Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ദീപിക ചൗധരി; കുടുംബത്തിന്റെ എതിർപ്പു മറികടന്ന് കിരീടം നേടാൻ പുനെയിലെ ഈ സയൻസ് വിദ്യാർത്ഥിയെ സഹായിച്ചത് ഭർത്താവിന്റെ പിന്തുണ

അന്താരാഷ്ട്ര ബോഡി ബിൽഡിങ് മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയായി ദീപിക ചൗധരി; കുടുംബത്തിന്റെ എതിർപ്പു മറികടന്ന് കിരീടം നേടാൻ പുനെയിലെ ഈ സയൻസ് വിദ്യാർത്ഥിയെ സഹായിച്ചത് ഭർത്താവിന്റെ പിന്തുണ

പുനെ: കരുത്തുറ്റ ശരീരമുള്ളവരെ കണ്ടെത്താൻ നടത്തുന്ന ഇന്റർനാഷണൽ ഫിഗർ കോംപറ്റീഷനിൽ ഇത്തവണ വിജയിച്ചത് ഇന്ത്യയിൽ നിന്നുള്ള ഒരു 31കാരിയാണ്. പുനെ സ്വദേശിയായ ദീപിക ചൗധരി. പുനെയിൽ സയൻസിൽ പിജി ചെയ്യുന്ന ദീപിക സാധാരണ കുടുംബത്തിൽ നിന്നാണ് ലോകമറിയുന്ന ബോഡി ബിൽഡറായി വളർന്നത്.

ഫ്‌ളോറിഡയിലെ ഡെയ്‌ടോണ ബീച്ചിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ അമേരിക്കയിൽ നിന്നും പോർട്ടോ റിക്കോയിൽ നിന്നുമുള്ള പതിനഞ്ച് കായികതാരങ്ങളെ പിന്നിലാക്കിയാണ് ദീപിക വിജയക്കൊടി നാട്ടിയത്. തന്റെ വിജയങ്ങൾക്ക് എന്നും കരുത്തു പകർന്നത് ഭർത്താവ് തനുജീത്താണെന്ന് ദീപിക പറയുന്നു.

ആദ്യമായാണ് ഇന്റർനാഷണൽ ഫിഗർ കോംപറ്റീഷനിലെ ഫിഗർ അത്‌ലറ്റ് ഗണത്തിൽ ഒരു ഇന്ത്യൻ യുവതി ജേതാവാകുന്നത്. പിജി പഠനത്തിനു പുറമെ നാഷണൽ ഇൻസ്റ്റിട്ട്യുട്ട് ഓഫ് വൈറോളജിയിൽ ടെക്‌നിക്കൽ റിസർച്ച് അസിസ്റ്റന്റായി ജോലി നോക്കുന്നുമുണ്ട് ദീപിക. ഇതിനെല്ലാം പുറമെയാണ് ബോഡി ബിൽഡിങ്ങിനായി ഈ 31കാരി സമയം കണ്ടെത്തുന്നത്. ക്ലാസ് ഡി വിഭാഗത്തിലാണ് അന്താരാഷ്ട്ര മത്സരത്തിൽ ദീപിക പങ്കെടുത്തത്.

അഞ്ചുവർഷം മുമ്പായിരുന്നു ദീപികയുടെയും ബംഗാൾ സ്വദേശിയായ തനുജീത്തിന്റെയും വിവാഹം. പതിനഞ്ചു വർഷം നീണ്ട സൗഹൃദം പ്രണയത്തിനു വഴിമാറിയപ്പോഴാണ് ദീപികയും തനുജീത്തും വിവാഹം കഴിച്ചത്.

എന്നാൽ, ഭർത്താവിന്റെ വീട്ടുകാർക്കൊന്നും തന്നെ ഇഷ്ടമായിരുന്നില്ലെന്നു ദീപിക പറയുന്നു. തങ്ങളുടെ വാക്കു കേൾക്കാതെ ഇഷ്ടപ്പെട്ട പെൺകുട്ടിയെ മകൻ വിവാഹം കഴിച്ചതിലുള്ള എതിർപ്പായിരുന്നു വീട്ടുകാർക്ക്. എന്നാൽ, തന്റെ വിഷമങ്ങളൊക്കെ മനസിലാക്കി ഒപ്പം നിന്ന ഭർത്താവിന്റെ പ്രചോദനമാണ് പുതിയ മേഖലയിലേക്കു കടക്കാൻ ദീപികയ്ക്കു കരുത്തായത്.

ദിവസവും കാലത്ത് 5.30ന് എഴുന്നേറ്റ് ജോഗിങ്ങിനു പോകുന്ന ദീപിക തിരിച്ചെത്തി വീട്ടുകാര്യങ്ങളൊക്കെ നോക്കിയശേഷമാണ് ഓഫീസിലേക്കു പോകുന്നത്. വൈകുന്നേരം ആറോടെ വീടിനു സമീപത്തെ ജിംനേഷ്യത്തിലേക്കു പോകുമ്പോൾ ഭർത്താവ് തനുജീത്തും ഒപ്പമുണ്ടാകും.

വീട്ടിലെ സമ്മർദങ്ങളൊക്കെ അതിജീവിക്കാൻ മാനസികമായി സഹായിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ദീപികയെ തനുജീത്ത് ജിംനേഷ്യത്തിലേക്ക് കൊണ്ടു പോയത്. വളരെ വേഗം ശരീരസൗന്ദര്യ മേഖലയോട് അടുക്കാൻ ദീപികയ്ക്കു കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ ആത്മവിശ്വാസം ലഭിച്ചതിനെ തുടർന്നാണ് ഫ്‌ളോറിഡയിലെ ബീച്ചിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുത്തത്. തന്റെ ആദ്യ അന്താരാഷ്ട്ര മത്സരത്തിൽ തന്നെ കിരീടം ചൂടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഈ 31കാരി.

ഫിഗർ കാറ്റഗറി വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ആദ്യ വനിതയാണ് ദീപിക. മത്സരങ്ങളിൽ വിജയിക്കാൻ കഴിഞ്ഞതോടെ വീട്ടിനുള്ളിൽ ഉണ്ടായിരുന്ന എതിർപ്പിനും ശമനമുണ്ടായി. കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെങ്കിലും സ്‌പോൺസർഷിപ്പ് ലഭിക്കാത്തതിനാൽ അതിനുള്ള അവസരങ്ങൾ കിട്ടുമോ എന്ന ആശങ്കയിലാണ് ദീപിക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP