Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജയിക്കാനല്ല എന്റെ മത്സരം; വഞ്ചിക്കപ്പെട്ട മുന്നൂറോളം തൊഴിലാളികൾ തോൽക്കാതിരിക്കാനാണ്'; എം കെ മുനീറിനെതിരെ മത്സരിക്കുന്ന ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ എ കെ സാജനു പറയാനുള്ളത്

'ജയിക്കാനല്ല എന്റെ മത്സരം; വഞ്ചിക്കപ്പെട്ട മുന്നൂറോളം തൊഴിലാളികൾ തോൽക്കാതിരിക്കാനാണ്'; എം കെ മുനീറിനെതിരെ മത്സരിക്കുന്ന ഇന്ത്യാവിഷൻ മുൻ ജീവനക്കാരൻ എ കെ സാജനു പറയാനുള്ളത്

കോഴിക്കോട്: എ കെ സാജന് വരാൻ പോകുന്നത് വെറുമൊരു തെരഞ്ഞെടുപ്പല്ല. ജീവിത സമരമാണ്. 'ഞങ്ങളുടെ ശമ്പളമെവിടെ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇന്ത്യാവിഷൻ ജീവനക്കാരനായ സാജൻ, മന്ത്രി എം.കെ മുനീറിനെതിരെ കോഴിക്കോട്ട് മത്സരിക്കുന്നത്. ജയിക്കാനായല്ല സ്വതന്ത്ര സ്ഥാനാർത്ഥിയായി സാജന്റെ മത്സരം. വഞ്ചിക്കപ്പെട്ട മുന്നൂറോളം തൊഴിലാളികൾ തോൽക്കാതിരിക്കാനാണ്.

ഇന്ത്യാവിഷനിൽ ഡ്രൈവറായിരുന്ന പുതിയങ്ങാടി സ്വദേശി സാജൻ 2003ൽ ഇന്ത്യാവിഷന്റെ തുടക്കകാലം മുതൽ 2015 ഫെബ്രുവരിയിൽ അടച്ചു പൂട്ടുന്നതുവരെ ചാനലിനൊപ്പം ഉണ്ടായിരുന്നു. ചാനൽ ഇല്ലാതായതോടെ മാദ്ധ്യമപ്രവർത്തകരും അല്ലാത്തവരുമായ നിരവധി തൊഴിലാളികളാണ് വഴിയാധാരമായത്. ശമ്പള കുടിശ്ശിക ചോദിച്ച് നിരവധി തവണ ചെയർമാനായ എം.കെ മുനീറിനെ കണ്ടിരുന്നുവെങ്കിലും ഓരോ അവധി പറയുകയല്ലാതെ ശമ്പളത്തിന്റെ കാര്യത്തിൽ തീരുമാനമൊന്നുമുണ്ടായില്ലെന്ന് സാജൻ പറഞ്ഞു.

'ബ്രിട്ടീഷുകാരുടേത് പോലെ ഭിന്നിപ്പിച്ച് ഭരിക്കലായിരുന്നു മുനീറിന്റെ തന്ത്രം. തൊഴിലാളികളുടെ ഇടയിൽ അകൽച്ചയുണ്ടാക്കിയാൽ മാത്രമേ അയാളുടെ കള്ളക്കളികൾ പുറത്തുവരാതിരിക്കൂ എന്ന ആ നല്ല കോഴിക്കോട്ടുകാരന് നന്നായി അറിയാമായിരുന്നു. ഓരോ അവധി കേട്ട് ഞങ്ങൾ മടുത്തു. പട്ടിണിയും ദാരിദ്ര്യവുമായി ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഞങ്ങൾ പാട് പെടുമ്പോൾ അദ്ദേഹം എല്ലാ സുഖ സൗകര്യങ്ങളോടും കൂടിയായിരുന്നു ജീവിച്ചിരുന്നത്. സ്ഥാപനം അടച്ചു പൂട്ടുമ്പോൾ നാലു മാസത്തെ ശമ്പളമായിരുന്നു നൽകാനുണ്ടായിരുന്നത്.'- ദുരിതങ്ങളെക്കുറിച്ചു സാജൻ പറയുന്നതിങ്ങനെ.

സാജന് പിന്തുണയുമായി മാദ്ധ്യമപ്രവർത്തരുടെ ഒരു വലിയ സംഘം ഒപ്പമുണ്ട്. 'ഞാനും കോഴിക്കോട്ടുകാരനാണ്. ടൗണിലൂടെയൊക്കെ നടന്നു പോകുമ്പോൾ മാദ്ധ്യമപ്രവർത്തരും അല്ലാത്തവരുമായി ഒരുപാട് ആളുകൾ ഇങ്ങോട്ട് വന്ന് അഭിവാദ്യമർപ്പിക്കാറുണ്ട്. എം.കെ മുനീറിന്റെ വാക്ക് വിശ്വസിച്ച് പറ്റിക്കപ്പെട്ട നിരവധി ഷെയർ ഹോൾഡേഴ്സിനേയും കാണാറുണ്ട്. അവരൊക്കെ പ്രവാസി ലീഗുകാരാണ്. ഇയാൾ കാരണം അദ്ധ്വാനിച്ചുണ്ടാക്കിയ പണം നഷ്ടപ്പെട്ടവർ. ലീഗിലെ വിമതർ ഈ വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യാവിഷൻ തൊഴിലാളികൾ മാത്രമല്ല, ലീഗുകാരിൽ പലരും മുനീറിന്റെ തോൽവി ആഗ്രഹിക്കുന്നുണ്ട്. ചാനലിന്റെ വൈസ് ചെയർമാൻ പദവി നൽകാമെന്ന് പറഞ്ഞ് ഒരു പ്രവാസി ലീഗുകാരന്റെ കയ്യിൽ നിന്നും മുനീർ ഒന്നരക്കോടി രൂപ വാങ്ങി പറ്റിച്ചു. ഇന്ത്യാവിഷന്റെ കഷ്ടസമയത്ത് ഒരുപാട് പേർ സ്ഥാപനം ഏറ്റെടുക്കാൻ മുന്നോട്ട് വന്നതാണ്. അവിടുത്തെ തൊഴിലാളികൾ തന്നെ നിക്ഷേപകരെ കൊണ്ടുവന്നിരുന്നു. എന്നാൽ ചാനൽ വിട്ടുകൊടുക്കാൻ ചെയർമാൻ തയ്യാറായില്ല. അത് കൈയിൽ നിന്നും പോയാൽ പിന്നെ അയാൾക്ക് പണം തട്ടിക്കാൻ പറ്റില്ലല്ലോ.'

സ്വന്തം ജയത്തെക്കാളുപരി, എം.കെ മുനീറിന്റെ തോൽവിയാണ് തന്റെ ലക്ഷ്യമെന്നും സാജൻ പറഞ്ഞു. 'മുനീറല്ലാത്ത മറ്റാരു വേണമെങ്കിലും അവിടെ ജയിച്ചോട്ടെ. ഒരു പ്രശ്നവുമില്ല. പക്ഷെ മുനീർ ജയിക്കരുത്. മന്ത്രിയുടെ കൊടിവച്ച കാറിൽ ഇനി അയാൾ പോകുന്നത് കാണാൻ ഇടവരരുത് എന്ന ആഗ്രഹമേയുള്ളു. ഒരുപാട് പേരുടെ കണ്ണീരിന് അയാൾ ഉത്തരവാദിയാണ്. ഇടക്ക് വച്ച് പലരും ചാനലിൽ നിന്ന് പോയി. പക്ഷെ, ആഗ്രഹിച്ച് ഇന്ത്യാവിഷന്റെ പടിയറങ്ങിയവരല്ല അവരൊന്നും. നിവൃത്തികേടായിരുന്നു കാരണം. ചതിക്കപ്പെട്ടതിന്റെ വേദനയും അമർഷവും ഞങ്ങൾക്കുണ്ട്. അന്ന് മുനീറിന്റെ കൂടെ നിന്ന പലരും ഇപ്പോൾ ഇവിടെ എനിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയിട്ടുണ്ട്. വിജയത്തേക്കാളുപരി ഇവരുടെ പിന്തുണയാണ് മുഖ്യം.'

'നോക്കൂ, ഞാനൊരു തൊഴിലാളി വഞ്ചകനല്ല, ഒരു ചെക്ക് കേസിലും പ്രതിയല്ല, ആരുടേയും പിഎഫ് പറ്റിച്ചിട്ടില്ല. വഞ്ചിക്കപ്പെട്ടവരുടെ പ്രതിനിധിമാത്രമാണ് ഞാൻ. ശമ്പള കുടിശ്ശിക തീർത്തു നൽകണമെന്ന ആവശ്യമുന്നയിച്ച് ഇവിടെയുള്ളവർ പലതവണ ചെയർമാനെ കണ്ടിരുന്നു. ഇതേ ആവശ്യമുന്നയിച്ച് ഞങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ധർണ്ണ നടത്തിയിരുന്നു. ചാനൽ പൂട്ടിയതോടെ ഏറ്റവും ബുദ്ധിമുട്ടിയത് നോൺ ജേർണലിസ്റ്റ് വിഭാഗത്തിലുള്ളവരാണ്. ഇത്രയൊക്കെയായിട്ടും ചാനൽ വീണ്ടും തുടങ്ങാനോ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക തീർത്തു നൽകാനോ അദ്ദേഹം തയ്യാറായില്ല. തീർത്തും തൊഴിലാളി വിരുദ്ധ നിലപാടാണിത്.'- സാജൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP