Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മമ്മൂട്ടിയുടെ വാക്കുകൾ ഫലിച്ചു; 'എല്ലാം ഒരു നിയോഗം പോലെ': നോർത്ത് 24 കാതത്തിന്റെയും സപ്തമശ്രീ തസ്‌കരാഃയുടെയും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനു പറയാനുള്ളത്

മമ്മൂട്ടിയുടെ വാക്കുകൾ ഫലിച്ചു; 'എല്ലാം ഒരു നിയോഗം പോലെ': നോർത്ത് 24 കാതത്തിന്റെയും സപ്തമശ്രീ തസ്‌കരാഃയുടെയും സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനു പറയാനുള്ളത്

'കഥ പറയുമ്പോൾ' എന്ന ചിത്രത്തിൽ ക്ലൈമാക്‌സ് രംഗത്തിൽ അശോക് രാജ് എന്ന സൂപ്പർ താരത്തെ അവതരിപ്പിച്ച മമ്മൂട്ടി സ്‌കൂൾ അങ്കണത്തിൽ സ്വീകരണ ചടങ്ങിൽ പ്രസംഗിക്കവെ പറഞ്ഞു. ''മുൻകൂട്ടി തീരുമാനിച്ചിട്ടല്ല, ഞാനൊന്നും ചെയ്യുന്നത്. എല്ലാം ഒരു നിയോഗം പോലെ സംഭവിക്കുന്നതാണ്''.

സിനിമയിൽ മമ്മൂട്ടി പറഞ്ഞ ഈ വാക്കുകൾ ഒരർത്ഥത്തിൽ അതു പോലെ സംഭവിച്ചത് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോന്റെ കാര്യത്തിലാണ്. സിനിമയൊന്നും മനസ്സിൽ ഇല്ലാതെ, സഹ സംവിധായകന്റെ പരിചയം ഇല്ലാതെ, സംവിധായകന്റെ കുപ്പായമണിയുക. ആദ്യ ചിത്രം ജനപ്രീതിക്കൊപ്പം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കുക. രണ്ടാമത്തെ ചിത്രം സൂപ്പർ താര ചിത്രങ്ങളെപ്പോലും പിന്തള്ളി 2014ലെ മികച്ച നാലാമത്തെ ബോക്‌സ് ഓഫീസ് ഹിറ്റാവുക.

ഇതൊക്കെ ഒരു നിയോഗം പോലെയാണ് അനിൽ രാധാകൃഷ്ണ മേനോന്റെ കാര്യത്തിൽ സംഭവിച്ചത്. അവിചാരിതമായി സിനിമയിലെത്തിപ്പെട്ടതിനെക്കുറിച്ച് മറുനാടൻ മലയാളിയോട് അനിൽ മനസുതുറക്കുന്നു.

വർഷങ്ങൾക്ക് മുമ്പ് ഒറ്റപ്പാലത്തെ വീഡിയോ ലൈഫ് എന്ന വീഡിയോ കാസറ്റ്‌സ് ലൈബ്രറിയിൽ കൂട്ടുമാരുമൊത്ത് ചെലവഴിച്ച സായാഹ്നങ്ങൾ. പിന്നെ പൂണെയിൽ അനിമേഷൻ രംഗത്ത് പത്ത് വർഷം. കമ്പ്യൂട്ടർ ഗ്രാഫിക്‌സ് വിദഗ്ധനായി ജോലി ചെയ്യുമ്പോഴും അനിലിന്റെ മനസിൽ സിനിമയില്ലായിരുന്നു.

''പുറത്ത് പറയാൻ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് സംവിധായകനാകണം എന്ന ആഗ്രഹം എന്നിൽ ഉണ്ടാക്കിയത്. ആഗ്രഹിച്ചാൽ നടക്കാത്ത കാര്യങ്ങളില്ല''- അനിൽ പറഞ്ഞു.

''ഉറങ്ങാംപെട്ടി കുറുപ്പ് 175 സിസി എന്ന പേരിൽ ഒരു തമിഴ് സിനിമ ഉണ്ടാക്കാൻ ശ്രമിച്ചത് 2007ലാണ്. സുഹൃത്തുക്കളുമായി ചേർന്നാണ് ആ സിനിമ ചെയ്യാൻ ശ്രമിച്ചത്. സംഗതി നടക്കില്ലെന്ന് മനസ്സിലാക്കിയ കൂട്ടുകാർ പലവഴിക്ക് പോയി. ചാപ്പാകുരിശിന്റെ സെറ്റിൽവച്ച് പരിചയപ്പെട്ട ഫഹദ് ഫാസിലിനെ നായകനാക്കിയെടുത്ത 'നോർത്ത് 24 കാതം' ആദ്യ ചിത്രമായതും ഒരു നിയോഗം പോലെയാണ്.''

ഇപ്പോഴും മലയാളികളുടെ ഹൃദയം കവർന്നുകൊണ്ട് പ്രദർശനം തുടങ്ങുന്ന ഐശ്വര്യമുള്ള ഏഴു കള്ളന്മാരുടെ കഥയായ 'സപ്തമശ്രീ തസ്‌കരഃ'യാണ് അനിൽ ആദ്യം ചെയ്യാനിരുന്നത്. എന്നാൽ ആദ്യ ചിത്രം 'നോർത്ത് 24 കാതം' കൊണ്ടുതന്നെ മലയാള സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ അനിലിനായി.

മറ്റു സിനിമകളുടെ സ്വാധീനം തന്റെ സിനിമയിൽ ഉണ്ടാകാതിരിക്കാൻ സിനിമകൾ അനിൽ രാധാകൃഷ്ണൻ കാണാറില്ല. വല്ലാതെ ബോറടിച്ചാൽ 'സ്‌പൈഡർമാൻ' പോലുള്ള ഇംഗ്ലീഷ് സിനിമകൾ കാണും. 2011 ൽ സിനിമയുടെ പ്രവർത്തന മേഖലയിലേക്ക് എത്തിയ ശേഷമാണ് സിനിമ കാണൽ നിറുത്തിയത്. പക്ഷെ 2014ൽ കൂട്ടുകാരുടെ നിർബന്ധം സഹിക്കാതെ രണ്ട് മലയാള ചിത്രങ്ങൾ കാണേണ്ടി വന്നുവെന്ന് അനിൽ പറയുന്നു. ബാംഗ്ലൂർ ഡേയ്‌സും ഇയ്യോബിന്റെ പുസ്തകവുമാണ് അനിൽ കഴിഞ്ഞ വർഷം കണ്ടത്.

തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ രചനയിലാണ് അനിൽ ഇപ്പോൾ. പൊളിച്ചു പറയാതെ പൊതിച്ചു പറയുന്ന രീതിയാണ് മൂന്നാമത്തെ സിനിമയിലും ഉള്ളത്. സിനിമ കണ്ടശേഷവും പ്രേക്ഷകമനസ്സിൽ കഥ തുടരുന്ന രീതിയിലാണ് അനിൽ രാധാകൃഷ്ണൻ ചിത്രങ്ങൾ അവസാനിപ്പിക്കുന്നത്. സാധാരണ സിനിമകൾ അവസാനിക്കുന്നതിൽനിന്ന് വ്യത്യസ്തമായ ഈ രീതിയിലൂടെ സിനിമയെ കുറെയൊക്കെ പ്രേക്ഷകന് വിട്ടു നൽകുകയാണ് ചെയ്യുന്നത്.

മലയാളം നന്നായി അറിയുമെങ്കിലും എഴുത്ത് ഇപ്പോഴും പ്രശ്‌നമാണ് എന്ന് അനിൽ തുറന്നുസമ്മതിക്കുന്നു. ''എഴുതിയാൽ ചിലപ്പോൾ തെറ്റും. അതുകൊണ്ട് തിരക്കഥ മാറ്റി എഴുതിത്ത്ത്ത്തരുന്നത് അമ്മയാണ്. അമ്മക്ക് നല്ല ഭാവനാശക്തിയുള്ളതുകൊണ്ട് കഥാപാത്രങ്ങളുടെ മാനസികാവസ്ഥകൾ നന്നായി ഉൾകൊള്ളാനാവും. എന്റെ സിനിമകളിലെ ഭൂരിഭാഗം ഹാസ്യരംഗങ്ങളും വീടിനകത്ത് ഉണ്ടാകുന്നവയാണ്.''- അനിൽ പറഞ്ഞു.

മൂന്നാമത്തെ സിനിമയടെ പേരും ആദ്യ രണ്ടു ചിത്രങ്ങളുടേതുപോലെ വ്യത്യസ്തമാകുമെന്ന് അനിൽ പറഞ്ഞു. ''പേരിലെ കൗതുകം സിനിമയിലും ഉണ്ടാകും. മാർച്ചുമാസത്തോടെ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ രചന പാതിവഴിയിലെത്തി. താരങ്ങളെ തീരുമാനിച്ചിട്ടില്ല. പതിവുപോലെ ഈ ചിത്രത്തിനും എഴുത്തിന് അമ്മയുടെ സഹായമുണ്ട്. കലയും കച്ചവടവും ഒത്തിണക്കി ജനപ്രീതിയുള്ള ചിത്രങ്ങൾ യാഥാർത്ഥ്യ ബോധത്തോടെ എടുക്കുകയാണ് ലക്ഷ്യം''. പുതുമയും വ്യത്യസ്തതയുമാർന്ന സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ അനിൽ ഇപ്പോൾ ഒരു ചിത്രത്തിൽ അഭിനയിക്കുന്നുമുണ്ട്. ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബിൾ ബാരൽ എന്ന ചിത്രത്തിൽ. എന്നാൽ ചിത്രത്തിൽ ഏതു വേഷമാണ് അവതരിപ്പിക്കുന്നതെന്ന് അനിലിന് അറിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP