Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ മോദി എന്തിനാണു വെപ്രാളപ്പെടുന്നത്? ആന്റി കറപ്ഷൻ ബ്യൂറോയുടെ നിയന്ത്രണം എടുത്തുമാറ്റിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്തു കെജ്‌രിവാൾ; ഉദ്യോഗസ്ഥ അഴിമതിക്കു ബിജെപിയുടെ ഒത്താശ: ഡൽഹി മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുന്നു

അഴിമതിക്കെതിരെ നടപടി എടുക്കുമ്പോൾ മോദി എന്തിനാണു വെപ്രാളപ്പെടുന്നത്? ആന്റി കറപ്ഷൻ ബ്യൂറോയുടെ നിയന്ത്രണം എടുത്തുമാറ്റിയ കേന്ദ്രനടപടിയെ ചോദ്യം ചെയ്തു കെജ്‌രിവാൾ; ഉദ്യോഗസ്ഥ അഴിമതിക്കു ബിജെപിയുടെ ഒത്താശ: ഡൽഹി മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കുന്നു

ന്യൂഡൽഹി: കഴിഞ്ഞ നാൽപതു വർഷമായി ഡൽഹിയുടെ അധികാരത്തിൽ ഉണ്ടായിരുന്ന ആന്റി കറപ്ഷൻ ബ്യൂറോ, കഴിഞ്ഞ വർഷം ജൂൺ മുതൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ ആക്കിയത് ആർക്ക് വേണ്ടിയായിരുന്നു.? ഡൽഹി ജനത ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം കൊടുത്ത് അധികാരം ഏൽപ്പിച്ച ജനാധിപത്യ സർക്കാരിൽ നിന്നും, ഈ അധികാരം എടുത്തു മാറ്റിയതിന്റെ കാരണം ബിജെപി മോദി സർക്കാർ പറയുമോ....?

ആം ആദ്മി പാർട്ടിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാൾ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. ആന്റി കറപ്ക്ഷൻ ബ്യൂറോയുടെ നിയന്ത്രണം സംസ്ഥാന സർക്കാരിൽനിന്ന് എടുത്ത് മാറ്റിയതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് കെജ്‌റിവാൾ കേന്ദ്ര സർക്കാരിനെതിരെ ഉയർത്തുന്നത്. കേന്ദ്ര സർക്കാർ വിവിധ കാരണങ്ങൾ പറഞ്ഞ് സംസ്ഥാന ഭരണത്തിൽ നിരന്തരം ഇടപെടുന്നതായി കെജ്‌റിവാൾ ആരോപിച്ചു.

സമരകാഹളങ്ങൾക്ക് നടുവിലായിരുന്നു തന്റെ സർക്കാരിന്റെ ആദ്യവർഷം. കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ ശക്തമായിരുന്നു. സംസ്ഥാന ഭരണം നേർവഴിക്കല്ലെന്ന് തെളിയിക്കാൻ കേന്ദ്രം പരമാവധി ശ്രമിച്ചു. ഓരോ ദിവസവും പുതിയ കാരണങ്ങൾ പറഞ്ഞ് റെയ്ഡും പരിശോധനയും ഇടപെടലുകളും തുടർന്നു. അഴിമതിക്കാരാണ് എല്ലാവരും എന്ന് തെളിയിക്കാനുള്ള ശ്രമങ്ങളും ഉണ്ടായി. സർക്കാർ നടത്തിയ ചില നീക്കങ്ങൾ കേന്ദ്രത്തിനെ ചൊടിപ്പിച്ചു. അതാണ് എല്ലാത്തിനും കാരണം.

കഴിഞ്ഞ ഒരുവർഷംകൊണ്ട് ഡൽഹി സർക്കാർ കൈവരിച്ച നേട്ടങ്ങൾ അതിന് മുമ്പുള്ള ഒരു സർക്കാരും നേടിയിട്ടില്ല. കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ കുറച്ചുകൂടി മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു. കേന്ദ്രസർക്കാർകൂടി സഹകരിച്ചാൽ പത്ത് മടങ്ങ് കൂടുതൽ പ്രവർത്തനങ്ങൾ ഡൽഹിയിൽ നടക്കും. ഉദ്യോഗസ്ഥ തലത്തിലുണ്ടായ ആശയക്കുഴപ്പമാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. സംസ്ഥാന സർക്കാർ ഒരു തീരുമാനം എടുക്കുകയും അത് നടപ്പിലാക്കാൻ ശ്രമിക്കുകയും ചെയ്യും. എന്നാൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും അല്ലാതെയും പ്രഖ്യാപിക്കുന്ന പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു.

എന്തെങ്കിലും കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുള്ള ഉദ്യോഗസ്ഥർക്ക് പോലും എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. കേന്ദ്രത്തിന്റെ ഭീഷണിക്കുള്ളിൽ അവർക്ക് ജോലി ചെയ്യാനാവില്ലെന്ന വസ്തുത അവർക്കുമറിയാം. അങ്ങനെ വന്നാൽ ഭരണസ്തംഭനമാകും ഉണ്ടാകുക. ഇതിന്റെയെല്ലാം ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്ന് പറയാനും കേന്ദ്ര സർക്കാരിനും ബിജെപി നേതൃത്വത്തിനും സാധിക്കും. അതിനാണ് ശ്രമം.

ഏതെങ്കിലും ഉദ്യോഗസ്ഥൻ തെറ്റായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ കൃത്യമായ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനറിയാം. അത് കേന്ദ്രം ചെയ്യേണ്ട ജോലിയല്ല. അഴിമതിക്കെതിരെ ഇത്ര ശക്തമായി പോരാടിയ ഒരു സർക്കാർ വേറെ കാണില്ല. ഹൈക്കോടതിയാണ് പബ്ലിക്ക് പ്രോസിക്യൂട്ടറുടെ സാലറി വർദ്ധിപ്പിക്കാൻ ഉത്തരവിട്ടത്. അത് ചെയ്യാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ ഉദ്യോഗസ്ഥ തലത്തിൽ ചില പ്രശ്‌നങ്ങളുണ്ടായി. ക്യാബിനറ്റ് തീരുമാനം അംഗീകരിക്കാത്ത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ക്യാബിനറ്റിന്റെ തീരുമാനം അംഗീകരിക്കാത്ത ഉദ്യോഗസ്ഥരെയും വച്ച് എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകും.

ഉദ്യോഗസ്ഥരിൽ മികച്ച രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമുണ്ട്. ക്യാബിനറ്റിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാത്ത രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അതോടെ ഐഎഎസുകാരും മറ്റ് ഉദ്യോഗസ്ഥരും സമരം ചെയ്തു. കേന്ദ്രത്തിന്റെ ചൊൽപ്പടിക്ക് നിന്നുകൊണ്ട് എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. സർക്കാർ ചില കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ല. ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു ഡോക്ടറോ ഹെൽത്ത് അഡ്‌മിനിസ്‌ട്രേറ്ററോ ആവണം എന്നതാണ് സർക്കാർ തീരുമാനം. അതൊക്കെ നടപ്പിലാക്കും. പിഡബ്ലിയുഡി നയിക്കാൻ ഒരു എഞ്ചിനീയർ തന്നെയാണ് വേണ്ടത്. അതാണ് സംസ്ഥാന സർക്കാർ ചെയ്യാൻ ശ്രമിക്കുന്നത്.

സർക്കാരിന്റെ നയപരിപാടികൾ ഒരു മാറ്റവും ഉണ്ടാകില്ല. ഉദ്യോഗസ്ഥരുടെ നിയമനം ഉൾപ്പെടെ അടിമുടി അഴിച്ച് പണിയാൻ തന്നെയാണ് തീരുമാനം. അതിനെതിരെയും ഉദ്യോഗസ്ഥരുടെ എതിർപ്പ് ഉയരുന്നുണ്ട്. ബിജെപിയുടെ ബി ടീമാണ് ഡൽഹിയിലെ ഉദ്യോഗസ്ഥവൃന്ദം എന്നത് വേറുമൊരു ആരോപണമല്ല.

ഡൽഹിയിലെ കൈക്കൂലി വാങ്ങൽ നിർത്താൻ ആം ആദ്മി സർക്കാർ പരമാവധി ശ്രമിച്ചിരുന്നു. അതിനുള്ള കവചമായിരുന്നു ആന്റി കറപ്ക്ഷൻ ബ്യൂറോ. എന്നാൽ അതിന്റെ അധികാരം സംസ്ഥാന സർക്കാരിൽ നിന്ന് എടുത്ത് മാറ്റിക്കൊണ്ടാണ് കേന്ദ്രം അതിനെതിരെ പ്രതികരിച്ചത്. 50 ഓളം ഉദ്യോഗസ്ഥർക്കെതിരെയാണ് ബ്യൂറോ നടപടി എടുത്തത്. എനിക്കൊരു എസ്എംഎസ് കിട്ടിയാൽ പോലും 24 മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ സഹായിച്ചിരുന്ന സംവിധാനാണ് കേന്ദ്രം ഇടപെട്ട് ഇല്ലാതാക്കിയത്.

നിലവിൽ അഴിമതിക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സംവിധാനമില്ല, അധികാരമില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധം സംസ്ഥാന സർക്കാരിന്റെ അധികാരം ഇല്ലാതാക്കി. മുകേഷ് അംബാനി, മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിദ് എന്നിവർക്കെതിരെ ആരോപണം ഉണ്ടായപ്പോൾ എഫ്ആർഐ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടതാണ്. രണ്ടാമത് ഭരണം കിട്ടിയപ്പോൾ അന്വേഷണവുമായി മുന്നോട്ട് പോകാൻ പോലും സാധിച്ചില്ല.

കോർപ്പറേഷനിലെ അഴിമതിയാണ് പ്രധാനപ്പെട്ട കാര്യം. അത് ഇല്ലാതാക്കാതെ ഡൽഹിയുടെ അടിസ്ഥാന പ്രശ്‌നങ്ങൾ മാറില്ല. അതിനാണ് ശ്രമം നടത്തുന്നത്. എന്നാൽ കേന്ദ്രം അതിന് കൂച്ചുവിലങ്ങിടുകയാണ്. കിഴക്കൻ ഡൽഹി കോർപ്പറേഷന്റെ പരസ്യങ്ങളിൽ നിന്നുള്ള വാർഷിക വരുമാനം കേവലം 12 കോടി രൂപയാണ്. 3000 മുതൽ നാലായിരം വരെ ഹോർഡിങ്ങ്‌സാണ് കിഴക്കൻ മേഖലയിൽ മാത്രമുള്ളത്. അതിൽ ഭൂരിപക്ഷവും അനധികൃതമായി വച്ചവയാണ്. രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാപനങ്ങളുമാണ് ഇതിന് പിന്നിൽ. പാർക്കിങ്ങ് ഫീസ് ഇനത്തിൽ ലഭിക്കുന്നത് 2.5 കോടി മാത്രമാണ്.

കോർപ്പറേഷനുകൾ വരുമാനം ഉണ്ടാക്കുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. നികുതി വരുമാനം കൂടാതെ, കൃത്യമായി നികുതി പിരിച്ചെടുക്കാതെ സർക്കാരിന് എങ്ങനെ ഭരിക്കാനാവും. അതിനാണ് ഇപ്പോഴത്തെ ശ്രമം. അഴിമതി ഇല്ലാതാക്കാതെ ഒന്നും നടക്കില്ല. അധികാരം ജനങ്ങളിലേക്ക് കൃത്യമായി എത്തണം. അല്ലാതെ ജനാധിപത്യ സംവിധാനത്തിൽ ഭരണം സുഗമമായി നടക്കില്ല.

ബിജെപി അവരുടെ ഇലക്ഷൻ മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചെയ്യണം. അതിനായി അവരെ വെല്ലുവിളിക്കുകയാണ്. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈ കടുത്തുന്നത് നിർത്തിയാൽ ഡൽഹിയിൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ പാർട്ടിക്കും സർക്കാരിനും വ്യക്തമായ ധാരണയുണ്ട്.

പൊലീസിനെപ്പോലും കൈയിലെടുത്താണ് കേന്ദ്രം സംസ്ഥാന ഭരണത്തിൽ ഇടപെടുന്നത്. പൊലീസിനെകൊണ്ട് സംസ്ഥാന ഭരണത്തിനെതിരെ നിരന്തരം പ്രസ്താവനകൾ പുറപ്പെടുവിച്ചും നിഷ്‌ക്രിയമാക്കിയും കേന്ദ്രം നിരന്തരം ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. പൊലീസുമായി പാർട്ടിക്കോ സർക്കാരിനോ ഒരു പ്രശ്‌നവുമില്ല. എന്നാൽ കേന്ദ്രം പൊലീസിനെ ഉപയോഗിച്ച് നിരന്തരം സർക്കാരിനെതിരെ പ്രവർത്തിക്കുകയാണ്. പാർട്ടി നേതാക്കന്മാർക്കെതിരെ കേസെടുക്കുക, അറസ്റ്റ് ചെയ്യുക എന്നിവ പൊലീസിനെ കേന്ദ്രം ഉപയോഗിക്കുന്നതിന്റെ സൂചനയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്നതാണ് സത്യം. കഴിഞ്ഞ ഓഗസ്റ്റിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ടിരുന്നു. ഞങ്ങൾ രാഷ്ട്രീയത്തിൽ പുതിയ ആളുകളാണ്. എന്തെങ്കിലും തെറ്റ് കണ്ടാൽ തിരുത്താനും ഉപദേശങ്ങൾ നൽകാനും സമയം കണ്ടെത്തണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒന്നുമുണ്ടായില്ല എന്ന് മാത്രമല്ല, സംസ്ഥാന സർക്കാരിനെ കൂ്ച്ചുവിലങ്ങിടാനാണ് അദ്ദേഹത്തിന്റെ സർക്കാർ ശ്രമിച്ചത്.

അന്തരീക്ഷ മലിനീകരണം ഡൽഹി നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ്. അതിനായുള്ള ക്രിയാത്മക പരിപാടികളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. പൊതുഗതാഗതം വർദ്ധിപ്പിച്ചും സ്വകാര്യ വാഹനങ്ങളെ നിയന്ത്രിച്ചും കാലക്രമേണ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സാധിക്കും. മന്ത്രിസഭയിൽ അഴിമതിക്കാരും കൈക്കൂലി ഉണ്ടെന്ന് കണ്ടാൽ നടപടിയെടുക്കാൻ ഒരു പ്രശ്‌നവുമില്ല. അതിനുള്ള അധികാരവും ആർജ്ജവവും സർക്കാരിനുണ്ട്. ആം ആദ്മിയുടെ പ്രവർത്തനങ്ങൾ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ശ്രമം. പഞ്ചാബിൽ പാർട്ടിക്ക് വലിയ വിജയമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതുപോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിലും സാന്നിധ്യം വർദ്ധിപ്പിക്കും. കൂടുതൽ ജനങ്ങൾ പാർട്ടിയിലേക്ക് വരുന്നുണ്ട്. അവർ പലതും പ്രതീക്ഷിച്ചാണ് വരുന്നത്. അത് നടപ്പിലാക്കും.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP