Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി വാണ്ട് യു ബാക്ക്...മെർസൽ ചർച്ചയ്ക്ക് ശേഷം നിരവിധി പേർ വിളിച്ച് അഭിനന്ദിച്ചു; സൂര്യ ടിവിയിലെ മലയാളി ഹൗസിൽ പങ്കാളിയായത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം; 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്ത് ചതിച്ചു; ജീവിതം തകർത്ത മദ്യപാനം ഉപേക്ഷിച്ചിട്ട് നാല് കൊല്ലം; കുടിച്ച് വീടും സ്വത്തും വിറ്റു തൊലച്ചെന്നത് അസത്യ പ്രചരണം; ടിവി ഷോയിലെ ഗ്രാന്റ് മാസ്റ്റർ വീണ്ടും സജീവമാകും; ജിഎസ് പ്രദീപ് മറുനാടനോട്

വി വാണ്ട് യു ബാക്ക്...മെർസൽ ചർച്ചയ്ക്ക് ശേഷം നിരവിധി പേർ വിളിച്ച് അഭിനന്ദിച്ചു; സൂര്യ ടിവിയിലെ മലയാളി ഹൗസിൽ പങ്കാളിയായത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം; 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്ത് ചതിച്ചു; ജീവിതം തകർത്ത മദ്യപാനം ഉപേക്ഷിച്ചിട്ട് നാല് കൊല്ലം; കുടിച്ച് വീടും സ്വത്തും വിറ്റു തൊലച്ചെന്നത് അസത്യ പ്രചരണം; ടിവി ഷോയിലെ ഗ്രാന്റ് മാസ്റ്റർ വീണ്ടും സജീവമാകും; ജിഎസ് പ്രദീപ് മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: പ്രശസ്തിയുടെയും അറിവിന്റെയും കൊടുമുടിയിൽ നിന്ന് പെട്ടെന്നുണ്ടായ വീഴ്ച, അതുണ്ടാക്കിയ ആഘാതം, അതിൽ നിന്നും രക്ഷ നേടുവാൻ കണ്ടെത്തിയ മാർഗങ്ങൾ... ഒടുവിൽ തിരിച്ചറിവുകളുടെ പാതയിലൂടെ തിരിച്ചു നടക്കുകയാണ് ജിഎസ് പ്രദീപ്. വീണ്ടും താരമാകാൻ. അതിന് അവസരമൊരുക്കുകാണ് മേർസൽ സിനിമയിലെ ചർച്ച.

നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു. നിങ്ങളുടെ സമയം ഇപ്പോഴും അവസാനിച്ചിട്ടില്ല. മെർസൽ എന്ന സിനിമയ്ക്കെതിരെ ബിജെപി നടത്തുന്ന അക്രമങ്ങൾ എന്ന വിഷയത്തിൽ കൈരളി പീപ്പിൾ സംഘടിപ്പിച്ച ചാനൽ ചർച്ചയിൽ പങ്കെടുത്ത ശേഷം തനിക്ക് ലഭിച്ച ഇത്തരം അഭിപ്രായങ്ങൾ വിശ്വസിക്കാനാകുന്നില്ലെന്ന് ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് മറുനാടൻ മലയാളിയോട്. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും പൊതു രംഗത്ത് സജീവമാകാനുള്ള ആർജ്ജവമാണ് ഇപ്പോൾ മലയാളികൾ തനിക്ക് നൽകുന്നതെന്നും പ്രദീപ് പറയുന്നു.

തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം സൂര്യ ടിവിയുടെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തതാണ്. പറഞ്ഞത് പോലെയൊന്നുമായിരുന്നില്ലെന്ന് മാത്രമല്ല പറഞ്ഞ പ്രതിഫലത്തിലും മാറ്റങ്ങളുണ്ടായി. ഏറ്റവും മോശമായത് മാത്രം എഡിറ്റ് ചെയ്താണ് പരിപാടി സംപ്രേഷണം ചെയ്തത്. തന്റെ വീഴ്ചയിൽ പഠിച്ച ഏറ്റവും വലിയ പാഠം ഒരു വിഷമഘട്ടത്തിൽ ആരൊക്കെ കൂടെ നിക്കുമെന്നാണ് മനസ്സിലായത്. മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ജിഎസ് പ്രദീപ് ഇക്കാര്യങ്ങൾ പറഞ്ഞത്

അഭിമുഖത്തിന്റെ പൂർണ രൂപത്തിലേക്ക്

  • ജി.എസ് പ്രദീപിന്റെ ചാനൽ ചർച്ചകളിലേക്കുള്ള തിരിച്ച് വരവ്.

അത് ഒരു വാർത്താധിഷ്ടിത ചർച്ചയായിരുന്നു. മെർസൽ എന്ന സിനിമയ്ക്കെതിരെയുണ്ടായിരുന്ന ഫാസിസ്റ്റ് കടന്ന് കയറ്റത്തെക്കുറിച്ചുള്ള ചർച്ച. ഫാസിസത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ആ ചരർച്ചയിൽ പങ്കെടുത്തത്. പക്ഷേ ചർച്ചയിൽ പങ്കെടുത്തതിന് ശേഷമാണ് ഞാൻ ശരിക്കും ഞെട്ടിയത്. നവമാധ്യമങ്ങളിലൂടെയുള്ള ആളുകളുടെ പ്രതികരണം സത്യത്തിൽ എന്നെ ഞെട്ടിക്കുന്നതും വളരെ ആവേശം പകരുന്നതുമായിരുന്നു. ജിഎസ് പ്രദീപ് നിങ്ങൾ ഇത്രയും കാലം എവിടെയായിരുന്നു. വി വാണ്ട് യു ബാക്ക് എന്ന രീതിയിലായിരുന്നു ഭൂരിഭാഗം കമ്മന്റുകളും. ഇപ്പോൾ ശ്രീലങ്കയിലെ ഒരു ചാനലിലാണ് ഞാൻ ഒരു ഷോ ചെയ്യുന്നത്. മലയാള മാധ്യമങ്ങളിൽ അത്ര സജചീവമായിരുന്നില്ല. ഈ ചർച്ചയോടെ വീണ്ടും സജീവമാകുന്നതിൽ വലിയ സന്തോഷം.

  • സോഷ്യൽ മീഡിയയിലൂടെ തിരിച്ച് വരവിന് ലഭിച്ച സ്വീകരണം

ആ ചർച്ചയ്ക്ക് ശേഷം വന്ന കമ്മന്റുകൾ സന്തോഷം നൽകുന്നതായിരുന്നു. ഭൂരിഭാഗം ആളുകളും അനുമോദനങ്ങൾ അറിയിച്ച് തന്നെയാണ് കമ്മന്റുകൾ വന്നത്. സ്നേഹത്തോടെയും ആരാധനയോടെയും തന്നെയാണ് ആളുകൾ പ്രതികരിക്കുന്നത്. നമ്മുടെ പ്രതിഭയ്ക്ക് അവർ തരുന്ന സ്നേഹത്തിന് അകമഴിഞ്ഞ നന്ദിയുണ്ട്. തെറ്റുകൾ പറ്റിയപ്പോഴും ഇതേ സ്നേഹത്തോടെ തന്നെയാണ് അവർ വിമർശിച്ചതെന്നാണ് മനസ്സിലാകുന്നത്. വിമർശനങ്ങൾ വരുമ്പോൾ അത് ശരിയല്ലെന്ന് പറയുന്നത് നല്ല പ്രവണതയല്ല. വിമർശനങ്ങൾ സ്നേഹത്തോടെയായിരു്നനതുകൊണ്ട് തന്നെയാണ് തിരിച്ച് വന്നപ്പോഴും അവർ എന്നെ പിന്തുണയ്ക്കുന്നത്. അവരുടെ വിമർശനങ്ങളെ മനസ്സിലാക്കുന്നതിനൊപ്പം തന്നെ അവരുടെ നല്ല വാക്കുകളെ കൂടുതൽ ആർവത്തോടെ മുന്നോട്ട് പോകാനുള്ള ഇന്ദനമായും കാണുന്നു.

  • ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം കലകളോടുള്ള സമീപനം എന്നിവയെക്കുറിച്ച്

ഞാൻ ഒരു മാധ്യമപ്രവർത്തകനാണ് സ്വതന്ത്രമായി ചിന്തിക്കുന്ന അറിവ് ഒരു കലയാണ് എന്ന് കരുതുന്ന ആളാണ്. അതുകൊണ്ട് തന്നെ പല സാഹചര്യങ്ങളിലും ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കാറുണ്ട്. പിന്നെ അടിസ്ഥാനപരമായി ഞാൻ ഒരു പ്രാസംഗികനാണ്.15ാം വയസ്സിൽ തുടങ്ങിയതാണ്. ഇന്ത്യയിലേയും വിദേശത്തെയുമായി നിരവധി ഭാഷകളിൽ 6000ൽ പരം എപ്പിസോഡുകൾ ചെയ്തിട്ടുണ്ട്. പിന്നെ അടിസ്ഥാനപരമായി ഞാൻ ഒരു ഇടത് പക്ഷക്കാരനാണ്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയ ബോധം കൈവരിച്ചയാളുമാണ്. കമ്മ്യൂണിസ്റ്റ് ചിന്തകൾ കുട്ടിക്കാലം മുതൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. എന്നിലെ പ്രാസംഗികനേയും വായനക്കാരനേയും ഒക്കെ രൂപപെടുത്തിയത് ആ രാഷ്ട്രീയ ചിന്ത തന്നെയാണ്. അപ്പോ കാര്യങ്ങൾ നോക്കി കാണുന്നത് സ്വതന്ത്ര ചിന്തയോടെയാണ്.

  • കലാരൂപങ്ങളോടുള്ള ഭരണ വർഗത്തിന്റെ അസഹിഷ്ണുത

ലോകത്തിലെവിടെയും ഫാസിസ്റ്റ് ഭരണാധികാരികൾ കലാകാരന്മാരുടെയും ചിന്തകരുടേയും നാവരിയാൻ ശ്രമം നടന്നിട്ടുണ്ട്. അത് ഇവിടെ മാത്രമല്ല ആഗോളമായി പല സ്ഥലങ്ങളിലും കണ്ടുവരുന്ന ഒന്നാണ്. സൗത്താഫ്രിക്കയിൽ പ്രട്ടോറിയ ഭരണകൂടം കവികളോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ട്. ശ്രീലങ്കയിൽ മഹിന്ദ രാജ്പക്സേയുടെ കാലത്ത് സംഭവിച്ചിട്ടുണ്ട്. ആ രാജ്യത്തെ ഭരണകൂടത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകരും കൊലചെയ്യപ്പെട്ടിട്ടുണ്ട്. സ്വന്തത്രമായി ചിന്തിക്കുന്നവർക്ക് ഇത്തരം അനുഭവം എല്ലായിപ്പോഴും ഉണ്ടാകും. ഷേയ്ക്ക് ഹാന്റ് പോലും നിരോധിച്ച് മുസ്സോളിനിയിൽ നിന്നുമാണ് ഈ ഫാസിസം എന്ന വാക്ക് പോലും ഉണ്ടായത്.എപ്പോഴൊക്കെ ഫാസിസം ശക്തമാകുന്നുവോ അപ്പോഴെല്ലാം അതിനെതിരെ സ്വതന്ത്ര ചിന്തകർ അതിനെതിരെ പ്രതിരോധവുമായി വരും. അസഹിഷ്ണുതയ്ക്കെതിരെ ശബ്ദമുയരുന്നത് സ്വാഭാവികം. അത്തരം പ്രതികരണം നടത്തിയപ്പോഴാണ് ആളുകൾ എന്നെ അഭിനന്ദിച്ചതും നിങ്ങൾ പറഞ്ഞത് പോലെ ഒരു രണ്ടാം വരവ് എന്ന് എനിക്ക് തന്നെ തോന്നിയതും.

  • ഇപ്പോൾ അവതരിപ്പിക്കുന്ന പരിപാടികളെക്കുറിച്ച്

വിദേശത്ത് ശ്രീലങ്കയിൽ ശക്തി ടി.വിയിൽ അശ്വമേധം അവതരിപ്പിക്കുന്നുണ്ട്. അത് അവിടെ വലിയ വിജയമായി മുന്നോട്ട് പോകുന്നു. സിംഹളീസിലും തമിഴിലും ആ പരിപാടിയുണ്ട്. നാട്ടിൽ നിരവധി പ്രഭാഷണങ്ങൾക്ക് ക്ഷണം ലഭിക്കുന്നുണ്ട്. സാമാന്യം നന്നായി പ്രതിഫലം വാങ്ങി മോട്ടിവേഷണൽ സ്പീക്കറായും ജോലി ചെയ്യുന്നുണ്ട്. പിന്നെ വായനയും പല പൊതു പരിപാടികളുമായി മുന്നോട്ട് പോകുന്നു. ഇനി ഇപ്പോ നമ്മുടെ നാട്ടിലെ ചാനലുകളിൽ കൂടുതലായി ചർച്ചകളിൽ പങ്കെടുക്കാമെന്ന് കരുതുന്നു.

പിന്നെ വായനയും ചിന്തയും സജീവമാണ്. ചാനൽ ചർച്ചയിൽ സ്ഥിരം പങ്കെടുക്കുന്ന ഒരു ചർച്ചാ തൊഴിലാളിയാകാൻ താൽപര്യമില്ലായിരുന്നുവെങ്കിലും ആളുകൾ എന്നെ ചർച്ചകളിൽ സജീവമായി കാണാൻ ആഗ്രഹിക്കുന്നുവെന്നാണ് മനസ്സിലാക്കുന്നത്. കൃത്യമായും പ്രതിപക്ഷ ബഹുമാനത്തോടെയും ആവശ്യമില്ലാതെ വാചകമടിക്കുന്നില്ലെന്നും ആളുകൾ നല്ല അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് ഈ രീതിയിൽ തന്നെ മുന്നോട്ട് പോകാമെന്ന് കരുതുന്നു.

  • നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവിനെക്കുറിച്ച്.

വലിയ ഒരു കാലം എന്ന് തോന്നുന്നില്ല. 1987 ൽ ആണ് ആദ്യമായ് ദൂരദർശനിലൂടെ ദൃശ്യമാധ്യമ രംഗത്ത് എത്തുന്നത്. 2001ൽ അശ്വമേധവും പിന്നീട് 2006ൽ ഒരു തെലുങ്ക് ചാനലിൽ പരിപാടി ചെയ്യുകയും പിന്നീട് മിഡിലീസ്റ്റിൽ പരിപാടി ചെയ്യുകയും ചെയ്തിരുന്നു. ശ്രീലങ്കയിൽ 2007 മുതൽ പരിപാടി ചെയ്തിരുന്നു. 2010ൽ കൈരളിയിൽ വണ്ടും പരിപാടി ചെയ്തിരുന്നു. ഇതിനിടയ്ക്ക് ചെയ്യാൻ പാടില്ലാത്ത ഒരു പരിപാടി ചെയ്യേണ്ടി വരികയും ചെയ്തു. അത് വലിയ തെറ്റായിപ്പോയി എന്നത് വാസ്തവമാണ്. അതിന് ശേഷമാണ് ഒരു ചെറിയ ഇടവേളയുണ്ടായി എന്നത് സത്യമാണ്.

നവമാധ്യമങ്ങൾ എന്റെ കാര്യത്തിൽ കാണിക്കുന്ന ജാഗ്രത എനിക്ക് സന്തോഷം തരുന്നുണ്ട്. പിന്നെ ഈ ഇടവേളയിൽ ചില നവമാധ്യമങ്ങൾ തെറ്റായ പ്രചരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഞാൻ പല സമയത്ത് പറഞ്ഞ കാര്യങ്ങൾ കൂട്ടിയിണക്കി ഒരു കഥപോലെ പലപ്പോഴും അപവാദ പ്രചരണങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെ അതിനെതിരെ പ്രതികരിക്കാത്തത് അത് അടിസ്ഥാനപരമായി മദ്യത്തിനും മദ്യപാനത്തിനെതിരെയുമുള്ള സന്ദേശമായതുകൊണ്ടാണ്.ഞാൻ വളരെ നന്നായി മദ്യപിക്കുന്നയാളായിരുന്നു.

ഇപ്പോൾ നാല് വർഷമായ് അത് പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ പലരേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. പിന്നെ ആ മാധ്യമങ്ങൾ പറഞ്ഞത് പൂർണ്ണമായും എന്റെ കഥ അല്ല.പിന്നെ മദ്യപിച്ച് വീടും സ്വത്തും വിറ്റുതൊലച്ചുവെന്നും ഒന്നും പ്രചരിച്ചത് ശരിയായ കഥയല്ല. പലപ്പോഴായി ഞാൻ പറഞ്ഞ കാര്യങ്ങൾ അടർത്തിയെടുത്ത് പ്രചരിപ്പിച്ചുവെന്നതാണ് ശരി. ഒരാളോട് ഞാൻ രാവിലെ ചോദിക്കുന്നു കുളിച്ചില്ലേ എന്ന് വൈകുന്നേരം ചോദിക്കുന്നു കണ്ടില്ലല്ലോ എന്ന് ഇതിനെ ഒരുമിച്ചാക്കി നിങ്ങൾ കുളിക്കുന്നത് ഞാൻ കണ്ടില്ലല്ലോ എന്നാക്കി മാറ്റിയാണ് പ്രചരിപ്പിച്ചത്. ഈ അഭിമുഖത്തിലൂടെയെങ്കിലും എന്തായിരുന്നു സത്യമെന്ന് ആളുകൾ മനസ്സിലാക്കട്ടെ.

  • ഉയരങ്ങളിൽ നിന്നും താഴ്ചയിലേക്ക് പോയ അവസ്ഥ

വിഷമകരമായ ഒരു ഘട്ടം തന്നെയായിരുന്നു അത്. തിരിച്ചറിവുകളുടേയും വിഷമത്തിന്റേയും ഒക്കെ കാലഘട്ടമായിരുന്നു അത്. നമുക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ ആരൊക്കെയുണ്ട് കൂടെ നിക്കാൻ എന്നും ഒപ്പം നിന്ന് സഹകരിക്കാനെന്നും മനസ്സിലായി. തെറ്റുകൾ ആവർത്തിക്കാതിരിക്കാനുള്ള റീടേക്കുകളില്ലാത്ത ഒരു സിനിമയാണ് ജീവിതമെന്ന് നമുക്ക് മനസിലാക്കി തരുന്നത് നമ്മുടെ കഷ്ടകാലം തന്നെയാണ്.കാലിടറിപോയതും, വീഴ്ച പറ്റിയതും എന്താണ് എങ്ങനെയാണെന്നും അതിൽ നിന്നും തിരിച്ച് വരുവാനും സാധിച്ചു.

പിന്നെ നമ്മുടെ ഏറ്റവും വലിയ ടീച്ചർ നമ്മുടെ അവസാനത്തെ തെറ്റാണെന്ന പാഠവും പഠിച്ചു. അതിനെ അതിജീവിച്ചത് വലിയ സന്തോഷമുള്ള കാര്യമാണ്. പിന്നെ ഇതിലും വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിതവിജയം നേടിയവർ വേറെയുണുണ്ട്. അങ്ങനെയുള്ള കാര്യങ്ങളുള്ളപ്പോൾ നമ്മൾ സ്വയം വരുത്തിവെച്ച അപകടങ്ങളിൽ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ.എന്റെ വീഴ്ചയിൽ നിന്നും തിരിച്ച് വരുമ്പോഴും നമുക്ക് സ്വീകാര്യത ലഭിക്കുന്നു എന്നത് തന്നെ ഏറ്റവും വലിയ കാര്യമാണ്.

  • വിഷമഘട്ടത്തിൽ നിന്നും തിരിച്ച് വരുന്ന സമയത്ത് ഏറ്റവും വിഷമമുണ്ടായ സാഹചര്യം

ഒരു വിഷമ ഘട്ടത്തിൽ നിന്നും കരകയറുമ്പോൾ നാം ആഗ്രഹിക്കുക കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്ന കങ്കാരുക്കളേയും ഇരുട്ടിൽ അവിടവിടെ വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകളേയുമാണ്. എന്റെ ഭാഗ്യത്തിന് എനിക്ക് അങ്ങനെ നിരവധി കങ്കാരുക്കളേയും മിന്നാമിനുങ്ങുകളേയും ലഭിച്ചു എന്നതാണ് സത്യം. ഞാൻ വീണ് കിടന്നപ്പോൾ എന്നെ നിരവധിപേർ സഹായിച്ചെങ്കിലും ജിറാഫുകളെപ്പോലെ തലയുയർത്തിപ്പിടിച്ച് എന്നെ പുച്ഛിച്ചവരേയും പരിഹസിച്ചവരേയും നിരവധിയാണ് ഞാൻ കണ്ടത്. അവന്റെ പതനം പൂർണ്ണമായല്ലോ എന്ന് സന്തോഷിക്കുന്നവരാണ് കൂടുതലും. അതുകൊണ്ട് ശ്രദ്ധിക്കുകയാണ് നാം ചെയ്യേണ്ടത്.

  • താങ്കളുടെ പതനത്തിന് കാരണം മദ്യപാനം ആണെന്ന രീതിയിൽ പ്രചരിച്ചതിനെക്കുറിച്ച്.

ഞാൻ നന്നായി മദ്യപിക്കുമായിരുന്നു. ഇപ്പോൾ 5 വർഷമായി മദ്യപിക്കാറില്ല. പിന്നെ മദ്യപാനം നിർത്തിയത് എന്റെ സോഷ്യൽ ലൈഫിന് വലിയ തിരിച്ചടിയാണ് എന്നതിനൊപ്പം തന്നെ എന്റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നുവെന്ന മനസ്സിലായപ്പോഴാണ് അത് നിർത്തിയത്. ഇപ്പോൾ പൂർണ്ണമായും മുക്തി നേടിക്കഴിഞ്ഞത്. പിന്നെ മദ്യം മാത്രമാണ് എന്റെ വീഴ്ചയ്ക്ക് കാരണം എന്ന് പറയാൻ പറ്റില്ല. എന്റെ വീഴ്ചയ്ക്കുള്ള പല കാരണങ്ങളിൽ പ്രധാനമായ ഒന്ന് മാത്രമാണ് മദ്യപാനം എന്നേ പറയാൻ കഴിയുകയുള്ളു. മദ്യപാനത്തിന് പുറമെ നമ്മൾ എടുത്ത ചില തെറ്റായ തീരുമാനങ്ങളും കാരണമായി. തീരുമാനങ്ങളെടുത്തതിലെ മണ്ടത്തരമാണ് കാരണമായത്.

  • തിരിച്ച് വരവ് എത്രത്തോളം ആഗ്രഹിച്ചിരുന്നു

എല്ലാ മനുഷ്യർക്കും നല്ല കാലവും മോശം കാലവും ഉണ്ടാകും. പിന്നെ മോശം കാലഘട്ടത്തിൽ നമുക്ക് വിഷമവും മാനസിക വിഷമവും ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ സമയത്ത് വന്ന വിമർശനങ്ങൾ തിരിച്ച് വരാനുള്ള ആഗ്രഹത്തെ വർധിപ്പിച്ചിട്ടെയുള്ളു. പിന്നെ വിഷമഘട്ടത്തിലും പലരും എന്നെ പിന്തുണയ്ച്ചിരുന്നു. നിങ്ങളുടെ സമയം വരും എന്ന് പലരും പിന്തുണയ്ച്ചപ്പോൾ സന്തോഷമാണ് തോന്നിയത്. വായനയാണ് വലിയ ആശ്രയമായിരുന്നത്.നിങ്ങൾ ആഗ്രഹിക്കുന്ന പോലത്തെ ഒരു വ്യക്തിയായി ഞാൻ ഇനി മുന്നോട്ട് പോകുുന്നു. പിന്നെ പ്രശംസിക്കുന്നവർ നാളെ നമുക്ക് തെറ്റ് പറ്റിയാൽ ഇകഴ്‌ത്തും എന്നും പോസിറ്റീവ് ആയി തന്നെ മനസ്സിലാക്കുന്നു.

  • മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തതിന് ശേഷമുള്ള ജനങ്ങളുടെ കാഴ്ചപ്പാട്

സൂര്യ ടിവിയിലെ മലയാളി ഹൗസ് എന്ന പരിപാടിയിൽ പങ്കെടുത്തത് തന്നെയാണ് എന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ അബദ്ധം. രണ്ടാമത്തെ തെറ്റാണ് മദ്യപാനം. പലരും എന്നോട് പറഞ്ഞു ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന്. ജിഎസ് പ്രദീപ് മദ്യപിക്കുന്നുവെന്നത് ഞങ്ങൾക്ക് ഒരു വിഷയമേ അല്ല അല്ലെങ്കിൽ അതു ക്ഷമിക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷേ അത്തരമൊരു പരിപാടിയിൽ മുഖം കാണിച്ചത് തീരെ ശരിയായില്ല. അതും വലിയ ഒരു ചതി പറ്റിയതായിരുന്നു. അവർ പറഞ്ഞത് പോലെ ഒന്നും ആയിരുന്നില്ല പരിപാടി. 24 മണിക്കൂർ ഷൂട്ട് ചെയത ശേഷം എഡിറ്റ് ചെയ്ത് ഏറ്റവും മോശമായ 45 മിനിറ്റ് ടെലികാസ്റ്റ് ചെയ്തു എന്നതാണ് സത്യം.

പിന്നെ ഇനി ഇപ്പോൾ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല. ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ഞാൻ ചിന്തിക്കണമായിരുന്നു. പോകില്ല എന്ന് തീരുമാനിക്കണമായിരുന്നു. പിന്നെ അന്നത്തെ എന്റെ സാമ്പത്തിക ബാധ്യതകൾക്ക് അവർ വാഗ്ദാനം ചെയ്ത പ്രതിഫലം പരിഹാരമാകുമെന്നതും അതിന് കാരണമായി. പക്ഷേ പിന്നീട് അവർ പറഞ്ഞ പേയ്മെന്റിൽ പോലും പലപ്പോഴും പറ്റിക്കലുകളുണ്ടായിരുന്നു. അത് ഒരു തെറ്റായ ഏടായി കണ്ട് മറക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതോടൊപ്പം തന്നെ ഇനി അത്തരം സംഭവങ്ങൾ ഉണ്ടാകില്ലെന്നും ഞാൻ മലയാളികൾക്ക് ഉറപ്പ് തരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP