Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഐ(എം) സ്ഥാനാർഥികളുടെ തോൽവി ഗെയിലിന്റെ അഭിമുഖം മൂലമല്ല; എട്ടുകാലി മമ്മൂഞ്ഞുമാരുടെ അവകാശവാദങ്ങൾ വിവരമുള്ളവർ കാര്യമായി എടുക്കാറില്ല: ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട്

സിപിഐ(എം) സ്ഥാനാർഥികളുടെ തോൽവി ഗെയിലിന്റെ അഭിമുഖം മൂലമല്ല; എട്ടുകാലി മമ്മൂഞ്ഞുമാരുടെ അവകാശവാദങ്ങൾ വിവരമുള്ളവർ കാര്യമായി എടുക്കാറില്ല: ജോൺ ബ്രിട്ടാസ് മറുനാടൻ മലയാളിയോട്

മാതാ അമൃതാനന്ദമയിയുടെ മുൻശിഷ്യ ഗെയ്ൽ ട്രെഡ്വെലുമായുള്ള ജോൺ ബ്രിട്ടാസിന്റെ അഭിമുഖം കൈരളി ടിവിയിൽ സംപ്രേഷണം ചെയ്തത് കൊല്ലം, ആലപ്പുഴ ലോക്‌സഭാ സീറ്റുകളിലെ ഇടതുമുന്നണിയുടെ തോൽവിക്ക് ഇടയാക്കിയെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ(എം) സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ നടത്തിയിരുന്നു. ബ്രിട്ടാസിന്റെ ഗെയ്ൽ അഭിമുഖം ഹിന്ദു വോട്ടുകൾ പാർട്ടിക്കെതിരാക്കിയെന്ന നിരീക്ഷണമാണ് സംസ്ഥാന കമ്മിറ്റി മുന്നോട്ടുവെച്ചത്. ഈ സാഹചര്യത്തിൽ കൈരളി ടിവിയുടെ ഭാഗം വിശദീകരിച്ചുകൊണ്ട് എം ഡി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബ്രിട്ടാസ് കൈരളിയുടെയും തന്റെയും ഭാഗം വിശദീകരിച്ചത്. സിപിഐ(എം) സ്ഥാനാർഥികളുടെ തോൽവിക്ക് കൈരളി കാരണക്കാരല്ലെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ് സിപിഐ(എം) ഇങ്ങനെയൊരു നിഗമനത്തിൽ എത്തുമെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു. മറിച്ചാണെങ്കിൽ മാതാ അമൃതാനന്ദമയി മഠത്തിന് ഏറ്റവും കൂടുതൽ അനുയായികൾ ഉണ്ടെന്ന് അവർ തന്നെ അവകാശപ്പെടുന്നത് പാലക്കാട്ട് എന്തുകൊണ്ടാണ് രാജേഷ് വൻ വിജയം നേടിയതെന്നും ബ്രിട്ടാസ് ചോദിച്ചു. ബ്രിട്ടാസുമായി നിവേദിത ദാസ് നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്ക്.

  • മാതാ അമൃതാനന്ദമയിക്കെതിരെ പുസ്തകം എഴുതിയ ഗെയ്ൽ ട്രെഡ്വെല്ലിന്റെ അഭിമുഖം കൈരളി സംപ്രേഷണം ചെയ്തതു കൊണ്ടാണ് കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളിൽ തോറ്റത് എന്ന ആക്ഷേപം സിപിഐ(എം) സംസ്ഥാന കമ്മിറ്റി കണ്ടെത്തിയതായി വാർത്തയുണ്ടല്ലോ?

സിപിഐ(എം) സംസ്ഥാന സമിതി അങ്ങനെയൊരു നിഗമനത്തിൽ എത്തിച്ചേർന്നതായി എനിക്ക് അറിവില്ല. വളരെ സൂക്ഷ്മമായി കാര്യങ്ങളെ വിലയിരുത്തുന്ന സിപിഎമ്മിന്റെ ഏറ്റവും പ്രധാനപ്പെട്ട സമിതി ഇത്തരമൊരു നിലപാട് സ്വീകരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത്തരമൊരു നിഗമനം നടത്തിയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികമായും സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലുണ്ടാകണം. ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് മനസിലാകുന്ന കാര്യം വെച്ച് അതിനുള്ള സാധ്യത ഞാൻ കാണുന്നില്ല.

അതേസമയം രാഷ്ട്രീയ പാർട്ടികൾക്കും പ്രവർത്തകർക്കും എന്തിനേറെ പ്രേക്ഷകർക്ക് പോലും ഒരു ചാനലിന്റെ ഉള്ളടക്കത്തെ വിമർശിക്കാനുള്ള അവകാശമുണ്ട്. കൈരളിയുടേയോ പീപ്പിളിന്റേയൊ ഉള്ളടക്കത്തെക്കുറിച്ച് കോൺഗ്രസിനും വിമർശിക്കാം. ആ സ്വാതന്ത്ര്യം സിപിഎമ്മിനുമുണ്ട് താനും. മനോരമയുടെ ഉള്ളടക്കത്തെ കുറിച്ച് സിപിഐ(എം) വിമർശിക്കുന്നുണ്ട്. തിരിച്ചും മറിച്ചും സംഭവിക്കുന്നുണ്ട്. എന്നാൽ ഏത് മാദ്ധ്യമത്തിന്റെയും കുറഞ്ഞപക്ഷം കൈരളിയൂടേതെങ്കിലും നയസമീപനങ്ങൾ സ്വീകരിക്കപ്പെടുന്നത് ഞങ്ങളുടെ പ്രവർത്തന മണ്ഡലത്തിൽ തന്നെയാണ്. അതിലൊരിക്കലും വെള്ളം ചേർക്കാനോ മായം ചേർക്കാനോ ഞങ്ങൾ ഒരുക്കമല്ല.

  • അപ്പോൾ കൊല്ലത്തെയും ആലപ്പുഴയിലേയും സിപിഎമ്മിന്റെ തോൽവിക്ക് കാരണമെന്താണ്?

അത് സിപിഐ(എം) തന്നെ കണ്ടെത്തേണ്ട കാര്യമാണ്. കേരളത്തിൽ ഉടനീളമുള്ള 12 മണ്ഡലങ്ങളിലെ തോൽവിയുടെ കാരണവും അവർ തന്നെ കണ്ടെത്തണം. എന്നാൽ ആദ്യത്തെ ചോദ്യവുമായി ഇതിന് ബന്ധമുള്ളതുകൊണ്ട് ചില കാര്യങ്ങൾ ഞാൻ സൂചിപ്പിക്കാം:

ഞങ്ങളെ കൊണ്ടാണ് ഒരാൾ തോറ്റത്, അല്ലെങ്കിൽ ജയിച്ചത് എന്ന് സ്ഥാപിക്കാൻ എല്ലാ കാലഘട്ടത്തിലും 'എട്ടുകാലി മമ്മൂഞ്ഞിമാർ' മത്സരിക്കാറുണ്ട്. അതൊന്നും വിവരമുള്ളവർ കാര്യമായി എടുക്കാറില്ല. മാതാ അമൃതാനന്ദമയി മഠത്തിന് ഏറ്റവും കൂടുതൽ അനുയായികൾ ഉണ്ടെന്ന് അവർ തന്നെ അവകാശപ്പെടുന്നത് പാലക്കാടാണ്. അങ്ങനെയാണെങ്കിൽ അവിടെ സിപിഐ(എം) സ്ഥാനാർഥിയുടെ ഭൂരിപക്ഷം സ്ഥാനാർഥിയുടെ ഭൂരിപക്ഷം പതിന്മടങ്ങയാത് ഗെയിലിന്റെ വ്യക്തിപ്രഭാവം കൊണ്ടാണെന്ന് ആരെങ്കിലും പറയുമോ? സർവ്വോപരി യുഡിഎഫിന്റെ സ്ഥാനാർത്ഥി എംപി വീരേന്ദ്രകുമാർ അമ്മയുടെ കറകളഞ്ഞ ഭക്തൻ മാത്രമല്ല അമ്മയെ ദിവസേനയെന്നോണം പ്രോത്സാഹിപ്പിക്കുന്ന പത്രത്തിന്റെ ഉടമകൂടിയാണ്. എന്നിട്ടും എന്തുകൊണ്ട് ഈ ആരോപിക്കപ്പെടുന്ന കാര്യം അവിടെ സിപിഎമ്മിന്റെ വിജയത്തെ ബാധിച്ചില്ല?

ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിക്ക് കേരളത്തിലെ ഒരു ശരാശരി ബിജെപി സ്ഥാനാർഥിക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ പോയത് എന്തുകൊണ്ടാണ്? കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് നാലായി ചുരുങ്ങിയത് അമ്മയുടെ ത്രികാല ജ്ഞാനം കൊണ്ടാണെന്ന് ഇനിയാരും പറഞ്ഞുവെക്കില്ലല്ലോ?

  • കൊല്ലത്തും ആലപ്പുഴയിലും നിന്ന ബിജെപി സ്ഥാനാർഥികൾ മുന്നോക്ക സമുദായത്തിൽപ്പെട്ടവർ അല്ലാതായതു കൊണ്ട് ബിജെപിക്കാർ യുഡിഎഫിന് വോട്ടുമറിച്ചു എന്ന ആക്ഷേപത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

പരിശോധിക്കപ്പെടേണ്ട ആക്ഷേപം തന്നെയാണിത്. മറ്റ് ബിജെപി സ്ഥാനാർഥികളുടെ വോട്ടുമായി തട്ടിച്ചു നോക്കുമ്പോൾ ഇവർ പിന്നോട്ടു പോയിട്ടുണ്ട്. ഇരുവരും മുന്നോക്ക വിഭാഗത്തിൽപ്പെടുന്നില്ലെന്നതും വസ്തുതയാണ്. പക്ഷേ, ഈ പരാതി സൂക്ഷമമായി പരിശോധിക്കേണ്ടത് ബന്ധപ്പെട്ടവരാണ്.

  • തിരുവിതാംകൂർ ഭാഗത്ത് നായർ വിഭാഗത്തിൽപ്പെട്ട ഒരാളെ പോലും സ്ഥാനാർത്ഥിയാക്കിയില്ലെന്ന് ആക്ഷേപമുണ്ടല്ലോ?

ഈ ഒരു ആക്ഷേപം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് തന്നെ കേട്ടിരുന്നു. ജാതി സമവാക്യങ്ങൾ വെച്ച് തെരഞ്ഞെടുപ്പ് ജയപരാജയങ്ങളെ നോക്കിക്കാണുന്ന വിദ്യ ഞാനിതുവരെ കരസ്ഥമാക്കിയിട്ടില്ല.

  • ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ തെരഞ്ഞെടുപ്പിന്റെ ജനവിധിയെ എങ്ങനെ നോക്കിക്കാണുന്നു?

പൊതുവായതും സൂക്ഷ്മമായതുമായ കാരണം കൊണ്ട് നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിലേക്ക് വരുന്നത് പൊതുവേ കേരളത്തിലെ അമ്പത് ശതമാനം വരുന്ന ന്യൂനപക്ഷ വോട്ടർമാർക്ക് താൽപ്പര്യമുള്ള കാര്യമായിരുന്നില്ല. തിരുവനന്തപുരം പോലുള്ള ചില മണ്ഡലങ്ങൾ ഇതിന് അപവാദമായുണ്ടാകാം. മോദി അധികാരത്തിൽ വരുന്നതിനെ അനുകൂലിക്കാത്ത വിഭാഗത്തിന് ഇടതുപക്ഷം ഒരു ബദലേ ആയിരുന്നില്ല. പൊതുവേ മുസ്ലീം - ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിന് പരിമിതമായ സ്വാധീനമേ ഉള്ളൂ.

പുതിയ വോട്ടർമാരുടെയും മധ്യവർഗത്തിന്റെയും ആഗ്രഹാഭിലാഷങ്ങൾക്ക് അനുസരിച്ച് ഇടതുപക്ഷം ഉയരുന്നില്ലെന്ന അഭിപ്രായം എനിക്കുണ്ട്. പുതുതായി വരുന്ന ചെറുപ്പക്കാരെ ഇൻസ്പയർ ചെയ്യാൻ കഴിയുന്ന നയസമീപനങ്ങൾ ഇടതുപക്ഷത്തു നിന്നും ഉണ്ടാകണം. ഒരു കാലഘട്ടത്തിൽ അതുണ്ടായിരുന്നു. പോസ്റ്റ്- ലിബറൽ കാലഘട്ടത്തിലെ യുവ തലമുറയോടാണ് നാം രാഷ്ട്രീയം സംസാരിക്കുന്നത്. ലാംബി സ്‌കൂട്ടറിൽ ഒരു സർക്കാർ ഗുമസ്തനാകാൻ മാത്രമുള്ള സ്വപ്നം മനസിൽ താലോലിക്കുന്ന ഒരാളേ അല്ല ഇന്നത്തെ ചെറുപ്പക്കാരൻ. ഇതൊക്കെയാണ് ഇടതുപക്ഷം പരിശോധിക്കേണ്ടത്.

  • ഗെയിലിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് വലിയൊരു പ്രചാരണം നവമാദ്ധ്യമങ്ങളിൽ നടക്കുന്നുണ്ടല്ലോ? ഇതിനെ ഭയപ്പെടുന്നുണ്ടോ?

ഇത്തരം പ്രചാരണങ്ങളിൽ പ്രത്യേകിച്ച് ഭയപ്പാടൊന്നുമില്ല. പക്ഷേ, മമ്മൂട്ടി പറഞ്ഞിട്ടാണ് ഗെയിലിനെ ഞാൻ അഭിമുഖം ചെയ്തത് എന്ന് പറഞ്ഞ് മമ്മൂട്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. ഗെയിലിന്റെ അഭിമുഖവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ അനുമതി ചോദിച്ചിരുന്നോ എന്ന ചോദ്യത്തിന് ഞാൻ നിങ്ങൾക്ക് തന്നെ നൽകിയ മറുപടി ചിലർ വളച്ചൊടിക്കുകയായിരുന്നു. സിപിഐ(എം) അല്ല, മറിച്ച മമ്മൂട്ടി ചെയർമാനായ ഡയറക്ടർ ബോർഡാണ് കൈരളിയുടെ നയസമീപനങ്ങൾ സ്വീകരിക്കുന്നതെന്നാണ് ഞാൻ പൊതുവേ പറഞ്ഞത്. എന്നാൽ ഒരു വാർത്തയുടേയോ അഭിമുഖത്തിന്റെയോ ഗതി തീരുമാനിക്കുന്നത് ഡയറക്ടർ ബോർഡോ ചെയർമാനോ അല്ല എന്ന കാര്യം വ്യക്തമാണല്ലോ..

എന്നെ കല്ലെറിയുന്നതിൽ എനിക്ക് വിഷമമില്ല. ഒരുപാട് വാർത്താ മുഹൂർത്തങ്ങളുടെ പേരിൽ ഞാൻ കല്ലേറിന് ഇരയായിട്ടുണ്ട്. അതിൽ പകച്ച് ഈ പണി നിർത്തുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ല. എനിക്ക് ചിലസമയത്ത് ചിലരുടെ നടപടി കാണുമ്പോൾ അത്ഭുതം കൂറാനാണ് തോന്നുന്നത്.

അമ്മയും മഠവും വിഭാവനം ചെയ്യുന്നത് കാരുണ്യവും സ്‌നേഹവുമാണ്. എന്നാൽ ഒരു അഭിമുഖത്തിന്റെ പേരിൽ അമ്മയുടെ അനുയായികൾ ഇന്ന് സ്വീകരിക്കുന്ന സമീപനം ശരിയാണോയെന്ന് മഠം തന്നെ പരിശോധിക്കണം. ഇതൊന്നും അവർ അറിഞ്ഞിട്ടല്ല എന്ന് ആശ്രമത്തിലെ ഒരു പ്രധാനി എന്നോട് പറഞ്ഞപ്പോൾ 'അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആശ്രമം ഇതിനെ പരസ്യമായി തള്ളിപ്പറയുന്നില്ല' എന്ന് ഞാൻ തിരികേ ചോദിച്ചു. ആ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിൽ തന്നെ നിലനിൽക്കുന്നുണ്ട്.

എന്നാൽ ഇപ്പോൾ നടക്കുന്നത് ഒരു ഒരുമാതിരിപ്പെട്ട എല്ലാ കോടതിയിലേക്കും എന്നെ വലിച്ചിഴക്കുക, വിസർജ്ജ്യത്തേക്കാൾ ജനം വെറുക്കുന്ന പ്രസിദ്ധീകരണങ്ങൾക്ക് എന്നെ തേജോവധം ചെയ്യാൻ ക്വട്ടേഷൻ കൊടുക്കുക, മമ്മൂട്ടിക്കും എനിക്കുമെതിരെ വർഗീയ ചുവയുള്ള പ്രചാരണം അഴിച്ചുവിടുക, മൂന്നാം കിട ക്രിമിനലുകൾ ചെയ്യുംപോലെ ഭീഷണിപ്പെടുത്തുക - ഇതൊക്കെ അമ്മ അറിയുന്നുണ്ടോ ആവോ?

ഒരുകാര്യം സ്പഷ്ടമായി പറയാം. അമ്മയോടോ ആശ്രമത്തോടോ മറ്റാരോടെങ്കിലുമോ ഞങ്ങൾക്ക് പ്രത്യേകം മമതയോ നീരസമോ ഇല്ല. മാദ്ധ്യമപ്രവർത്തകനെനെ്ന വഴിത്താരയിൽ ചിലർക്ക് വിഷമമുണ്ടാകും ചിലർക്ക് സന്തോഷമുണ്ടാകും. അതിൽ പ്രത്യേകിച്ച് ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല. മാദ്ധ്യമപ്രവർത്തനത്തിന്റെ സ്വാഭാവിക പരിണിതിയാണിത്. പക്ഷേ സ്‌നേഹവും കാരുണ്യവും പ്രകടിപ്പിക്കേണ്ടവർ ഇത്രത്തോളം താഴരുതെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ തെറ്റുപറയാൻ കഴിയുമോ? എന്തായാലും ഇത്തരം പ്രചാരണങ്ങൾ കൊണ്ടൊന്നും ഞങ്ങളുടെ നയവും സമീപനവും മാറ്റാൻ കഴിയില്ല. കാൽനൂറ്റാണ്ടായി ഞാൻ ഈ ജോലി ചെയ്തുവരികയാണ്. അത് അനുസ്യൂതം തുടരും.

  • ഗെയിലിന്റെ അഭിമുഖമെടുത്തത് മമ്മൂട്ടിയുടെ മക്കൾക്ക് പങ്കാളിത്തമുള്ള ആശുപത്രിക്ക് വേണ്ടിയാണെന്നും കൊച്ചിയിലെ എയിംസിനെ ലക്ഷ്യം വച്ചാണെന്നും ആരോപണങ്ങളുണ്ടല്ലോ?

സാധാരണഗതിയിൽ ഞാൻ മമ്മൂട്ടി എന്ന വ്യക്തിയുമായി കൈരളിയുടേതല്ലാത്ത കാര്യങ്ങളൊന്നും ചർച്ച ചെയ്യാറില്ല. എന്നാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മമ്മൂട്ടി തുറന്നു ചിരിക്കുകയാണുണ്ടായത്. സിനിമക്കു പുറത്ത് സിനിമയിലുള്ളതിനേക്കാൾ വലിയ കഥയെഴുത്തുകാരും ഭാവനാശാലികളുമുണ്ടെന്നായിരിക്കും ആ ചിരിയുടെ സാരം.

ഞാൻ മനസിലാക്കിയിടത്തോളം മമ്മൂട്ടിക്കോ കുടുംബാംഗങ്ങൾക്കോ കൊച്ചിയിൽ ഒരു ആശുപത്രി തുടങ്ങണമെന്ന പരിപാടിയില്ല. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് പ്രൊമോട്ടറായി ബാംഗ്ലൂരിൽ ഒരാശുപത്രി ഉണ്ടെന്നറിയാം. അതാകട്ടെ ഒരു പ്രസവാശുപത്രിയാണ്. പക്ഷേ ഓരോ വാർത്തകളുടേയും അഭിമുഖത്തിന്റേയും പിന്നിൽ ഗൂഡാലോചന ഉണ്ടെന്നു പറയുന്നത് ശരിയല്ല. ഗെയ്ൽ ട്രെഡ്വെല്ലിനെ ഞാൻ അഭിമുഖം നടത്തിയതിൽ ഗൂഡാലോചന ഉണ്ടെന്ന് അമൃതാനന്ദമയിമഠം പോലും പറയാൻ സാധ്യതയില്ല. ഏതെങ്കിലും ഒരു വ്യക്തിയുടെ മതവിശ്വാസത്തെ മുൻനിർത്തി ഗൂഡാലോചനക്കഥ മെനയുന്നത് ആശാസ്യമാണോ എന്ന് അവരവർ തന്നെ ചിന്തിക്കണം. ഗെയിലിന്റെ അഭിമുഖം വർഗീയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് സമർത്ഥിക്കുന്നവരുടെ ഇത്തരത്തിലുള്ള വ്യാജ കഥകളാണ് യഥാർത്ഥ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക. ഇവരൊക്കെ അമ്മയെ സംരക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ അത് ഗുണകരമാകുമോയെന്ന് ആശ്രമത്തിന്റെ അഭ്യുദേയകാംഷികൾ ചിന്തിക്കണം. രാജവെമ്പാലയെപോലെ വന്ന് ഞാഞ്ഞൂലിനെപ്പോലായി മാറിയ ഇത്തരം വാർത്താ ഭാവനകളോട് പ്രതികരിക്കാതിരിക്കുന്നതാണ് യഥാർത്ഥത്തിൽ ഉചിതം.

  • മാതാ അമൃതാനന്ദമായി തെരഞ്ഞെടുപ്പിലെ തോൽവികൾ നിർണ്ണയിക്കുന്ന ഒരു ഘടകമാണെന്ന് സ്ഥാപിക്കാനും ഇനിയും അവർക്കെതിരെ ഉയരാൻ സാധ്യതയുള്ള ആരോപണങ്ങൾക്ക് കവചം തീർക്കാനും വേണ്ടിയായിരിക്കുമോ ഇത്തരം നടപടികൾ?

അങ്ങനെ ചിന്തിക്കുന്നവരുമുണ്ട്, പക്ഷേ പൊതുസമൂഹം നീതിയും ന്യായവും നടപ്പായി കാണണമെന്ന് ആഗ്രഹിക്കുന്നവർ തന്നെയാണ്. അവരുടെ സത്യസന്ധതയെയും ആർജ്ജവത്തെയും ഒരുപാട് കാലം ആർക്കും അവഗണിക്കാൻ കഴിയില്ല. അത് കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തിരിച്ചറിയണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP