Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പണവും പദവിയും ഉപയോഗിച്ച് ശാലു രക്ഷപ്പെട്ടു; തനിക്ക് മാത്രം നീതികിട്ടിയില്ല; യുദ്ധകാലാടിസ്ഥാനത്തിൽ ശിക്ഷവിധിച്ചത് രാഷ്ട്രീയ ഗൂഢാലോചന; സോളാർ കേസിലെ വിധിയിൽ കോടതിയെ വിമർശിച്ച് സരിതാ നായർ

പണവും പദവിയും ഉപയോഗിച്ച് ശാലു രക്ഷപ്പെട്ടു; തനിക്ക് മാത്രം നീതികിട്ടിയില്ല; യുദ്ധകാലാടിസ്ഥാനത്തിൽ ശിക്ഷവിധിച്ചത് രാഷ്ട്രീയ ഗൂഢാലോചന; സോളാർ കേസിലെ വിധിയിൽ കോടതിയെ വിമർശിച്ച് സരിതാ നായർ

ആലപ്പുഴ : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സോളാർ കേസിലെ ആദ്യവിധിയിൽ രണ്ടാം പ്രതിയായ തനിക്ക് നീതി ലഭിച്ചില്ലെന്ന് സരിത എസ് നായർ പ്രതികരിച്ചു. മറുനാടന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കേരളത്തിൽ തനിക്ക് നീതി ലഭിക്കില്ലെന്നും സുപ്രിം കോടതിയിൽ അന്തിമ വിജയം തനിക്കായിരിക്കുമെന്നും അവർ പറഞ്ഞു. 2012-ൽ ടീം സോളാറിന്റെ ചെയർമാനായി കഴിഞ്ഞിരുന്ന ബാബുരാജിനെ സോളാർ തട്ടിപ്പ് കേസുകളിൽ പ്രതിയായി ചേർക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും.

അതേസമയം രാജ്യത്ത് എവിടെയും കേട്ടുകേൾവി പോലുമില്ലാത്ത ശിക്ഷയാണ് തനിക്ക് വിധിച്ചത്. അനധികൃത സ്വത്ത് സമ്പാദനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കൊടുത്ത ശിക്ഷയാണ് തനിക്കും വിധിച്ചത്. ഫ്ളാറ്റ് കുംഭകോണത്തിൽ ആപ്പിൽ ഗ്രൂപ്പ് തട്ടിയത് ഇരുനൂറോളം കോടിയാണ്. ടോട്ടൽ ഫോർ യു കേസിൽ ശബരീനാഥ് തട്ടിയെടുത്തത് നൂറ് കോടിയോളം. വിചാരണപോലുമില്ലാതെ അനന്തമായി നീളുന്ന കേസുകൾ ആർക്കും വേണ്ടാതെ മൂടപ്പെടുന്നു. ഈ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ സോളാർ തട്ടിപ്പ് കേസ് ചിലരുടെ പ്രത്യേക താല്പര്യ പ്രകാരം നടക്കുന്നതുപോലെ തോന്നുന്നു.

2009 മുതലുള്ള 1300 ഓളം കേസുകളാണ് പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കെട്ടികിടക്കുന്നത്. ഈ കേസുകളൊന്നും തന്നെ തീർപ്പുകൾപ്പിക്കാൻ കഴിയാത്ത കോടതി തന്റെ കേസുമാത്രം അതിവേഗത്തിൽ തീർത്തു. 2013-14 വർഷത്തിൽ കോടതിയിൽ എത്തിയ കേസ് അതിവേഗമാണ് തീർപ്പ് കൽപ്പിക്കപ്പെട്ടത്. ഇതിനു പിന്നിൽ ചില രാഷ്ട്രീയ താല്പര്യങ്ങളാണ് നടക്കുന്നത്. സാധാരണ ഗതിയിൽ 420- വകുപ്പ് പ്രകാരം നടത്തപ്പെടുന്ന കേസുകളിൽ പലതും കോടതിക്ക് ഒഴിയാബാധയാണ്. കാലങ്ങളായാലും തീരാത്ത കേസുകളാണ് ഇവയിൽ പലതും. പക്ഷെ തനിക്കെതിരെ ചുമത്തിയ കേസ് യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുകയായിരുന്നു.

ഇത് ഉപതെരഞ്ഞെടുപ്പിന് സർക്കാരിന് ഗുണം ചെയ്യുന്ന വിചാരത്തോടെ നടത്തിയ നീക്കങ്ങളാണെന്നാണ് മനസിലാക്കാൻ കഴിയുന്നത്. സോളാർ കേസ് അന്വേഷിച്ച് പ്രതികൾക്ക് ശിക്ഷവാങ്ങി കൊടുത്ത സർക്കാർ എന്ന ക്രഡിറ്റ് നേടാനായിരിക്കും ഇതിനുപിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യം വച്ചത്. കോൺഗ്രസുക്കാരിയായ തനിക്ക് കോൺഗ്രസിന്റെ ഭാഗത്തുനിന്നും യാതൊരു സഹായം ലഭിച്ചില്ല. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഇഷ്ടപ്പെടുന്ന തനിക്ക് ഇപ്പോൾ കോൺഗ്രസിൽ ആരെയും പേരെടുത്തു പറഞ്ഞ് ബഹുമാനിക്കാൻ പറ്റുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

ഇത്രയും കാലം സ്ത്രീയായ തന്നെ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതു കണ്ടിട്ടും ഒരു മഹിളാ സംഘടനയും തന്നെ സഹായിക്കാൻ എത്തിയില്ല. കേസിൽ പ്രതിചേർക്കപ്പെട്ട ശാലുമേനോൻ രക്ഷപ്പെട്ടു. പണം പദവിയും ഉപയോഗിച്ചാണ് ശാലു രക്ഷപ്പെട്ടത്. ഇപ്പോൾ വിധി വന്ന കേസിൽ തനിക്ക് യാതൊരു ബന്ധവുമില്ല. താന്റെതായ യാതൊരു രേഖകളും കേസിലില്ല.കേസ് ഒത്തുതീർപ്പിലെത്തിക്കാതിരുന്നത് തനിക്ക് ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലാണ്. താൻ നേരിട്ട് ഇടപാട് നടത്തിയ ഒൻപതോളം കേസുകൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. ഇനി 24 കേസുകൾ നടക്കുന്നുണ്ട് ഇവയെല്ലാം ഏകോപിപ്പിച്ച് ഒരു കോടതി കീഴിൽ കൊണ്ടുവരണമെന്നും സരിത ആവശ്യപ്പെട്ടു.

സോളർ കമ്പനിയുടെ ചെയർമാൻ ആക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദേശ മലയാളിയിൽ നിന്ന് 1.19 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജു രാധാകൃഷ്ണനും സരിത എസ്. നായർക്കും ആറു വർഷം കഠിനതടവാണ് കോടതി വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് ശിക്ഷ. എന്നാൽ, ഒരു വകുപ്പിലും മൂന്നു വർഷത്തിലധികമല്ല ശിക്ഷ എന്നതിനാൽ സരിതയ്ക്കു ജാമ്യം അനുവദിച്ചു. ആദ്യഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനാൽ ബിജു രാധാകൃഷ്ണനു ജാമ്യവും നൽകിയില്ല. ഈ കോടതി വിധിയെയാണ് സരിത വിമർശിക്കുന്നത്.

ബിജു രാധാകൃഷ്ണൻ 75 ലക്ഷം രൂപയും സരിത 45 ലക്ഷം രൂപയും വാദിയായ ആറന്മുള സ്വദേശി ബാബുരാജിനു നൽകണമെന്നും ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) യുടെ വിധിയിൽ പറയുന്നു. മജിസ്‌ട്രേട്ട് ആർ. ജയകൃഷ്ണനാണ് സോളർ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യവിധി പ്രസ്താവിച്ചത്. സോളർ പ്ലാന്റ് സ്ഥാപിക്കാമെന്നു പറഞ്ഞ് 1.60 ലക്ഷം രൂപയും സോളർ കമ്പനിയിൽ ചെയർമാൻ ആക്കാമെന്നു വാഗ്ദാനം ചെയ്ത് 1,17,40,000 രൂപയും രണ്ടു പ്രതികളും ചേർന്നു കൈപ്പറ്റിയെന്ന കേസ് 2013 ജൂൺ 18ന് ആണ് ആറന്മുള പൊലീസ് രജിസ്റ്റർ ചെയ്തത്. സരിത ഏഴു തവണയായി 44.60 ലക്ഷം രൂപയും ബിജു എട്ടു തവണയായി 74.40 ലക്ഷം രൂപയും കൈപ്പറ്റിയെന്നു ബാബുരാജ് പരാതിയിൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP