Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഐപിഎസുകാരനായി 15 വർഷം വീതം ഇരുമുന്നണികളുടേയും സർക്കാരിനൊപ്പം നിന്നു; ഇപ്പോൾ പുറത്താക്കിയത് വ്യാജരേഖ ചമച്ച്; ചാരക്കേസിൽ നായനാർ പറഞ്ഞത് വിശ്വാസം തന്നെ മാത്രമെന്ന്: പൊലീസുകാരൻ മുതൽ ഡിജിപി വരെയുള്ളവർക്ക് അഭിമാനമായ നിയമവിജയത്തിന് ശേഷം സെൻകുമാർ മറുനാടനോട് മനസ്സുതുറക്കുന്നു

ഐപിഎസുകാരനായി 15 വർഷം വീതം ഇരുമുന്നണികളുടേയും സർക്കാരിനൊപ്പം നിന്നു; ഇപ്പോൾ പുറത്താക്കിയത് വ്യാജരേഖ ചമച്ച്; ചാരക്കേസിൽ നായനാർ പറഞ്ഞത് വിശ്വാസം തന്നെ മാത്രമെന്ന്: പൊലീസുകാരൻ മുതൽ ഡിജിപി വരെയുള്ളവർക്ക് അഭിമാനമായ നിയമവിജയത്തിന് ശേഷം സെൻകുമാർ മറുനാടനോട് മനസ്സുതുറക്കുന്നു

അരുൺ ജയകുമാർ

തിരുവനന്തപുരം: ഐഎസ്ആർഓ ചാരക്കേസ് അന്വേഷണം മുൻ മുഖ്യമന്ത്രി നായനാർ വിശ്വസിച്ചേൽപിച്ച ഉദ്യോഗസ്ഥനായിരുന്നു താനെന്ന് മുപ്പതുവർഷത്തെ കരിയറിൽ ഇത്തരമൊരു നിയമപോരാട്ടം നടത്തേണ്ടിവന്ന സാഹചര്യം വിലയിരുത്തിക്കൊണ്ട് മുൻ ഡിജിപി ടി പി സെൻകുമാർ. മറുനാടന് നൽകിയ അഭിമുഖത്തിൽ കേസിലെ പോരാട്ടങ്ങളും ഇതിലേക്ക് നയിച്ച സന്ദർഭങ്ങളും തുറന്നുപറയുകയാണ് സെൻകുമാർ.

ഒരു പൈസപോലും വാങ്ങാതെ ഈ കേസിൽ ന്യായം നടപ്പാകാൻ വേണ്ടി അഡ്വക്കേറ്റ് ദുഷ്യന്ത് ജാവേദ് തനിക്കൊപ്പം നിന്നതുകൊണ്ടാണ് ഇത്തരമൊരു വിധി നേടാനായത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പൊലീസിന്, പ്രത്യേകിച്ച് നിയമപരമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഗുണകരമായ വിധിയാണിതെന്ന് പറഞ്ഞുകൊണ്ടാണ് സെൻകുമാർ ഇന്നത്തെ സുപ്രീംകോടതി വിധിയിൽ മറുനാടനോട് പ്രതികരിച്ചു തുടങ്ങിയത്.

ദേശീയ തലത്തിൽ തന്നെ എസ് എച്ച് ഓ മുതൽ ഡിജിപി വരെ പൊലീസ് സേനയിലെ ഉദ്യോഗസ്ഥരെ മാറ്റുന്ന കാര്യത്തിൽ പ്രൊട്ടക്ഷൻ ലഭിക്കും വിധത്തിലുള്ള വിധിയാണ് വന്നിരിക്കുന്നതെന്ന് സെൻകുമാർ ചൂണ്ടിക്കാട്ടുന്നു. മറിച്ച് ഒരു നടപടിയുണ്ടായാൽ അത് കോടതിയിൽ ചോദ്യംചെയ്യാമെന്ന സ്ഥിതിയാണ് ഉണ്ടാകുന്നതെന്നും സെൻകുമാർ വിലയിരുത്തുന്നു.

എനിക്കുവേണ്ടി പ്രാർത്ഥിച്ചവരോട്, ഒരു പൈസപോലും വാങ്ങാതെ ഇത്തരമൊരു കേസിൽ നിയമം ജയിക്കാൻ വേണ്ടി സുപ്രീംകോടതിയിൽ വാദിച്ച അഡ്വ. ദുഷ്യന്ത് ജാവേദ് എന്നിവർക്കെല്ലാം നന്ദി പറയുന്നുവെന്ന് തുറന്നുപറയുകയായിരുന്നു സെൻകുമാർ. മറുവശത്ത് കേരള സർക്കാരിന് വേണ്ടി ഹാജരായത് ഹരീഷ് സാൽവേ ആണ്.

പണംകൊടുത്ത് നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നെങ്കിൽ അത് തന്നെ സംബന്ധിച്ച് ചിന്തിക്കാൻ പോലും ആകാത്ത കാര്യമാണെന്ന് വ്യക്തമാക്കുകയായിരുന്നു സെൻകുമാർ. പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ സഹായിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ആത്മവീര്യം പകരുന്ന വിധിയാണെന്ന് സെൻകുമാർ വ്യക്തമാക്കുമ്പോൾ ഈ വിധി ഇന്ത്യൻ ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.

ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ള കേസിലാണ് സംസ്ഥാന സർക്കാരിനെതിരെ ടിപി സെൻകുമാർ പൊരുതി ജയിച്ചത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് നടന്ന ചില കേസന്വേഷണങ്ങളിൽ വീഴ്ചപറ്റിയെന്ന് വാദിച്ച് സെൻകുമാറിനെ പടിക്കുപുറത്താക്കിയ നടപടിയിൽ വാദിച്ചുജയിക്കാൻ സുപ്രീംകോടതിയിൽ പിണറായി സർക്കാരിന് ആയില്ല. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ സെൻകുമാർ സമർപ്പിച്ച ഹർജിയിൽ സെൻകുമാർ വിജയിച്ചതോടെ സർക്കാരിന് കടുത്ത തിരിച്ചടിയാണ് ഉണ്ടായത്.

അഭിമുഖത്തിലേക്ക്:

പുറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷാ കൊലപാതകം എന്നീ കേസുകളിൽ വീഴ്ച പറ്റി എന്ന് പറഞ്ഞാണ് താങ്കളെ സ്ഥാനത്ത് നിന്ന് മാറ്റിയത്. പുതിയ പൊലീസ് മേധാവി വന്ന ശേഷം പൊലീസിന് വീഴ്ച പറ്റിയെന്ന് നിരവധി തവണ സർക്കാർ തന്നെ ഏറ്റ് പറഞ്ഞതാണ്. അതിനെക്കുറിച്ച്

അതിനെക്കുറിച്ച് മാധ്യമങ്ങളും പൊതു ജനങ്ങളും കാണുന്നുണ്ട്. മാധ്യമങ്ങൾ കാണുന്നുണ്ട് അപ്പോൾ എല്ലാവർക്കും അറിയാവുന്ന കാര്യത്തിൽ ഞാൻ പ്രത്യേകിച്ച് അഭിപ്രായം പറയുന്നില്ല

ഹരീഷ് സാൽവയെപ്പോലെയുള്ള രാജ്യത്തെ മികച്ച അഭിഭാഷകർക്കെതിരെ വാദിച്ച് സ്വന്തമാക്കിയ വിജയത്തെക്കുറിച്ച്

സർക്കാരിനെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല. പക്ഷേ എനിക്കെതിരെ മൂന്നോളം ഫയലുകൾ എങ്ങനെ ഉണ്ടായി എന്ന കാര്യം എല്ലാവരും അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. അത് തെറ്റായ ഒരു പ്രവണതയാണ്.ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജമായ രേഖകൾ ഉണ്ടാക്കുന്നത് എങ്ങനെയാണ്. മുഖ്യമന്ത്രി തന്നെ ഉൾപ്പെട്ട ഒരു പേജ് ഇല്ലാതോയോ തുടങ്ങിയ കാര്യങ്ങൾ തീർച്ചയായും എല്ലാവരും അറിയണം.ഇത്തരം കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം വരണം എ്ന്നാണ് വ്യക്തമായി പറയാനുള്ളത്.

ടിപി സെൻകുമാർ എന്ന വ്യക്തിയുമായി സി.പി.എം നേതൃത്വം നൽകുന്ന സർക്കാറിന് യോജിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്

അതിനെക്കുറിച്ച് പറഞ്ഞാൽ കഴിഞ്ഞ 30 വർഷം അതിൽ 15 വർഷം യുഡിഎഫും പിന്നെ 15 വർഷം എൽഡിഎഫും കേരളം ഭരിച്ചു. ഈ കാലഘട്ടത്തിൽ ഞാൻ നിരവധി പോസ്റ്റുകളിൽ ജോലി ചെയ്തിട്ടുണ്ട്. ലോക്കൽ പൊലീസിൽ തന്നെ എൽഡിഎഫ് കാലത്ത് മൂന്നര വർഷം സേവനമനുഷ്ടിച്ചിട്ടുണ്ട. അത്പോലെ തന്നെ മൂന്നര വർഷം യുഡിഎഫ് കാലത്തും ജോലി ചെയ്തിട്ടുണ്ട്. ഞാൻ ഇതിൽ അസംതൃപ്തനായിരുന്നില്ല. ആരും ജോലി ചെയ്യാൻ ഇഷ്ടപ്പെടാത്ത കെഎസ്ആർടിസിയിൽ പോലും ജോലി ചെയ്തിട്ടുണ്ട്. ഈ സമയത്തെല്ലാം നന്നായി തന്നെ ജോലി ചെയ്തിട്ടുണ്ട്. അതിലൊന്നും തന്നെ പരാതികളില്ല. പക്ഷേ ഞാൻ മാറുന്ന സമയത്ത് മോശക്കാരനാണെന്ന് പറയുന്നത് ശരിയല്ല എന്ന വസ്തുത ഉൾക്കൊണ്ടാണ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.

മോശക്കാരനായതുകൊണ്ട് പുറത്താക്കി എന്ന് പറയുന്നത് ശരിയല്ല എന്ന തോന്നലാണ് ഉണ്ടായത്. മറ്റ് എല്ലാ പൊലീസുകാർക്കും വേണ്ടി ഇവിടെ ഉള്ള നിയമങ്ങൾ നടപ്പിലാക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ. ഈ വിധി വരും തലമുറയ്ക്ക് നല്ലതാണ്. ജോലി ചെയ്യാൻ മനസ്സുള്ളവർക്ക് ഇത് തീർച്ചയായും ഉപയോഗപ്പെടും. സി.പി.എം എന്ന പ്രസ്ഥാനത്തിന് തന്നോട് എന്തെങ്കിലും വിയോജിപ്പ് ഉണ്ടോ എന്ന് അറിയില്ലെന്നും സെൻ കുമാർ പറഞ്ഞു.

ഡിജിപി ആയി ചുമതലയേൽക്കുമോ? കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണലുമായി ബന്ധപെട്ട വിഷയങ്ങളെക്കുറിച്ച്.

കോടതി വിധി വന്ന പശ്ചാത്തലത്തിൽ അതിന്റെ ബാക്കി നടപടി ക്രമങ്ങൾ കഴിഞ്ഞ ശേഷമെ അതെക്കുറിച്ച് പറയാനാവുകയുള്ളു. പിന്നെ കേരള അഡ്‌മിനിസ്ട്രേറ്റിവ് ട്രിബ്യൂണലുമായി ബന്ധപെട്ട വിഷയങ്ങൾക്ക് ഈ കേസുമായി ബന്ധമില്ലാത്തതിനാൽ അതെക്കുറിച്ച് പറയാനാകില്ല.

രാഷ്ട്രീയ നേതൃത്വത്തിന് എന്തെങ്കിലും വെറുപ്പുണ്ടെന്ന് തോന്നുന്നുണ്ടോ ? ടിപി കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടി പരിശോധിക്കുമ്പോൾ.

ടിപി വധക്കേസ് ഞാനല്ല അന്വേഷിച്ചത്. അതിന് വേണ്ട സഹായങ്ങൾ ഞാനാണ് ചെയ്തുകൊടുത്തത്. വെറുപ്പുണ്ടെന്ന് കരുതാനാകില്ല. ഇകെ നായനാർ കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന എൽഡിഎഫ് ഗവൺമെന്റിന്റെ സമയത്ത് ഐഎസ്ആർഒ കേസ് വീണ്ടും അന്വേഷിച്ചപ്പോൾ അതിന്റെ ചുമതല എനിക്കാണ് നൽകിയത്.

കേസ് എടുക്കാൻ ബിുദ്ധിമുട്ടെന്ന് പറഞ്ഞപ്പോൾ നായനാർ സാർ നിർബന്ധിച്ച് കേസ് ഏൽപ്പിക്കുകയും എനിക്ക് നിങ്ങളെ മാത്രമേ വിശ്വാസമുള്ളുവെന്ന് പറഞ്ഞ് കൊണ്ടാണ്. മുഖ്യമന്ത്രി ഇകെ നായനാരുടെ ഓഫീസിൽ വെച്ച് 1996 ജൂൺ 24 രാത്രി 10 മണിക്കാണ് ഈ പറഞ്ഞ സംഭവം നടന്നത്. എന്നേക്കാൾ ആറ് വർഷം സീനിയറായ ഉദ്യോഗസ്ഥൻ അന്വേഷിച്ച് സിബിഐക്ക് കൈമാറിയ കേസാണ് എനിക്ക് തരരുതെന്ന് പലരും ശുപാർശ ചെയ്തിട്ടും മുഖ്യമന്ത്രി ഏൽപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP