Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

200 കടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; കോൺഗ്രസ് നൂറുതികയ്ക്കില്ല; കയ്യാലപ്പുറത്തിരിക്കുന്ന കക്ഷികളെ കൂട്ടി മോദി പ്രധാനമന്ത്രിയാകും

200 കടന്ന് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും; കോൺഗ്രസ് നൂറുതികയ്ക്കില്ല; കയ്യാലപ്പുറത്തിരിക്കുന്ന കക്ഷികളെ കൂട്ടി മോദി പ്രധാനമന്ത്രിയാകും

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി ഇക്കുറി ബിജെപി അധികാരത്തിലെത്തുമെന്നും നരേന്ദ്രമോദിതന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രമുഖ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ ജയശങ്കർ. കോൺഗ്രസ്സിന്റെ പ്രകടനം ദേശീയതലത്തിൽ തീരെ മോശമായിരിക്കുമെന്നും അദ്ദേഹം മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

1999ൽ വാജ്‌പേയിയുടെ നേതൃത്വത്തിൽ അധികാരത്തിലെത്തിയപ്പോൾ 114 സീറ്റായിരുന്നു ബിജെപി നേടിയത്. തുടർന്നു നടന്ന രണ്ടു തിരഞ്ഞെടുപ്പുകളിൽ 138ഉം 112ഉം സീറ്റുകളായിരുന്നു പാർട്ടിക്കു ലഭിച്ചത്. എന്നാൽ ഇക്കുറി മോദിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി തനിച്ച് 200 സീറ്റിലധികം നേടുമെന്നുറപ്പാണ്. അത് 220 സീറ്റുവരെ ആയേക്കാമെന്നും ജയശങ്കർ വിലയിരുത്തുന്നു.

അതിനുപുറമെ എൻഡിഎ സഖ്യകക്ഷികളുടെ സീറ്റുകൾ കൂടിയാകുമ്പോൾ ബിജെപിക്ക് സുഖമായി അധികാരത്തിലെത്താനാകും. കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങപോലെ ഇപ്പോൾ ചാഞ്ചാടി നിൽക്കുന്ന കക്ഷികളും അധികാരം കിട്ടുമെന്നാകുമ്പോൾ എൻഡിഎയ്‌ക്കൊപ്പം ചേരാനും സാധ്യത ഏറെയാണ്. നിരവധി പ്രാദേശിക പാർട്ടികൾ ഇപ്പോഴേ ഈ നിലയ്ക്ക് ചിന്തിക്കുന്നവരാണ്. ജയലളിത, മായാവതി, മമത തുടങ്ങിയവരിലാരും ബിജെപിയോടൊപ്പം ചേരാം. മോദിതരംഗം മാത്രമല്ല ദേശീയതലത്തിൽ യുപിഎ സർക്കാരുകൾക്കെതിരെ കഴിഞ്ഞ പത്തുവർഷത്തിനിടെ ഉയർന്ന നിരവധി അഴിമതി ആരോപണങ്ങളും ഈ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമാകുന്ന ഘടകമാണ്. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നിലപാടുകളും തിരഞ്ഞെടുപ്പിൽ ചർച്ചയാവുന്നുണ്ട് - ജയശങ്കർ പറയുന്നു.

ബിജെപിക്ക് ഹിമാചൽപ്രദേശ്, ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായിരിക്കും കൂടുതൽ നേട്ടമുണ്ടാക്കാനാവുക. യുപിയിലും ബീഹാറിലും പാർട്ടിക്ക് നില മെച്ചപ്പെടുത്താനാകും. ഡൽഹിയിൽ ആംആദ്മി തരംഗം ഉണ്ടെങ്കിലും അതിന്റെ ദോഷം കൂടുതൽ ബാധിക്കുക കോൺഗ്രസ്സിനെയാകും. 

കോൺഗ്രസ്സിന്റെ സ്ഥിതി ഇക്കുറി ഏറെ ദയനീയമാകും. കഴിഞ്ഞതവണ 201 സീറ്റ് നേടിയ കോൺഗ്രസ്സിന് ഇക്കുറി 85 സീറ്റ് ലഭിക്കുമെന്നേ ഇപ്പോഴത്തെ സ്ഥിതിയിൽ കരുതാനാകൂ. പരമാവധി 90 സീറ്റുവരെ നേടിയേക്കാം. തിരിച്ച് 65-70 സീറ്റിലക്ക് കുറയാനും സാധ്യതയുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകത്തിൽ മാത്രമേ പാർട്ടിക്ക് ഇക്കുറി കഴിഞ്ഞതവണത്തേതിൽ നിന്ന് നില മെച്ചപ്പെടുത്താനാവുമെന്ന് പ്രതീക്ഷിക്കാനാവൂ. ആന്ധ്രയിലും തമിഴ്‌നാട്ടിലുമെല്ലാം കോൺഗ്രസ് വൻ തിരിച്ചടി നേരിടേണ്ടിവരും. ഡൽഹിയിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ആംആദ്മി സ്ഥാനാർത്ഥികൾ സാന്നിധ്യമറിയിക്കുമെന്ന പ്രത്യേകതകൂടിയുണ്ട് ഈ തിരഞ്ഞെടുപ്പിന്. ഇത് പ്രാദേശിക കക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളേയും ഒരുപോലെ ബാധിക്കാം. ചില മണ്ഡലങ്ങളിൽ അവർ എത്രത്തോളം വോട്ടുപിടിക്കുമെന്നതും നിർണായകമാകും - ജയശങ്കർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP