Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനുശാന്തിയുടെ കള്ളി പൊളിച്ചത് ടീം വർക്ക്; നിനോ മാത്യവുന് വീടിന്റെ ദൃശ്യങ്ങൾ അയച്ചത് ഗൂഢാലോചന പുറത്താക്കി; വാട്‌സ് ആപ്പ് ചാറ്റും വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു; ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ എപിപി അനിൽ പ്രസാദ് മറുനാടനോട്

അനുശാന്തിയുടെ കള്ളി പൊളിച്ചത് ടീം വർക്ക്; നിനോ മാത്യവുന് വീടിന്റെ ദൃശ്യങ്ങൾ അയച്ചത് ഗൂഢാലോചന പുറത്താക്കി; വാട്‌സ് ആപ്പ് ചാറ്റും വധശിക്ഷയിലേക്ക് കാര്യങ്ങളെത്തിച്ചു; ആറ്റിങ്ങൽ ഇരട്ടക്കൊലയിൽ എപിപി അനിൽ പ്രസാദ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: നാടിനെ നടുക്കിയ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ പ്രതികളായ നിനോ മാത്യുവിനും അനുശാന്തിക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ നിർണായകമായതു പൊലീസിന്റെയും പ്രോസിക്ക്യൂഷന്റെയും ടീം വർക്കെന്നു അഡീഷണൽ പബ്ലിക്ക് പ്രോസിക്കൂട്ടർ എം അനിൽ പ്രസാദ് മറുനാടൻ മലയാളിയോട് പറഞ്ഞു. കേസിൽ ഒന്നാം പ്രതിയായ നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയുമാണ് ഇന്നലെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഷെർസി വിധിച്ചത്. കേസിന്റെ ഒരു ഘട്ടത്തിലും തങ്ങൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടോ ഭീഷണിയോ നേരിടേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിന്റെ എല്ലാ ഘട്ടത്തിലും പൊലീസും പ്രോസിക്ക്യൂഷനും ഒരുമിച്ച് പ്രവർത്തിച്ചതിനാലാണ് കേസിന്റെ കുറ്റപത്രം 90 ദിവസത്തിനുള്ളിൽ സമർപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ ആരംഭ ഘട്ടത്തിൽ തന്നെ സ്‌പെഷ്യൽ പ്രോസിക്ക്യൂട്ടറായി വിനീത് കുമാറിനെ നിയമിച്ചതും നേട്ടമായെന്നാണ് അദ്ദേഹം പറഞ്ഞത്. തുടക്കത്തിൽ തന്നെ നിയമനം നൽകിയതിനാൽ കേസിനു വേണ്ട രീതിയിലുള്ള ഉപദേശം പൊലീസിനു നൽകാനായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുറ്റമറ്റ അന്വഷണമാണ് പൊലീസ് നടത്തിയതെന്നും തീർത്തും അഭിനന്ദനാർഹമായതിനാലാണ് കോടതി പരാമർശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ പ്രഥമഘട്ടത്തിൽ തന്നെ എല്ലാ പഴുതുകളും അടയ്ക്കാനായതാണ് സുപ്രധാനമായത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷ് പ്രതി നിനോയെ സംഭവസ്ഥലത്തു തന്നെ തിരിച്ചറിഞ്ഞെങ്കിലും ശക്തമായ തെളിവുകളായിരുന്നു കോടതിക്കുമുന്നിൽ കുറ്റം തെളിയിക്കുന്നതിനാവിശ്യം. സാഹചര്യതെളിവുകൾ കോടതിയെ ബോധിപ്പിക്കുകയെന്നത് വെല്ലുവിളിയായിരുന്നു. തെളിവുകൾ ലഭിക്കുന്നതിനായി ഐ.ടി ആക്റ്റിൽ ഉൾപ്പെടുന്നവകൂടി പരിശോധിച്ചതാണ് നിർണായകമായത്. അനുശാന്തിയും നിനോയും തമ്മിലുള്ള അവിഹിത ബന്ധവും ഒരുമിച്ച് ജീവിക്കുന്നതിനായി നടത്തിയ ഗൂഢാലോചനയുമാണ് കൊലപാതകം നടത്തുന്നതിലേക്ക് നയിച്ചത്.

എന്നാൽ അനുശാന്തിയുടെ പങ്ക് തെളിയിക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് അനുശാന്തി ടെക്‌നോപാർക്കിലെ ഓഫീസിലായിരുന്നു. എന്നാൽ ലിജീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ വാട്‌സാപ്പ് ചാറ്റും അതിലൂടെ കൈമാറിയ വീഡിയോ ക്ലിപ്പുകളും ലഭിച്ചിരുന്നു. എന്നാൽ നിനോ മാത്യുവിനു കൊല നടത്തുന്നതിനും രക്ഷപ്പെടുന്നതിനുമായി അനുശാന്തി വീടിന്റെ വിവിധ ചിത്രങ്ങൾ അയച്ചത് സംഭവത്തിനും രണ്ട് ദിവസം മുൻപായിരുന്നുവെന്നതും ഗൂഢാലോചന തെളിയിക്കാൻ സഹായിച്ചു. കേസിൽ നിനോ മാത്യുവിന്റെ അച്ഛന്റെ നിലപാടും പ്രോസിക്ക്യൂഷനു സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്യൂട്ടറായ വിനീത് കുമാറും അഡീഷണൽ പബ്ലിക്ക് പ്രോസിക്കൂട്ടർ എം അനിൽ പ്രസാദും തിരുവനന്തപുരം സ്വദേശികളാണ്. വിനീത് കുമാർ പോങ്ങമൂട് സ്വദേശിയും അനിൽ പ്രസാദ് ശ്രീകാര്യം സ്വദേശിയുമാണ്. ഇരുവരും തിരുവനന്തപുരം ലോ അക്കാഡമിയിൽ നിന്നാണ് നിയമ പഠനം പൂർത്തിയാക്കിയത്. വിനീത് കുമാർ 1993ലും അനിൽ പ്രസാദ് 1995ലുമാണ് എന്റോൾ ചെയ്യപ്പെട്ടത്. ഇരുവരും എൽഎൽഎം എംബിഎൽ എന്നീ നിയമത്തിലെ ബിരുദാനന്തര ബിരുദം ഒരുമിച്ചാണ് പഠിച്ചത്. എൽഎൽഎം പരീക്ഷയിൽ ആദ്യ രണ്ടു റാങ്കുകൾ ഇരുവരും സ്വന്തമാക്കുകയും ചെയ്തിരുന്നു.

മാത്രമല്ല ഇരുവരും അഭിഭാഷകരായി പ്രവർത്തനം ആരംഭിക്കുന്നതും ശാസ്തമംഗലം ഗോപാലകൃഷ്ണൻ എന്ന അഭിഭാഷകന്റെ ജൂനിയറായിട്ടാണ്. അനിൽ പ്രസാദ് എം.കോം പഠനത്തിനു ശേഷവും വിനീത് കുമാർ സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും നേടിയ ശേഷമാണ് നിയമ പഠനം പൂർത്തിയാക്കിയത്. ഇരുവരും ഇപ്പോൾ തിരുവനന്തപുരം ലോ അക്കാഡമിയിലെ അദ്ധ്യാപകരുമാണ്. വഞ്ചിയൂരിൽ തന്നെ ലോ ക്വാർട്ടേഴ്‌സ് എന്ന സംരംഭം നടത്തുകയാണ് ഇരുവരും. ആറ്റിങ്ങൽ കേസിന്റെ വിചാരണ സമയത്ത് തങ്ങളുടെ സഹപ്രവർത്തകരായ ബാബു നാദൂറാം, സുബാഷ് കോവളം, ചൈതന്യ, മീര എന്നീ അഭിഭാഷകരും ആത്മാർഥമായി സഹകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP