Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെളിച്ചെണ്ണയെ രക്ഷിക്കാൻ സേവ് കോക്കനട്ട് ഫോറം; മായം കണ്ടുപിടിച്ച് വ്യാജ ബ്രാൻഡുകളെ തുരത്തി വെളിച്ചെണ്ണയ്ക്കു തുണയാകാൻ ഇതാ ഒരു കൂട്ടായ്മ

വെളിച്ചെണ്ണയെ രക്ഷിക്കാൻ സേവ് കോക്കനട്ട് ഫോറം; മായം കണ്ടുപിടിച്ച് വ്യാജ ബ്രാൻഡുകളെ തുരത്തി വെളിച്ചെണ്ണയ്ക്കു തുണയാകാൻ ഇതാ ഒരു കൂട്ടായ്മ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്ത് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ വെളിച്ചെണ്ണ മായം കലർന്നതാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. നിരവധി ബ്രാൻഡുകൾ ഇത്തരത്തിൽ മായവും മാലിന്യവും കലർന്ന വെളിച്ചെണ്ണ കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിരുന്നതായും വാർത്തകൾ പുറത്തുവന്നു. ഇവയൊക്കെത്തന്നെ വെളിച്ചെണ്ണയെന്ന കേരളീയരുടെ സ്വന്തം എണ്ണയെ നശിപ്പിച്ച് മലയാളിയുടെ ഭക്ഷ്യ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കുന്ന പ്രവണതയ്ക്കാണ് ആക്കം കൂട്ടിയത്.

എന്നാലിതാ, ഈ അവസ്ഥയ്ക്കു പരിഹാരം കാണാൻ ഒരു കൂട്ടായ്മ. വെളിച്ചെണ്ണയെ രക്ഷിക്കാനാണ് സേവ് കോക്കനട്ട് ഫോറം എന്ന ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയിരിക്കുന്നത്. വെളിച്ചെണ്ണയിലുള്ള മാലിന്യങ്ങളും മായം കലർന്ന വെളിച്ചെണ്ണയും കണ്ടുപിടിക്കാനും വ്യാജ ബ്രാൻഡുകളുടെ വിൽപ്പന പൂർണമായും അവസാനിപ്പിക്കാനുമാണ് തങ്ങളുടെ ശ്രമമെന്ന് കൂട്ടായ്മയിലെ പ്രവർത്തകർ പറയുന്നു. വെളിച്ചെണ്ണയിൽ മായമുണ്ടെന്നു സംശയം തോന്നിയാൽ തങ്ങളെ സമീപിക്കാമെന്നും സേവ് കോക്കനട്ട് ഫോറം പ്രവർത്തകർ പറയുന്നു.

തമിഴ്‌നാട്ടിൽ നിന്ന് ഓണക്കാലത്തു കേരള വിപണിയിൽ എത്തിയ വെളിച്ചെണ്ണ മായം കലർന്നതാണെന്നാണ് ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തിയത്. വെളിച്ചെണ്ണയുടെ ശരാശരി വിലയേക്കാളും കുറഞ്ഞ വിലയ്ക്കാണ് മായം കലർന്ന എണ്ണ വിറ്റിരുന്നത്. കിലോയ്ക്ക് 180 രൂപ വരെയായിരുന്നു വെളിച്ചെണ്ണയുടെ വില. പക്ഷെ ഓണ വിപണിയിൽ പലയിടത്തും 140 രൂപയ്ക്കു വരെ വെളിച്ചെണ്ണ ലഭിച്ചു. മായം കലർത്താതെ കുറഞ്ഞ വിലയ്ക്ക് എണ്ണ വിൽക്കാൻ കഴിയില്ല. പരാതി വ്യാപകമായതോടെയാണ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ സാമ്പിളുകൾ എടുത്ത് പരിശോധിച്ചത്. പ്രാഥമിക പരിശോധനയിൽ തന്നെ ഇവയിൽ മായം കണ്ടെത്തിയതായി തെളിഞ്ഞു. വിശ്വസനീയമായ പേരുകളിലുള്ള ബ്രാൻഡുകളിലാണ് മായം കലർന്ന വെളിച്ചെണ്ണ വിറ്റിരുന്നത്.

വെളിച്ചെണ്ണയ്ക്ക് വില കൂടിയതോടെയാണ് മായം കലർന്ന എണ്ണ കേരളത്തിലേക്ക് ഒഴുകിയത്. കേരളത്തിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും ഇത്തരം എണ്ണകൾ നൂറു ശതമാനം ശുദ്ധ വെളിച്ചെണ്ണ എന്ന വ്യാജേന വിപണനത്തിലെത്തിച്ചാണ് ചില തരംതാണ ബ്രാന്റുകൾ മലയാളികളെ കബളിപ്പിക്കുന്നത്. വില കുറഞ്ഞ ഭക്ഷ്യ എണ്ണകൾ വെളിച്ചെണ്ണയിൽ ചേർത്ത് വിൽക്കുന്നവരും ഇതിൽ ഉൾപ്പെടുന്നുണ്ട്. മറ്റ് ഭക്ഷ്യയെണ്ണകൾ വെളിച്ചെണ്ണയിൽ കലർത്തി വിൽക്കുന്നത് മായം ചേർക്കലല്ല എന്ന വിചിത്ര വാദമാണ് ഇത്തരക്കാർ ഉന്നയിക്കുന്നത്.

അൽപ്പ ലാഭത്തിനായി തരംതാണ ബ്രാന്റുകൾ വാങ്ങുന്ന ഉപഭോക്താക്കളും വ്യാജനാണെന്ന് അറിഞ്ഞിട്ടും അമിതലാഭം പ്രതീക്ഷിച്ച് ഇത്തരം ബ്രാന്റുകൾ വിൽക്കാൻ തയ്യാറാകുന്ന വ്യാപാരികളും ഒരു പരിധി വരെ ഇവരെ സഹായിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പാചകത്തിനും രുചിക്കും പുറമേ ഇങ്ങനെയുള്ള എണ്ണകൾ മലയാളികളുടെ ആരോഗ്യത്തിനും ഗുരുതരമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. പരമ്പരാഗതമായി കേരളീയരുടെ ഭക്ഷത്തിന്റെ ഭാഗമായ വെളിച്ചെണ്ണയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തിലാണ് വെളിച്ചെണ്ണയെ സ്‌നേഹിക്കുന്ന നിരവധിപേർ ഒത്തുകൂടി സേവ് കോക്കനട്ട് ഫോറം രൂപീകരിച്ചത്.

വെളിച്ചെണ്ണയിലെ മായമുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് പൊതുജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഒപ്പം പൊതുജനങ്ങളുടെ കൂടി പങ്കാളിത്തത്തോെട മായം ചേർത്ത് വെളിച്ചെണ്ണ വിൽക്കുന്ന അനധികൃത ബ്രാന്റുകളെ വെളിച്ചത്തുകൊണ്ടുവരുവാനും പരിശ്രമിക്കുന്നു. ഇതിനായി www.savecoconutoil.com എന്ന വെബ്ബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. വെളിച്ചെണ്ണ മായം കലർന്നതാണോ എന്നറിയാനുള്ള പരിശോധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

പലപ്പോഴും വ്യാജ ബ്രാന്റുകൾ പരിശോധനയ്ക്ക് വിധേയമാക്കി മായം കലർന്നിട്ടുണ്ട് എന്ന് തെളിഞ്ഞാലും ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകാറില്ല. ഇത്തരം ബ്രാന്റുകൾ ഫൈൻ അടച്ചും പേര് മാറ്റിയും വിലാസം തന്നെ മാറ്റിയും വീണ്ടും അേത വെളിച്ചെണ്ണ വിപണിയിലെത്തിക്കുകയാണ് നിലവിൽ ചെയ്യുന്നത്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് കൂട്ടായ്മ നടത്തുന്നത്.

നൂറു ശതമാനം ശുദ്ധ വെളിച്ചെണ്ണ എന്ന വ്യാജേന ഏതെങ്കിലും ബ്രാന്റുകൾ മായം കലർത്തിയ എണ്ണയാണ് വിൽക്കുന്നതെന്ന് ഉപഭോക്താക്കൾക്കു സംശയം തോന്നിയാൽ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ്ങ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ് (എൻഎബിഎൽ) അംഗീകാരം നേടിയ ലാബിൽ പരിശോധിക്കാനുള്ള അവസരവും ഈ കൂട്ടായ്മ ഒരുക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ്‌സ് (ബിഐഎസ്) നൽകുന്ന നിർദ്ദേശം അനുസരിച്ച് വെളിച്ചെണ്ണയിലെ അയഡിന്റെ അംശം 7.5 മുതൽ 10 വരെ ആയിരിക്കണം. 8 മുതൽ 9 വരെ അയഡിൻ അടങ്ങിയ വെളിച്ചെണ്ണ ഉന്നത ഗുണമേന്മയുള്ള വെളിച്ചെണ്ണയായി അംഗീകരിക്കപ്പെടുന്നു. ഏതെങ്കിലും വെളിച്ചെണ്ണ സാമ്പിളിൽ അയഡിന്റെ അംശം 10 ന് മുകളിൽ കാണപ്പെട്ടാൽ അത് മായം കലർന്നതാണെന്ന് ഉറപ്പാക്കാം. ഇത്തരം സാമ്പിളുകൾ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കാവുന്നതാണ്. കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോർഡ് ഇൻസ്റ്റിറ്റ്യൂട്ട് ആലുവ സൗത്ത് വാഴക്കുളം, സ്റ്റെർലിങ് ടെസ്റ്റ് ഹൗസ് കൊച്ചി, എസ്ജിഎസ് കൊച്ചി, ഇന്റർഫീൽഡ് ലബോറട്ടറീസ് കൊച്ചി എന്നിങ്ങനെ നാല് ലബോറട്ടറികളാണ് നിലവിൽ എൻഎബിഎൽ അംഗീകാരേത്താടെ കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇവയിലേത് ലാബിലും മുൻകൂട്ടി അറിയിച്ചാൽ നിങ്ങളുടെ മേൽവിലാസത്തിൽ തന്നെ പരിശോധന നടത്തുവാനുള്ള സാഹചര്യം ഒരുക്കിത്തരുന്നതാണെന്നു സേവ് കോക്കനട്ട് ഫോറം പ്രവർത്തകർ പറയുന്നു.

വാങ്ങുന്ന വെളിച്ചെണ്ണയിൽ മായമോ മാലിന്യമോ ഉണ്ടെന്ന സംശയം വന്നാൽ ഉടൻ തന്നെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന 9048499922 എന്ന മൊബൈൽ നമ്പറിലോ (രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ) [email protected] എന്ന മെയിൽ അഡ്രസ്സിലോ വിവരം അറിയിക്കാം. തുടർന്ന് വെബ്‌സൈറ്റിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ പാലിച്ച് അതേ ബ്രാന്റിന്റെ രണ്ടു പായ്ക്കറ്റുകൾ ബ്രാന്റ് പേര് രേഖപ്പെടുത്തിയിട്ടുള്ള ബില്ല് സഹിതം വാങ്ങുക. സേവ് കോക്കനട്ട് ഫോറം പ്രതിനിധി നേരിട്ടെത്തി രണ്ടു സാമ്പിളുകളും ഏറ്റുവാങ്ങി എൻഎബിഎൽ അംഗീകാരം നേടിയ ലാബിൽ പരിശോധനയ്ക്ക് അയക്കും. വ്യാജമാണെന്ന് തെളിഞ്ഞാൽ വെബ്‌സൈറ്റിൽ ഇക്കാര്യം പ്രസിദ്ധപ്പെടുത്തും. ഇതിനുപകരം നിങ്ങൾ തന്നെ നേരിട്ട് സാമ്പിളുകൾ ലാബിൽ ഹാജരാക്കുകയും അവ വ്യാജമാണെന്ന് തെളിയുകയും ചെയ്താൽ ലബോറട്ടറി പരിശോധയുടെ ബില്ലും സാമ്പിളുകൾ വാങ്ങിയ ബില്ലും എത്തിക്കാനും കൂട്ടായ്മ ആവശ്യപ്പെടുന്നു. ഉപഭോക്താക്കൾക്കു ചെലവായ തുക പൂർണ്ണമായും തിരികെ നൽകും.

വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ചും മായം ചേർക്കുന്നതിനെക്കുറിച്ചുമുള്ള പത്രവാർത്തകൾ, ബിഐഎസ്/ഏഷ്യൻ ആൻഡ് പസഫിക്ക് കോക്കനട്ട് കമ്മ്യൂണിറ്റി (എപിസിസി) നിലവാരപ്രകാരം മായത്തിന്റെ അളവിനെക്കുറിച്ചുള്ള വിവരങ്ങൾ, പൊതുജനത്തിന് വെളിച്ചെണ്ണ പരിശോധിക്കുന്നതിനായി എൻഎബിഎൽ അംഗീകാരമുള്ള ലാബുകളുടെ പട്ടിക എന്നിവ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും കൂട്ടായ്മ പ്രവർത്തകർ പറയുന്നു. എഫ്എസ്എസ്എഐ, കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോർഡ്, സിഎഫ്ടിആർഐ എന്നിവ ഉൾപ്പെടെയുള്ള ഗവൺമെന്റ് സ്ഥാപനങ്ങളുടെ പൂർണ്ണ പിന്തുണ ഇക്കാര്യത്തിൽ ഉണ്ടാകുമെന്നാണ് സേവ് കോക്കനട്ട് ഫോറത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP