Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

27 വർഷത്തിനിടെ 3700 തവണ പാമ്പു കടിയേറ്റു; പത്തു തവണ മരണത്തെ തോൽപിച്ചു; ഡോക്ടർ ഉപേക്ഷിച്ചപ്പോൾ സ്വയം ചികിത്സിച്ചു; ജിവിക്കാൻ വീണ്ടും കൂലിവേലയ്ക്കിറങ്ങും; പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാൻ; പാമ്പുകളുടെ തോഴൻ വാവ സുരേഷ് മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

27 വർഷത്തിനിടെ 3700 തവണ പാമ്പു കടിയേറ്റു; പത്തു തവണ മരണത്തെ തോൽപിച്ചു; ഡോക്ടർ ഉപേക്ഷിച്ചപ്പോൾ സ്വയം ചികിത്സിച്ചു; ജിവിക്കാൻ വീണ്ടും കൂലിവേലയ്ക്കിറങ്ങും; പട്ടിണിയും പരിവട്ടവുമായി കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാൻ; പാമ്പുകളുടെ തോഴൻ വാവ സുരേഷ് മറുനാടനോട് മനസ്സ് തുറക്കുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മരണത്തെ മുഖാമുഖം കണ്ടപ്പോഴും മനസ്സ് ശാന്തമായിരുന്നുവെന്നു വാവ സുരേഷ്. നാളെ എന്നുള്ളത് ചിന്തയിലേയില്ലാത്ത വിഷയം. മരിച്ചാലും ദുഃഖിക്കാൻ അധികമാരുമില്ലെന്ന ചിന്തയാവാം കാരണം. ഒപ്പമുണ്ടായിരുന്നവർ പലരും അകന്നുകഴിയുകയാണല്ലോ...പാമ്പുപിടിത്തവിദഗ്ധൻ വാവ സുരേഷ് അധികമാരുമായി പങ്കുവയ്ക്കാത്ത ജീവിതാനുഭവങ്ങൾ മറുനാടൻ മലയാളിയുമായി പങ്കുവച്ചു.

പട്ടിണിയും പരിവട്ടവുമായി ഇപ്പോഴും കഴിയുന്നത് കഴിഞ്ഞ കാലം മറക്കാതിരിക്കാനാണെന്നു സുരേഷ് പറയുന്നു. ആരിൽനിന്നും സംഭാവനകളോ ഔദാര്യങ്ങളോ സ്വീകരിക്കാറില്ല. ചില രോഗികൾക്കുവേണ്ടി നല്ല മനസുള്ളവർ നൽകുന്ന പണം സ്വീകരിച്ച് അവർക്കുവേണ്ടിയെത്തിക്കാറുണ്ട്. വർഷങ്ങളായി പാവപ്പെട്ട രണ്ടു വിദ്യാർത്ഥികളെ പഠിപ്പിക്കുന്നുണ്ട്. ജീവിതച്ചെലവ് കണ്ടെത്താൻ പഴയ മേസ്തിരിപ്പണിക്കും കൂലിവേലയ്ക്കുമിറങ്ങാൻ തയാറാകുകയാണ് വാവ സുരേഷ്.

ഫോൺ സംഭാഷണങ്ങൾക്കും ആരാധകരുടെ സെൽഫിക്കും ഇടയിൽ വീണുകിട്ടിയ നിമിഷങ്ങൾക്കിടയിലാണ് സുരേഷ് മറുനാടനുമായി സംസാരിച്ചത്. പതിമൂന്നു വയസ്സിൽ തുടങ്ങിയ പാമ്പുപിടുത്തം ജീവിതാവസാനം വരെ തുടരുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ നാല്പത്തൊന്നുകാരൻ. 27 വർഷത്തിനിടയിൽ മൂവായിരത്തി എഴുനൂറിൽപ്പരം തവണ പാമ്പുകടിയേറ്റു. വെന്റിലേറ്റർ സഹായത്തോടെയും അല്ലാതെയും പത്തുതവണ മരണത്തെ തോൽപ്പിച്ച അനുഭവസമ്പത്തുമായിട്ടാണ് ഇന്ന് കർമ്മരംഗത്ത് സുരേഷിന്റെ മുന്നേറ്റം.

സുരേഷമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ..

* ജീവൻ അപകടത്തിലാവുമെന്ന് ബോദ്ധ്യപ്പെട്ടിട്ടും പാമ്പുപിടുത്തം തുടരുന്നത്?
ലാഭേച്ഛകൂടാതെ നടത്തുന്ന കർമ്മമാണ് ഇത്. അതിനേക്കാളേറെ ഒരുപുണ്യപ്രവൃത്തിയും. നിരുപദ്രവകാരികളായ പാമ്പുകളെ മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും രക്ഷിച്ച് അവയ്ക്കിണങ്ങുന്ന ആവാസവ്യവസ്ഥയിൽ ജീവിക്കാൻ വിടുമ്പോൾ ലഭിക്കുന്ന സന്തോഷം. ഇത് എത്രയായലും മതിവരില്ല. അതുകൊണ്ട് ഇപ്പോഴും തുടരുന്നു.

* മരണത്തെ മുഖാമുഖം നേരിട്ട നിമിഷങ്ങളെക്കുറിച്ച് ?
പത്തുവർഷം മുമ്പ് അരണാട്ടുകര ക്ഷേത്രത്തിനടുത്തുവച്ച് മൂർഖന്റെ കടിയേറ്റതിനെത്തുടർന്നുള്ള ആശുപത്രിവാസവും തുടർന്നുള്ള അനുഭവങ്ങളുമാണ് ഇതിൽ പ്രധാനം. കൈപ്പത്തിയിലായിരുന്നു കടിയേറ്റത്. ആന്റി വെനം ഇഞ്ചക്ഷൻ എടുത്തെങ്കിലും വിഷം കെട്ടിക്കിടന്ന് കൈപ്പത്തിക്ക് മുകളിലേക്ക് മുട്ടുവരെയുള്ള ഭാഗം പഴുക്കാൻ തുടങ്ങി. ഡോക്ടർമാർ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും പഴുപ്പ് കുറഞ്ഞില്ല. ഒടുവിൽ മുട്ടിനു മുകളിൽ കൈമുറിച്ചുമാറ്റിയാൽ മാത്രമേ ജീവൻ രക്ഷപെടുത്താൻ കഴിയു എന്നായി ഡോക്ടർമാർ. ഇതു വേണ്ടെന്നും മരിച്ചാലും കുഴപ്പമില്ലന്നും പറഞ്ഞ് ആശുപത്രിയിൽനിന്നും ഡിസ്ചാർജ്ജ് വാങ്ങി വീട്ടിലേക്ക് പോന്നു.

വീട്ടിൽ വന്നശേഷം പഴുപ്പ് വ്യാപിച്ചിരുന്ന ഭാഗം അല്പാല്പമായി ചുരണ്ടി മാറ്റി. മുറിവ് ഉണങ്ങുന്നതിനായി ഈ ഭാഗത്ത് മരുന്നുകൾ പുരട്ടുകയും ചെയ്തു. മൂന്നുമാസത്തോളം ഇതു തുടർന്നു. പിന്നീടാണ് നുറിവ് കരിഞ്ഞത്. പിന്നീടും പലതവണ ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ വിരൽ മുറിച്ചുകളയേണ്ടി വന്നു. കൈയിൽ കടിയേറ്റ ഭാഗം പഴുത്ത് തൊലി നശിച്ചതിനെത്തുടർന്ന് ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് തൊലിയെടുത്ത് തുന്നിചേർക്കേണ്ടിയും വന്നിട്ടുണ്ട്. ഇതൊക്കെ മരണത്തിൽ നിന്നും വീണ്ടും ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ഓർമ്മപെടുത്തലുകൾ പോലെ ഒട്ടുംമായാതെ ഇപ്പോഴും ശരീരത്തിലുണ്ട്. ഏതായാലും പല പാമ്പുകടിയേറ്റ ഈ ശരീരം മരണശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിനു പഠിക്കാൻ വിട്ടുകൊടുക്കുകയാണ്

*ചികിത്സക്കായി പണംമുടക്കാനും സഹായിക്കാനും ആരെങ്കിലും മുന്നോട്ടുവന്നിട്ടുണ്ടോ?
അങ്ങനെ ഒരു സാഹചര്യം ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. മിക്കവാറും മെഡിക്കൽ കോളേജിൽ നിന്നുള്ള ചികിത്സ മാത്രമാണ് വേണ്ടിവന്നിട്ടുള്ളത്. പുറത്ത് ചികിത്സ തേടിവന്നത് ഒരു പ്രാവശ്യം മാത്രമാണ്. 40,000 രൂപ മുടക്കായി.അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി വി എസ് ശിവകുമാർ നേരിട്ടിടപെട്ട് ആ തുക അനുവദിച്ചു നൽകുകയും ചെയ്തു.

* പാമ്പിനെ പിടിച്ചതിന്റെ പേരിൽ പാരിതോഷികങ്ങളോ സംഭാവനകളോ ലഭിക്കാറുണ്ടോ?
പലരും പണവും പാരിതോഷികങ്ങളും വച്ചുനീട്ടാറുണ്ട്. പക്ഷേ ഇവയിൽ ഒട്ടുമിക്കതും നിരസിക്കേണ്ടിയും വന്നിട്ടുണ്ട്. നല്ല ഉദ്ദേശ്യത്തോടെ, സമീപിക്കുന്നവരെ നിരാശപ്പെടുത്താറില്ല. അടുത്തിടെ പാലക്കാട്ടെ ഒരു പ്രവാസി വിളിച്ചിട്ട് ഒരുലക്ഷം രൂപ തരാമെന്നു പറഞ്ഞു. ഈ തുക ഒരു കാൻസർ രോഗിയുടെ ചികത്സയ്ക്കായി അവരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതിയെന്നുപറഞ്ഞപ്പോൾ ഞാൻ നേരിട്ടെത്തി തുക വാങ്ങണമെന്ന് അദ്ദേഹം വാശിപിടിച്ചു. ഇതിന്റെ പിന്നിലെ അദ്ദേഹത്തിന്റെ ലക്ഷ്യം ബോദ്ധ്യമായപ്പോൾ ആ തുക വേണ്ടെന്നുവച്ചു. ആയിടക്ക് ലഭിച്ച അവാർഡ് തുക ആശുപത്രിയിൽ എത്തിച്ചുനൽകിയാണ് ആ കുടുംബത്തെ ആശ്വസിപ്പിച്ചത്.

* ഇടയ്ക്ക് കാരുണ്യപ്രവർത്തനങ്ങൾ, ജീവിതച്ചെലവ് മറ്റൊരുഭാഗത്ത്. ഇതിനെല്ലാമുള്ള സാമ്പത്തിക വരുമാനം?
നേരത്തെ മേസ്്തിരിപ്പണിക്ക് പോകുമായിരുന്നു. ഇടക്കാലത്ത് റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായും പ്രവർത്തിക്കുന്നു. ഈ മേഖലയിൽ ഇപ്പോൾ കാര്യമായ ഇടപാടുകൾ നടക്കുന്നില്ല. അതുകൊണ്ട് പഴയ ജോലിയിലേക്കു തന്നെ മടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

* കാരുണ്യപ്രവർത്തനങ്ങിലേക്ക് തിരിയാൻ പ്രചോദനം?
ചെറുപ്പത്തിൽ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്.ഏറെ കഷ്ടതകളും അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ദുരിതമനുഭവിക്കുന്നവരുടെ വേദന നന്നായി അറിയാം. ഞാൻ ഇപ്പോഴും താമസിക്കുന്നത് കുടിലിലാണ്. ഈ കുടിൽ പൊളിച്ച് വീട് നിർമ്മിക്കാൻ ഒരു അഭ്യൂദയകാംക്ഷി ഒന്നര ലക്ഷം രൂപയോളം നൽകി. ഈ തുകയ്ക്ക് എന്നേക്കാൾ ആവശ്യം എന്റെ നാട്ടിലെ ആരോരുമില്ലാത്ത ഒരു വയോധികയ്ക്കാണെന്ന് ബോദ്ധ്യമായിരുന്നു. ഈ തുകയും മറ്റുപലരിൽ നിന്നായി സ്വരൂപിച്ച സഹായവുമുൾപ്പെടെ രണ്ടുലക്ഷത്തിൽപ്പരം രൂപ ചിലവഴിച്ച് അവർക്ക് വീട് നിർമ്മിച്ചു നൽകി. ആ അമ്മയുടെ മുഖത്തേ സന്തോഷം, അതുമാത്രം മതി എനിക്ക്.

* മറ്റു സേവന പ്രവർത്തനങ്ങൾ?
നാട്ടുകാരായ രണ്ടുനിർദ്ധന വിദ്യാർത്ഥികളെ വർഷങ്ങളായി പഠിപ്പിക്കുന്നുണ്ട്. കാസർക്കോടെത്തിയപ്പോൾ പഠിക്കാൻ നല്ല കഴിവുള്ളതും ദരിദ്രകുടുംബാംഗവുമായ ഒരു വിദ്യാർത്ഥിക്കു മൃഗഡോക്ടറാകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞു. രണ്ടുദിവസം മുമ്പു മുതൽ അവന്റെ പഠനച്ചിലവും ഏറ്റെടുത്തു.

* ഭാവി പ്രവർത്തനങ്ങൾ?
365 ദിവസവും തിരക്കാണ്. ജില്ലകളിൽ നിന്നും ജില്ലകളിലേക്ക് ഓട്ടമാണ്. ഇതിനിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങളും ക്ലാസ്സുകളും നടക്കുന്നുമുണ്ട്. പാമ്പുകളും മനുഷ്യരും സുഹൃത്തുക്കളാവുന്ന നാളുകളാണ് എന്റെ സ്വപ്‌നം. പാമ്പുകൾ ഒരിക്കലും മനുഷ്യന്റെ ശത്രുവല്ല. ചവിട്ടേറ്റ് വേദനിക്കുമ്പോഴോ മാർഗമദ്ധ്യേ ഗതി മുട്ടുമ്പോഴോ മാത്രമാണ് പാമ്പുകൾ ആക്രമിക്കുക. കാട്ടിലും ചപ്പുചവറുകൾ ഉള്ള പ്രദേശങ്ങളിലും കരിയിലകൾ കൂടിക്കിടക്കുന്നിടത്തും മറ്റും താഴെ നോക്കി നിലത്ത് ചവിട്ടി ശബ്ദമുണ്ടാക്കി നടന്നാൽ സമീപത്തുള്ള പാമ്പുകൾ ദൂരേക്ക് മാറും.ഇതു സംബന്ധിച്ച ബോധവൽക്കരണത്തിനായി വിളിക്കുന്നിടത്തെല്ലാം പോകുന്നുണ്ട്. മരണം വരെ പാമ്പുപിടുത്തവും തുടരും.

* പാമ്പുകൾ മുൻവൈരാഗ്യത്തോടെ പെരുമാറുമെന്നും മറ്റുമുള്ള പ്രചാരണങ്ങളെക്കുറിച്ച്?
ഇത് പണ്ടുകാലം മുതലുള്ള പ്രചാരണമാണ്. അന്ധവിശ്വാസം മാത്രമാണ് ഇതിന്റെ അടിസ്ഥാനം. പാമ്പുകൾക്ക് ഓർമ്മയുള്ളത് ഇരതേടുക, മാളത്തിൽ ഒളിക്കുക എന്നീ രണ്ടുകാര്യങ്ങൾ മാത്രമാണ്. തന്നെ ഉപദ്രവിച്ചവരെപ്പറ്റി പ്രതികാരം മനസിൽ സൂക്ഷിക്കാനുള്ള വിവരവും ഓർമശക്തിയുമൊന്നും പാമ്പുകൾക്കില്ല.

* കടിച്ച പാമ്പിനെ വിളിച്ചുവരുത്തി വിഷമിറക്കുന്ന വൈദ്യന്മാരുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് വാസ്തവമാണോ?
ഇതും തെറ്റായ പ്രചാരണമാണ്. കഴിവുള്ള വിഷചികിത്സകരുണ്ട്. ഇവരുടെ കൈപുണ്യത്താലും ദൈവാധീനം കൊണ്ടും വിഷബാധയേറ്റവർ രക്ഷപെടുന്നുമുണ്ട്. അതുപോലെ തന്നെ ഇത്തരക്കാരുടെ ചികിത്സ മൂലം മരണങ്ങളും ഉണ്ടായിട്ടുണ്ട്. മൂർഖൻ കടിച്ചതിനെത്തുടർന്ന് ഇക്കൂട്ടരിൽ ഒരാളെ കണ്ട് ചികിത്സിക്കാനെത്തിയപ്പോൾ മുറിവിലെ പാടു നോക്കി അയാൾ പറഞ്ഞത് വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ്. അതുവിശ്വസിച്ച് ഞാൻ വീട്ടിൽ പോയിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നില്ല. വിഷവൈദ്യന്റെ തെറ്റായ ചികത്സമൂലം രണ്ടുവയസ്സുകാരി മരണപ്പെട്ട സംഭവവും എനിക്കറിയാം.

* വിഷബാധയേറ്റാൽ കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിലെത്തിയാൽ ചികിത്സക്ക് സഹായകമാവുമെന്ന് പറഞ്ഞുകേൾക്കുന്നു. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
ഇതും തെറ്റായ പ്രചാരണമാണ്. ആശുപത്രികളിൽ പാമ്പുകടിയേറ്റ് എത്തിയാൽ നൽകുന്നത് മിക്‌സഡ് ആന്റിവനം ഇഞ്ചക്ഷനാണ്. ഏത് ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചാലും ആശുപത്രികളിൽ ചികത്സാരീതി ഏറെക്കുറെ ഒന്നുതന്നെയാണ്.

* പാമ്പുകൾ വീടുകളിലും മറ്റും എത്തുന്നത് തടയാൻ പ്രതിരോഗ മാർഗമുണ്ടോ?
പാമ്പുകളെ അകറ്റാൻ പണ്ടുകാലം മുതൽ വെളുത്തുള്ളി ചതച്ച് വീടിനു ചുറ്റും ഒഴിക്കുന്ന പതിവുണ്ട്.എന്നാൽ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. പച്ചവെള്ളത്തിൽ അല്പം മണ്ണെണ്ണ ചേർത്ത് വീടിനു ചുറ്റും തളിച്ചാൽ പാമ്പുകൾ പരിസരത്തു നിന്നും വിട്ടുനിൽക്കും.

കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ ജീവനക്കാർക്കുള്ള ബോധവൽക്കരണ ക്ലാസ്സിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുരേഷ്. ഇന്നലെ രാവിലെ മുതൽ ഡി.എഫ്.ഒ ഓഫിസിലായിരുന്നു ജീവനക്കാർക്ക് പരിശീലനം നൽകിയത്. വീടുകളിലും മറ്റും പാമ്പുകളെ കാണുമ്പോൾ തന്നെ പാമ്പിനെ പിടിക്കുന്നതിന് വനം വകുപ്പ് ജീവനക്കാരെ വിളിക്കുന്ന സാഹചര്യം വർദ്ധിച്ചു വരുന്നതിനാലാണ് ജീവനക്കാർക്ക് ഇത്തരത്തിൽ പരിശീലനം ഒരുക്കിയതെന്ന് ഡി എഫ് ഒ കെ.എസ്. ദീപ പറഞ്ഞു. വനം വകുപ്പ് ജീവനക്കാർ പലപ്പോഴും സമീപപ്രദേശങ്ങളിലുള്ള പാമ്പുപിടുത്തക്കാരുടെ സഹായം തേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് പലപ്പോഴും അപകടം ക്ഷണിച്ചു വരുത്തുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് പരിശീലനം നൽകാൻ വനം വകുപ്പ് തീരുമാനിക്കുകയായിരുന്നു.

വിവിധ ഇനം പാമ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും, കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രുഷകൾ വിവരിച്ചും ചിലയിനം പാമ്പുകളെ ജീവനക്കാരെ കൊണ്ട് പിടിപ്പിച്ചും പരിശീലനം നൽകി. വൈകിട്ട് പൊതുജനങ്ങൾക്കായി ഫോറസ്റ്റ് ഡിവിഷൻ ഓഫിസ് മുറ്റത്ത് ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ഒരു മണിക്കൂറിലേറെ നീണ്ട ബോധവത്ക്കരണത്തിൽ പാമ്പുകളെ കുറിച്ച് ഭീതി പടർത്തുന്ന അറിവുകളും തെറ്റിദ്ധാരണകളുമാണ് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നതിലധികവുമെന്നും, പ്രതികാര ബുദ്ധിയോടെ പാമ്പുകൾ ആളുകളെ തേടി വരില്ലെന്നും. പാമ്പുകടിയേറ്റാൽ ആധുനിക ചികിത്സ തേടാൻ താമസിക്കരുതെന്നും സുരേഷ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്ന് തിങ്കളാഴ്ച രാത്രി പിടികൂടിയ മൂർഖനെ പരിപാടിക്കിടയിൽ പ്രദർശിപ്പിച്ചു. മൈക്കിന് മുന്നിൽ സുരേഷ് ശബ്ദം പുറപ്പെടുവിക്കുന്നതനുസരിച്ച് മൂർഖൻ ഫണം വിടർത്തി ചീറ്റുകയും തലയാട്ടുകയും ചെയ്തത് കാണികൾക്ക് കൗതുകകാഴ്ചയായി. പാമ്പുകൾ ഇര തേടിയാണ് വീടുകളിൽ എത്തുന്നതെന്നും പരിസരം വൃത്തിയായി സൂക്ഷിക്കുകയാണ് ഇവ എത്താതിരിക്കാനുള്ള എളുപ്പമാർഗമെന്നും സുരേഷ് പറഞ്ഞു. കുട്ടംപുഴമേഖലയിലെ രാജവെമ്പാലകൾ ജനവാസകേന്ദ്രങ്ങളിലേക്കു പതിവായെത്തുന്നതു ചൂണ്ടിക്കാട്ടിയപ്പോൾ, ചേരയാണ് ഇവയുടെ ഭക്ഷണമെന്നും ചേരയെ തേടിയാകാം രാജവെമ്പാലകൾ വനത്തോടു ചേർന്നുള്ള വീടുകളുടെ പരിസരങ്ങളിൽ എത്തുന്നതെന്നും സുരേഷ് വ്യക്തമാക്കി.

ഏറെ ഭീതിയോടെയും ഐതിഹ്യപ്പെരുമയോടെയും ജനങ്ങൾ കാണുന്ന രാജവെമ്പാല വെറും പാവം പാമ്പാണെന്നാണ് വാവ സുരേഷ് പറയുന്നത്. അതു മനുഷ്യരെ ഉപദ്രവിക്കാറില്ലത്രേ. രാജവെമ്പാല കടിച്ചു കേരളത്തിൽ ആരെങ്കിലും മരിച്ചതായി അറിവില്ല. ബാംഗളുരുവിൽ ഒരു പാമ്പുപിടിത്തക്കാരൻ രാജവെമ്പാലയെ പിടിച്ചശേഷം ഫോട്ടോയ്ക്കു പോസു ചെയ്യുന്നതിനിടെ കടിയേറ്റു മരിച്ചതായി മാത്രമറിയാം, വാവ സുരേഷ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP