Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ നേരേ മഴുവുയർത്തിയവർ ശിക്ഷിക്കപ്പെടണമെന്നില്ല; കൈവെട്ടിനിരയായ പ്രൊഫ. ടി ജെ ജോസഫ് കുറ്റവിമുക്തനായശേഷം ആരോടും വിരോധമില്ലാതെ മറുനാടൻ മലയാളിയോട്

എന്റെ നേരേ മഴുവുയർത്തിയവർ ശിക്ഷിക്കപ്പെടണമെന്നില്ല; കൈവെട്ടിനിരയായ പ്രൊഫ. ടി ജെ ജോസഫ് കുറ്റവിമുക്തനായശേഷം ആരോടും വിരോധമില്ലാതെ മറുനാടൻ മലയാളിയോട്

കേരളത്തിലെ താലിബാനിസത്തിന്റെ നേർക്കാഴ്ചയായിരുന്നു പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്. 2010 ജൂലൈ നാലിന് ജോസഫ് മാഷിന്റെ വലത് കൈപ്പത്തിക്കേറ്റ വെട്ട് ചെന്ന് പതിച്ചത് സാംസ്‌കാരിക കേരളത്തിന്റെ മനസാക്ഷിയുടെ മേൽ കൂടിയാണ്. മൂന്നര വർഷങ്ങൾക്കിപ്പുറം ടി ജെ ജോസഫ് ആ ചോദ്യത്തിലൂടെ ഒരു മത നിന്ദയും നടത്തിയിട്ടില്ലെന്ന് നീതിപീഠവും കണ്ടെത്തി. അപ്പോഴേക്കും തൊടുപുഴ ന്യൂമാൻ കോളേജ് മാനേജ്‌മെന്റും പ്രൊഫസർ ടി ജെ ജോസഫിനെ പുറത്താക്കിയിരുന്നു. ജോസഫ് സാർ ഇപ്പോഴും ഒരുപാട് ചോദ്യങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. കൈ വെട്ടിമാറ്റിയെങ്കിലും അദ്ദേഹത്തിന്റെ മനസ്സ് തളർന്നിട്ടില്ല. ആ വാക്കുകളിൽ ഇപ്പോഴും അഗ്നി ജ്വലിച്ചുകൊണ്ടിരിക്കുന്നു. വിവാദ ചോദ്യക്കടലാസ് കേസിൽ തൊടുപുഴ കോടതി കുറ്റവിമുക്തനാക്കിയ ശേഷം പ്രൊഫ. ടിജെ ജോസഫ് മറുനാടൻ മലയാളിയോട് സംസാരിക്കുന്നു.


മൂവാറ്റുപുഴയിൽ നിന്നും ഒരുകിലോമീറ്റർ മാത്രമേയുള്ളൂ ഹോസ്റ്റൽ പടിയിലേക്ക്. സ്ഥലം കൃത്യമായി അറിയാത്തത് കൊണ്ട് ഒരു ഓട്ടോയിലാണ് പ്രൊഫസർ ടി ജെ ജോസഫിന്റെ വീട്ടിലേക്ക് പോയത്. പുഴയ്ക്ക് കുറുകെയുള്ള രണ്ട് പാലങ്ങൾ കടന്ന് വണ്ടി ഹോസ്റ്റൽ പടിയിലെത്തി. ഞാൻ സ്വരം താഴ്‌ത്തി ഓട്ടോക്കാരനോട് ചോദിച്ചു. ഇവിടെ പ്രൊഫസർ ടിജെ ജോസഫിന്റെ വീടറിയുമോ? അയാൾ എന്നെയൊന്ന് നോക്കി എന്നിട്ട പറഞ്ഞു. ഞാൻ പ്രവാസിയായിരുന്നു. എനിക്ക് കൃത്യമായി അറിയില്ല. ആ കടയിൽ ഒന്ന് ചോദിച്ച് നോക്കൂ. തൊട്ടടുത്ത സ്റ്റേഷനറി കടയിലേക്ക് കയറുന്നതിന് മുമ്പേ എന്റെ ഐഡി കാർഡ് എടുത്ത് കഴുത്തിലിടാൻ മറന്നില്ല. കടയിലിരുന്ന ചേട്ടനോട് മാഷിന്റെ വീട് ചോദിച്ചു. മറുപടിയായി വന്നത് ഒരു മറുചോദ്യമാണ്. ആരാ? എവിടുന്നാ? ഞാൻ മറുപടി പറഞ്ഞു. ഒരു മാദ്ധ്യമപ്രവർത്തകനാണ്. അയാൾ വഴിപറഞ്ഞ് തന്നു. പിന്നെ ഒന്നും തോന്നരുതെന്ന് പറഞ്ഞ് ഓട്ടോയുടെ നമ്പർ ഒരു കടലാസിൽ കുറിച്ചെടുക്കുന്നതും കണ്ടു. ഞങ്ങൾ മാഷിന്റെ വീട്ടിലെത്തി. ഗേറ്റിന് സമീപം തന്നെ പൊലീസുണ്ട്. ഓട്ടോക്കാരന് പണം കൊടുത്ത് അയച്ചു. ഞാൻ പൊലീസുകാർക്കും ഐഡി കാർഡ് കാണിച്ചു. അയാൾ സന്ദർശക ലിസ്റ്റിൽ പേരെഴുതി. പുറത്ത് വന്ന ജോസഫ് സാർ എന്നെ അകത്തേക്ക് ക്ഷണിച്ചു. വീട്ടിനുള്ളിലേക്ക് കയറുമ്പോൾ ഞാൻ ആദ്യം നോക്കിയത് അദ്ദേഹത്തിന്റെ വലത് കയ്യിലേക്കായിരുന്നു. ബാക്കിയൊക്കെ ജോസഫ് പറയട്ടെ.

  • ഒടുവിൽ താങ്കൾക്ക് നീതി ലഭിച്ചിരിക്കുന്നു. കോടതിയിൽ നിന്നുണ്ടായ അനുകൂലവിധിയെ എങ്ങിനെ നോക്കിക്കാണുന്നു?

ഇത് ഞാൻ മുമ്പ് പ്രതീക്ഷിച്ചതാണ്. കുറച്ച് സമയം വൈകിയെന്ന് തോന്നുന്നു. ഞാൻ അന്നുതന്നെ പറഞ്ഞുകൊണ്ടിരുന്നതാണ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് ആ ബോധം ഇന്നുമുണ്ട്. സത്യം വിജയിച്ചു. മൂന്നവർഷത്തെ ഭാരം ഇറക്കിവയ്ക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. അത്രമാത്രം.

  • അന്നത്തെ സംഭവത്തെക്കുറിച്ചൊന്ന് ഓർത്തെടുക്കാമോ?


2010 മാർച്ച് 23നാണ് പരീക്ഷ നടന്നത്. രണ്ട് ദിവസങ്ങൾക്ക് ശേഷം 25ന് രാത്രി മാത്രമാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യാവിഷനിലാണ് ഞാൻ ആ വാർത്ത കാണുന്നത്. ചിഹ്നങ്ങൾ ചേർക്കാനുള്ള ചോദ്യം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നൊക്കെ. മനസിൽ പോലും കരുതാത്ത ഒന്നായിരുന്നു അത്. എംജി യൂണിവേഴ്‌സിറ്റി എംഎ മലയാളത്തിലും ബിഎ മലയാളത്തിലും റഫറൻസ് ഗ്രന്ഥമായുള്ള തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിൽ നിന്നായിരുന്നു ആ ചോദ്യം. പിടി കുഞ്ഞു മുഹമ്മദിന്റെ തിരക്കഥ, ഒരു ദൈവവിശ്വാസിയുടെ കണ്ടെത്തലുകൾ എന്ന കഥയിൽ ഭ്രാന്തൻ ദൈവത്തോട് സംസാരിക്കുന്ന ഒരു ഭാഗമുണ്ട്. അതിങ്ങനെയാണ്. (സ്വൽപം ശബ്ദം താഴ്‌ത്തി), പടച്ചോനെ, പടച്ചോനെ എന്താടാ നായിന്റെ മോനെ, ഒരു അയല എത്ര കഷ്ണമാക്കിയാ മുറിക്കേണ്ടത്? ദൈവത്തിന്റെ മറുപടി ഇങ്ങിനെയായിരുന്നു: മൂന്നായിട്ട്. എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ. ഇത് കേവലം ഒരു ഹാസ്യം മാത്രമായാണ് എനിക്ക് തോന്നിയത്. ഭ്രാന്തന് മുഹമ്മദ് എന്ന പേര് നൽകിയതും അവിചാരിതമായാണ്. പിടി കുഞ്ഞുമുഹമ്മദിലും മുഹമ്മദുണ്ടല്ലോ? പൊതുവായ ഒരു മുസ്ലിം പേരെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. മാദ്ധ്യമങ്ങളിൽ നിന്നാണ് നബിയെ അവഹേളിച്ചു എന്ന വാർത്ത എത്തിയത്. പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടെന്നറിഞ്ഞ് അന്ന് രാത്രി തന്നെ മൂവാറ്റുപുഴയിലെ വീട്ടിൽ നിന്ന് എറണാകുളത്തെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് മാറി. പിന്നീട് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനായാണ് പാലക്കാട്ടേക്ക് പോയത്. വളരെ വൈകിയാണ് തന്റെ സുഹൃത്തിനും ചില കാരണങ്ങളാൽ വക്കീലിനെ കാണാൻ കഴിഞ്ഞിരുന്നില്ലെന്ന മനസ്സിലായത്. അപ്പോഴേക്കും പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കട്ടപ്പനയിൽ എത്തിയ ഞാൻ കീഴടങ്ങാൻ വരും വഴിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ലോക്കപ്പിലും ജയിലിലും, ഏപ്രിൽ ഏഴിന് ജയിൽ മോചിതനായ ശേഷവും എനിക്ക് കാര്യമായ പേടിയൊന്നും ഉണ്ടായിരുന്നില്ല. മൂന്ന് തവണ അവർ (പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ) വീട്ടിൽ വന്നിരുന്നു. ഒടുവിൽ ജൂലൈ നാലിന് പള്ളിയിൽ നിന്നും മടങ്ങവേ കാർ തടഞ്ഞ് നിർത്തി അവർ ആക്രമിച്ചു. വലത് കൈപ്പത്തി മഴുകൊണ്ട് വെട്ടിമാറ്റി, ഇടത് കാലിനും ഇടത്‌കൈക്കും വെട്ടി. പിന്നെ ബോംബെറിഞ്ഞ് സ്‌ഫോടനമുണ്ടാക്കി സ്ഥലം വിട്ടു.

  • കോളേജിൽ നിന്നും പുറത്താക്കപ്പെട്ടപ്പോഴുണ്ടായ മാനസികാവസ്ഥ എന്തായിരുന്നു?

സസ്‌പെൻഡ് ചെയ്യുമ്പോൾ മാനേജ്‌മെന്റ് പറഞ്ഞത് നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ്. പിന്നീട് അക്രമണത്തിന് ശേഷം മാനസികമായി ഊർജ്ജം വീണ്ടെടുക്കുന്നതിനിടെയാണ് മാനേജ്‌മെന്റ് തന്നെ പുറത്താക്കിയത്. എന്താണുണ്ടായതെന്ന് ഞാൻ അവരോട് പറഞ്ഞതാണ്. എന്നിട്ടും അവരെന്താണ് എന്നോടിങ്ങനെ പെരുമാറിയതെന്ന് അറിയില്ല. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഉത്തമ ബോധ്യമുള്ളതിനാൽ ഒരു വക്കീലിനെപ്പോലും ഞാൻ വിളിച്ചിരുന്നില്ല. എന്റെ മാനേജ്‌മെന്റല്ലേ എന്നു ഞാൻ കരുതി. പക്ഷെ, അവരും കൈവിട്ടത് മാനസികമായി എന്നെ തളർത്തി.

  • പേടി കൊണ്ടാണോ താങ്കളെ മാനേജ്‌മെന്റ് പുറത്താക്കിയത്? അങ്ങിനെ കരുതുന്നുണ്ടോ?

അങ്ങിനെ എനിക്ക് തോന്നുന്നില്ല. എടുത്ത തീരുമാനത്തിൽ നിന്നും പിറകോട്ട് പോകാനുള്ള മടിയായിരിക്കാം കാരണം.

  • കോളേജിലെ അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും താങ്കളോടുള്ള ഒരു മനോഭാവം എങ്ങിനെയായിരുന്നു അക്രമത്തിന് ശേഷം?

എന്നോട് അനുഭാവം കാണിച്ചവരും അല്ലാത്തവരും ഉണ്ട്. വിദ്യാർത്ഥികളിൽ പലരും വീട്ടിൽ വന്ന് കണ്ടിരുന്നു. പിന്നീട് പുറത്തുവച്ച് കണ്ടപ്പോൾ വിഷമം പറഞ്ഞവരുണ്ട്. എതിർപ്പുള്ളവരും ഉണ്ടാകാം. അദ്ധ്യാപകരുടെ കാര്യവും ഇങ്ങനെതന്നെയായിരുന്നു. എന്നോടൊപ്പം ഇപ്പോഴും ഉറച്ച് നിൽക്കുന്നവരുണ്ട്. അതുപോലതന്നെ എതിർക്കുന്നവരുണ്ട്. ആരോടും എനിക്കൊരു പരാതിയുമില്ല.

  • ഇനി കൈവെട്ടിലേക്ക് തിരിച്ച് വരാം. അതിന് ശേഷം പ്രതികളാരെങ്കിലും വന്ന് കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ?

ഇല്ല, ഇല്ല. തിരിച്ചറിയൽ പരേഡിനും പിന്നെ കോടതിയിലും വച്ചാണ് അവരെ ഞാൻ പിന്നീട് കണ്ടത്. ഒന്നും സംസാരിച്ചിട്ടില്ല. അവരിൽ ചിലർക്ക് ചെയ്തത് തെറ്റായി പോയി എന്ന് തോന്നുന്നുണ്ടെന്നാണ് പറയുന്നത്. അത്രയും നല്ലത്.

  • പ്രതികളുടെ മാതാപിതാക്കൾ ആരെങ്കിലും വന്ന് കണ്ടിരുന്നോ?

കേസിൽ ഇടപെടാത്ത ഒരു പ്രതിയുടെ അച്ഛനും അമ്മയും എന്നെ വന്ന് കണ്ട് ഖേദം പ്രകടിപ്പിച്ചിരുന്നു. അവരോട് ഞാൻ അപ്പോൾ തന്നെ പറയുകയും ചെയ്തു. തെറ്റ് ചെയ്യാത്തവരെ ഞാൻ ചൂണ്ടിക്കാണിക്കില്ലെന്ന്.
അക്രമത്തിന് ശേഷം പൊതുവിൽ ആളുകളുടെ ഒരു മനോഭാവം എന്തായിരുന്നു താങ്കളോട്?
പൊതുജനത്തിന്റെ മുമ്പിൽ ഞാൻ ആദ്യമേ കുറ്റക്കാരനായിരുന്നു. അക്രമത്തിന് ശേഷമുണ്ടായ വികാരം ജോസഫ് സാറിന്റെ ഇത്ര ചെറിയ തെറ്റിന് ഇത്ര വലിയ ശിക്ഷയോ എന്നായിരുന്നു. അങ്ങിനെയാണ് പൊതുജനത്തിന് എന്നോട് അനുഭാവമുണ്ടായതെന്നാണ് തോന്നുന്നത്. ഞാൻ അന്ന് മുതൽ തന്നെ പറഞ്ഞ് കൊണ്ടിരിക്കുന്നതാണ്. ഒരുതെറ്റും ചെയ്തിട്ടില്ലെന്ന്. അതാരും കേട്ടില്ല. ആളുകളും മാദ്ധ്യമങ്ങളും ഉൾപ്പെടെ ആരും തിരിച്ചെടുക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

  • താങ്കളെ ഒരു ക്രിസ്ത്യൻ മതമൗലിക വാദിയായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. ഒരിക്കലും താങ്കളുടെ പക്ഷം ചർച്ച ചെയ്യപ്പെട്ടതേയില്ലേ?

ചിരിയോടെ... ഞാൻ ഒരന്ധമായ ക്രിസ്തീയ വിശ്വാസിയല്ല. അല്ലാഹുവും ഭഗവാനും യേശുവും എല്ലാം എനിക്ക് ഒരുപോലെ തന്നെയാണ്. ഒരു പ്രത്യേക മതവാദിയാണെന്ന് വരുത്തിത്തീർക്കാൻ നടന്ന ശ്രമം എന്നെ ദുഃഖിതനാക്കിയിരുന്നു.
താങ്കളുടെ രാഷ്ട്രീയം?
എനിക്ക് ഏതെങ്കിലും ഒരു പാർട്ടിയോട് പ്രത്യേകിച്ച് ഒരനുഭാവമൊന്നുമില്ല. പക്ഷേ, ഞാൻ ഒരു ഇടതുപക്ഷക്കാരനാണ്. പാവപ്പെട്ടവന്റെയും കഷ്ടത അനുഭവിക്കുന്നവന്റെയും ഒപ്പം നിൽക്കുന്നവർ എന്ന നിലയിൽ ഞാൻ ഒരു ലെഫ്റ്റ് തന്നെയാണ.
അവസാനമായി ഒരു ചോദ്യം മാത്രം. താങ്കളെ ഈ ഗതിയിലാക്കിയവരോടുള്ള അങ്ങയുടെ മനോഭാവം ഇപ്പോൾ എന്താണ്?
ആശുപത്രിക്കിടക്കയിൽ എന്നെ ആദ്യം കാണാനെത്തിയ മാദ്ധ്യമ പ്രവർത്തകയോട് പറഞ്ഞത് മാത്രമേ എനിക്കിപ്പോഴും പറയാനുള്ളൂ. എനിക്കാരോടും ഒരു വിരോധവുമില്ല. എന്നെ ഒരു പൗരൻ എന്ന നിലയിൽ നിയമപരമായ നടപടികളോട് സഹകരിക്കുന്നുവെന്നേയുള്ളൂ. അവരാരും ശിക്ഷിക്കപ്പെടണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ല.

ഞാൻ അഭിമുഖം അവസാനിപ്പിച്ച് എഴുന്നേറ്റു. ജോസഫ് സാറിന് നേരെ കൈനീട്ടി. ചിരിച്ചുകൊണ്ട് തുന്നിച്ചേർത്ത വലത് കൈപ്പത്തി ഇടത് കയ്യോട് ചേർത്ത് എന്റെ കൈപിടിച്ച് അദ്ദേഹമെനിക്ക് നന്ദി പറഞ്ഞു. പിന്നെ പുറത്ത് നിന്ന പൊലീസുകാരോട് യാത്ര പറഞ്ഞ് ഗേറ്റും കടന്ന് പുറത്തേക്ക്. നടന്ന് ഹോസ്റ്റൽ പടി കവലയിലെത്തി ജോസഫ് സാറിന്റെ ചോര വീണ കവല ഇന്ന് ശാന്തമാണ്. പുറകേ വന്ന കെഎസ്ആർടിസി ബസിൽ ചാടിക്കയറുമ്പോൾ മനസ്സിൽ ഒന്നുമാത്രം ആഗ്രഹിക്കുന്നു. വർഗീയതയുടെ വിഷം പുരട്ടിയ ആയുധം ഇനി ആർക്കും നേരെയും ഉയരാതിരിക്കട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP