Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നല്ല കഥയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കും;പാർവ്വതി ഓമനകൂട്ടന്റെ പ്രതീക്ഷകൾ

നല്ല കഥയാണെങ്കിൽ മലയാളത്തിൽ അഭിനയിക്കും;പാർവ്വതി ഓമനകൂട്ടന്റെ പ്രതീക്ഷകൾ

മങ്കാത്തയുടെ വിജയലഹരി അടങ്ങും മുമ്പ് തലയുടെ ആരാധകർ ആവേശതിമിർപ്പിലാണ്. തങ്ങൾ ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും ഇഷ്ടനായകനായ അജിത്തിനെ കാണാൻ പല തവണ റിലീസ് മാറ്റിവെച്ച തമിഴിലെ ബിഗ്ബജറ്റ് ചിത്രമായ ബില്ല 2 ന്റെ വരവിനായി കാത്തിരിക്കുകയാണ് അവർ. തമിഴിലെ എക്കാലത്തെയും റെക്കോർഡുകളാണ് ബില്ലയുടെ നിർമ്മാണത്തിലൂടെയും വിതരണത്തിലൂടെയും തകർക്കപ്പെടുന്നത്. 65കോടി മുടക്കി നിർമ്മിച്ച ചിത്രത്തിന്റെ ഓവർസീസ് അവകാശം വിറ്റുപോയത് 5.3കോടിക്കാണ്. സൺ നെറ്റ് വർക്ക് ഇവിടുത്തെ അവകാശം നേടിയെടുത്തത് 6.25കോടിക്കും. അജിത്തിന്റെ പിറന്നാൾ ദിനമായ മേയ് 1 ന് ചിത്രത്തെ കാത്തിരുന്ന ദക്ഷിണേന്ത്യേൻ സിനിമാലോകം ഒരിക്കൽകൂടി നിരാശയിലായിട്ടുണ്ട്. മേയ് അവസാനവാരമാകും ചിത്രം തീയേറ്ററിലെത്തുക. തമിഴകം പ്രതീക്ഷയോടെ ബില്ല2 നുവേണ്ടി കാത്തിരിക്കുമ്പോൾ മലയാളികളും ഏറെ പ്രതീക്ഷയിലാണ്. ഒരു പുത്തൻ നായികാവസന്തത്തിന്റെ തുടക്കത്തിനുവേണ്ടി 2008ലെ മിസ് വേൾഡ് റണ്ണർ അപ്പിലൂടെ മലയാളികളുടെ അഭിമാനമായി മാറിയ പാർവ്വതി ഓമനക്കുട്ടനാണ് ബില്ല 2ലെ നായിക. നീണ്ടകാലത്തെ കാത്തിരിപ്പിനുശേഷമാണ് ദക്ഷിണേന്ത്യൻ സിനിമാ ലോകത്തേക്കുള്ള പാർവ്വതി ഓമനക്കുട്ടന്റെ വരവ്. ബില്ല 2 സിനിമാലോകത്ത് തനിക്ക് വഴിത്തിരിവാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് പാർവ്വതി ഓമനക്കുട്ടൻ.

  • ബില്ല 2 ലേക്കെത്തുന്നത്

ഒരു ഫാഷൻഷോയിൽ വച്ച് എന്നെ കണ്ട ബില്ല 2 ന്റെ നിർമ്മാതാവും ഇൻ എന്റർടെയിന്മെന്റ് സി.ഇ.ഒ.യുമായ സുനീർ ഖേത്രപാൽ ആണ് സംവിധായകനായ ചക്രിടുലേത്തിയെ ചെന്നു കാണാനാകുമോ എന്നു ചോദിക്കുന്നത്. ബില്ല 2 ന്റെ കഥകേട്ടയുടൻ വീട്ടിൽ ആലോചിച്ചശേഷം സമ്മതം മൂളി.

  • ബില്ല 2 വിലെ അനുഭവങ്ങൾ

ബില്ല 2, ബില്ലയുടെ രണ്ടാം ഭാഗമല്ല. സാധാരണക്കാരനായ ഡേവിഡ് എങ്ങനെ ഡോൺ ആവുന്നു എന്ന കഥയാണ് ബില്ല 2 പറയുന്നത്. അജിത്തിനെപോലൊരു സൂപ്പർതാരവുമൊത്ത് അഭിനയിക്കുക എന്നത് മികച്ച അനുഭവമായിരുന്നു. ഒരു പുതുമുഖനായികയുടെ എല്ലാ ടെൻഷനും ഉണ്ടായിരുന്നു. ഇത്രയും വലിയ ഒരു നടനൊത്ത് ഒരു പുതുമുഖതാരം അഭിനയിക്കാനെത്തുമ്പോൾ ഉണ്ടാവുന്ന എല്ലാ പ്രശ്‌നങ്ങളും തുടക്കത്തിൽ ഉണ്ടായിരുന്നു. അജിത്തിന്റെ ഒരു ആരാധികകൂടിയായിരുന്നു ഞാൻ. എങ്ങനെ പെരുമാറുമെന്നത് വലിയ ആശങ്കയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ വിനയവും ഫ്രീയായി ഉള്ള സംസാരവും എന്നെ അമ്പരിപ്പിച്ചുകളഞ്ഞു. സംസാരിച്ചു തുടങ്ങിയാൽ ഒരു സാധാരണമനുഷ്യന്റെ പെരുമാറ്റം. അജിത്തിനെപോലുള്ളവർ സൂപ്പർതാരങ്ങളായി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിക്കുന്നതിന്റെ രഹസ്യം അവരുടെ പെരുമാറ്റമാണ്. അജിത്തിന്റെ അച്ഛൻ മലയാളിയാണ്. അമ്മ ഉത്തരേന്ത്യയിൽ നിന്നും. ഷൂട്ടിങ് വേളയിൽ ലൊക്കേഷനിൽ ശാലിനിയും കുഞ്ഞും അജിത്തിന്റെ അച്ഛനും അമ്മയുമൊക്കെ എത്തിയിരുന്നു. അവരുടെ ഒക്കെ ഇടപെടൽ സ്വന്തം കുടുംബാംഗത്തെപോലെയാ യിരുന്നു.

ബില്ല 2ലെ ക്ലൈമാക്‌സ് സീൻ ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും ചലഞ്ചിങ് ആയത്. അതേകുറിച്ച് കൂടുതൽ പറയാനാവില്ല. സിനിമയിലെ ഓരോ ദിവസത്തേയും അനുഭവങ്ങൾ മറക്കാനാവാത്തതാണ്. സംവിധായകൻ ചക്രി ടുലേത്തിയുടെയും ക്യാമറാമാൻ ആർ.ഡി. രാജശേഖരന്റെയും അനുഭവങ്ങൾ സിനിമയെ മികച്ചതാക്കിയിട്ടുണ്ട്.

  • യുണൈറ്റഡ് 6 ന്റെ വിശേഷങ്ങൾ

ബോളീവുഡ്‌സിനിമയായ യുണൈറ്റഡ് 6 ഇപ്പോൾ ചെന്നൈയിൽ റിലീസ് ചെയ്തിട്ടുണ്ട്. ഒരു അഭിനയപരിശീലനകളരിയായിരുന്നു ആദ്യ സിനിമ. സംവിധായകനടക്കമുളളവർ പുതിയ ടീമായതിനാൽ വലിയ ടെൻഷനൊന്നുമുണ്ടായിരുന്നില്ല. കഥാപാത്രം ഒരു മോഡൽ ആയിട്ടായിരുന്നു.

  • അഭിനയമാണോ മോഡലിംഗാണോ താലപര്യം

മോഡലിംഗിലൂടെയാണ് തുടക്കം. ഞാൻ സിനിമയിലെത്തിയത് മോഡൽ ആയതിലൂടെയാണ്. അഭിനയമാണ് ഏറ്റവും ഇഷ്ടപ്പെടുന്നത്. രണ്ടും വിടാൻ പറ്റില്ല. അഭിനയ സാധ്യതയുള്ള നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.

  • മലയാളിയായിട്ടും മലയാളത്തിൽ നിന്നും അകന്ന്

മലയാളത്തിലേക്ക് വരാൻ താൽപര്യമില്ലെന്ന് ഒക്കെ ചിലർ എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്. ആരാണ് ഇത് ചെയ്യുന്നത് എന്നറിയില്ല. നാട്ടിൽ അമ്മൂമ്മയോടൊപ്പം ഉണ്ടായിരുന്നപ്പോൾ നസീർ, ജയൻ, ഷീല തുടങ്ങിയവരുടെ സിനിമകൾ കണ്ടാണ് വളർന്നത്. കുട്ടിക്കാലം മുതൽ മലയാള സിനിമകളോട് പ്രത്യേക അടുപ്പമുണ്ട്. നല്ല സിനിമകൾ മലയാളത്തിൽ ഉണ്ടാകുന്നില്ല. ഗദ്ദാമ, പ്രണയം, ബ്യൂട്ടിഫുൾ തുടങ്ങി നല്ല കാറ്റഗറിയിലുള്ള ചിത്രങ്ങൾ വിരളമാണ്.
മുൻകാലങ്ങളിൽ സ്ത്രീകൾക്ക് പ്രധാന്യമുള്ള സിനിമകൾ മലയാളത്തിലുണ്ടായിരുന്നു. ശോഭനയും മഞ്ജുവാര്യരുമൊക്കെ ഇന്നും പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നത് അതുകൊണ്ടാണ്. ഇന്ന് പുരുഷമേധാവിത്യമുള്ള സിനിമകളാണധികവും. എത്രയോ കാലത്തിനുശേഷമാണ് സ്ത്രീകഥാപാത്രത്തിനു പ്രധാന്യമുള്ള ഗദ്ദാമ എന്ന ചിത്രമിറങ്ങുന്നത്. മലയാള സിനിമ തട്ടികൂട്ട് ഹാസ്യത്തിനുപുറകേ പോകുന്നു. ആരെങ്കിലും ഒരു പാറ്റേണിൽ ഒരു സിനിമ ചെയ്ത് ശ്രദ്ധിക്കപ്പെട്ടാൽ അതിനുപുറകെ വച്ചുപിടിക്കും. മലയാള സിനിമയുടെ തനിമ നഷ്ടപ്പെടുകയാണ്. മറ്റേത് ഇൻഡസ്ട്രിയിലേക്കാളും കഴിവുള്ള അഭിനയപ്രതിഭകൾ മലയാളത്തിലുണ്ട്. അവരുടെ കഴിവ് പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള സിനിമകളുണ്ടാവുന്നില്ല. ജഗതി ശ്രീകുമാർ ഉദയനാണ് താരത്തിൽ ചെയ്ത കഥാപാത്രം മറ്റൊരാൾക്കും ചെയ്യാനാവില്ല. സലിംകുമാറിനും ബാബുരാജിനും സ്ഥിരം പാറ്റേണിൽ നിന്നും മാറി അഭിനയിക്കാനാവുമെന്ന് വ്യക്തമായത് എത്രയോനാൾ കഴിഞ്ഞ് 'അച്ഛനുറങ്ങാത്ത വീടും സാൾട്ട് ആൻഡ് പെപ്പറും ഇറങ്ങുമ്പോഴാണ്.

മലയാളത്തിൽ പ്രതിഫലമോ ബാനറോ അല്ല പ്രശ്‌നം. രണ്ട്പാട്ടിനു വേണ്ടിയോ രണ്ട് സീനിനുവേണ്ടിയോ അഭിനയിക്കാൻ തയ്യാറല്ല. നല്ല കഥാപാത്രമാണെങ്കിൽ, നല്ല കഥയാണെങ്കിൽ മലയാളത്തിൽ തീർച്ചയായും അഭിനയിക്കും. ഇതുവരെ ഒരു മലയാളസിനിമയിലും കരാറായിട്ടില്ല. മറിച്ച് ചില പ്രചരണങ്ങളുണ്ടായിരുന്നു. അത് എങ്ങനെ വന്നുവെന്ന് അറിയില്ല.

  • സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്

നമ്മുടെ സമൂഹത്തിൽ പുരുഷമേധാവിത്വമാണ് കൂടുതൽ. ദൈവത്തിന്റെ സ്വന്തം നാടെന്നുപേരുള്ള നാട്ടിൽ വരുന്ന കാര്യത്തിൽ ഇപ്പോൾ താൽപര്യം നഷ്ടപ്പെടുകയാണ്. ഓരോ ദിവസവും മനസ് വിഷമിപ്പിക്കുന്ന വാർത്തകളാണ് കേൾക്കേണ്ടി വരുന്നത്. നിയമവ്യവസ്ഥ ശക്തമല്ലാത്തതാണ് പ്രധാനകാരണം. കുറ്റം ചെയ്താൽ രക്ഷപ്പെടാനാവില്ല എന്ന തോന്നലുണ്ടായാൽ കുറ്റകൃത്യം ചെയ്യുന്നതിന് പേടിയുണ്ടാവും. മലയാളികൾ വിദ്യാസമ്പന്നരാണെങ്കിലും ഇടുങ്ങിയ ചിന്താഗതിയുള്ളവരാണ്. വികസനമുൾപ്പെടെ എല്ലാ കാര്യത്തിലും ഇതാണ് അവസ്ഥ.

  • സാമൂഹ്യസേവനം

സാമൂഹ്യസേവനത്തെക്കുറിച്ച് മിസ് വേൾഡ് മത്സര രംഗത്തെത്തുന്നതുവരെ അത്ര ചിന്തിച്ചിരുന്നില്ല. മത്സരത്തിൽ സാമൂഹ്യസേവനരംഗം പ്രമേയമാക്കി സി.ഡി. തയ്യാറാക്കാനുണ്ടായിരുന്നു. സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്താൽ പ്രശസ്തിക്കുവേണ്ടി ചെയ്യുന്നുവെന്ന ധാരണയാണ് പലർക്കും മദർതെരേസ ആവാൻ പോവുകയാണോ എന്നുവരെ ചോദിക്കുന്നവരുണ്ട്. ഭാരതത്തിന്റെ അടിസ്ഥാനമായ വേദങ്ങളിലും ഗീതയിലുമെല്ലാം മറ്റുള്ളവരെ സഹായിക്കുന്നതിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. പക്ഷേ ആവശ്യം വരുമ്പോൾ സഹജീവികളെ സഹായിക്കുന്ന സമീപനം നമ്മുടെ നാട്ടിലില്ല. ഇന്ന് ഒരുപാട് എൻ.ജി.ഒ.കളുണ്ട്. പക്ഷേ പലരും 100ശതമാനം സേവനം നൽകുന്നില്ല. സാഹചര്യങ്ങൾ ചൂഷണം ചെയ്യുന്നുമുണ്ട്. എനിക്ക് വിശ്വസ്തതയുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികസേവനം ചെയ്യുന്നുണ്ട്. ഡൽഹിയിലെ ജെൻസിസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഗുഡ്വിൽ അംബാസിഡറാണ്. വലിയ കമ്പനികളുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ട്. ഹൈദരാബാദിൽ കനേഡിയൻ പൗരനായ സതീഷ് സിഖയുടെ ഹെൽത്തി കിഡ്‌സ് ഹാപ്പികിഡ്‌സ്എന്ന സംഘടനയുമായും ചേർന്ന് പ്രവർത്തിക്കുന്നു. വികലാംഗരായ കുട്ടികളുടെ ക്ഷേമത്തിനായാണ് അവർ പ്രവർത്തിക്കുന്നത്. സമയം കിട്ടുമ്പോഴെല്ലാം ഇവിടങ്ങളിൽ ചെലവഴിക്കാറുണ്ട്.

  • ഇഷ്ടവിനോദങ്ങൾ

സിനിമ കാണുക തന്നെ. പാട്ടും ഡാൻസുമൊക്കെ താൽപര്യമാണ്. ഭരതനാട്യം പഠിക്കുന്നുണ്ട്. കഥക് ഒന്നരവർഷം പഠിച്ചിരുന്നു. ക്ലാസിക്കൽ ഡാൻസിനൊപ്പം വെസ്റ്റേൺ ഡാൻസും പരിശീലിക്കുന്നുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന ഒരാൾകൂടിയാണ്

  • ഇഷ്ടപ്പെടാത്ത സ്വഭാവം

അച്ഛനിൽ നിന്നും പാരമ്പര്യമായി കിട്ടിയതാണ്. പെട്ടെന്ന് ദേഷ്യം വരും. അംഗീകരിക്കാൻ പറ്റാത്ത കാര്യമുണ്ടെങ്കിൽ അത് എവിടെയായാലും പറയും. ഡിപ്ലോമസി യൊന്നുമല്ല. സ്വാഭാവസവിശേഷതകൊണ്ട് ധ്യാനം സ്വായത്തമാക്കിയിട്ടുണ്ട്.

  • വിവാഹം

അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല. കരിയറിനാണ് മുൻഗണന. ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിൽ ഒരു അഭിനേത്രിയെത്തിയാൽ വിവാഹം കഴിച്ചാൽ അവർ ഇൻഡസ്ട്രിയിൽ നിന്നും അകന്നിരിക്കും. മറ്റു രാജ്യങ്ങളിലൊന്നും ഈ പ്രശ്‌നമില്ല. അഭിനയവും വിവാഹജീവിതവും തമ്മിൽ കൂട്ടികുഴക്കേണ്ടതില്ല. ഓസ്‌കാർ അവാർഡ് നേടിയ പ്രമുഖതാരങ്ങളെല്ലാം വിവാഹിതരാണ്.

  • കുടുംബം

അച്ഛൻ ഓമനക്കുട്ടൻ നായർ മുബൈയിലെ താഝോട്ടലിൽ റസ്റ്റോറന്റ് മാനേജരാണ്. അമ്മ ശ്രീകലാ ഓമനക്കുട്ടൻ വി.ജി എൻ. ജൂവലേഴ്‌സിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു. സഹോദരൻ ജയസൂര്യ ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്.


കടപ്പാട് ജന്മഭൂമി വരാന്ത്യപതിപ്പ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP