Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വധഭീഷണി മുഴക്കിയാലും ഞാൻ ജാതി പറയും; 'ഈഴവഗുരു'വിനെ വിമർശിക്കുന്നവർ ജാതി നോക്കി വിവാഹം കഴിച്ചവർ; സിപിഎമ്മിലെ ഉയർന്ന ജാതിക്കാരല്ല ഗുരുവിനെ വിമർശിക്കുന്നതെന്നു വെള്ളാപ്പള്ളി മറുനാടനോട്

വധഭീഷണി മുഴക്കിയാലും ഞാൻ ജാതി പറയും; 'ഈഴവഗുരു'വിനെ വിമർശിക്കുന്നവർ ജാതി നോക്കി വിവാഹം കഴിച്ചവർ; സിപിഎമ്മിലെ ഉയർന്ന ജാതിക്കാരല്ല ഗുരുവിനെ വിമർശിക്കുന്നതെന്നു വെള്ളാപ്പള്ളി മറുനാടനോട്

ആലപ്പുഴ: ജയന്തി ആഘോഷങ്ങൾ ശ്രീനാരായണദർശന സംരക്ഷണദിനമാക്കി മാറ്റിയ വിവരം തനിക്കറിയില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ മറുനാടനോട് വ്യക്തമാക്കി. ശ്രീനാരായണ ധർമ്മവേദിയുടെ സഹായത്തോടെ സി പി എം ആഹ്വാനം ചെയ്ത ദർശന സംരക്ഷണദിനത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് വെള്ളാപ്പള്ളി ഇത്തരത്തിൽ പ്രതികരിച്ചത്.

വധഭീഷണി മുഴക്കിയാലും ഞാൻ ജാതി പറയുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജാതി പറഞ്ഞ് അവകാശങ്ങൾ പിടിച്ചുവാങ്ങിക്കാനുള്ള ലൈസൻസ് എസ്.എൻ.ഡി.പി ക്ക് നൂറ്റാണ്ടിനുമുമ്പെ ഗുരുദേവൻ നേടിത്തന്നിട്ടുണ്ട്. അത് ആർക്കും തടയുക സാദ്ധ്യമല്ല. ഈഴവഗുരുവിനെ സൃഷ്ടിക്കാൻ വെള്ളാപ്പള്ളി ശ്രമിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പരാമർശത്തിനെതിരെ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. താൻ ഈഴവ ഗുരുവിനെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നുവെന്ന് വിളിച്ചുപറയുന്നവർ ജാതി നോക്കി വിവാഹം കഴിച്ചവരാണ്. അടുത്തസമയത്താണ് സി പി എമ്മിന് ഗുരുപ്രേമം ഉണ്ടായത്. ഇവർ ശിവഗിരിയിൽ പോയിത്തുടങ്ങിയത് പെട്ടിയിലെ വോട്ടു കുറഞ്ഞപ്പോഴാണ്. സന്യാസിമാരെ കൈയിലാക്കി എന്തെങ്കിലും നേടാമെന്ന വ്യാമോഹമാണ് ഇവർക്കുള്ളത്. ഇപ്പോൾ ജാതി പറയരുതെന്ന് പറയുന്നു. പക്ഷെ സംസ്ഥാനത്തെ മുഴുവൻ സർക്കാർ സംവിധാനങ്ങളിലും കാര്യങ്ങൾ നടക്കുന്നത് ജാതി തിരിച്ചാണല്ലോ. പിന്നെ ജാതിവേണ്ടെന്നു പറയുന്നതിൽ കാര്യമില്ല.

ഇപ്പോൾ ഗുരുവിന്റെ പടം വച്ച് പൂജിക്കാൻ തുടങ്ങി. ഫെയ്‌സ് ബുക്കുകളിൽ പേരും പടവും മാറ്റിയാൽ ഗുരുവിന്റെ അനുയായിയാകില്ല. ഇനി ദേശാഭിമാനിയിൽ കൂടി പടം അച്ചടിച്ചുവന്നാൽ മതി. അതേസമയം ഗുരുവിനെ വിമർശിക്കാനും യോഗത്തെ വിമർശിക്കാനും ഇറങ്ങിത്തിരിച്ചവർ ആരാണെന്ന് മനസിലാക്കണം. സി പി എമ്മിലെ ഉയർന്ന ജാതിക്കാരാരുമല്ല. അവർ ഇത് പറയില്ല. കാരണം സി പി എം ഭരിക്കുന്ന മിക്ക നേതാക്കന്മാരും സവർണന്മാരാണ്. ഇപ്പോൾ ചിലരുമായി ചേർന്ന് എസ് എൻ ഡി പി പിടിച്ചേക്കാമെന്ന് കരുതി ചിലർ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. ഇത് വിലപ്പോവില്ല. രാഷ്ട്രീയം പറഞ്ഞ് യോഗത്തിൽ കയറിക്കൂടാമെന്ന് വ്യാമോഹിക്കുകയും വേണ്ട. അതേസമയം മാറിമാറി കേരളം ഭരിക്കുന്നവർ എസ്.എൻ.ഡി.പി ക്ക് ഒന്നും നൽകുന്നില്ല. അധികാരത്തിലെത്താൻ ഈഴവരുടെ സഹായം എല്ലാ രാഷ്ട്രീയപാർട്ടിക്കാർക്കും വേണം. എന്നാൽ സമുദായത്തിന് അർഹിക്കുന്ന സഹായങ്ങൾ ഇവരാരും നൽകാനും തയ്യാറല്ല. മറ്റെല്ലാ സമുദായങ്ങളും അർഹതപ്പെട്ടതും അല്ലാത്തതും സമ്മർദ്ദം ചെലുത്തി നേടിയെടുക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഈഴവ വോട്ടുകൾ ഇടതുപക്ഷത്ത് നിന്ന് ചോരാതിരിക്കാൻ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തന്നെ സിപിഐ(എം) രംഗത്തിറിക്കുമെന്ന് സൂചന. വരും ദിനങ്ങളിൽ എസ് എൻ ഡി പിയോഗത്തേയും വെള്ളാപ്പള്ളി നടേശന്റേയും ബിജെപി ബാന്ധവം തുറന്നുകാട്ടി വി എസ് പൊതുവേദികളിൽ സജീവമാകുമെന്നും മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മറ്റ് നേതാക്കളും ഈ പാത പിന്തുടരുന്നതോടെ ബിജെപിയിലേക്ക് ഈഴവ വോട്ടുകൾ ചോരുന്നത് തടയാമെന്നാണ് സിപിഐ(എം) പ്രതീക്ഷ. ഇതിന്റെ സൂചനകളാണ് ചതയദിനാഘോഷത്തിൽ വി എസ് അച്യുതാനന്ദൻ നൽകുന്നത്. ഈഴവരെ സിപിഎമ്മുമായി യോജിപ്പിച്ച് നിർത്താൻ വി എസ് എന്ന തുറുപ്പുചീട്ടിനെ തന്നെ ഉപയോഗിക്കണമെന്നാണ് സിപിഐ(എം) സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദ്ദേശം. ഈ സാഹചര്യത്തിലാണ് നിലപാട് വിശദീകരിച്ച് വെള്ളപ്പള്ളിയും എത്തുന്നത്.

വെള്ളാപ്പള്ളിയുടെ ബിജെപി അനുകൂല പ്രസ്താവനകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴയിലെ ചതയദിന സമ്മേളനത്തിൽ വി എസ് മുഖ്യാതിഥിയായത്. സിപിഐ(എം) നേതാക്കൾക്ക് മുൻതൂക്കമുള്ള ശാഖയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ജില്ലാസംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം പരിഗണിച്ച് തന്നെയാണ് വിഎസിനെ മുഖ്യാതിഥിയാക്കിയത്. വിഎസാകട്ടെ വളരെ വ്യക്തമായി തന്നെ വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുകയും ചെയ്തു. അതിനിടെ കാലഹരണപ്പെട്ട ആശങ്ങൾ നിലനിൽക്കില്ലെന്ന തിരിച്ചറിവാണ് സി പി എമ്മിനെ ഗുരുദേവനുമായി വീണ്ടും അടുക്കാൻ പ്രരിപ്പിച്ചതെന്ന് ശ്രീനാരായണ ധർമ്മവേദി സംസ്ഥാന വൈസ് ചെയർമാൻ ബിജു രമേശ് മറുനാടന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞിരുന്നു. ധർമ്മ വേദിയുമായി സഹകരിക്കാൻ സിപിഐ(എം) മുന്നോട്ട് വന്നിട്ടുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി.

ശിവഗിരിയിലെ സന്യാസി സമൂഹവും വെള്ളാപ്പള്ളിക്ക് എതിരാണ്. ഈ സാഹചര്യത്തിൽ ശിവഗിരിയുടെ പിന്തുണ ഉറപ്പാക്കാനും സിപിഐ(എം) ശ്രമിക്കുന്നുണ്ട്. മഠത്തിലെ ചടങ്ങുകളിൽ സിപിഐ(എം) നേതാക്കൾ സജീവ സാന്നിധ്യമാകും. ഇതിനൊപ്പം വെള്ളാപ്പള്ളിയോട് എതിർത്ത് നിൽക്കുന്ന ഈഴവ സംഘടനകളുണ്ട്. ഇവയുടെ പിന്തുണയും തേടും. ഈ സാഹചര്യത്തിൽ ശ്രീനാരായണ ധർമ്മ വേദി അടക്കമുള്ളവരുടെ പിന്തുണ സിപിഐ(എം) തേടും. ഗോകുലം ഗോപാലൻ അടക്കമുള്ളവർക്ക് സിപിഐ(എം) സഹകരണത്തോട് താൽപ്പര്യമാണുള്ളത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലിത്തിൽ സിപിഐ(എം) വലിയ വിലയിരുത്തലുകൾ നടത്തിയിരുന്നു. ഈഴവ വോട്ടുകൾ വൻ തോതിൽ ബിജെപി പാളയത്തിലെത്തിയെന്നായിരുന്നു സിപിഎമ്മിനെ ഞെട്ടിപ്പിച്ച കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് മാറ്റങ്ങൾക്ക് സിപിഐ(എം) തയ്യാറായത്. ഇതിന്റെ ഭാഗമായി എസ് എൻ ഡി പി യോഗം തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിക്ക് എതിരെ പാനലിനേയും മത്സരിപ്പിച്ചു. എന്നാൽ വെള്ളാപ്പള്ളി വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു കയറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP