Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനി നോവൽ മാത്രം; എഴുത്തിൽ സജീവമാകാൻ രണ്ടു വർഷത്തിനനുള്ളിൽ ജോലി വിടും; പുതിയ എഴുത്തുകാർ വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരെന്നു പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

ഇനി നോവൽ മാത്രം; എഴുത്തിൽ സജീവമാകാൻ രണ്ടു വർഷത്തിനനുള്ളിൽ ജോലി വിടും; പുതിയ എഴുത്തുകാർ വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരെന്നു പി സുരേന്ദ്രൻ മറുനാടൻ മലയാളിയോട്

ഴുത്തിന്റെ മൂന്നര പതീറ്റാണ്ടു പിന്നിടുന്നു. കുമരനെല്ലൂർ സ്‌കൂളിലെ സുരേന്ദ്രൻ മാഷിന്റെ താടിയിൽ വെള്ള നിറം പതുക്കെ കയറിത്തുടങ്ങിയിരിക്കുന്നു. നര താടിയിലേയുള്ളൂ... എഴുത്തിന്റെ ലോകത്തെ പി സുരേന്ദ്രൻ അപ്പോഴും കൂടുതൽ യുവാവാവുകയാണ്. എഴുത്തുകാരന് എന്നും യുവത്വമായതിനാലാവാം. 35 കൊല്ലത്തെ എഴുത്തിൽ നിന്നു പിറന്ന 93 കഥകളുടെ സമാഹാരം പുറത്തിറക്കി ഡി.സി ബുക്‌സ് അദ്ദേഹത്തിന്റെ എഴുത്തിന് അംഗീകാരവും നൽകി. അഭയാർഥികളുടെ പൂന്തോട്ടം, ബർമൂഡ, ഭൂമിയുടെ നിലവിളി, ചെ, ചൈനീസ് മാർക്കറ്റ്, ഹരിതവിദ്യാലയം, ജലസന്ധി, കറുത്ത പ്രാർത്ഥനകൾ, പിരിയൻ ഗോവണി, ഗ്രീഷ്മമാപിനി, കാവേരിയുടെ പുരുഷൻ, മഹായാനം തുടങ്ങി മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം. കേരളസാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി അവാർഡുകളും ലഭിച്ചു. സാഹിത്യരംഗത്തെ മാറ്റങ്ങളും സാമൂഹികാവസ്ഥയും മറുനാടൻ മലയാളിയോട് ചർച്ച ചെയ്യുകയാണ് അദ്ദേഹം. ഒപ്പം സ്വന്തം എഴുത്തിനെക്കുറിച്ച്... എഴുതാനിരിക്കുന്നവയെക്കുറിച്ചും.

  • എംടിയുടെ നാടിനോട് ചേർന്നു കിടക്കുന്ന കുമരനെല്ലൂർ. എഴുത്തിൽ സജീവമായ ഒരു വലിയ കൂട്ടം കുമരനെല്ലൂർ, വട്ടംകുളം, എടപ്പാൾ എന്നിവിടങ്ങൾ എപ്പോഴും എഴുത്തിന്റെ ഒരു പുതിയ ധാര സൃഷ്ടിച്ച പ്രദേശങ്ങളാണ്. എങ്ങനെയായിരുന്നു മാഷിന്റെ എഴുത്തിലേക്കുള്ള വരവ്? 

1978ൽ വട്ടംകുളം ഗ്രാമീണ വായനശാലയുടെ കൈയെഴുത്ത് മാസികയിൽ തോക്ക് എന്ന കഥ പ്രസിദ്ധീകരിച്ചു. കവി പി.പി രാമചന്ദ്രനായിരുന്നു അതിന്റെ ഡിസൈനിങ് നിർവഹിച്ചത്. അദ്ദേഹം നല്ല ഒരു ആർട്ടിസ്റ്റ് കൂടിയായിരുന്നു. അതാണ് ആദ്യത്തെ കഥ. മൂന്നുവർഷത്തിനു ശേഷം 1981ൽ മാതൃഭൂമി നടത്തിയകഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചതു മുതലാണ് എഴുത്തിൽ സജീവമായത്. 22-#ാ#ം വയസ്സിൽ മഹായാനം എന്ന നോവൽ എഴുതി. വട്ടക്കുളം ഗ്രാമീണ വായനശാലയാണ് എഴുത്തുകാരനാകാൻ സഹായിച്ചത്. മഞ്ചേരിക്കടുത്തെ പാപ്പിനിപ്പാറയിൽ ജനിച്ചതെങ്കിലും അവിടെനിന്നു വട്ടക്കുളത്തേക്കുള്ള പറിച്ചുനടലാണ് എഴുത്തുകാരനാകാൻ സഹായിച്ചത്. 

  • മനുഷ്യപക്ഷത്തു നിൽക്കുന്ന എഴുത്തുകാരുടെ പട്ടികയിലാണ് താങ്കളുടെ സ്ഥാനം. പരിസ്ഥിതിയുമായി ബന്ധപ്പെട്ട രചനകൾ ഏറെയാണ്. എങ്ങനെ വിലയിരുത്തുന്നു?

കേവല പരിസ്ഥിതിവാദിയോ ശുദ്ധ പരിസ്ഥിതിവാദിയോ അല്ല ഞാൻ. മനുഷ്യന്റെ സഹനം കൂടി പരിഗണിക്കണം എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് അത്തരം കൃതികൾ രൂപപ്പെടുന്നത്. ഇക്കോസോഷ്യലിസമാണ് യഥാർഥത്തിൽ വേണ്ടതെന്നും കരുതുന്നു.

  • പുതു എഴുത്തുകാർ പറയുന്നത് സമൂഹത്തെ നന്നാക്കൽ തങ്ങളുടെ പണിയല്ലെന്ന്. എന്തുപറയുന്നു?

ഇവരെല്ലാം കേവലം സൗന്ദര്യവാദികളാണ്. വല്ലാതെ ലൈംഗികത അനുഭവിക്കുന്നവരാണ് പുതിയ എഴുത്തുകാർ. ആത്മാന്വേഷണത്തിലേക്കും ലൈംഗികതയിലേക്കും അവർ ചുരുങ്ങുന്നു. ലോകസാഹിത്യം നോക്കിയാൽ ആഫ്രിക്കയിൽ അടക്കം പുതിയ എഴുത്തുകാർ പ്രമേയങ്ങളാക്കുന്നത് മനുഷ്യനും സമരങ്ങളുമാണ്. ഇവിടെ എഴുത്തുകാരെല്ലാം ഭയപ്പെട്ടാണ് ജീവിക്കുന്നത്. പ്രതികരിച്ചു കഴിഞ്ഞാൽ ഇടം നഷ്ടപ്പെടുമെന്ന് ഇവർ ഭയപ്പെടുന്നു. ഒരേസമയം പിണറായിവിജയനെയും ഉമ്മൻ ചാണ്ടിയേയും രമേശ് ചെന്നത്തലയേയും അടക്കം എല്ലാവരേയും ഇവർ ഭയപ്പെടുന്നു.

  • പാപ്പിലിയോ ബുദ്ധ എന്ന ഒറ്റ തിരക്കഥ കൊണ്ട് സിനിമ മടുത്തോ?

സിനിമയല്ല എന്റെ മാദ്ധ്യമം. കഥയാകുമ്പോൾ ആരും നിയന്ത്രിക്കില്ല. സിനിമയിൽ നടന്മാരടക്കം എഴുത്തുകാരന്റെ മേൽ നിയന്ത്രണം കൊണ്ടുവരും. എല്ലാവരും പറയുന്നതനുസരിച്ച് കഥ മാറ്റണം. അതേസമയം എഴുത്തുകാരെ സംബന്ധിച്ച് റോയൽറ്റി കൊണ്ട് മാത്രം ജീവിക്കാനനുമാകില്ല. പുർണസമയ എഴുത്തുകാരന് ഇവിടെ ജീവിക്കാനാകില്ല. അതേസമയം ഒരൊറ്റ സിനിമ എഴുതിയാൽ മതി ആയുഷ്‌കാലം അവൻ എഴുതുന്ന പ്രതിഫലം ലഭിക്കാൻ.

  • കമ്യൂണിസ്റ്റ് ആശയങ്ങളുടെ അപചയം താങ്കളുടെ വിഷയമായിരുന്നല്ലോ?

ഒരു ഘട്ടത്തിൽ വിഷയമാക്കി. ഇപ്പോൾ ബൗദ്ധ ദർശനങ്ങളും സ്പിരിച്ചാലിറ്റിയിലേക്കു മാറുന്നു. നാം കാണുന്ന ആത്മീയതയല്ല അത്. വളരെ വ്യക്തിപരമായ വിഷയം. അതിദാരുണമായ ജീവത് പ്രതിസന്ധി നേരിടുകയാണ് നമ്മൾ.

  • പുതിയ രചനകളെക്കുറിച്ച്. ഇതുവരെ പൂർണ സംതൃപ്തി നൽകിയത് എന്നു പറയാൻ ഏതാണുള്ളത്?

ഒരു നോവലിന്റെ പണിപ്പുരയിലാണിപ്പോൾ. മാതൃഭൂമി ബുക്‌സ് രണ്ടു യാത്രാസമാഹരണം ഈ വർഷം പുറത്തിറക്കും. ഡി.സിയാണ് നോവൽ പ്രസിദ്ധീകരിക്കുന്നത്. രണ്ടു കൊല്ലത്തിനകം സ്‌കൂൾ അദ്ധ്യാപകനെന്ന ജോലി പൂർണമായും വിട്ട് എഴുത്തിലേക്കു തിരിയും. മൂന്നു പതിറ്റാണ്ട് കഥയ്ക്കു മാറ്റിവച്ചെതിനാൽ ആ മാദ്ധ്യമത്തിൽ കാര്യമായി ഇനി ഒന്നും ചെയ്യാനില്ല. ശിഷ്ടകാലം ആത്മസംതൃപ്തി ലഭിക്കുന്ന നോവലുകൾ എഴുതണം. ഇതുവരെ നോവലിന്റെ കാര്യത്തിൽ പൂർണ സംതൃപ്തി ലഭിച്ച ഒരു സൃഷ്ടിയും എന്റെ പിറന്നിട്ടില്ല.

  • ഇത് ഇ റീഡിംഗിന്റെ കാലമാണ്. ഇക്കാലത്തു സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച് എങ്ങനെ വിലയിരുത്താം.?

അച്ചടിച്ചുതന്നെ പുസ്തകം വായിക്കടപ്പെണമെന്ന് എനിക്കില്ല. സോഷ്യൽ നെനറ്റ് വർക്ക് വഴി ഓരോ അധ്യായങ്ങളും പുറത്തിറങ്ങുന്ന നോവലുകളും ഇനി പുറത്തിറങ്ങും. ഇതു വാരികയുടെ ഫലം ചെയ്യും. പക്ഷേ ഇ-റീഡിങ്ങിനായി പുറത്തിറക്കുമ്പോൾ എഴുത്തുകാരനു പ്രതിഫലം കിട്ടണം. അതു മലയാളത്തിലും വരണം. പക്ഷേ ദൗർഭാഗ്യവശാൽ ഫേസ് ബുക്കിനെ ഗൗരവമായി നോക്കിക്കാണാൻ ഞാനടക്കം ശ്രമിക്കുന്നില്ല. ഫോട്ടോകൾ ഷെയർ ചെയ്യുന്ന ഒരു മാദ്ധ്യമമായി അതു മാറി. ടെലിവിഷനാണ് സമൂഹത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത്. അവരുടെ ചർച്ചകളിൽ ഞാൻ പോകാറില്ല. സാഹിത്യത്തെ അവർ ചർച്ചചെയ്യാറില്ല. അവർക്കു വേണ്ടതു വിവാദങ്ങളാണ്. സാമൂഹ്യപ്രതികരണം മതി. സിനിമാഘോഷമാണ് ചാനലുകൾ ചെയ്യുന്നത്. 25 കൊല്ലം തുടർച്ചയായി എഴുതിയപ്പോഴാണ് എനിക്കു പുരസ്‌ക്കാരം ലഭിച്ചത്. രണ്ടു പതിറ്റാണ്ട് എഴുതിയപ്പോഴാണ് എന്റെ ഒരു അഭിമുഖം പുറത്തുവന്നത്. പക്ഷേ സിനിമ ഒരെണ്ണം മതി അവരുടെ പിന്നാലെ ചാനലുകളെ പായിക്കാൻ.

  • എം എൻ വിജയനുമായി നല്ല ബന്ധമായിരുന്നു താങ്കൾക്കുണ്ടായിരുന്നത്. ആ ബന്ധത്തെക്കുറിച്ച്?

വിജയന്മാഷ് കേരളം കണ്ടിട്ടുള്ള ഏറ്റവും ശക്തനായ ഫിലോസഫറിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കാവ്യപഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും പ്രസക്തിയുള്ളതായിരുന്നു എക്കാലത്തും. പക്ഷേ അദ്ദേഹത്തിനെക്കുറിച്ച് എനിക്കിപ്പോൾ ഒരു സ്വകാര്യവിമർശനനമുണ്ട്. അദ്ദേഹം സിപിഎമ്മുമായി ഇത്ര ഇൻവോൾവ്ഡ് ആകാൻ പാടില്ലായിരുന്നു. കൂടുതൽ കാവ്യപഠനനത്തിലേക്കും അതുവഴി നമ്മുടെ സാഹിത്യത്തിന് ഏറെ നേട്ടമായേന അത്. നെഹ്‌റുയിസവുമായി കോൺഗ്രസിന് യാതൊരു ബന്ധവുമില്ലെന്നു പറയും പോലെയാണ് സിപിഎമ്മുകാർക്കു മാർക്‌സിയൻ ഐഡിയോളജിയുമായി യാതൊരു ബന്ധവുമില്ല ഇപ്പോൾ. കേവലമൊരു രാഷ്ട്രീയപാർട്ടി മാത്രമായി അതു ചുരുങ്ങി. സർഗാത്മകമല്ല സിപിഐ(എം).

  • സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം?

സിപിഐ(എം) വേദിയിൽ പറയാൻ കഴിയാത്തതു കോൺഗ്രസ് വേദിയിൽ പറയാം എന്നതാണ് പ്രധാന വ്യത്യാസം. കോൺഗ്രസിന്റെ ഒരു വേദിയിൽ ഞാൻ പറഞ്ഞത് രമേശ് ചെന്നിത്തലയ്ക്കു ഉമ്മൻ ചാണ്ടിയെക്കുറിച്ച് എന്തെങ്കിലും വിമർശനമുണ്ടെങ്കിൽ പരസ്യമായി പറയണം. ജനങ്ങൾ അറിയട്ടെ. തിരിച്ചും വിമർശിക്കാം. അതാണ് കോൺഗ്രസിലെ ജനാധിപത്യം. പക്ഷേ കോൺഗ്രസ് വേദിയിൽ പറഞ്ഞത് എനിക്ക് സിപിഐ(എം) വേദിയിൽ പറയാനൊക്കുമോ. സിപിഎമ്മിൽ സംവാദം നടക്കില്ല. ജനാധിപത്യം കോൺഗ്രസിലുണ്ട്. പക്ഷേ അഴിമതിയുടെ കാര്യത്തിൽ ആരും പിറകോട്ടില്ല.

  • കേരളം ഇപ്പോൾ വിവാദങ്ങളുടെ വേലിയേറ്റത്തിലാണ്. ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യത്തെ എങ്ങനെ കാണുന്നു?

സരിത മന്ത്രിമാരെ ഫോൺ ചെയ്തതിൽ തെറ്റ് കാണുന്നില്ല. പക്ഷേ എന്തുപറഞ്ഞു എന്നാണ് അനേന്വഷിക്കേണ്ടത്. മൊബൈൽ ഫോണിൽ ആർക്ക് ആരെയും വിളിക്കാം. സോളാർ അഴിമതിയെപ്പോലെ ഇല്ലാത്ത കമ്പനിയുടെ പേരിൽ നനടത്തിയ അഴിമതിയാണ് ലാവ്‌ലിൻ അഴിമതി. ഇടതിന്റെയും വലതിന്റെയും സ്വഭാവം ജനങ്ങൾക്കു മനസിലായി. പക്ഷേ ജനങ്ങൾക്ക് ഇതിലൊന്നും ഒരു താല്പര്യവുമില്ല. മനുഷ്യന്റെ മസ്തിഷ്‌കം എന്തുപറയുന്നു എന്നാണ് മാദ്ധ്യമങ്ങൾ അന്വേഷിക്കേണ്ടത്. ലൈംഗികമായി എന്തുചെയ്യുന്നുവെന്നു നോക്കേണ്ട. അതവരുടെ പെഴ്‌സണൽ കാര്യമാണ്. കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ലൈംഗികത ആസ്വദിച്ചവരാണ്. അവർ നിരവധി സ്ത്രീകളെ ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ ലോകം അതല്ല ശ്രദ്ധിച്ചത്. അവരുടെ മസ്തിഷ്‌കം എന്തു പറഞ്ഞുവെന്നതാണ്. മറ്റുള്ളവന്റെ ലൈംഗികതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് കേരളത്തിൽ നടക്കുന്നത്. ഇതെല്ലാം ആസ്വദിക്കുന്ന ജനതയെ എനിക്ക് പുച്ഛമാണ്. വൃത്തികെട്ട രാഷ്ട്രീയത്തെ ഊട്ടിവളർത്തിയ ജനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP