Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നും എനിക്ക് വേണ്ടിയല്ല; നാട്ടുകാർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തത്; ജോസ് മാവേലിയും ചിറ്റിലപ്പിള്ളി സാറുമെല്ലാം സഹായിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്; തെരുവ് നായ്ക്കളെ വകവരുത്തി കേസിൽ കുടുങ്ങിയ ഞാറയ്ക്കലിന്റെ 'ആക്ഷൻ ഹീറോ മിനി' മറുനാടനോട്

ഒന്നും എനിക്ക് വേണ്ടിയല്ല; നാട്ടുകാർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തത്; ജോസ് മാവേലിയും ചിറ്റിലപ്പിള്ളി സാറുമെല്ലാം സഹായിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്; തെരുവ് നായ്ക്കളെ വകവരുത്തി കേസിൽ കുടുങ്ങിയ ഞാറയ്ക്കലിന്റെ 'ആക്ഷൻ ഹീറോ മിനി' മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

വൈപ്പിൻ: പാർട്ടിയും നാട്ടുകാരും ഒറ്റക്കെട്ടായി ഒപ്പമുണ്ട്. ജോസ് മാവേലിസാറിനോട് ഇക്കാര്യത്തിലെ മുൻപരിചയം കണക്കിലെടുത്ത് ഞാൻ അങ്ങോട്ടു ചെന്ന് സഹായം തേടിയതാണ്. അദ്ദേഹവും ചിറ്റിലപ്പിള്ളി സാറുമെല്ലാം എല്ലാ വിധത്തിലും സഹായിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്തുശിക്ഷ ലഭിച്ചാലും സന്തോഷത്തോടെ ഏറ്റുവാങ്ങും. ഒന്നിൽനിന്നും ഒളിച്ചോടാനുമില്ല. തെരുവുനായ്ക്കളെ കൊല്ലാനിറങ്ങിയതിന്റെ പേരിൽ നാട്ടുകാർ നെഞ്ചേറ്റിയ മെമ്പർ 'ആക്ഷൻ ഹീറോ മിനി' യുടെ വാക്കുകളിൽ നിശ്ചയദാർഢ്യത്തിന്റെ തിളക്കം.

പൊതുശല്യമായി മാറിയ തെരുവുനായ്ക്കളെ ഉന്മൂൂലനം ചെയ്യാനിറങ്ങിയതിന്റെ പേരിൽ പൊലീസ് കേസ്സിൽ കുടുങ്ങിയതിൽ തനിക്ക് വ്യക്തിപരമായി യാതൊരു വിഷമവുമില്ലെന്നും പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ഇക്കാര്യത്തിൽ സർവവിധ പിൻതുണയും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഞാറക്കൽ പഞ്ചായത്തംഗമായ മിനി രാജു വ്യക്തമാക്കി.

നായ്ക്കളെ കൊലപ്പെടുത്തിയ നടപടിയിൽ ഞാറക്കൽ പൊലീസ് നടപടിക്രമങ്ങൾ ശക്തമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് മെമ്പർ നയം വ്യക്തമാക്കിയത്. ഒന്നും എനിക്ക് വേണ്ടിയല്ല, നാട്ടുകാർക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്തത്. അതു പാർട്ടിക്കാർക്കും പൊതുസമൂഹത്തിനും അറിയാം .അതുകൊണ്ടാണ് അവർ എനിക്ക് പിൻതുണയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കേസിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് കരുതുന്നത്. ഒപ്പമുള്ളവരുമായി ആലോചിച്ച് ഇക്കാര്യത്തിൽ വേണ്ടത് ചെയ്യും. ശിക്ഷയെക്കുറിച്ച് ഇതുവരെ യാതൊരറിവുമില്ല. എന്തുതന്നെയായലും അനുഭവിക്കാൻ ഒരുക്കമാണ്.മെമ്പർ തുടർന്ന് പറഞ്ഞു.

മിനി രാജു, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, ഡി വൈ എഫ് ഐ നേതാവ് ലൈജു ജോസഫ് എന്നിവരും കണ്ടാലറിയാവുന്ന ഏതാനും പേരെയും പ്രതി ചേർത്താണ് ഞാറക്കൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. ഇനി തെരുവുനായ്ക്കളെ കൊല്ലരുതെന്നും കൊല്ലാൻ കൂട്ടുനിൽക്കരുതെന്നും ആവശ്യപ്പെട്ട് പൊലീസ് പഞ്ചായത്ത് അധികൃതർക്ക് നോട്ടീസും നൽകിക്കഴിഞ്ഞു.

ഇതു സംബന്ധിച്ചുണ്ടാകുന്ന എല്ലാ നിയമപ്രശ്‌നങ്ങളേയും താൻ നേരിട്ടുകൊള്ളാമെന്ന മിനി രാജുവിന്റെ ഉറപ്പിലാണ് നായ്പിടുത്തക്കാരും സഹായികളും രംഗത്തിറങ്ങാൻ തയ്യാറായത്. മിനിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഏഴു തെരുവു നായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയിരുന്നു. സ്‌കൂൾ വിദ്യാർത്ഥികൾക്കും മറ്റു വാർഡ് നിവാസികൾക്കും വൻ ഭീഷണിയായതോടെ നിയമപ്രശ്‌നങ്ങളൊന്നും നോക്കാതെയാണ് മെമ്പർ ആക്രമണകാരികളായ നായകൾക്കെതിരേ രംഗത്തിറങ്ങിയത്.

പിടികൂടി കൊന്ന ഏഴു നായകളേയും ചൊവ്വാഴ്ച ഞാറക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പ്രദർശിപ്പിച്ചശേഷമാണ് കുഴിച്ചുമൂടിയത്. ആദ്യം പൊലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് വാർഡ് മെമ്പറുടെ നായപിടുത്തം സംബന്ധിച്ച് ചാനലുകളിൽ വാർത്ത പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. മുംബൈയിൽ നിന്നു മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹികളിലൊരാളായ അഡ്വ. റീനയിൽനിന്ന് ഈമെയിലിൽ ഒരു പരാതി ലഭിച്ചതും കേസ് മുറുകുന്നതിനു കാരണമായി.

പഞ്ചായത്ത് ഓഫീസിനു സമീപത്തെ പൊതുസ്ഥലത്ത് കുഴിച്ചിട്ട നായ്ക്കളുടെ ജഡം പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഞാറക്കൽ വെറ്ററിനറി സർജൻ ധന്യ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. സാമ്പിളുകൾ പരിശോധനയ്ക്കായി കാക്കനാട് ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണെന്നും ഇതിന്റെ ഫലം ലഭിച്ച ശേഷമായിരിക്കും കേസിൽ അനന്തര നടപടികൾ സ്വീകരിക്കുകയെന്നും ഞാറക്കൽ എസ് ഐ ആർ രഗീഷ് കുമാർ അറിയിച്ചു.

മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള ഐ പി സി ആക്ട് പ്രകാരം ചാർജ്ജ് ചെയ്തിട്ടുള്ള കേസ്സിൽ പിഴയൊടുക്കി കേസ്സ് അവസാനിപ്പിക്കനാണ് കോടതി നിർദ്ദേശിക്കാൻ സാദ്ധ്യതയെന്നും എന്നാൽ വാർത്ത പ്രാധാന്യം നേടിയ കേസ്സെന്ന നിലയിൽ ഒരുപക്ഷേ പ്രതികൾക്ക് ജയിൽശിക്ഷ ലഭിച്ചേക്കാമെന്നുമാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP