Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യ മരിച്ചതോടെ ജീവതത്തിന്റെ താളം തെറ്റി; എന്റെ എല്ലാ നായികമാരും സുന്ദരികൾ തന്നെ: ഇപ്പോഴത്തെ സിനിമാക്കാരിൽ അടുപ്പം മോഹൻ ലാലിനോട് മാത്രം; താരങ്ങളുടെ നിർദ്ദേശം അനുസരിച്ച് സംവിധാനം ചെയ്യുന്നത് അപകടകരമായ പ്രവണത: 55 വർഷം നീണ്ട സിനിമാ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവെച്ച് നടൻ മധു

ഭാര്യ മരിച്ചതോടെ ജീവതത്തിന്റെ താളം തെറ്റി; എന്റെ എല്ലാ നായികമാരും സുന്ദരികൾ തന്നെ: ഇപ്പോഴത്തെ സിനിമാക്കാരിൽ അടുപ്പം മോഹൻ ലാലിനോട് മാത്രം; താരങ്ങളുടെ നിർദ്ദേശം അനുസരിച്ച് സംവിധാനം ചെയ്യുന്നത് അപകടകരമായ പ്രവണത: 55 വർഷം നീണ്ട സിനിമാ വിശേഷങ്ങൾ മറുനാടൻ മലയാളിയോട് പങ്കുവെച്ച് നടൻ മധു

ദേവിക

ലയാള സിനിമയുടെ കാരണവർ... ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ ഇന്ന് ന്യൂജെൻ സിനിമകളിൽ വരെ സജീവ സാന്നിദ്ധ്യം... മലയാള സിനിമയുടെ ചരിത്രത്തോട് ചേർത്ത് നിർത്താവുന്ന വ്യക്തിത്വം... നടൻ, നിർമ്മാതാവ്, സംവിധായകൻ തുടങ്ങി എല്ലാ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച അഗ്രഗണ്യൻ... സാക്ഷാൽ മാധവൻ നായർ എന്ന മലയാള സിനിമാ ലോകത്തിന്റെ സ്വന്തം ''മധു''... ഓണവിശേഷങ്ങളും സിനിമാ വിശേഷങ്ങളും മറുനാടൻ മലയാളി വായനക്കാരോട് പങ്കുവെയ്ക്കുന്നു.

  •  1962-ലാണ് സിനിമയിലേക്കുള്ള വരവ് നീണ്ട 55 വർഷങ്ങൾ... എന്ത് തോന്നുന്നു ഇപ്പോൾ? എന്തെങ്കിലും പ്രകടമായ വ്യത്യാസം തോന്നിയിട്ടുണ്ടോ?

പൂർണ്ണ സംതൃപ്തനാണ്. കാലഘട്ടത്തിന്റെ മാറ്റങ്ങൾ തീർച്ചയായും സിനിമയിലും കാണാം. അന്നുള്ള അതേ പരസ്പര ബന്ധം ഇന്ന് സിനിമാ ലോകത്തുണ്ടോ എന്ന് സംശയമാണ്. പണ്ട് ഷൂട്ടിങ് ബ്രേക്കാകുന്ന സമയത്ത് ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്ന് തമാശ പറയലും ചിരിയും, അത് വേറൊരു ലോകമായിരുന്നു. സമൂഹത്തിൽ വന്ന മാറ്റം പോലെ തന്നെ എന്ന് പറയാം. പണ്ട് കൂട്ട് കുടുംബങ്ങൾ ഉണ്ടായിരുന്നു, ഇന്ന് അതില്ല,അതുപോലെ തന്നെ. രണ്ടിനും ഗുണവും ദോഷവും ഉണ്ട്.

  • കോളേജ് അദ്ധ്യാപകൻ എന്ന ലേബൽ വേണ്ടെന്ന് വെച്ച് സിനിമയിൽ പോയ ആളാണ് താങ്കൾ. സിനിമ അത്രയ്ക്ക് ഹരമായിരുന്നോ?

സിനിമയ്ക്ക് ഉപരി അന്ന് നാടകമായിരുന്നു ഹരം. പിന്നെ, എങ്ങനൊക്കെയോ ഇവിടം വരെയൊക്കെ എത്തി. സിനിമ തീർച്ചയായും മനസിൽ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് പറയുകയാണേൽ, ഒത്തിരി കാത്തിരിക്കേണ്ടി വന്നില്ല. അതിനു മുൻപേ ഞാൻ സിനിമാക്കാരൻ ആയിക്കഴിഞ്ഞിരുന്നു. എന്തോ... ദൈവത്തിന്റെ അനുഗ്രഹം, അത്ര തന്നെ...

  • എങ്ങനെയായിരുന്നു ഓണക്കാലം?

 എന്ത് ഓണം... (ചെറു ചിരിയോടെ അദ്ദേഹം തുടർന്നു) ഇന്ന് എനിക്ക് അങ്ങനെ വലിയ ആഘോഷങ്ങളൊന്നും ഇല്ല. ഭാര്യ മരിച്ചു. മകളും ഭർത്താവും അടുത്ത് തന്നെ താമസിക്കുന്നുണ്ട്... പിന്നെ, സിനിമ ഉണ്ടെങ്കിൽ സെറ്റിലായിരിക്കും ഓണം. അല്ലെങ്കിൽ കുട്ടികളുടെ കൂടെ... അത്ര തന്നെ.

  • ഭാര്യയുടെ വിയോഗം വല്ലാണ്ട് ഒറ്റപ്പെടുത്തിയോ ജീവിതത്തിൽ?

 തീർച്ചയായും, വല്ലാണ്ട് ബാധിച്ചിട്ടുണ്ട്. കുറേ വർഷങ്ങൾ കൂടെ ഉണ്ടായിരുന്ന ആൾ ഇല്ലാതാകുമ്പോൾ... അത് തീർച്ചയായും ബാധിച്ചു. ജീവിതത്തിൽ ഒരുപാട് ചിട്ടകൾ ഉണ്ടായിരുന്ന ആളായിരുന്നു ഞാൻ. ഇപ്പോ അതൊന്നും ഇല്ല. പിന്നെ, മകളും മരുമകനും അവരുടെ മക്കളും ഒക്കെയുള്ളതിനാൽ സന്തോഷമായി പോകുന്നു.

  • സിനിമയിൽ ഏറ്റവും അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന ആൾ?

കുറേ പേരൊക്കെ മരിച്ചു പോയി. ശങ്കരാടി, അടൂർ ഭാസി, അങ്ങനെ അങ്ങനെ... ഇൻഡസ്ട്രിയിൽ ഉള്ളത്, മോഹൻലാലുമായി വളരെ അടുത്ത ബന്ധം ഉണ്ട്. മറ്റാരുമായും ഇല്ലെന്നല്ല. പക്ഷേ, എന്തോ കുറച്ച് കൂടുതൽ ആത്മബന്ധം ലാലുമായി ഉണ്ട്. കുറച്ചധികം ചിത്രങ്ങൾ ഞങ്ങളൊരുമിച്ച് ചെയ്തിട്ടുണ്ട്. ചിലപ്പോ, അതാവാം...

  • താങ്കളുടെ ഒരു ദിവസം എങ്ങനെയാണ്?

വയസ് കുറേയായില്ലേ... ഞാൻ ഇപ്പോ ഉച്ചക്ക് ശേഷമേ, വർക്ക് ഉണ്ടെങ്കിലും, പോകാറുള്ളൂ. 2 മണി മുതൽ 9 മണി വരെയേ ജോലി ചെയ്യാറുള്ളൂ. രാവിലെ വളരെ വൈകി എഴുന്നേൽക്കുന്ന ആളാണ്. വർക്ക് ഇല്ലെങ്കിൽ ചിലപ്പോ വൈകുന്നേരമാകും എഴുന്നേൽക്കാൻ. വീട്ടിലുള്ളപ്പോൾ നിർബന്ധമായും ഒരു സിനിമ കാണും ദിവസവും. അത് പണ്ട് മുതലേ ഉള്ള ഒരു ശീലമാണ്. ടിവിയിൽ വരുന്നതോ, കാസറ്റ് ഇട്ടോ, എങ്ങനെയെങ്കിലും.

  • ഒരുപാട് സുന്ദരികളായ നായികമാരുടെ കൂടെ അഭിനയിച്ചിട്ടില്ലേ? ആരാണ് താങ്കളുടെ കാഴ്ചപ്പാടിൽ ഏറ്റവും സുന്ദരിയായ നായിക?

 (കുസൃതിച്ചിരിയോടെ കൈയുയർത്തി) എന്റെ മറുനാടാ... എന്നെ കുഴപ്പത്തിലാക്കിയേ അടങ്ങൂ, അല്ലേ... തൽക്കാലം ഞാൻ ആരുടെയും പേര് പറയുന്നില്ല. എല്ലാവരും അവരവരുടെ രീതിയിൽ സുന്ദരികൾ തന്നെ.

  • ജീവിതത്തിൽ ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടോ?

 ഒന്നുമില്ല. ഞാൻ ചിന്തിച്ചതിൽ കൂടുതൽ ജീവിതത്തിലെനിക്ക് ആകാൻ സാധിച്ചു. അതുകൊണ്ട് തന്നെ ഒന്നിനു വേണ്ടിയും ജീവിതത്തിൽ എനിക്ക് പരിശ്രമിക്കേണ്ടി വന്നിട്ടില്ല.  

  • ഭാഗ്യവാൻ ആണല്ലേ?

തീർത്തും ഭാഗ്യവാൻ തന്നെയാണ്. ദൈവത്തിനു നന്ദി...

  • യാത്രകൾ... ഭക്ഷണം?

യാത്രകൾ ഒരുപാട് ഇഷ്ടമാണ്. വെസ്റ്റേൺ രാജ്യങ്ങൾ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ ആരോഗ്യ പ്രശ്‌നം മൂലം ഒരുപാട് യാത്ര പോകാറില്ല. ഭക്ഷണം... അങ്ങനൊരു ഭക്ഷണപ്രിയനല്ല. ചൈനീസ് ഭക്ഷണം ഇഷ്ടമാണ്. പിന്നെ, ഒന്നുമില്ലെങ്കിൽ 2 ചപ്പാത്തിക്കിടയിൽ ഒരു ഓംലെറ്റ് കേറ്റി ചുരുട്ടിത്തന്നാൽ മതി. ഞാൻ ഹാപ്പി.

  •  താങ്കൾ നടൻ എന്നതിലുപരി നിർമ്മാതാവ്, സംവിധായകൻ എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. ഇനി ഇതിൽ ഏതെങ്കിലും ഒരു മേലങ്കി അണിയാൻ താൽപര്യം ഉണ്ടോ?

നിർമ്മാണം എനിക്ക് എന്നും ഇഷ്ടമാണ്. പണ്ട് നിർമ്മാതാവ് ആയിരുന്നു പടത്തിന്റെ ഹീറോ. ഇന്ന് സ്ഥിതി മാറി. ചില സംവിധായകർ തന്നെ താരങ്ങൾ പറയുന്നതനുസരിച്ച് സിനിമ സംവിധാനം ചെയ്യുന്ന രീതിയിലേക്ക് പോയിട്ടുണ്ട് കാര്യങ്ങൾ. അങ്ങനെ ഒരിക്കലും സംഭവിച്ചുകൂടാ. പണ്ടൊന്നും സിനിമയിൽ ഇങ്ങനൊന്ന് ഇല്ലായിരുന്നു. മനസിൽ തട്ടുന്ന സ്‌ക്രിപ്റ്റ് ഉണ്ടെങ്കിൽ തീർച്ചയായും സിനിമ നിർമ്മിക്കാൻ ഇന്നും ഞാൻ തയ്യാറാണ്.

എല്ലാ മറുനാടൻ പ്രേക്ഷകർക്കും വരും നാളുകൾ ഐശ്വര്യപൂർണ്ണമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സിനിമയെ പ്രണയിക്കുന്ന, സ്‌നേഹിക്കുന്ന മധു എന്ന മലയാളത്തിന്റെ ആ മഹാനടൻ പറഞ്ഞു നിർത്തി...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP