Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ജീവിതത്തിന്റെ പുസ്തക'ത്തിൽ ലൈംഗികത ചിത്രീകരിച്ചത് അശ്ലീലമായല്ല; 'തെറിപുസ്തക'മായും ഇസ്ലാം വിരുദ്ധമായും മാറ്റിയത് സ്ഥാപിത ലക്ഷ്യത്തോടെ: വിവാദ നോവലിനെ കുറിച്ച് കെ പി രാമനുണ്ണി മറുനാടൻ മലയാളിയോട്

'ജീവിതത്തിന്റെ പുസ്തക'ത്തിൽ ലൈംഗികത ചിത്രീകരിച്ചത് അശ്ലീലമായല്ല;  'തെറിപുസ്തക'മായും ഇസ്ലാം വിരുദ്ധമായും മാറ്റിയത് സ്ഥാപിത ലക്ഷ്യത്തോടെ: വിവാദ നോവലിനെ കുറിച്ച് കെ പി രാമനുണ്ണി മറുനാടൻ മലയാളിയോട്

എം പി റാഫി

ലയാള സാഹിത്യരംഗത്തെ സമകാലികരിൽ പ്രമുഖനാണ് കെ പി രാമനുണ്ണി. കേരളീയർ സന്തോഷപൂർവം സ്വീകരിച്ചയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങൾ. ഇക്കൂട്ടത്തിൽ ഒടുവിൽ പുറത്തിറങ്ങിയതാണ് 'ജീവിതത്തിന്റെ പുസ്തകം' എന്ന നോവൽ. ഈ നോവൽ പുസ്തകത്തെയും മലയാളി വായനാ സമൂഹം സന്തോഷത്തോടെയാണ് അതിനെ സ്വീകരിച്ചത്. ആധുനിക ജീവിതത്തിന്റെ കൃത്രിമ മോടികളോടു വിടപറഞ്ഞ ഗോവിന്ദരാജ വർമ്മയുടെ ജീവിത യാഥാർത്ഥ്യങ്ങളാണ് നോവലിൽ ഉടനീളം അദ്ദേഹം ആവിഷ്‌ക്കരിക്കുന്നത്. അതിയന്നൂർ കടപ്പുറത്തെ സ്വാഭാവിക ജീവിതത്തിൽ അലിഞ്ഞു ചേരുന്ന ഗോവിന്ദവർമ്മരാജ എന്ന മുഖ്യ കഥാപാത്രത്തിലൂടെ നൈസർഗ്ഗികമായ സുഖത്തെ സംബന്ധിക്കുന്ന ഒരു ജീവിത ദർശനമാണ് കെ.പി രാമനുണ്ണി ആവിഷ്‌കരിക്കുന്നത്. ജീവിതത്തിന്റെ പുസ്തകം എന്ന നോവലിൽ കഥക്കുള്ളിൽ നിന്നുള്ള കഥാകൃത്തിന്റെ രംഗപ്രവേശനം നോവലിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

സാംസ്‌കാരിക കേരളം ചർച്ച ചെയ്ത ഈ പുസ്തകത്തെ തേടി വയലാർ അവാർഡും ഭാരതീയ പരിശത്ത് ദേശീയ അവാർഡും മലയാറ്റൂർ പുരസ്‌ക്കാരവും എത്തിയിട്ടുണ്ട്. അവാർഡുകൾക്കൊപ്പം തന്നെ ചിലകോണുകളിൽ നിന്ന് നോവലിനെയും എഴുത്തുകാരനെയും വിമർശിച്ചുകൊണ്ടുള്ള ചില വിമർശനങ്ങളും ഉയർന്ന് തുടങ്ങി. പ്രധാനമായും ചർച്ചാവിഷയമായത് സാഹിത്യ വിമർശനത്തിലെ എം.എം ബഷീറിന്റെ ലേഖനമായിരുന്നു. ലേഖനത്തിൽ കെ.പി രാമനുണ്ണിയെയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പുസ്തകത്തിനെതിരെയും ആരോപണങ്ങളുടെ അമ്പുകളാണ് എം.എം ബഷീർ തൊടുത്തു വിട്ടത്. ഈ ലേഖനത്തിനു പുറമെ സാഹിത്യ വിമർശനം എഡിറ്റർ ഗോവിന്ദപിള്ളയുടെ വക എഡിറ്റോറിയലെഴുതിയും നോവലിനെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ചു. ജീവിതത്തിന്റെ പുസ്തകമെന്ന നോവലിനെ ജീവിതത്തിന്റെ തെറിപ്പുസ്തകമെന്ന പേരുമാറ്റി വികൃതമാക്കിയ മുഖചിത്രത്തോടെയായിരുന്നു അന്ന് സാഹിത്യ വിമർശനം പ്രസിദ്ധീകരിച്ചിരുന്നത്. വിമർശനങ്ങളെല്ലാം അതിരുകടന്ന് എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്രവും കടന്ന് വ്യക്തി നിന്ദയിലേക്ക് എത്തിയപ്പോൾ ലേഖനത്തിനും പത്രാതിപർക്കുമെതിരിൽ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി നൽകി കേസ് ഫയൽ ചെയ്തു. ഇതോടെ ജീവിതത്തിന്റെ പുസ്തകം വീണ്ടും വായനാലോകത്തെ ചർച്ചാ വിഷയമായി മാറി.

വീണ്ടും ജീവിതത്തിന്റെ പുസ്തകം ചർച്ചാ വിഷയമാകുന്നത് പി.സുരേഷ് തയ്യാറാക്കിയ ഭാവിയുടെ പുസ്തകത്തിലൂടെയാണ്. ഇത് കെ.പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകത്തെ മുൻനിർത്തിയുള്ള കലാ വിമർശനവും സാഹിത്യ നിരൂപണവും സംസ്‌കാര വിമർശനവുമടങ്ങുന്ന 25 പഠനങ്ങളാണ്. കെ.പി രാമനുണ്ണിയുടെ നോവൽ എങ്ങനെ ഭാവിയുടെ ജീവിത പുസ്തകമായി മാറുന്നു എന്നുള്ള ഒരന്വേഷണണം കൂടിയാണിത്. എം.കെ സാനു, സച്ചിദാനന്ദൻ, ബി.രാജീവൻ, ആഷാമേനോൻ, കെ.ഇ.എൻ, ഖദീജാമുംതാസ് തുടങ്ങി കലാ സാഹിത്യ സാംസ്‌കാരിക രംഗത്തെ വൈവിധ്യമാർന്ന 25 ചിന്തകൾ, സാഹിത്യ നിരൂപണത്തിന് ശനിദശ ബാധിച്ചു എന്ന് ആശങ്കപ്പെടുന്ന കാലത്തും മലയാളത്തിലെ തലയെടുപ്പുള്ള ചിന്തകരും സാഹിത്യകാരന്മാരും രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകത്തിനു വേണ്ടി ഒന്നിച്ചു എന്നത് ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഈ സാഹചര്യത്തിൽ നോവലിനെതിരെയുള്ള വിമർശനങ്ങളെ കുറിച്ചും തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ചും കെ.പി രാമനുണ്ണി മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു.

  • താങ്കളുടെ നോവലിനെ മുൻ നിർത്തി പ്രശസ്തരായ എഴുത്തുകാരുടെയും ചിന്തകരുടെയും വ്യത്യസ്ത പഠനങ്ങളുടെ സമാഹാരം പുറത്തിറങ്ങിയിരിക്കുകയാണല്ലോ....ഈ സാഹചര്യത്തിൽ ഈ നോവലിനെതിരെയുണ്ടായ എതിർപ്പുകളെ എങ്ങനെ ഓർക്കുന്നു?

ഈ വിഷയം സാംസ്‌കാരികമായി വളരെ പ്രധാനപ്പെട്ടതാണ്. ഒരു ആളുടെ മുഖം വെട്ടിമാറ്റുന്നത് പോലെ പുസ്തകത്തിന്റെ മുഖം വെട്ടിമാറ്റിയിട്ട് വയലാർ അവാർഡൊക്കെ കിട്ടിയ ജീവിതത്തിന്റെ പുസ്തകത്തെയായിരുന്നു. തൃശ്ശൂരിൽ നിന്നും ഇറങ്ങുന്ന സാഹിത്യ വിമർശനം എന്ന് പറയുന്ന മാഗസിൻ നോവലിനെ ശരിക്കും അപമാനിക്കുകയാണ് ചെയ്തത്.

  • ജീവിതത്തിന്റെ പുസ്തകം എന്ന നോവൽ മലയാളികൾ ഏറെ സ്വീകരിച്ച ഗ്രന്ഥമായിരുന്നല്ലോ...പിന്നീട് ഇതിന്റെ പേരിൽ സാഹിത്യ വിമർശനം മാഗസിനെതിരെ കേസുമായി രംഗത്തു വരാനുണ്ടായ സാഹചര്യം?

ആനന്ദൻ പിള്ളയാണ് അതിന്റെ എഡിറ്റർ. ഞങ്ങൾ വ്യക്തിപരമായിട്ട് ഒന്നും ഇല്ല. പുള്ളിയുടെ നിലപാട് എന്നത് എഴുത്തുകാരെയൊക്കെ അപമാനിക്കലാണ്. അതാണ് ഈ ദ്വൈവാരികയിലൂടെ ചെയ്ത് വരുന്നത്. ഈ വിഷയത്തിൽ എന്റെ പുസ്തകത്തിന്റെ കവർ തന്നെ ഫ്രണ്ട് പേജിൽ കൊടുത്തിട്ട് ജീവിതത്തിന്റെ പുസ്തകം എന്നതിനെ ജീവിതത്തിന്റെ തെറിപ്പുസ്തകം എന്നാക്കി മാറ്റി എഴുതി. അതിൽ തന്നെ എം.എം ബഷീറിന്റെ വക വസ്തുതാ വിരുദ്ധമായിട്ടുള്ള കുറെ കാര്യങ്ങളൊക്കെ പറഞ്ഞ് ഇതൊരു തെറിപ്പുസ്തകമാണെന്നും പല സമുദായങ്ങളെയും എനിക്കെതിരാക്കി തിരിച്ചിരിക്കുന്ന വസ്തുതകൾ വളച്ചൊടിച്ച ലേഖനമായിരുന്നു അത്. പിന്നെ ഈ മാഗസിന്റെ എഡിറ്റോറിയൽ ബോർഡിലെ ആനന്ദൻ പിള്ള എന്ന ആൾ, അദ്ദേഹമാണ് ഇത് നടത്തുന്നത്. എന്റെ നോവലിൽ എഴുതിയതിന്റെ പേരിൽ ബി.രാജീവിനെ പോലെയുള്ള ഏറ്റവും പ്രശസ്തരും ബുദ്ധിജീവിയുമായവരെ പോലും അവഹേളിച്ചായിരുന്നു ഈ മാഗസിൻ കൈകാര്യം ചെയ്തത്. ഭാവിയുടെ പുസ്തകം എന്ന ഗ്രന്ഥം പുറത്തിറങ്ങിയതോടെ മിനെല്ലാമുള്ള മറുപടികൂടിയാണിത്.

സാഹിത്യ വിമർശനം മാഗസിനെതിരെ കേസുമായി രംഗത്തു വരാനുണ്ടായത് ഇത് വ്യക്തിപരമായി അവഹേളിച്ചിട്ടുള്ളതു കൂടിയായിരുന്നു. ഇത് വക്കീലുമാരായ എന്റെ സുഹൃത്തുക്കൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് കൊടുക്കുന്നത്. ഞാൻ ഭ്രാന്തനായിട്ടും കള്ളുകുടിയനായിട്ടുമൊക്കെ എഴുതിയ കഥാപാത്രങ്ങൾ ഞാൻ തന്നെയാണ് എന്ന് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളാണ് ആരോപിച്ചിരിക്കുന്നത്. കേസുകൊടുക്കാനുണ്ടായ കാരണങ്ങൾ അതുമാത്രമല്ല . ഇതിനു മുമ്പ് പല എഴുത്തുകാരെയും ഇവർ ഇതുപോലെ വിമർശിച്ചിട്ടുണ്ട്. 85 വയസായ ലീലാവതി ടീച്ചറുടെ സാഹിത്യങ്ങൾ മുഴുവനും മാലിന്യ കൂമ്പാരങ്ങളാണ്, വിളപ്പിൽശാലയിൽ തട്ടേണ്ടതാണെന്നാണ് എന്നൊക്കെ പറഞ്ഞാണ് അവർ എഴുതിയത്. ഇങ്ങനെ പലരെപറ്റിയും ഇവർ എഴുതുന്നു. ഇത് ഇവരുടെ സ്ഥിരം ഏർപ്പാടാണ്. ഇതാണ് പുള്ളിയുടെ ഒരു രീതി.

അദ്ദേഹം ആ രീതി അനുവർത്തിച്ചു പോരുമ്പോ അതിനെ പ്രതികരിക്കാനുള്ള ഒരു അവകാശം നമുക്കുമുണ്ടല്ലോ.. ഇതിനെല്ലാം വ്യക്തമായ തെളിവോടെയാണ് ഞാൻ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് കൊടുത്തത്.

  • കേസുകൊണ്ടുണ്ടായ നേട്ടമായി കരുതുന്നുണ്ടോ ഭാവിയുടെ പുസ്തകം എന്ന ഗ്രന്ഥം?

തീർച്ചയായും ഈ പുസ്തകം എന്നത് നേട്ടം തന്നെയാണ്. വയലാർ അവാർഡ് ലഭിച്ച ഒരു കൃതിക്കെതിരെ നടന്ന അവഹേളനം വളരെ ഗൗരവത്തോടെ തന്നെയാണ് ജനങ്ങൾ ഏറ്റെടുത്തത്. കേസ് കൊടുത്ത വിവരം പുറംലോകം അറിഞ്ഞപ്പോൾ നിരവധി പേർ പിന്തുണയുമായെത്തിയിരുന്നു. ഇതിലെ ഏറ്റവും പോസിറ്റീവ് വശം എന്നത് ജീവിതത്തിന്റെ പുസ്തകം എന്ന എന്റെ നോവലിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ രംഗത്ത് വന്നു എന്നതാണ്. ഇതിൽ ഉള്ള്യേരി സ്വദേശി സുരേഷ് എന്നയാൾ, അദ്ദേഹം ഹയർസെക്കണ്ടറി തലത്തിൽ മലയാളം അദ്ധ്യാപകനും ഇപ്പോൾ പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. ഇദ്ദേഹം മുൻകൈയെടുത്ത് കൊണ്ട് ഞാനെഴുതിയ ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനെ മുൻ നിർത്തി കൊണ്ടുള്ള കലാ സാഹിത്യ സാംസ്‌കാരിക ചിന്തകൾ എന്നു പറഞ്ഞു കൊണ്ടുള്ള ഭാവിയുടെ പുസ്തകം എന്ന പുസ്തകമായിരുന്നു അത്. ഇന്ന് മലയാളത്തിൽ ഒരു നോവലിനെ കുറിച്ചുള്ള ഇത്രയും വലിയ പഠനം നടന്നിട്ടില്ല. ഇത് ഡി.സി ബുക്‌സ് ആണ് പബ്ലിഷ് ചെയ്തിട്ടുള്ളത്.

  • ജീവിതത്തിന്റെ പുസ്തകം എന്ന നോവലിലൂടെ എന്തായിരുന്നു താങ്കൾ പറയാൻ ശ്രമിച്ചത്?

ജീവിതത്തിന്റെ പുസ്തകത്തിലൂടെ മലയാളി ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളാണ് പറയാൻ ശ്രമിച്ചത്. മനുഷ്യന്റെ യാന്ത്രികമായ ജീവിതത്തിന്റെ പ്രശ്‌നങ്ങൾ, വർഗ്ഗീയതയുടെ പ്രശ്‌നങ്ങൾ ഇങ്ങനത്തെ കാര്യങ്ങൾ ആധുനിക ജീവിതത്തിൽ സ്‌നേഹം നഷ്ടപ്പെടുമ്പോഴുണ്ടാകുന്നതാണ്. പ്രണയവും സ്‌നേഹവുമൊക്കെ യാന്ത്രകമായി മാറുന്നസമയത്ത് മറുവശത്ത് എങ്ങനെയാണ് സ്‌നേഹത്തോടു കൂടി പ്രണയിക്കേണ്ടത് എന്നാണ് ഇതിൽ കാണിക്കുന്നത് അതിനാണ് ഇവിടെ ലൈംഗികത എന്ന് പറയുന്നത്

  • നോവലിൽ തെറിയും ലൈംഗികതയും കൂടുതലാണെന്നാണല്ലോ എം.എം ബഷീർ ലേഖനത്തിൽ ആരോപിച്ചത്, എങ്ങനെ കാണുന്നു ഇതിനെ?

ഈ കേസിൽ ഇവർ പറഞ്ഞിരുന്നത് ഇതായിരുന്നു ഈ പുസ്തകത്തിൽ ലൈംഗികത കൂടുതലുണ്ട് എന്നാണ്. അപ്പോ വൈക്കം മുഹമ്മദ് ബഷീറിനെതിരെയും കേസ് കൊടുക്കണമായിരുന്നു. ലൈംഗികത എന്ന് പറഞ്ഞ് എന്തിനെയും ലൈംഗികതയാക്കാൻ പറ്റുമോ?..മനുഷ്യ ജീവിതം ചിത്രീകരിക്കുമ്പോൾ അതിൽ എല്ലാം വരുമല്ലോ. അങ്ങനെയാവുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെയും ഇവർ തെറി പറയണ്ടേ..ഇത് അങ്ങനെ പറഞ്ഞ് ഒരാളെ അപമാനിക്കാൻ എളുപ്പ വഴിയാണ് ഈ ലൈംഗികതയുടെ കാരണം പറയുന്നത്. എല്ലാ കൃതികളിലും സ്ത്രീ പുരുഷ ബന്ധങ്ങളുണ്ടാകുമ്പോൾ അങ്ങനത്തെ കാര്യങ്ങൾ ചിത്രീകരിക്കും. ഞാൻ അത് ചിത്രീകരിച്ചത് ഒട്ടും അശ്ലീലമായിട്ടല്ലത് സ്‌നേഹത്തിന്റെ കൂടെയുള്ള ഒരു കാര്യമായാണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. ഞാൻ ഈ കേസ് കൊടുത്ത സാഹചര്യത്തിലാണ് സുപ്രീം കോടതി ജഡ്ജ്‌മെന്റ് വരുന്നത് ലൈംഗികത ചിത്രീകരിച്ചു കൊണ്ട് അശ്ലീലമാവില്ല എന്ന ജഡ്ജ്‌മെന്റ്. കേസിനു പോകുമ്പോൾ ഇതു കൂടി അനുകൂലമായാണ് വരിക.

  • നോവലിനെതിരെ ഇത്തരത്തിലുള്ള കടന്നാക്രമണം വന്നപ്പോൾ എന്തായിരുന്നു അപ്പോഴത്തെ മാനസികാവസ്ഥ?

എനിക്ക് ഇതിൽ വളരെ മാനസിക വിഷമം ഉണ്ടായിരുന്നു. കാരണം ഞാൻ വളരെ നല്ല ഉദ്ദേശത്തോടു കൂടി എഴുതിയിട്ടുള്ള ഒന്നാണ്. അതിൽ തന്നെ മാർക്‌സിസ്റ്റുകാർക്കും മുസ്ലിംങ്ങൾക്കും എതിരായി എന്നെ അവർ ചിത്രീകരിച്ചു എന്നതാണ്. ഏറ്റവും കൂടുതൽ മുസ്ലിം പക്ഷമായിട്ട് എഴുതുന്നയാളാണ് ഞാൻ അത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഈ നോവലിൽ സുബൈദ എന്ന കഥാപാത്രമുണ്ട്. സുബൈദ ഇസ്ലാം വിരുദ്ധമാണെന്ന് വെറുതെ വളച്ചൊടിച്ച് തെറ്റായാണ് ആ കഥാപാത്രത്തെ കാണിച്ചത്.

  • ഏതാനും ദിവസങ്ങൾക്കു മുമ്പ് പുറത്തിറങ്ങിയ പി.സുരേഷ് തയ്യാറാക്കിയ ഭാവിയുടെ പുസ്തകം എത്രമാത്രം താങ്കളുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നുണ്ട്?

സുരേഷ് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ ഈ പുസ്തകം എന്നത് വലിയ കാര്യം തന്നെയാണ്. 26 ആളുകൾ അവരുടെ കാഴ്ചപ്പാടുകൾ വിശദമായി എഴുതിയിട്ടുള്ള ഒരു ഗ്രന്ഥമാണിത്. ജീവിതത്തിന്റെ പുസ്തകം എന്ന നോവലിനെ മുൻ നിർത്തിക്കൊണ്ടുള്ള ഈ പുസ്തകം എന്നത് വളരെ സാംസ്‌കാരിക പ്രസക്തിയുള്ളതാണ്. ഒരു പുസ്തകത്തിന്റെ മുഖം വെട്ടി, അമ്പത്തൊന്ന് വെട്ട് വെട്ടി എന്ന് പറയും പോലെയാക്കി. പുസ്തകം വെട്ടി തെറിപ്പുസ്തകമാക്കി അതിനെ അപമാനിക്കാൻ ശ്രമിച്ചു. അങ്ങിനെ കേസ് വരെ കാര്യങ്ങളെത്തുമ്പോൾ അതിനെ സ്‌നേഹിക്കുന്ന കുറെ ആളുകൾ കൂടിയാണ് ഈ പുസ്തകത്തിൽ ലേഖനം എഴുതിയിരിക്കുന്നത്. ആ സാംസ്‌കാരിക രംഗത്തുള്ളവരെല്ലാം തന്നെ എനിക്ക് പിന്തുണ നൽകുന്നവരാണ്. ഇവരെല്ലാം തന്നെ പുസ്തകത്തെ ഇഷ്ടപ്പെട്ടത് കൊണ്ടാണല്ലോ അവർ അതിനെപറ്റി എഴുതിയത്. ഇഷ്ടപ്പെടുക എന്ന് പറയുമ്പോൾ ഇതെല്ലാം കേരള ജീവിതത്തിന്റെ സാംസ്‌കാരികമായ പ്രാധാന്യം ഉള്ള കാര്യങ്ങൾ എന്ന നിലയ്ക്കാണ് ഇവരെല്ലാം എഴുതിയത്. കേസും കാര്യങ്ങളുമൊക്കെയായി ഇത് ചർച്ചാ വിഷയമായിരുന്നെങ്കിലും യഥാർത്ഥത്തിൽ ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ ഭാവിയുടെ പുസ്തകം എന്ന ഗ്രന്ഥം നോവലിന്റെ പ്രസക്തി വർദ്ധിപ്പിച്ചു എന്നതിൽ സംശയമില്ല.

  • കേസിന്റ ഇപ്പോഴത്തെ അവസ്ഥ?

സാധാരണ ഇത്തരത്തിലുള്ള കേസ് കൊടുത്താൽ അവർ ആദ്യം സാക്ഷികളെയൊക്കെ വിസ്തരിച്ച ശേഷമാണ് കേസ് ഫയലിൽ തന്നെ വെയ്ക്കുക. പക്ഷെ ഇത് പുസ്തകം കണ്ട അന്നുതന്നെ ഫയലിൽ സ്വീകരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. വയലാർ അവാർഡ് കിട്ടിയ കൃതിയെ തെറിപ്പുസ്തകമാക്കി ചിത്രീകരിച്ചതിനായിരുന്നു ഇത്. അവരതിന് ഹൈക്കോടതിയിൽ സ്റ്റേ വാങ്ങിയിരിക്കുകയാണ്. ഞാൻ വക്കീലിനെ ഏർപ്പാടാക്കിയിരിക്കുകയാണ് അത് വെക്കേറ്റ് ചെയ്യാൻ ഇതാണ് കേസിന്റെ പൊസിഷൻ. എനിക്ക് വ്യക്തിപരമായി അവരെ ശിക്ഷിപ്പിക്കാനോ ഉപദ്രവിക്കനോ എനിക്ക് താൽപര്യമില്ല പക്ഷെ, ഇത് ശരിയല്ല ഈ നിലപാട് ശരിയല്ല. ഈ മാഗസിൻ പുലർത്തുന്ന ആളുകളെ അപമാനിക്കുന്ന നിലപാട് ശരിയല്ല എന്ന് തെളിയിക്കാൻ വേണ്ടി മാത്രമാണ്. ചില നിയമങ്ങളൊക്കെ ഇവിടെ നിലനിൽക്കുന്നുണ്ടല്ലോ..ഇത് വെള്ളരിക്കാപ്പട്ടണമല്ലല്ലോ...അതുകൊണ്ടായിരുന്നു ഞാൻ കേസ് കൊടുത്തത് തന്നെ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP