Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയച്ചതിയിൽ വീഴ്‌ത്തി ശാരീരികമായി ദുരുപയോഗം ചെയ്തു; വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; നാട്ടിൽ എത്തിയപ്പോൾ നിറം കുറവെന്നു പറഞ്ഞു മർദിച്ചു: ഡോ. ഷാനവാസിന്റെ സുഹൃത്ത് അനീഷിന്റെ പീഡനത്തിന് ഇരയായ യുവതി മറുനാടനോട്

പ്രണയച്ചതിയിൽ വീഴ്‌ത്തി ശാരീരികമായി ദുരുപയോഗം ചെയ്തു; വിവാഹത്തെപ്പറ്റി പറഞ്ഞപ്പോൾ ഒഴിഞ്ഞുമാറി; നാട്ടിൽ എത്തിയപ്പോൾ നിറം കുറവെന്നു പറഞ്ഞു മർദിച്ചു: ഡോ. ഷാനവാസിന്റെ സുഹൃത്ത് അനീഷിന്റെ പീഡനത്തിന് ഇരയായ യുവതി മറുനാടനോട്

എം പി റാഫി

മലപ്പുറം/തൃശൂർ: ആദിവാസികളുടെ പ്രിയ ഡോക്ടറായിരുന്ന അന്തരിച്ച ഡോ. ഷാനവാസിന്റെ സുഹൃത്തും ആത്മ ട്രസ്റ്റിയുടെ അംഗവുമായ അനീഷ് തന്നെ വളരെ ആസൂത്രിതമായി ചൂഷണം ചെയ്ത് വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാരിയായ യുവതി. തൃശ്ശൂർ സ്വദേശിനിയായ യുവതി മറുനാടൻ മലയാളിയോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ധനിക കുടുംബത്തിൽ ജനിച്ച അനീഷ് കടുത്ത സാമ്പത്തിക ബാധ്യതയുള്ളതായി തെറ്റിദ്ധരിപ്പിച്ചായിരുന്നു തന്നോട് അടുത്തിരുന്നത്. പിന്നീട് വിവാഹ വാഗ്ദനം നൽകി പലതവണ പീഡിപ്പിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. താൻ പരാതി നൽകുമെന്നായപ്പോൾ അനീഷും വീട്ടുകാരും ചേർന്ന് സാമ്പത്തിക വാഗ്ദാനം നൽകി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും യുവതി വ്യക്തമാക്കി.

ആദിവാസികൾക്കിടയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തി പ്രശസ്തനായ ഡോക്ടർ ഷാനവാസ് പി.സി തുടങ്ങിവച്ച ആത്മ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ മുഖ്യനടത്തിപ്പുകാരനും ട്രസ്റ്റിയുമാണ് മലപ്പുറം മമ്പാട് പരതമ്മൽ സ്വദേശി അറപ്പത്താലിക്കുഴിയിൽ അനീഷ് (26). 2015 ഫെബ്രുവരി 13ന് ഷാനവാസിന്റെ മരണവാർത്ത അറിഞ്ഞ് സോഷ്യൽ മീഡിയ ഒന്നടങ്കം തേങ്ങിയിരുന്നു. ഷാനവാസിന്റെ മരണാനന്തര ചടങ്ങുകളിൽ പോലും നാട്ടുകാരെ അമ്പരപ്പിക്കും വിധം സാമൂഹ്യ മാദ്ധ്യമത്തിലെ പരിചയക്കാരായിരുന്നു തടിച്ചു കൂടിയവരിൽ അധികവും. പിന്നീട് ഷാനവാസ് തുടങ്ങിവച്ച സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടരുന്നതിനുമായി ആത്മ എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തനം ആരംഭിച്ചു. നാടിന്റെ നാനാഭാഗത്തുള്ള അനേകം പേർ ഡോ.ഷാനവാസ് കൊളുത്തിവച്ച പ്രകാശത്തിൽ നിന്നും പ്രചോദനംകൊണ്ടു. എന്നാൽ ഷാനവാസിനെ സ്‌നേഹിക്കുന്ന ആരെയും വേദനിപ്പിക്കുന്ന സുഖകരമല്ലാത്ത വാർത്തകളായിരുന്നു ഈയിടെ ആത്മയുടെ ട്രസ്റ്റി സ്ഥാനത്തുള്ളആളുമായി ബന്ധപ്പെട്ട് പുറത്തു വന്നത്.

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കോസിൽ റിമാൻഡിൽ കഴിയുകയാണിപ്പോൾ അനീഷ്. 2015 ഡിസംബർ 18ന് തൃശൂർ പാവറട്ടി പൊലീസിൽ യുവതി നൽകിയ പരാതിന്മേലായിരുന്നു സൗദിയിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ അനീഷിനെ അറസ്റ്റുചെയ്ത് കോടതി റിമാൻഡിലടച്ചത്. പാവർട്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐപിസി 376, 377, 323, 294(ബി), 506(ഐ),ആർ/ ഡബ്ല്യൂ 34 എന്നീ ജ്യാമ്യമില്ലാ വകുപ്പുകളടക്കമാണ് അനീഷിനുമേൽ ചുമത്തിയിരിക്കുന്നത്. അനീഷ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതിക്കാരിയുടെ മൊഴിലഭിച്ചതായും കൊണ്ടുപോയ സ്ഥലങ്ങളിലെ ലോഡ്ജ് അധികൃതരും ജീവനക്കാരും തെളിവെടുപ്പിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പാവറട്ടി എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. ചാവക്കാട് മജിസ്‌ട്രേറ്റിൽ 164 സ്റ്റേറ്റ്‌മെന്റ് നൽകാനിരിക്കുകയാണ് പരാതിക്കാരിയായ പെൺകുട്ടി.

സംഭവത്തിൽ ആത്മ ചാരിറ്റബിൾ ട്രസ്റ്റിന് ബന്ധമില്ലെന്നും അനീഷിനെതിരെ നടപടിയെടുക്കുമെന്നും ട്രസ്റ്റ് ഭാരവാഹികൾ നേരത്തെ വ്യക്തമാക്കുകയുണ്ടായി. എന്നാൽ സഹായാസ്തവുമായി സമൂഹത്തിലിറങ്ങുന്ന സന്നദ്ധ പ്രവർത്തകർക്കു മേൽ കറപുരളുന്നതാണ് ഇത്തരം സംഭവങ്ങൾ. സമൂഹത്തിന്റെ അങ്ങേതട്ടിലുള്ള ആദിവാസികൾ മുതലുള്ള ജനവിഭാഗങ്ങളുടെ പ്രതീക്ഷകൾക്ക് നേർവിപരീതമാണിത്. ശാരീരികവും മാനസികവുമായി ചൂഷണം ചെയ്യപ്പെട്ട നിസ്സഹായത മാത്രമാണ് തൃശൂർ സ്വദേശിനിയായ യുവതിക്ക് പറയാനുണ്ടായിരുന്നത്. ചാരിറ്റിയിൽ ആകൃഷ്ടയാകുക മാത്രമായിരുന്നു എഞ്ചിനീയറിംങ് ബിരുധദാരിയായ ഈ യുവതിയും ചെയ്തിരുന്നത്. ഏതൊരു പെണ്ണും ഓർക്കാൻ ഇഷ്ടപ്പെടാത്ത സംഭവങ്ങളായിരുന്നു പിന്നീട് യുവതിയുടെ ജീവിതത്തിൽ സംഭവിച്ചത്. അനീഷിനെതിരെ പരാതിപ്പെടാനുള്ള സാഹചര്യവും പരാതിയുടെ പിന്നാമ്പുറങ്ങളും യുവതി മറുനാടൻ മലയാളിയോട് പങ്കെവെയ്ക്കുന്നതിങ്ങനെ:

ചാരിറ്റി പ്രവർത്തനങ്ങൾ ഫേസ്‌ബുക്കിലൂടെ കണ്ടറിഞ്ഞായിരുന്നു കഴിഞ്ഞ ജൂണിൽ ഞാൻ അനീഷുമായി പരിചയപ്പെടുന്നത്. പിന്നീട് എന്റെ കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട് കോഴിക്കോട് മുക്കത്തുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നതിന് ശേഷം അനീഷുമായി കൂടുതൽ അടുക്കാൻ ഇടയായി. അന്ന് അനീഷ് വളരെ സാമ്പത്തിക ബാധ്യതയുള്ള ആളായിട്ടായിരുന്നു പരിചയപ്പെടുത്തിയിരുന്നത്. പിന്നീടുള്ള അഞ്ചു മാസക്കാലത്തിനുള്ളിൽ ഞങ്ങൾ കൂടുതൽ അടുത്തിരുന്നു. ഈ അടുപ്പം മുതലെടുത്ത് എന്നെ ശാരീരികമായി ചൂഷണം ചെയ്തു. മാത്രമല്ല, എന്നെ വിവാഹം കഴിക്കാമെന്ന ഉറപ്പ് എനിക്ക് നൽകിയിരുന്നു. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയും വിവാഹകാര്യം പറയുമ്പോൾ എന്നെ ശാരീരികമായി മർദിക്കുകയും ചെയ്തപ്പോഴാണ് ഞാൻ പരാതിയുമായി രംഗത്ത് വന്നത്. വിവാഹത്തെ പറ്റി പറയുമ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യതയുള്ളതായാണ് എന്നോട് പറയാറ്്.

ഒരു പാട് കടബാധ്യത ഉണ്ടെന്നൊക്കെയാണ് പറഞ്ഞിരുന്നത്. പിന്നീട് ഇതെല്ലാം കള്ളമായിരുന്നെന്ന് അന്വേഷിച്ചപ്പോൾ എനിക്ക് മനസിലായി. നാട്ടിൽ നിന്നാൽ വിവാഹത്തിന് എന്റെ വീട്ടുകാരുടെ സമ്മർദമുണ്ടാകുമെന്നും പറഞ്ഞ് വിദേശത്തേക്ക് പോകാൻ പറഞ്ഞു. തിരിച്ചു വന്നാൽ വിവാഹം കഴിക്കാമെന്നായിരുന്നു ഉറപ്പ്. എന്റെ പഠനമെല്ലാം അബുദാബിയിലായിരുന്നു. പിന്നീട് അവിടെ ഒരു വർഷക്കാലം ജോലി ചെ്തിരുന്നു. ഇതെല്ലാം ഉപയോഗപ്പെടുത്തി ഞാൻ ഒരു ജോലിയിൽ പ്രവേശിച്ചു. പിന്നീട് അനീഷിന് ജോലിയില്ലെന്നും ഉദ്ധേശിച്ച ബിസിനസ് ഒന്നും ശരിയായില്ലെന്നും പറഞ്ഞ് ഒരു വിസ അയക്കാൻ പറഞ്ഞു. ഇതനുസരിച്ച് ഞാൻ ഒരു വിസ അയച്ചു കൊടുത്തിരുന്നു.

എന്നാൽ യുഎഇലേക്ക് അവൻ വന്നിരുന്നില്ല. പിന്നീട് ഞാൻ നാട്ടിലെത്തി വിവാഹ കാര്യം അനീഷിനോടു സംസാരിച്ചപ്പോൾ, അവന്റെ വീട്ടുകാർ സമ്മതിക്കില്ലെന്ന മറുപടിയായിരുന്നു (ഞങ്ങളുടെ വിവാഹ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പിതാവ് തന്നെ പിന്നീട് പറയുകയുണ്ടായി). അവസാനം രഹസ്യമായി വിവാഹം ചെയ്യാം എന്ന് പറഞ്ഞ് എന്നെ വീട്ടിൽ നിന്നും വരുത്തിയെങ്കിലും കോഴിക്കോട് എത്തിയപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് അനീഷ് വീണ്ടും ഒഴിഞ്ഞുമാറി. ഇതു ചോദ്യം ചെയ്തപ്പോൾ എന്നെ കഴുത്തിനു പിടിച്ച് മർദിക്കുകയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയാണുണ്ടായത്. അന്ന് ഞാൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് അനീഷിന് താൽപര്യമില്ലെന്നും അവന്റെ ഉദ്ദേശം മറ്റുപലതുമണെന്നും അവന്റെ ഭാഗത്തു നിന്നുള്ള തെറ്റിന് മാപ്പപേക്ഷിക്കുന്നതായും പറഞ്ഞ് വീട്ടുകാർ വന്നിരുന്നു. ഇതിനു ശേഷം സത്യാവസ്ഥ അനീഷിനോട് ചോദിച്ചറിയുവാൻ അനീഷിന്റെ വീട്ടിലേക്ക് ഞാൻ ഒരു ദിവസം പോയി. ഈ വിവരങ്ങളെല്ലാം വീട്ടുകാരോട് പറഞ്ഞപ്പോൾ അനീഷ് വീട്ടുകാരുടെ മുന്നിലിട്ട് എന്നെ തല്ലുകയാണുണ്ടായത്.

മാത്രമല്ല, എന്നെ സമപ്രായക്കാരിയാണെന്നും അവനെക്കാളും നിറം കുറവാണെന്നും പറഞ്ഞ് അധിക്ഷേപിക്കുകയാണുണ്ടായത്. പിന്നീട് ഡിസംബർ 18ന് ഞാൻ നാട്ടിലെ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. അപ്പോഴേക്ക് ഇവൻ സഊദിയിലേക്ക് കടന്നിരുന്നു. കേസ് ഇല്ലാതാക്കാൻ ഉന്നതങ്ങളിൽ നിന്നും പൊലീസിൽ വലിയ സമ്മർദം ഉണ്ടായിട്ടുണ്ട്. വയോധികരായ മാതാവും പിതാവും മൂന്ന് പെൺമക്കളും അടങ്ങുന്നതാണ് ഞങ്ങളുടെ കുടുംബം. പരാതിയുടെ പേരിൽ ജീവന് തന്നെ ഭീഷണികളുണ്ട്. യാഥാർത്ഥത്തിൽ അവൻ എന്നെ വഞ്ചിക്കുകയായിരുന്നു. എന്റെ ശരീരം മാത്രമായിരുന്നു അവൻ ലക്ഷ്യം വച്ചത്. ഇനി ഒരു പെൺകുട്ടിക്കും ഈ അവസ്ത ഉണ്ടാവരുത്. അതുകൊണ്ടാണ് ഞാൻ പരാതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ചാരിറ്റിയുടെ മറപിടിച്ച് എന്തും ചെയ്യാമെന്നായിരുന്നു അവൻ ധരിച്ചിരുന്നത്.

എന്നെ മാനസികമായും ശാരീരികമായും ചൂഷണം ചെയ്ത് വഞ്ചിച്ചതിനെരെ ഏതറ്റം വരെയും ഞാൻ നിയമ പോരാട്ടം നടത്തും. എന്റെ പരാതിയോ മറ്റോ ആത്മ ചാരിറ്റബിൾ ട്രസ്റ്റിനെതിരെയോ അല്ലെങ്കിൽ എന്റെ പിന്നിൽ മറ്റാരെങ്കിലുമോ അല്ല. ഞാൻ അനുഭവിച്ച ദുരിതത്തിൽ നിന്നാണ് എന്നെ സ്വയം പരാതിപ്പെടാൻ പ്രേരിപ്പിച്ചത്. ആത്മ ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നുണ്ട്, അവർ ആദിവാസികൾക്കു വേണ്ടി ചെയ്യുന്നത് നല്ല പ്രവർത്തികൾ തന്നെയാണ്. ഇതെല്ലാം ഞാൻ അംഗീകരിക്കുന്നു. അവർ അതുമായി മുന്നോട്ടു പോകണം. ഞാൻ ആത്മയിലെ മറ്റു അംഗങ്ങൾക്കെതിരെയല്ല. പക്ഷെ, അനീഷിന് ഇനി ആത്മ എന്ന സംഘടനയിൽ തുടരാൻ ഒരു യോഗ്യതയുമില്ല. ഇത്‌പോലത്ത ആളുകളെ ട്രസ്റ്റിയാക്കുകയോ മറ്റു സ്ഥാനങ്ങളിലിരുത്തുകയോ ചെയ്യരുത് എന്ന് മാത്രമാണ് എന്റെ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP