Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

''കുടമ്പുളിയിട്ടുവയ്ക്കാം ചേടത്തീ...'' പ്രാഞ്ചിയേട്ടനും ആമേനുമൊക്കെ കടന്ന് ശശി കലിംഗ മുന്നോട്ടുതന്നെ; പക്ഷേ പാന്റിട്ടാൽ മാത്രമെന്തിനാ ഇപ്പോഴും നാട്ടുകാർ കൂവുന്നത്?

''കുടമ്പുളിയിട്ടുവയ്ക്കാം ചേടത്തീ...'' പ്രാഞ്ചിയേട്ടനും ആമേനുമൊക്കെ കടന്ന് ശശി കലിംഗ മുന്നോട്ടുതന്നെ; പക്ഷേ പാന്റിട്ടാൽ മാത്രമെന്തിനാ ഇപ്പോഴും നാട്ടുകാർ കൂവുന്നത്?

''ഊണിന് എത്രാളുണ്ടെന്ന് പറയണംട്ടോ'' പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓർമിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയിൽ നിർണായക പങ്ക് വഹിക്കുക തന്നെചെയ്തു.

ഇതാണ് ശശി കലിംഗയെന്ന ചന്ദ്രകുമാർ. നാടകമെന്ന കലാരൂപമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വി ചന്ദ്രകുമാറിന് സിനിമയിൽ അവസരം ഒരുക്കിക്കൊടുത്തത്. സംവിധായകൻ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' (2009) എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് സിനിമാപ്രേമികൾ ശശി കലിംഗയെ ആദ്യം കാണുന്നത്.

ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പാസായശേഷം അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെയാണ് ചന്ദ്രകുമാർ നാടകവേദിയിൽ എത്തിപ്പെടുന്നത്. പതിനെട്ടാം വയസ്സിൽ. വീട്ടിലെ വിളിപ്പേര് സ്ഥലനാമം കൂടിചേർത്ത് ശശി കോഴിക്കോട് എന്നാക്കിയാണ് നാടകത്തിൽ അഭിനയിച്ചപ്പോൾ ഉപയോഗിച്ചിരുന്നത്. നാടകത്തിൽ ഏകദേശം ഇരുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ ശേഷമാണ് ശശി സിനിമയിലെത്തിയത്.

സംവിധായകൻ രഞ്ജിത്താണ് ശശിയുടെ നാടകട്രൂപ്പിന്റെ പേരു കൂടിച്ചേർത്ത് ശശി കലിംഗ എന്നാക്കി മാറ്റിയത്. നാടകത്തിനു പുറമേ ടിവി സീരിയലുകളിലും ഏഷ്യാനെറ്റിലെ മുൻഷി എന്ന പരമ്പരയിലും ശശി വേഷമിട്ടു. അഞ്ച് വർഷത്തിനുള്ളിൽ നൂറിൽപ്പരം മലയാള സിനിമകളിൽ അഭിനയിച്ചു. ആമേനിലെ ചാത്തപ്പൻ എന്ന കഥാപാത്രത്തെയും മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

തന്റെ ജീവിതത്തെക്കുറിച്ചും കലാപ്രവർത്തനത്തെ കുറിച്ചും ശശി കലിംഗ മനസുതുറക്കുന്നു. ഒരു സിനിമാവാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കഥാപാത്രങ്ങളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ശശി വെളിപ്പെടുത്തിയത്.

''അമ്മാവൻ വി ടി വിക്രമൻനായരുടെ സ്റ്റേജ്ഇന്ത്യ നാടകട്രൂപ്പിൽ സെറ്റ് വർക്ക് ജോലിയായിരുന്നു ആദ്യം. പിന്നെ മ്യൂസിക്കും സെറ്റ് വർക്കും. ഒടുവിൽ അഭിനയം. സ്റ്റേജ്ഇന്ത്യയുടെ രണ്ടാമത്തെ നാടകം 'സാക്ഷാത്കാരം' എന്റെ ആദ്യ നാടകമായി. തിരുവനന്തപുരം അക്ഷരകലയുടെ 'കലക്കത്ത് കുഞ്ചൻ നമ്പ്യാർ' നാടകം എന്റെ അഭിനയജീവിതത്തിൽ മറക്കാൻ കഴിഞ്ഞില്ല. അഞ്ഞൂറിലധികം സ്‌റ്റേജിൽ നാടകം കളിച്ചു. നാടകത്തിൽ ഞാൻ മാർത്താണ്ഡവർമ്മ. മീനമ്പലം സന്തോഷ് കുഞ്ചൻനമ്പ്യാർ. നമ്പ്യാരുടെ കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ നമ്മുടെ രൂപം നമ്പ്യാരാകാൻ പറ്റില്ല. എന്നാൽ ഒരിഷ്ടം മനസ്സിൽ എവിടെയോ ആഴത്തിൽ ഇപ്പോഴും കിടപ്പുണ്ട്.''

''നമ്പ്യാര് ഒരു ഫലിതപ്രിയനായിരുന്നു. മിഴാവ് വാദനത്തിലും പ്രഗത്ഭൻ. എനിക്ക് പാണ്ഡിത്യമില്ല. പക്ഷേ ഫലിതം കാട്ടി ജീവിക്കാൻ ഈശ്വരൻ അവസരം തന്നു.''- ശശി പറയുന്നു.

നമ്പ്യാരോടുള്ള ആരാധന തുടങ്ങുന്നത് സ്‌കൂൾ പഠനകാലത്തുനിന്ന് തന്നെയാണെന്ന് ശശി പറയുന്നു. തുള്ളലിനോടുള്ള ആരാധനയെക്കുറിച്ച് ശശി പറയുന്നത് കേൾക്കാം: ''ഓട്ടൻതുള്ളലിൽ രുക്മിണി സ്വയംവരവും ശീതങ്കനിൽ കല്യാണസൗഗന്ധികവും പറയൻ തുള്ളലിൽ ദക്ഷയാഗവുമാണ് എനിക്ക് ഇഷ്ടം. സ്‌ക്കൂളിൽ പഠിക്കുമ്പോൾ നമ്പ്യാരുടെ കൃതികൾ മനഃപാഠം പഠിച്ചെങ്കിലും ജോലി സമ്പാദിച്ചു രക്ഷപ്പെടാൻ കഴിഞ്ഞില്ല.''

സിനിമയിൽ ഏതു തരം കഥാപാത്രങ്ങളെയാകും ശശി കലിംഗയെന്ന നടൻ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തന്നെ കേൾക്കാം മറുപടി.

''ചിരിപ്പിക്കാനുള്ള കഴിവ് എന്റെ ഉള്ളിൽത്തന്നെയുണ്ട്. നാടകത്തിൽ കൂടുതൽ ചെയ്തത് കോമഡിവേഷങ്ങൾ. സിനിമയിൽ വന്നപ്പോഴും വേഷം മാറുന്നില്ല. റേറ്റും ഡേറ്റും മാത്രമാണ് ഞാൻ നോക്കുക. കഥാപാത്രത്തെക്കുറിച്ച് ചോദിക്കാറില്ല. സിനിമയിൽ എന്റെ കഥാപാത്രം സംസാരിച്ചില്ലെങ്കിലും കുഴപ്പമില്ല.''

സംസാരിക്കാതെ അഭിനയിച്ചതെല്ലാം വെറൈറ്റി വേഷമാണെന്ന അഭിപ്രായക്കാരനാണ് ശശി. ''ഇടുക്കിഗോൾഡിൽ ശവമായിരുന്നു. ഹണിബീയിൽ ഫോട്ടോയിൽ കയറി ഭിത്തിയിൽ തൂങ്ങി. ഇതെല്ലാം വെറൈറ്റി വേഷമാണ്. ഒരുദിവസം അഞ്ചു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ അവസരം കിട്ടിയാൽ സന്തോഷം.''

സ്വന്തം വീടിനെക്കുറിച്ച് ഈ നമ്പ്യാർ ആരാധാകൻ പറയുന്നതിങ്ങനെയാണ്: ''കാക്ക കൂടുകൂട്ടുന്നതുപോലെയായിരുന്നു എന്റെ വീടുനിർമ്മാണം. യ്യോ നമ്പ്യാര് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ എന്റെ കഥ ആടിയേനെ.''

ചന്ദ്രശേഖരൻ നായരാണ് ശശിയുടെ അച്ഛൻ; അമ്മ സുകുമാരി. പ്രഭാവതിയാണ് ഭാര്യ. തന്റെ സിനിമ കാണാൻ ഭാര്യക്ക് ഇഷ്ടമല്ലെന്നാണ് ശശി പറയുന്നത്. ''തിയേറ്ററിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കുന്നതാണ് ഭാര്യക്ക് ഇഷ്ടം. സിനിമ കാണാൻ ആളുകളുണ്ടോയെന്ന് നോക്കുകയാണ്. ജീവിതം എങ്ങനെയാവുമെന്നാണ് നോട്ടത്തിന്റെ പിന്നിൽ.''

സ്ഥിരമായി മുണ്ടും ഷർട്ടും ധരിക്കുന്ന ഈ കലാകാരന് പാന്റ് എന്നും ഒരു കീറാമുട്ടിയാണ്. പാന്റ് ധരിച്ചാൽ നാട്ടുകാർ കൂവുമെന്നും ശശി പറഞ്ഞു. ''ഇരുപതുവർഷമായി മുണ്ടും ഷർട്ടുമാണ് വേഷം. ചിലപ്പോൾ ജൂബ. പാന്റ് ഇട്ടുനടന്നാൽ നാട്ടുകാര് കൂവും. ഗൾഫിൽ പോകുമ്പോൾ മാത്രം ഇടും. അപ്പോൾ എന്റെ നാട്ടുകാർ കാണില്ലല്ലോ. എന്നെ കുഴപ്പിക്കുന്ന വേഷമാണ് പാന്റ്.''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP