Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പഞ്ചസാര നല്ല കൊളസ്‌ട്രോളിനെയും കൊല്ലും; സർവ രോഗങ്ങളുടെയും ആധാരശിലയായ ഇത് ഉപേക്ഷിച്ചുകൂടേ?

പഞ്ചസാര നല്ല കൊളസ്‌ട്രോളിനെയും കൊല്ലും; സർവ രോഗങ്ങളുടെയും ആധാരശിലയായ ഇത് ഉപേക്ഷിച്ചുകൂടേ?

ധുരക്കൊതിയന്മാർ ജാഗ്രത. പഞ്ചസാര അധികം അകത്താക്കുന്നത് ശരീരത്തിലെ നല്ല കൊളസ്‌ട്രോളിനെയും ഇല്ലാതാക്കുമെന്ന് ഗവേഷകർ. നല്ല കൊളസ്‌ട്രോളിനെ നശിപ്പിച്ച് അതിനെക്കൂടി മോശം കൊളസ്‌ട്രോളാക്കി മാറ്റാനുള്ള ശേഷി പഞ്ചസാരയ്ക്കുണ്ടെന്നാണ് വാർവിക് സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ.

ഗ്ലൂക്കോസിൽ നിന്ന് ഉണ്ടാകുന്ന മീഥൈൽഗ്ലയോക്‌സലാണ് അപകടകരമായ മാറ്റങ്ങൾ ശരീരത്തിലുണ്ടാക്കുന്നത്. നല്ല കൊളസ്‌ട്രോളെന്നറിയപ്പെടുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) കൊളസ്‌ട്രോളിനെ ഇത് നശിപ്പിക്കും. ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിന് എച്ച്ഡിഎൽ കൊളസ്‌ട്രോൾ ആവശ്യമാണ്. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ആണ് മോശം കൊളസ്‌ട്രോളായി അറിയപ്പെടുന്നത്. ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകളുണ്ടാക്കുന്നത് ഈ കൊളസ്‌ട്രോളാണ്. ഹ്രദ്രോഗത്തിനും മസ്തിഷ്‌കാഘാതത്തിനും അത് കാരണമാകും.

ധമനികളിൽനിന്ന് എൽഡിഎൽ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്ന ചുമതല നിർവഹിക്കുന്നത് എച്ച്ഡിഎൽ കൊളസ്‌ട്രോളാണ്. എൽഡിഎല്ലിനെ ധമനികളിൽനിന്ന് പുറംതള്ളി കരളിലെത്തിക്കുന്നതിനും അതുവഴി ശരീരത്തിൽനിന്ന് പുറംതള്ളുന്നതിനും എച്ച്ഡിഎൽ അത്യന്താപേക്ഷിതമാണ്. എന്നാൽ, പഞ്ചസാരയുടെ അമിതോപയോഗം മീഥൈൽഗ്ലയോക്‌സലിന്റെ അളവ് കൂട്ടുകയും ഇത് എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണം ഇല്ലാതാക്കുകയും ചെയ്യുമെന്ന് ഗവേഷകർ പറയുന്നു.

ശരീരത്തിൽ എച്ച്ഡിഎല്ലിന്റെ അളവ് കുറയുന്നത് ഹൃദ്രോഗ സാധ്യതയേറ്റും. പ്രമേഹരോഗികളിലും വൃക്കരോഗികളിലും മീഥൈൽഗ്ലയോക്‌സലിന്റെ അളവ് കൂടുതലായി കാണപ്പെടാറുണ്ട്. മീഥൈൽഗ്ലയോക്‌സലിന്റെ അളവ് കൂടുന്നതനുസരിച്ച് എച്ച്ഡിഎൽ കൊളസ്‌ട്രോളിന് അതിന്റെ സവിശേഷതകൾ നഷ്ടമാവുകയും അത് രക്തത്തിൽനിന്ന് പുറംതള്ളപ്പെടുകയും ചെയ്യും. കുറഞ്ഞ അളവിൾ എച്ച്ഡിഎൽ ശരീരത്തിന് ഗുണം ചെയ്യുകയുമില്ല.

എച്ച്ഡിഎല്ലിന്റെ അളവിലുണ്ടാകുന്ന കുറവ് ഹൃദ്രോഗ സാധ്യതയേറ്റുമെന്ന് ഗവേഷണത്തിന് നേതൃത്വം കൊടുത്ത നൈല റബ്ബാനി പറഞ്ഞു. എച്ച്ഡിഎല്ലിന്റെ അളവ് രക്തത്തിൽ കുറയുന്നത് ഹൃദ്രോഗസാധ്യത പത്തുശതമാനം കണ്ട് കൂടാനിടയാക്കും. എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നിരിക്കെ, മീഥൈൽഗ്ലയോക്‌സലിന്റെ അളവ് കൂടാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും അവർ പറയുന്നു. അതിനാവശ്യം പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുകയാണ്. രക്തത്തിലെ മീഥൈൽഗ്ലയോക്‌സലിന്റെ അളവ് കുറച്ചുകൊണ്ടുവരാൻ സഹായിക്കുന്ന മരുന്നുകൾക്കായുള്ള ഗവേഷണത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.

ആധുനിക ഭക്ഷ്യവസ്തുക്കളിലെ ഏറ്റവും അപകടകാരിയായ ഘടകമായി മധുരം മാറിയിരിക്കുകയാണെന്നും ഗവേഷകർ പറയുന്നു. മധുരം കൂട്ടുന്നതിനായി ചേർക്കുന്ന കൃത്രിമ ചേരുവകളാ(ആഡഡ് ഷുഗർ)ണ് അപകടത്തിന്റെയും തോത് കൂട്ടുന്നത്. സൂക്രോസിനെയും ഫ്രൂക്ടോസ് കോൺ സിറപ്പിനെയും പോലുള്ള ആഡഡ് ഷുഗർ ഉത്പന്നങ്ങളിൽ പോഷകാംശങ്ങളൊന്നും അടങ്ങിയിട്ടില്ലെന്നതാണ് യാഥാർഥ്യം. മാത്രമല്ല, ഇത് പല്ലുകൾക്ക് കേടുണ്ടാക്കുകയും ചെയ്യും. പോഷകാംശമോ കൊഴുപ്പോ വൈറ്റമിനുകളോ അടങ്ങിയിട്ടില്ലാത്ത ആഡഡ് ഷുഗർ കരളിന് ഗുരുതരമായ ദോഷങ്ങളുണ്ടാക്കുകയും ചെയ്യും. പഞ്ചസാര രക്തത്തിൽ കലർന്ന് വിഘടിച്ചുണ്ടാകുന്ന ഗ്ലൂക്കോസും ഫ്രൂക്ടോസും വ്യത്യസ്തമായ ഫലങ്ങളാണ് ശരീരത്തിലുണ്ടാക്കുന്നത്. ഫ്രൂക്ടോസിന്റെ അളവ് കൂടുന്നത് കരളിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഗവേഷകർ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP