Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

തെറ്റിദ്ധാരണ കാരണം ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷം മിണ്ടാതിരുന്നു; ഗാനമേളകളിൽ ആരുടെ പാട്ടും പാടും: കല്ലറ ഗോപനുമായി ഒരു സംഗീത സല്ലാപം

ടുത്തു പറയാൻ പ്രകൃതി ഭംഗി മാത്രമുള്ള ഒരു ഗ്രാമത്തിൽ നിന്നും അകക്കാമ്പിലൊളിച്ചു കളിച്ച സംഗീതത്തിന്റെ തോടു പൊട്ടിക്കാൻ റ്റി എസ് ഗോപകുമാർ എന്ന മീശ കുരുക്കാത്ത ഒരു പയ്യൻ നഗര മദ്ധ്യത്തിലുള്ള സംഗീത പാഠശാലയിലേക്ക് വന്നു ചേർന്നു. അവിടെ നിന്നു പഠിച്ചതും പിന്നീടുള്ള ജീവിത യാത്രയിൽ കണ്ടു മുട്ടിയ ശ്രേഷ്ഠമതികളിൽ നിന്നു ലഭിച്ചതുമായ പാഠങ്ങളെല്ലാം ഓരോ അണുവിലും നിറച്ച്, കഴിഞ്ഞ 30 വർഷങ്ങളായി തന്റെ പ്രാണനും ഉപജീവനുമായി സംഗീതത്തെ ചേർത്തു പിടിച്ച് അദ്ദേഹം നിൽക്കുന്നു. റ്റി എസ് ഗോപകുമാർ എന്ന ആ വ്യക്തിയെ കണ്ടെത്താൻ ശ്രമിച്ചാൽ അതത്ര എളുപ്പമാകില്ല. എന്നാൽ ആ ഗ്രാമത്തിന്റെ പേരിനെ ഒപ്പം കൂട്ടി 'കല്ലറ ഗോപനെ' തിരഞ്ഞാലോ, നമ്മുടെ വിരൽത്തുമ്പിൽ, കാഴ്ചയ്ക്ക് മുന്നിൽ, കാതോരത്ത്, ഒക്കെ ഏറെ പരിചിതനായി അദ്ദേഹവുമുണ്ട്. നാടകം, സിനിമ, ഭക്തി ഗാനം, വിപ്ലവ ഗാനം, ആൽബം ഇങ്ങനെ സംഗീതത്തിന്റെ പല ചില്ലകളിലായി കല്ലറ ഗോപന്റെ പാട്ടുകൾ പൂവിട്ടു നിൽക്കുന്നു.

1983 ൽ വെഞ്ഞാറമ്മൂട് സൗപർണികയുടെ 'അമ്പ്' എന്ന നാടകത്തിലൂടെ നാടക രംഗത്തേക്ക് അദ്ദേഹം കടന്നെത്തി. അന്ന് മുതൽ ഈ വർഷം വരെ സൗപർണികയ്‌ക്കൊപ്പം ഗോപനുമുണ്ട്. ഈ വർഷത്തെ നാടകത്തിന്റെ ഗാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് റെക്കോർഡിങ് പൂർത്തിയായത് എന്ന് പറയുമ്പോൾ ആ കണ്ണുകളിൽ നിറഞ്ഞത് പരസ്പര വിശ്വാസത്തിന്റെയും ആത്മാർത്ഥതയുടെയും ശുദ്ധത ആയിരുന്നു. അർജുനൻ മാസ്റ്ററുടെ സംഗീതവും കല്ലറ ഗോപന്റെ പാട്ടുകളുമായാണ് സൗപർണിക ഇന്നും കേരളത്തിലുടനീളം വേദികൾ പിന്നിടുന്നത്. അർജുനൻ മാസ്റ്ററുമായുള്ള പിതൃതുല്ല്യമായ ബന്ധത്തെക്കുറിച്ച് വാചാലനാകുമ്പോൾ അവരുടെയൊക്കെ അനുഗ്രഹമാണ് എന്റെ ശക്തിയെന്ന് തുറന്നു പറയുന്നു ഈ കലാകാരൻ.

സൗഹൃദങ്ങളുടെ ഊഷ്മളതയാണ് എന്നിലേക്ക് പല പാട്ടുകളും കൊണ്ട് തന്നത് എന്നു പറയുന്നു, അദ്ദേഹം.

  • 'കളിയാട്ടത്തിലെ' 'കതിവന്നൂർ വീരനെ നോമ്പു നോറ്റു' എന്ന പാട്ടിന്റെ വരവിനെ കുറിച്ച്...

കൈതപ്രം വിശ്വനാഥനും ഞാനും ഒന്നിച്ചായിരുന്നു സംഗീത കോളേജിൽ. വിശ്വനോടൊപ്പം മിക്ക വാവുദിവസങ്ങളിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അടുക്കലേക്ക് പോകും. ആ ബന്ധമാണ് ആ പാട്ട് എന്നെ കൊണ്ട് പാടിക്കാൻ അദ്ദേഹത്തെ തോന്നിപ്പിച്ചത്. ആദ്യം നോട്‌സ് പറഞ്ഞു തന്നു. പിന്നീടാണ് വരികൾ എഴുതി നൽകിയത്. സാഹിത്യവും സംഗീതവും സ്വരവും ഇഴ ചേർന്നപ്പോൾ 'കളിയാട്ടം' നേടിയ അംഗീകാരത്തോളം തന്നെ ആ പാട്ടും അനുവാചകരിൽ നിറഞ്ഞു നിന്നു എന്നതിൽ സംശയമില്ല.

  • പാടിയ പാട്ടുകൾ... ആദ്യത്തേതും ഒടുവിലത്തേതും

1986 ൽ പുറത്തിറങ്ങിയ ഓർമ്മയിൽ ഒരു മണിനാദമായിരുന്നു ആദ്യം പാടിയ സിനിമ. പിന്നീട് വർഷങ്ങളുടെ ഇടവേളകളിട്ട് ഒട്ടേറെ സിനിമാ ഗാനങ്ങൾ, കാഴ്ചയ്ക്കപ്പുറം, കാവടിയാട്ടം (തെങ്ങുമ്മേൽ കേറണതാരാണ്) സാഫല്യം (കാക്കേ കാക്കേ കാക്കത്തമ്പുരാട്ടി) തിളക്കം (ഈ കണ്ണൻ കാട്ടും കുസൃതി) ആഭരണച്ചാർത്ത് (കാവും കോവിലകവും) തീർത്ഥാടനം (മൂളി മൂളി കാറ്റിനുണ്ടൊരു), കൊച്ചു കൊച്ചു സന്തോഷങ്ങൾ (സുമസായക കീർത്തനം) ഈ പേരുകൾ ഇപ്പോളെത്തി നിൽക്കുന്നത് ശ്രീകുമാരൻ തമ്പിയുടെ ഏറ്റുവും പുതിയ ചിത്രമായ 'അമ്മയ്‌ക്കൊരു താരാട്ടിലാണ്'. സുജാതയ്‌ക്കൊപ്പം അതിലൊരു യുഗ്മ ഗാനം തമ്പി സാർ കല്ലറ ഗോപന് വേണ്ടി കരുതിയിട്ടുണ്ട്.

  • ഗാനമേളകളിൽ ചിലരുടെ പാട്ടുകൾ മാത്രം സ്‌പെഷ്യലൈസ് ചെയ്തു പാടുന്ന പുതിയ പ്രവണതയെക്കുറിച്ച്...

'ഞാൻ നോക്കുന്നത് പാട്ടുകളാണ്, ഗായകനെയല്ല. കമുകറ ചേട്ടനും ഉദയഭാനു ചേട്ടനും സി ഒ ആന്റോ ചേട്ടനുമൊക്ക വേദികളിൽ പാടുന്നത് കൂടെ നിന്ന് കേട്ട് എന്റെ ഉള്ളിൽ നിറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ആ പാട്ടുകൾ പൂർണ്ണ തൃപ്തിയോടെ പാടാൻ എനിക്ക് സാധിക്കും.'

ഉദയ ഭാനുവിന്റെ 'ഓൾഡ് ഈസ് ഗോൾഡ്' പിന്നണി ഗായകരിലെ പവിഴ മുത്തുകളെയും കൊണ്ടു ഉലകം ചുറ്റി സംഗീതാർച്ചന നടത്തുമ്പോൾ ആ ടീമിൽ കല്ലറ ഗോപൻ എന്ന കുരുന്നു പയ്യനും ഇടം പിടിച്ചിരുന്നു. ആ ഹൃദിസ്ഥത തന്നെയാകാം കണക്കെണ്ണി വയ്ക്കാത്ത വേദികളിലൂടെ ഇന്നും ഈ ഗായകനെ പാടിപ്പിച്ചു കൊണ്ടേയിരിക്കുന്നത്.

  • ദേവരാജൻ മാസ്റ്ററുമായുള്ള പിണക്കം...

രാഘവൻ മാഷ്!, ദക്ഷിണാമൂർത്തി സ്വാമികൾ, ദേവരാജൻ മാസ്റ്റർ, അർജ്ജുനൻ മാസ്റ്റർ, ശ്രീകുമാരൻ തമ്പി സാർ, രവീന്ദ്രൻ മാഷ്, എം ജി രധാകൃഷ്ണൻ ചേട്ടൻ, ജോൺസൺ മാഷ് ഇവരുടെ അടുത്ത് നിന്ന് പാട്ട് കേട്ട് പഠിക്കാനും പാടാനും സാധിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് വിനയാത്വിതനായി പറയുമ്പോഴും ദേവരാജൻ മാസ്റ്ററുമായി പത്ത് വർഷത്തോളം മിണ്ടാതിരുന്നതിനെപറ്റി അദ്ദേഹം മറച്ച് വയ്ക്കുന്നില്ല.

'എവിടുന്നോ വന്ന ഒരു തെറ്റിദ്ധാരണ മാറാൻ 10 വർഷമെടുത്തു. അതും ഒരു സുഹൃത്തിന്റെ (തബലിസ്റ്റ് ഗണശൻ) ഇടപെടലിലൂടെ. ചെറുപ്പത്തിന്റെ ഇത്തിരി വാശി എനിക്കുമുണ്ടായിരുന്നു. പത്ത് വർഷത്തിന് ശേഷം മാഷിന്റെ അടുത്തേയ്ക്ക് ചെന്നിട്ടും ഒന്നും മിണ്ടാതെ ഞാനിരുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെ ആയിരുന്നു എന്റെ ആ ഇരിപ്പിന് കാരണം. ഗണേശൻ ഇടപെട്ട് സംസാരിച്ച് തുടങ്ങി മാഷിന്റെ തെറ്റിദ്ധാരണ മാറിയെന്ന് തോന്നിയ നിമിഷം ഞാൻ തെറ്റായി ഒന്നും ചെയ്തിട്ടില്ല എങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ് എന്ന് പറഞ്ഞ് സാഷ്ടാഗം നമിച്ചു. പുണർന്നെഴുന്നേല്പിച്ച ആ ബന്ധം അവസാനം വരെ തുടർന്നു.'

  • ആരോടും പരിഭവമില്ല...

കല്ലറ ഗോപന്റെ സംഗീത യാത്രയുടെ തുടക്കത്തിലെ പ്രഭാവലയം കണ്ടന്ധാളിച്ചു പോയ ആരുടെയോ പിറുപിറുക്കലിന്റെ പേരിൽ നഷ്ടമായ ആ പത്ത് വർഷത്തെ ഓർത്തു സങ്കടമില്ലേ എന്നുള്ള ചോദ്യത്തിന് വെട്ടിപ്പിടിക്കലിനും വെട്ടി നിരത്തലിനും വേണ്ടി എന്തു കുതന്ത്രങ്ങളും പണിയുന്നവരെ ഓർത്ത് സങ്കടപ്പെടാൻ നേരമില്ലെന്നതാണ് ഇദ്ദേഹത്തിന്റെ പക്ഷം.

'എനിക്ക് സംഗീതം കൂടെ ഉണ്ടായാൽ മതി. ഈ വിഭാഗത്തിലെ തന്നെ വേണം എന്ന് നിർബന്ധമില്ല. അതിന്നു വരെയും എന്നോടൊപ്പം തന്നെയുണ്ട് പിന്നെ ഞാനെന്തിന് പരിഭവിക്കണം?'

പാട്ടുകൾക്കൊപ്പം മ്യൂസിക് കമ്പോസിംഗിലും കല്ലറ ഗോപൻ സജീവമാണ്. ഋതു ഭംഗി, ഇടവഴിയിലെ ഈണങ്ങൾ എന്നീ രണ്ട് ആൽബങ്ങളും വിജയമുദ്ര നേടിയവയാണ്. എല്ലാ പ്രചോദനവും നൽകി കൂടെ നിൽക്കന്നവരിൽ മുൻ പന്തിയിൽ തന്നെയുള്ള ഗായകൻ പി ജയചന്ദ്രൻ ഈ രണ്ട് ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇത് കൂടാതെ ഒട്ടനവധി കവിതകൾക്കും ഈണമിട്ടിട്ടുണ്ട് ഇദ്ദേഹം. സംഗീത നാടക അക്കാഡമിയുടെ 2000 ത്തിലെ കോൺട്രിബ്യൂഷനുള്ള അവാർഡ് 5 തവണ മികച്ച നാടക ഗായകനുള്ള സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഈ സംഗീത ഉപാസകനെ തേടി എത്തിയിട്ടുണ്ട്.

ഗായികയും സംഗീതാസ്വാദകയുമായ ഭാര്യ ശർമ്മിളയ്‌ക്കൊപ്പം തിരുവനന്തപുരം പിറ്റിപി നഗറിലെ സംഗീത സാന്ദ്രമായ സൂര്യഗീതത്തിൽ ആണ് കല്ലറ ഗോപന്റെ താമസം. ആ സ്വരക്കൂട്ടുകളിൽ ശ്രുതി നിറയ്ക്കാൻ രണ്ടിളംനാദക്കാരും: ബിരുദ വിദ്യാർത്ഥിനിയായ നാരായണിയും 9 ാം ക്ലാസ്സുകാരനായ മഹാദേവനും. അച്ഛന്റെയും അമ്മയുടെയും സംഗീതത്തെ ഉൾക്കുടന്നയിലെവിടെയോ ആവാഹിച്ച് കൊണ്ട് നിറഞ്ഞ ചിരിയോടെയും സംതൃപ്തിയോടെയും ഒരു ജീവിതയാത്ര.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP