ചവീണ്ടെടുക്കാനാവില്ലെന്ന് ഓർക്കണം.

(ഡോ. എച്ച്. ആർ. കേശവമൂർത്തി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കൊൽക്കത്തയിലെ ഡയറക്ടറാണ്.)

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP