Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ട്രോളന്മാർക്ക് വലിയ നന്ദി; സിനിമയിൽ അഭിനയിക്കാൻ ചാൻസുകൾ ചോദിച്ച് നടക്കുന്ന എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു; കമ്മട്ടിപാടത്തിലെ 'ബാലൻ ചേട്ടൻ' വലിയ ലക്ക്; സിനിമാ പുരസ്‌കാര നിറവിൽ മറുനാടനോട് മണികണ്ഠൻ മനസ്സ് തുറക്കുന്നു

ഓൺലൈൻ ട്രോളന്മാർക്ക് വലിയ നന്ദി; സിനിമയിൽ അഭിനയിക്കാൻ ചാൻസുകൾ ചോദിച്ച് നടക്കുന്ന എല്ലാവർക്കും ഈ അവാർഡ് സമർപ്പിക്കുന്നു; കമ്മട്ടിപാടത്തിലെ 'ബാലൻ ചേട്ടൻ' വലിയ ലക്ക്; സിനിമാ പുരസ്‌കാര നിറവിൽ മറുനാടനോട് മണികണ്ഠൻ മനസ്സ് തുറക്കുന്നു

അർജുൻ സി വനജ്

കൊച്ചി: ആദ്യചിത്രത്തിൽ തന്നെ അവിസ്മരണീയമായ പ്രകടനം കാഴ്ചവച്ച് സംസ്ഥാന അവാർഡിന്റെ നിറവിലാണ് മണികണ്ഠൻ ആചാരി എന്ന തൃപ്പൂണിത്തുറക്കാരൻ. കമ്മട്ടിപ്പാടത്തിൽ ബാലേട്ടൻ എന്ന കഥാപാത്രത്തെ മലയാളി ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ര മെയ് വഴക്കത്തോടെയാണ് ഒട്ടും അധികമാവാതെ മണികണ്ഠൻ അവതരിപ്പിച്ചത്. അവാർഡിന്റെ സന്തോഷവും മാർച്ച് പത്തിന് പുറത്തിറങ്ങുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി മറുനാടൻ മലയാളിയക്കൊപ്പം മണികണഠൻ ആചാരി...

അവാർഡ് ലഭിച്ച് സന്തോഷം എങ്ങനെ പങ്കുവെയ്ക്കുന്നു...?

വളരെയധികം സന്തോഷം, ഒരുപാട് നന്ദിയുണ്ട്. പറച്ചിലിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടാകും. ഒരുപാട് പേരോട് കടപ്പെട്ടിരിക്കുന്നു.കമ്മട്ടിപ്പാടം ടീമിനോട്, രാജീവ് രവിയെന്ന എന്ന ഗുരുവിനോട്, എഡിറ്റർ അജിത്ത്, ക്യാമറമാൻ മധുച്ചേട്ടൻ, ഒറ്റ സിനിമകൊണ്ട് തന്നെ എന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച എന്റെ പ്രേക്ഷകർ. പിന്നെ ഏറ്റവും വലിയ നന്ദി ഓൺലൈൻ സഹോദരന്മാരോടാണ്.

എനിക്ക് കിട്ടിയ അത്രയും വലിയ സപ്പോർട്ട് വേറെ ഒരു നടന്മാർക്കും ഓൺലൈനിൽ കിട്ടിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ ഓൺലൈൻ ട്രോളന്മാർക്ക് വലിയ നന്ദി. എന്റെ പടം വച്ച് ഒരുപാട് ട്രോളുകൾ ഇറങ്ങി, കമ്മട്ടിപ്പാടം കഴിഞ്ഞ് ഇത്രയും നാളായി അടുത്ത പടം നാളെയാണ് റിലീസ് ചെയ്യുന്നത്. എല്ലാ മാധ്യമപ്രവർത്തകർക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ്.

അവാർഡ് ആർക്കാണ് സമർപ്പിക്കുന്നത്...?

ഈ അവാർഡ് സമർപ്പിക്കുന്നത് കമ്മട്ടിപ്പാടത്തെ ജനതയ്ക്കും സംവിധായകൻ രാജീവ് ഏട്ടനും പിന്നെ കമ്മട്ടിപ്പാടം ടീമിനും, പിന്നെ എന്നെപ്പോലെ തന്നെ സിനിമയിൽ എത്താൻവേണ്ടി കഷ്ടപ്പെട്ട് ചാൻസുകൾ ചോദിച്ച് നടക്കുന്ന എല്ലാവർക്കും ഈ അവാർഡ് ഞാൻ സമർപ്പിക്കുകയാണ്. ഈ കഥാപാത്രംകിട്ടിയത് എന്റെ വലിയ ഭാഗ്യമാണ്, കാരണം എല്ലാ ഇമോഷൻസും ആദ്യ സിനിമയിൽ തന്നെ പ്രകടിപ്പിക്കാൻ ഒരു അവസരം കിട്ടിയത് വലിയ ലക്കായിട്ടാണ് ഞാന് കാണുന്നത്.

മഹേഷിന്റെ പ്രതികാരത്തിൽ ഉള്ള സുജിത്തും എസ്രയിൽ ചെയ്തിട്ടുള്ള വിജയേട്ടനും കാസ്റ്റിങ്ങ് ഡയറക്ടർമാരായി കമ്മട്ടിപ്പാടത്തിൽ ഉണ്ടായിരുന്നു. രാജീവ് ഏട്ടൻ വളരെ കുറച്ച് കാര്യങ്ങളെ ബാലൻ ചേട്ടനെക്കുറിച്ച് പറഞ്ഞിട്ടുള്ളു. ബാലൻ ഒരു റബ്ബർ പന്താണ് എന്ന് മാത്രം. ഞാൻതന്നെ അതിശയിച്ച് പോകുന്ന ഒരു മാജിക്കാണ് സംവിച്ചിട്ടുള്ളത്. സംവിധായകന്റെ കലയാണ് സിനിമയെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.

പുതിയ വർക്കുകൾ, ഇറങ്ങാനുള്ള ചിത്രം..?

കമ്മട്ടിപ്പാടത്തിന് ശേഷം നാല് ചിത്രങ്ങൾ ചെയ്തു. അയാൾ ജീവിച്ചിരിപ്പുണ്ട് അതാണ് ഇനി ഇറങ്ങാനുള്ളത്. നാളെയാണ് റിലീസ്. ചിത്രത്തിന്റെ ട്രെയിലറുകളും പോസ്റ്ററുമെല്ലാം പ്രേക്ഷകർ സ്വീകരിച്ചു. സിനിമയും നിങ്ങൾക്ക് സ്വീകരിക്കാൻ സ്വീകരിക്കുമെന്നാണ് എന്റെ വിശ്വാസം. ഒരു നവാഗത സംവിധായകന്റെ ഒപ്പം പ്രധാന റോളിൽ സിനിമ ചെയ്യുന്നത് ചെറിയ പേടി ഉണ്ടായിരുന്നു. പക്ഷെ കഥ കേട്ടപ്പോളാണ് മനസിലായത് ഇദ്ദേഹം ഈ സബ്ജക്ട് വളരെ നാളായി പഠിച്ച് മനസ്സിൽ കൊണ്ടുനടക്കുന്നതാണെന്ന്.

കമ്മട്ടിപ്പാടത്തെ ബാലനെ പോലെ നെഞ്ച് വിരിച്ച് അടിക്കെടാ എന്ന് പറയുന്ന ആളല്ല മുരുകൻ. മുരുകൻ വളരെ സത്യസന്ധ്യനായ, ഇന്നസെന്റായ ഒരു സാധാരണക്കാരനാണ്. അവന്റെ കടമകളെല്ലാം നിർവഹിച്ചതിന് ശേഷം ഗോവ കാണാൻ ഇറങ്ങുന്ന ആളാണ് മുരുകൻ. ഭാഷയോ എഴുത്തും വായനയോ ഒന്നും ഇല്ലാതെയാണ് മുരുകന്റെ യാത്ര. ജോൺ എന്ന എഴുത്തുകാരന് മുരുകനെ പരിചയപ്പെടുന്നു. സമൂഹത്തിന്റെ രണ്ട് തലങ്ങളിൽ നിൽക്കുന്നവരുടെ സൗഹൃദമാണ് ഈ ചിത്രം. മലയാള ചിത്രം ഇന്നുവരെ കാണാത്ത ഒരുപാട് വിഷ്വൽസ് ഗോവയിൽ നിന്ന് പകർത്തിയിട്ടുണ്ട്. കമ്മട്ടിപ്പാടം പോലെ തന്നെ വളരെ ലൈഫ് ഉള്ള സിനിമയാണ് ഇത്.

ഛായാഗ്രഹൻ ഹരി നായരാണ്. ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ അദ്ദേഹംതന്നെ പാടുന്ന പാട്ടിന് ഞാൻ ലിപ് ചെയ്തിട്ടുണ്ട്. കമ്മട്ടിപ്പാടം എഡിറ്റർ അജിത്ത് ആണ് ഈ ചിത്രത്തിൽ. 44 ഫിലീംസ് ആണ് ഇതിന്റെ പ്രൊഡക്ഷൻ. വളരെയധികം അധ്വാനിച്ചിട്ടാണ് ഈ സിനിമ ചെയ്തത്. മറ്റ് ചിത്രങ്ങൾ അലമാര 17 ന് റിലീസ് ചെയ്യും. ചിത്രത്തിൽ സുപ്രൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.

പൂർണ്ണമായും ഹാസ്യത്തിന് പ്രധാന്യം നൽകുന്ന ചിത്രമാണ്. നാല് പടം ചെയ്തതിൽ എല്ലാ ടൈപ്പ് പടങ്ങളും ചെയ്യാൻ സാധിച്ചുവെന്നതാണ് വലിയ ഭാഗ്യം. ബഷീറിന്റെ പ്രേമലേഖനത്തിൽ ചെറിയ റൊമാൻസൊക്കെ ഉള്ള ഉസ്മാൻ എന്ന കഥപാത്രമാണ്. അങ്ങനെ എല്ലാ കഥാപാത്രങ്ങളും തികച്ചും വിത്യസ്തമാണ്.

കുടുംബം, നാട്....?

ഫാമിലി വളരെ സന്തോഷത്തിലാണ്. അമ്മയും ചേട്ടന്മാരുമൊക്കെ വളരെ അഭിമാനത്തിൽ നമ്മുടെ മണികണ്ഠൻ എന്ന് പറയുന്നു.തൃപ്പൂണിത്തുറക്കാര് വളരെ സന്തോഷത്തോടെ ഇരിക്കുന്നു. നടനായ മണികണ്ഠനും നേരത്തെയുള്ള മണികണ്ഠനും തമ്മിൽ വലിയ മാറ്റങ്ങളൊന്നുമില്ല. അഭിനയിക്കുമ്പോളാണ് നടൻ 24 മണിക്കൂറും നടന്റെ ഭാരം ചുമന്ന് നടക്കാറില്ല.

ഞാൻ സാധാരണ എന്റെ നാട്ടിൽ എങ്ങനെയാണോ അതുപോലെ തന്നെ പോവുകയാണ്. എന്നാണ് എന്റെ വിനയവും മര്യാദയും ഒക്കെ ഇല്ലാതാവുന്നത് അന്ന് ഞാൻ ഇല്ലാതാവുമെന്ന് എനിക്ക് ഉറപ്പാണ്. അത് നഷ്ടപ്പെടാതിരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. നല്ല നല്ല കഥാപാത്രങ്ങൾ എനിക്ക് കിട്ടാൻ നിങ്ങളും പ്രാർത്ഥിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP