കുഞ്ഞുങ്ങൾക്ക് ആസ്മയും വിമ്മിഷ്ടവും വരരുതെന്നുണ്ടോ? ഗർഭകാലത്ത് മീനെണ്ണ നിർബന്ധമാക്കുക; മീനെണ്ണയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ കുഞ്ഞിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനം
December 30, 2016 | 03:44 PM | Permalink

സ്വന്തം ലേഖകൻ
ലണ്ടൻ: ജനിച്ചുവീഴുമ്പോൾതന്നെ കുഞ്ഞുങ്ങൾക്കു കണ്ടുവരുന്ന ആസ്മയും വിമ്മിഷ്ടവും മാതാപിതാക്കൾക്കുണ്ടാക്കുന്ന കഷ്ടപ്പാടും വിഷവും കുറച്ചല്ല. ഇതിനുള്ള പരിഹാരം മീനെണ്ണയാണ്. ഗർഭകാലത്ത് അമ്മമാർ മീനെണ്ണ കഴിച്ചാൽ കുഞ്ഞിന് ആസ്മയ വരാനുള്ള സാധ്യത വളരെ കുറയുമെന്ന് പഠനത്തിൽ കണ്ടെത്തയിരിക്കുന്നു.
മീനെണ്ണയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളായ ഇപിഎയും ഡിഎച്ച്എയുമാണ് ഇതിനു സഹായിക്കുന്ന ഘടകങ്ങൾ. ഈ രണ്ടു ഘടകങ്ങളും ഗർഭകാലത്ത് അമ്മാർക്കു ലഭിച്ചില്ലെങ്കിൽ കുഞ്ഞുങ്ങൾക്ക് ആസ്മ വരാനുള്ള സാധ്യത കൂടുകയും ചെയ്യും.
ഗർഭാവസ്ഥയുടെ അവസാന മൂന്നു മാസങ്ങളിൽ മീനെണ്ണ കഴിച്ചുതുടങ്ങിയാൽ മതി. ഇപിഎയും ഡിഎച്ച്എയും മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ മത്സ്യം കഴിച്ചാൽ മാത്രം ഇരു ഘടകങ്ങളും ആവശ്യത്തിന് ഗർഭിണികൾക്കു ലഭിക്കില്ല. ഇതിന് മീനെണ്ണ അടങ്ങിയ സപ്ലിമെന്റുകൾ തന്നെ കഴിക്കണം.
ഡെന്മാർക്കിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്. 695 ഗർഭിണികളെ ഡാനിഷ് ഗവേഷകർ പഠനവിധേയമാക്കി. ഗർഭത്തിന്റെ 24ാം ആഴ്ചമുതൽ പ്രസവിച്ച് ഒരാഴ്ചവരെ ഇവർക്ക് മീനെണ്ണ അടങ്ങിയ സപ്ലിമെന്റുകൾ നല്കി. ഈ അമ്മമാരുടെ കുട്ടികളിൽ ആസ്മ ഉണ്ടാകാനുള്ള സാധ്യത 23.7 ശതമാനത്തിൽനിന്ന് 16.9 ശതമാനം ആയി കുറഞ്ഞെന്നു കണ്ടെത്തി. ശ്വസനസംബന്ധമായ മറ്റു പല അസുഖങ്ങളും ഇവരുടെ കുഞ്ഞുങ്ങളിൽ കുറഞ്ഞിരിക്കുന്നതായും നിരീക്ഷിക്കപ്പെട്ടു.