Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അച്ഛനെ അവൾ കണ്ടതിൽ എന്താണ് തെറ്റ്? പാർവ്വതിയുടേയോ അമ്മയുടേയോ മാത്രം സ്വത്തല്ല ജഗതി ശ്രീകുമാർ; അമ്പിളിച്ചേട്ടനെ എനിക്കും കാണണം; ജഗതിയിൽ നിന്നു ഞങ്ങളെ അകറ്റുന്നത് പാർവതി; ശ്രീലക്ഷ്മിയുടെ അമ്മ കല മറുനാടനോട്

അച്ഛനെ അവൾ കണ്ടതിൽ എന്താണ് തെറ്റ്? പാർവ്വതിയുടേയോ അമ്മയുടേയോ മാത്രം സ്വത്തല്ല ജഗതി ശ്രീകുമാർ; അമ്പിളിച്ചേട്ടനെ എനിക്കും കാണണം; ജഗതിയിൽ നിന്നു ഞങ്ങളെ അകറ്റുന്നത് പാർവതി; ശ്രീലക്ഷ്മിയുടെ അമ്മ കല മറുനാടനോട്

കൊച്ചി: തന്നേയും മകളേയും ജഗതി ശ്രീകുമാറിൽനിന്ന് അകറ്റുന്നത് അദ്ദേഹത്തിന്റെ മകൾ പാർവ്വതിയാണെന്ന കുറ്റപ്പെടുത്തലുമായി ശ്രീലക്ഷ്മിയുടെ അമ്മ കല രംഗത്ത്. ''കോടതി ഉത്തരവുണ്ടായിട്ടും അദ്ദേഹത്തെ ഒരുനോക്കു കാണാൻ എന്നേയും മോളെയും അനുവദിച്ചില്ല, അമ്പിളി ചേട്ടൻ പുറത്തിറങ്ങുന്നുണ്ടെന്നറിഞ്ഞതു കൊണ്ടാണ് പൊതുപരിപാടി നടക്കുന്നിടത്തേക്ക് മകൾ പോയത്, അതിലെന്താണ് തെറ്റ?് '', ശ്രീലക്ഷ്മിയുടെ അമ്മ കല മറുനാടൻ മലയാളിയോട് ചോദിച്ചു.

എന്റെ മകൾക്ക് 20 വയസായി. കാര്യങ്ങൾ സ്വയം തീരുമാനിക്കാനുള്ള പ്രായം അവൾക്കായി എന്നുതന്നെയാണ് വിശ്വസിക്കുന്നത്. താൻ പോലും അറിയാതെയാണ് അവൾ അച്ഛനെ കണ്ടത്. അറിഞ്ഞപ്പോൾ എനിക്കു വളരെ സന്തോഷമായി. അവിടെ അദ്ദേഹമെത്തുന്നുവെന്നു മുൻകൂട്ടി അറിഞ്ഞിരുന്നുവെങ്കിൽ ഞാനും പോകുമായിരുന്നു കാണാൻ. പാർവ്വതി പറയുന്നതുപോലെ, ഗുണ്ടകളെ കൂട്ടിയാണ് ശ്രീലക്ഷ്മി അച്ഛനെ കാണാൻ പോയതെന്നത് ശുദ്ധകളവാണ്. അവിടെ കൂടി നിന്ന ആരോടു വേണമെങ്കിലും അതിനെക്കുറിച്ച് ചോദിച്ചുനോക്കാമെന്നും അവർ പറയുന്നു. ജഗതി ശ്രീകുമാർ പാർവ്വതിയുടേയോ അമ്മയുടേയോ മാത്രം സ്വത്തല്ല. അദ്ദേഹത്തെ കാണാൻ തനിക്കും മകൾ ശ്രീലക്ഷ്മിക്കും അവകാശമുണ്ട്. ഹൈക്കോടതി പോലും ഇത് അംഗീകരിച്ചതാണ്. എന്നാൽ കോടതി ഉത്തരവുണ്ടായിട്ടും രണ്ടു വർഷമായി തനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ലെന്നും കല പറഞ്ഞു.

ഉത്തരവുമായി ജഗതി ചികിത്സയിൽ കഴിയുന്ന വെല്ലൂർ ആശുപത്രിയിൽ പോയെങ്കിലും കാണാൻ പാർവ്വതിയും അവളുടെ ഭർത്താവിന്റെ കുടുംബവും എന്നെ അനുവദിച്ചില്ല. ഒരു തവണ പോലും തങ്ങൾ ജഗതിയെ കാണണമെന്ന ആവശ്യവുമായി സമീപിച്ചിട്ടില്ലെന്നാണ് പി സി ജോർജ് പറയുന്നത്. എന്നാൽ വെല്ലൂർ ആശുപത്രിയിൽ താനും മോളും എത്തിയത് മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. ശ്രീലക്ഷ്മിക്കും തനിക്കും പി സിയോടോ മകൻ ഷോൺ ജോർജിനോടോ ഒരെതിർപ്പുമില്ല. അവർക്ക് വ്യക്തിപരമായി തന്നോടും മകളോടും യാതൊരുരുവിദ്വേഷവും ഉണ്ടാകുമെന്ന് തോന്നുന്നുമില്ല.

പാർവ്വതിക്കായി അവർ പ്രവർത്തിക്കുന്നുവെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. ആദ്യം എതിർത്തെങ്കിലും പിന്നീട് പി സി ജോർജ് മകളെ ജഗതി ചേട്ടനെ കാണാൻ അനുവദിച്ചു. അതിൽ തനിക്കും ഏറെ സന്തോഷം തോന്നുന്നുണ്ട്. ശ്രീലക്ഷ്മിയെ കണ്ടപ്പോൾ ചേട്ടനും വലിയ സന്തോഷമായെന്നു തന്നെയാണ് ടി വി യിൽ ദൃശ്യങ്ങൾ കണ്ടപ്പോൾ മനസിലായത്. തന്റെ കൈയിൽ പപ്പ മുറുകെ പിടിച്ചെന്നാണു മകളും പറഞ്ഞത്. ഇതുപോലെയെങ്കിലും അമ്പിളി ചേട്ടനെ തനിക്കു കാണണമെന്നുണ്ടെന്നും കല പറഞ്ഞു. അദ്ദേഹത്തെ കാണാനുള്ള അവകാശത്തിനു വേണ്ടി നിയമനടപടി സ്വീകരിക്കണോ എന്ന കാര്യം ശ്രീലക്ഷ്മി തീരുമാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

പൂഞ്ഞാറിൽ പിസി ജോർജ് ഒരുക്കിയ പൊതുവേദിയിലെത്തിയ നടൻ ജഗതിയെ കാണാൻ മകൾ ശ്രീലക്ഷി എത്തിയത് വികാരനിർഭരമായ രംഗങ്ങൾക്ക് വഴിവച്ചിരുന്നു. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഉന്നതവിജയം നേടിയ പത്താം ക്‌ളാസ്, പ്‌ളസ്ടു വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി പി.സി ജോർജ് എംഎ‍ൽഎ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് നാടകീയമായി ശ്രീലക്ഷ്മി അച്ഛനെ കാണാൻ വേദിയിലെത്തിയത്. പരിപാടി നടന്നുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറി ജഗതിയെ കെട്ടിപ്പിടിച്ച് ചുംബിക്കുകയായിരുന്നു. അവിചാരിതമായി വേദിയിലെത്തിയ പെൺകുട്ടിയെ പി.സി ജോർജ് പിടിച്ചു മാറ്റാൻ ശ്രമിച്ചു. എന്നാൽ ശ്രീലക്ഷ്മി പ്രതിഷേധിച്ചതിനെ തുടർന്ന് സംഘാടകർ ജഗതിക്കരികിൽ മകൾക്ക് സീറ്റ് നൽകുകയായിരുന്നു.

അഞ്ച് മിനിറ്റിനോളം ജഗതിക്കരികിൽ ഇരുന്ന ശ്രീലക്ഷ്മി അച്ഛന്റെ കൈകൾ മുറുകെ പിടിച്ചിരുന്ന് സംസാരിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ മകളെ തിരിച്ചറിഞ്ഞ ജഗതി അവൾക്കും ചുംബനം നൽകി. തുടർന്ന് അച്ഛന്റെ ഇരുകവിളിലും ഉമ്മവച്ച ശേഷം അവൾ വേദിവിട്ടിറങ്ങിപ്പോയി. മൂന്നു വർഷത്തിനിടെ ആദ്യമായാണ് അച്ഛനെ കാണുന്നതെന്ന് ശ്രീലക്ഷ്മി പിന്നീട് പ്രതികരിച്ചിരുന്നു. അച്ഛനെ കാണാതിരിക്കാൻ സമ്മർദ്ദമുണ്ടായിരുന്നതായും ശ്രീലക്ഷ്മി പറഞ്ഞു. ഭരണങ്ങാനം പള്ളിയിൽ പോകാനെത്തിയപ്പോഴാണ് അച്ഛൻ പങ്കെടുക്കുന്ന പരിപാടി നടക്കുന്നതായി പരസ്യം കണ്ടതെന്നും അതറിഞ്ഞാണ് താൻ അവിടെയെത്തിയതെന്നും ശ്രീലക്ഷ്മി പറഞ്ഞു. സിനിമാ നടി കൂടിയായ ശ്രീലക്ഷ്മി ജഗതിയുടെ രണ്ടാം ഭാര്യ ശ്രീകലയുടെ മകളാണ്.

ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തരംതാണ നാടകമാണ് ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ അരുവിത്തുറയിൽ നടന്നതെന്നു ജഗതി ശ്രീകുമാറിന്റെ മകൾ പാർവതി ഷോൺ ആരോപിച്ചിരുന്നു. പപ്പയോട് ശത്രുതയുള്ളവർ മനഃപൂർവം പരിപാടി മുടക്കാനും പൊതുജനമധ്യത്തിൽ അപമാനിക്കാനും നടത്തിയ നാടകമാണിത്. ശ്രീലക്ഷ്മിക്കു പുറത്തു നിന്നുള്ളവരുടെ സഹായം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ കാരണങ്ങൾ വരെ ഇന്നലെ നടന്ന സംഭവത്തിനു പിന്നിലുണ്ട്. കൃത്യമായ തിരക്കഥ അനുസരിച്ചാണു കാര്യങ്ങൾ നടന്നത്. ശ്രീലക്ഷ്മിക്കൊപ്പം രണ്ടു കാറുകൾ നിറയെ ഗുണ്ടകളുണ്ടായിരുന്നു. ആയുധങ്ങളുമായാണ് ഇവർ വേദിക്കു പുറത്തെത്തിയത്. സാമ്പത്തികനേട്ടം ലക്ഷ്യം വച്ചാണു ശ്രീലക്ഷ്മിയുടെ നീക്കമെന്നും പറഞ്ഞു

കോടതി ഉത്തരവില്ലാത്തതിനാലാണു പപ്പയെ കാണാൻ അവരെ അനുവദിക്കാത്തത്. എന്നിട്ടുകൂടി മാനുഷിക പരിഗണനയുടെ പേരിൽ വെല്ലൂർ ആശുപത്രിയിൽ വന്ന് അദ്ദേഹത്തെ കാണാൻ അനുവദിച്ചിരുന്നു. ഇന്നലെയും പ്രശ്‌നങ്ങൾക്കൊന്നും പോകാതെ ആത്മസംയമനം പാലിച്ചെന്നും പാർവതി പറഞ്ഞു. ഇതിന് മറുപടിയുമായാണ് ശ്രീലക്ഷ്മിയുടെ അമ്മ കല തന്നെ രംഗത്ത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP