Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവ്യ ഒരു കുപ്പി വിഷവുമായി വരൂ, ഞങ്ങൾ ജീവനൊടുക്കിയേക്കാം.. എന്തു ചെയ്തിട്ടാണ് ഞങ്ങളെ നിങ്ങളുടെ പാർട്ടിക്കാർ ആക്രമിക്കുന്നത്? മുണ്ടു പൊക്കിക്കാണിക്കുന്ന ഡിവൈഎഫ്ഐക്കാരെ കാണണമെങ്കിൽ വീട്ടിലേക്ക് വരൂ: പിപി ദിവ്യക്കെതിരെ ആഞ്ഞടിച്ച് അഖില മറുനാടനോട്

ദിവ്യ ഒരു കുപ്പി വിഷവുമായി വരൂ, ഞങ്ങൾ ജീവനൊടുക്കിയേക്കാം.. എന്തു ചെയ്തിട്ടാണ് ഞങ്ങളെ നിങ്ങളുടെ പാർട്ടിക്കാർ ആക്രമിക്കുന്നത്? മുണ്ടു പൊക്കിക്കാണിക്കുന്ന ഡിവൈഎഫ്ഐക്കാരെ കാണണമെങ്കിൽ വീട്ടിലേക്ക് വരൂ: പിപി ദിവ്യക്കെതിരെ ആഞ്ഞടിച്ച് അഖില മറുനാടനോട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: തലശ്ശേരി കുട്ടിമാക്കൂലിൽ സിപിഐ(എം) ഓഫിസിനകത്തു കയറി സിപിഐ(എം) പ്രവർത്തകനെ മർദിച്ചെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരിൽ അഞ്ജന (25) ആത്മഹത്യക്ക് ശ്രമിച്ചത് സിപിഎമ്മിനെ വലിയ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. അമിതമായി ഗുളിക കഴിച്ച് അവശനിലയിലായ അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയയാണ്. ചാനൽ ചർച്ചയിൽ പങ്കെടുക്കവേ സിപിഐ(എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ വളരെ മോശമായ രീതിയിലാണ് അഞ്ജനയെ ആക്രമിച്ചത്. ഇതിൽ മനംനൊന്താണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചതും. സംഭവത്തിൽ സിപിഐ(എം) നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. സഹോദരിയെ മോശക്കാരിയാക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും സിപിഎമ്മിനുമെതിരെ തുറന്നടിച്ചു കൊണ്ടാണ് സഹോദരി അഖില മറുനാടനോട് സംസാരിച്ചത്. ഞങ്ങൾക്ക് കൂടി വിഷം നൽകാൻ പി പി ദിവ്യ തയ്യാറാകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്.

''...ഞങ്ങൾക്ക് വിഷം തരൂ. ഞങ്ങൾ നാലു പേരും ആത്മഹത്യ ചെയ്തുകൊള്ളാം. എന്നാൽ നിങ്ങളുടെ ശല്യം തീരുമല്ലോ'. തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതി അഖിലയാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി ദിവ്യയോട് ഇങ്ങനെ അപേക്ഷിച്ചത്. ചാനൽചർച്ചയിലും സമൂഹമാദ്ധ്യമങ്ങളിലും സിപിഐ(എം) നേതാവുകൂടിയായ പി.പി. ദിവ്യ ഞങ്ങളെ ക്വട്ടേഷൻ സംഘങ്ങളെന്നും പറയാൻ കൊള്ളാത്തവരെന്നും പൊതുശല്യക്കാരെന്നും ആക്ഷേപിച്ചിരുന്നു. ഞങ്ങൾക്കിപ്പോൾ ജീവിക്കണമെന്ന് ഒരു താത്പര്യവുമില്ല. അതിനാൽ ഞങ്ങൾ ഒരിക്കലും നേരിട്ടു കാണാത്ത ദിവ്യ ഒരു കുപ്പി വിഷവുമായി വരൂ, ഞങ്ങൾ ജീവനൊടുക്കിയേക്കാം. എന്തു ചെയ്തിട്ടാണ് ഞങ്ങളെ നിങ്ങളുടെ പാർട്ടിക്കാർ ആക്രമിക്കുന്നത്? മുണ്ടു പൊക്കിക്കാണിക്കുന്ന ഡിവൈഎഫ്ഐ.ക്കാരെ കാണണമെങ്കിൽ ദിവ്യ ഞങ്ങളുടെ വീട്ടിൽ വരൂ. നിങ്ങളും ഒരു സ്ത്രീയല്ലേ? ഞങ്ങൾ അനുഭവിക്കുന്ന അവസ്ഥ നിങ്ങൾക്കുണ്ടായാൽ നിങ്ങൾ ഇന്ന് ജീവിച്ചിരിപ്പുണ്ടാകില്ല... അഖില പറയുന്നു.

ആറോ ഏഴോ കോൺഗ്രസ്സ് കുടുംബങ്ങൾ മാത്രമുള്ള ഈ വാർഡിൽ സിപിഐ.(എം)യുടെ മർദ്ദനവും ഭീഷണിയും നേരിടാത്ത ഏതെങ്കിലും കുടുംബമുണ്ടോ? ദിവ്യ വന്നൊന്ന് അന്വേഷിക്കണം. 1980 ൽ അച്ഛൻ എൻ.രാജൻ സിപിഐ.(എം)വിട്ട് കോൺഗ്രസ്സിൽ ചേർന്നതു മുതൽ ഞങ്ങൾ അനുഭവിക്കുന്നു. അന്നു മുതൽ എത്ര അക്രമങ്ങൾക്ക് ഞങ്ങൾ വിധേയരായി? ഡിവൈഎഫ്ഐ. ക്കാരിൽനിന്നുള്ള അപമാനം സഹിക്കാതായതോടെയാണ് ഓഫീസിൽ കയറി ചോദിച്ചത്. അതിന് ഞങ്ങളുടെ കൈപിടിച്ച് തിരിച്ചയാൾ നിങ്ങളുടെ പാർട്ടിയിലുണ്ട്. നിങ്ങളുടെ പാർട്ടിഗ്രാമത്തിൽ മറ്റാരും ജീവിക്കേണ്ട എന്നുണ്ടെങ്കിൽ ഞങ്ങളെ കൊന്നുകളയൂ. നാലുസഹോദരിമാരാണ് ഞങ്ങൾ. ഞങ്ങളുടെ വീടിനു നേരെ എത്ര തവണ കല്ലേറുണ്ടായി? ഇതൊക്കെ നിങ്ങൾ വന്നൊന്നു അന്വേഷിക്കണം.

പാർട്ടി പ്രവർത്തകരും പൊലീസും ചേർന്ന് ഞങ്ങളെ പിഞ്ചു കുഞ്ഞിനൊപ്പം ജയിലിലടച്ചില്ലേ? നിങ്ങളുടെ പാർട്ടിക്കാർ നടത്തിയ ഗൂഢാലോചനയല്ലേ ഇതിനു പിന്നിൽ. നാലുസഹോദരിമാരിൽ ഞാനടക്കം രണ്ടു പേർ വിവാഹിതരാണ്. ഞങ്ങളുടെ വിവാഹാന്വേഷണം മുടക്കാൻ നിങ്ങളുടെ പാർട്ടിക്കാർ എന്തൊക്കെ ചെയ്തു. വീട്ടിൽ അച്ഛനൊഴിച്ച് മറ്റൊരു ആൺതരി ഇല്ലാത്തതിനാലാണ് പാർട്ടി ഓഫീസിൽ കയറി ചോദിച്ചത്. അവിവാഹിതകളായ അനിയത്തിമാരെ പിന്നെ ആര് സംരക്ഷിക്കും?

ഒരു സ്ത്രീയായ നിങ്ങൾ ക്വട്ടേഷൻ സംഘമെന്നും പറയാൻ കൊള്ളാത്തവരെന്നും ആക്ഷേപിച്ചതിലുള്ള മനോവ്യഥയാണ് അഞ്ജനയുടെ ആത്മഹത്യാപ്രേരണക്ക് കാരണമായത്. നിങ്ങളുടെ പ്രതികരണം പലരും വിളിച്ചറിയിച്ചു. അതോടെ അവൾ ദുഃഖിതയായി. പിന്നീട് ഗുളികകൾ കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഞങ്ങൾ ജീവിച്ചിരിക്കുന്നത് നിങ്ങൾക്കും പാർട്ടിക്കാർക്കും അസഹ്യമാണ്. അതാണല്ലോ നിങ്ങൾ ഇത്തരം വാക്കുകൾ ഉപയോഗിച്ചത്. അതിനാൽ ഞങ്ങളുടെ ശല്യം തീർക്കാൻ ഒരു കുപ്പി വിഷം കൊടുത്തയക്കൂ... അഖില പറഞ്ഞു.

ചാനൽ ചർച്ചകളിൽ പി പി ദിവ്യ തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് അഞ്ജന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയെ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു കോൺഗ്രസ് നേതാക്കൾ എത്തിയിട്ടുണ്ട്. സംഭവത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യക്കും തലശേരി എംഎൽഎ എം എൻ ഷംസീറിനും എതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിനു കേസെടുക്കണമെന്നു കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആവശ്യപ്പെട്ടു.

ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ആരോപിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരമാണു യുവതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നിരന്തരമായി തങ്ങളെ ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും പിതാവിനെ മർദിക്കുകയും ചെയ്യുന്നതിനെ കുറിച്ചു ചോദിക്കാനാണ് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എൻ.രാജന്റെ മക്കളായ അഖിലയും അഞ്ജനയും ഇക്കഴിഞ്ഞ 11നു സിപിഐ(എം) ഓഫിസിൽ ചെന്നത്. രണ്ടുപേരും ചേർന്നു സിപിഐ(എം) പ്രവർത്തകൻ ഷിജിലിനെ മർദിച്ചുവെന്നു കാണിച്ചാണു പൊലീസ് ഇവർക്കെതിരെ കേസ് എടുത്തതും ജയിലിൽ അടച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP