Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പച്ചക്കറിയില്‍ സ്ഥിരത നിലനിര്‍ത്തിയാല്‍ സിപിഎമ്മിന് വിജയം ഉറപ്പ്; ജൈവകൃഷിയെന്ന സുധീരന്റെ ആശയം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല; രാഷ്ട്രീയം മറന്ന് സിപിഎമ്മിന് കൈയ്യടിയുമായി ഹൈബി ഈഡന്‍ മറുനാടനോട് പറഞ്ഞത്

പച്ചക്കറിയില്‍ സ്ഥിരത നിലനിര്‍ത്തിയാല്‍ സിപിഎമ്മിന് വിജയം ഉറപ്പ്; ജൈവകൃഷിയെന്ന സുധീരന്റെ ആശയം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല; രാഷ്ട്രീയം മറന്ന് സിപിഎമ്മിന് കൈയ്യടിയുമായി ഹൈബി ഈഡന്‍ മറുനാടനോട് പറഞ്ഞത്

കൊച്ചി:സിപിഎം നടത്തുന്ന ജൈവപച്ചക്കറി കൃഷിയെ പിന്തുണച്ച് കോണ്‍ഗ്രസ്സ് എംഎല്‍എ ഹൈബി ഈഡന്‍. ഇത്തരമൊരു ഉദ്യമത്തിന് ആര് മുതിര്‍ന്നാലും താന്‍ സര്‍വാത്മന സ്വാഗതം ചെയ്യുമെന്ന് ഹരിത എംഎല്‍എ എന്നറിയപ്പെടുന്ന ഹൈബി മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഇത് നല്ലൊരു സന്ദേശം തന്നെയാണ്. വിഎം സുധീരന്‍ കേരള യാത്രയിലും ഉയര്‍ത്തിയ മുദ്രാവാക്യം ഇത് തന്നെയായിരുന്നു. എന്നാല്‍ ഈ കൃഷിയിലൂടെ അവര്‍ നടത്തിയ പ്രവര്‍ത്തനം വിജയിക്കണമെങ്കില്‍ ഇതിന് സ്ഥിരത വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎം നടത്തുന്ന ജൈവ പച്ചക്കറി കൃഷിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞെങ്കിലും ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു വിടി ബല്‍റാം എംഎല്‍എയുടെ നിലപാട്. ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇത് സിപിഎമ്മിന്റെ ''പൊളിറ്റിക്കല്‍ സ്റ്റണ്ട്''മാത്രമാണെന്നായിരുന്നു അഭിപ്രായപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ജൈവപച്ചക്കറി കൃഷി ആര് നടത്തിയാലും അത് സ്വാഗതം ചെയ്യുമെന്ന ഹൈബിയുടെ നിലപാട് പ്രസക്തമാകുന്നത്.

വ്യക്തിപരമായി ജൈവ കൃഷിയെ പൂര്‍ണ്ണമായി പിന്തുണക്കുന്നയാളാണ് താന്‍. വീട്ടിലും മാധ്യമ പ്രവര്‍ത്തരുമായി ചേര്‍ന്നും കൃഷി നടത്തുന്നുണ്ട്. എളമക്കര മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിക്ക് 100ല്‍ പരം ഗ്രോ ബാഗുകള്‍ വ്യക്തിപരമായി തന്നെ വിതരണം ചെയ്തിരുന്നു. അവര്‍ ജൈവ കൃഷി ആ മേഖലയിലെ ഫ്‌ളാറ്റുകളിലും വീടുകളിലും നടത്തുന്നുണ്ട്. ഇതൊരു സംസ്‌കാരമായി മാറിയാല്‍ മാത്രമേ വരും തലമുറക്ക് അസുഖ രഹിതമായ ഒരു വളര്‍ച്ച സാധ്യമാകൂ. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇത് പ്രധാന പരിഗണനയായി ഉയര്‍ത്തി കൊണ്ടു വരികയെന്നത് അസാധ്യമാണ്. കുറച്ച് ചിലവുള്ള കാര്യമായതിനാല്‍ പലരും ജൈവ കൃഷിയിലേക്ക് കടന്ന് വരാന്‍ മടിക്കുന്നുണ്ട്. കൃഷിയില്‍ നിന്ന് ഒരിക്കലും ലാഭം കിട്ടുമെന്ന് താനും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈബി വ്യക്തമാക്കി.

സിപിഎം എത്ര ഏക്കറില്‍ കൃഷി ചെയ്‌തെന്ന് തനിക്കറിയില്ല.അവരുടെ ജൈവപച്ചക്കറി കൃഷിയുമായി എത്രത്തോളം പൊതുജനങ്ങള്‍ ബന്ധപ്പെട്ടു എന്നും അറിയില്ല.ഇത് ഒരു മെസ്സേജ് ആയി പൊതുജനം എടുക്കുകയാണ് വേണ്ടത്.സുധീരന്‍ ജാഥയില്‍ ജൈവപച്ചക്കറി കൃഷി എന്ന ആശയം മുന്നോട്ട് വച്ചെങ്കിലും ഇത് അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ പാര്‍ട്ടിക്കായിട്ടില്ലെന്നും ഹൈബി പറഞ്ഞു.ഇതൊരു സംസ്‌കാരമായി മാറ്റിയാല്‍ മാത്രമേ പുതുതലമുറയ്ക്ക് നല്ലഭാവിയുണ്ടാകൂ എന്നും ജൈവപച്ചക്കറി കൃഷിയുമായി എല്ലാവരും മുന്നോട്ട് വരുന്നത് സന്തോഷമുള്ള കാര്യമണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും മലയാളികളുടെ അടുക്കളയിലേക്ക് എത്തുന്ന പച്ചക്കറികള്‍ കൊടിയ വിഷവുമായാണ് എത്തുന്നതെന്ന് മനസിലാക്കിയതോടെയാണ് അടുക്കളത്തോട്ടം എന്ന ആശയം കേരളത്തില്‍ സജീവ ചര്‍ച്ചയായത്. ഈ ആശയം സിപിഐഎം ഏറ്റെടുത്തതോടെയാണ് ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജൈവപച്ചക്കറികൃഷി ചെയ്യാന്‍ തീരുമാനമായത്. ലോക്കല്‍ ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ 15 പേരടങ്ങുന്ന കര്‍ഷകഗ്രൂപ്പുകളാണ് ആദ്യം ഉണ്ടാക്കിയത്. തരിശായി കിടന്ന ഭൂമി പാട്ടത്തിനെടുത്തും വീടുകളിലും കൃഷി ചെയ്യാനായിരുന്നു നിര്‍ദ്ദേശം. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കര്‍ഷകഗ്രൂപ്പുകള്‍ക്ക് പച്ചകൃഷിക്ക് ആവശ്യമായ വിത്തുകളും വളങ്ങളും നല്‍കുകയും കൃഷിരീതികളെ പറ്റി ക്ലാസുകള്‍ നല്‍കുകയും ചെയ്തു.

പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പച്ചക്കറി കൃഷി ചെയ്തത് എറണാകുളം ജില്ലയിലാണ്. പാര്‍ട്ടി സെക്രട്ടറി പി.രാജീവായിരുന്നു ജില്ലയിലെ പച്ചക്കറി കൃഷിയുടെ അമരക്കാരന്‍. ഒരു ലോക്കലില്‍ ആറു ഏക്കറുകളിലാണ് ജില്ലയില്‍ കൃഷി ചെയ്തത്. ആകെ 820 ടണ്‍ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാനും കഴിഞ്ഞു. 164 സ്റ്റാളുകളിലൂടെയാണ് ജില്ലയില്‍ ജൈവപച്ചക്കറി വിപണനത്തിനെത്തിയിരിക്കുന്നത്. ഇന്‍ക്വിലാബിനൊപ്പം ' വിഷരഹിതമായ ഓണസദ്യ' യെന്ന മുദ്രാവാക്യം ജനങ്ങള്‍ കൂടി ഏറ്റെടുത്തപ്പോള്‍ പാര്‍ട്ടിയുടെ വേറിട്ട വിജയം കൂടിയായി മാറി. ജൈവപച്ചക്കറി കൃഷി തിരുവനന്തപുരത്തും വെന്നിക്കൊടി പാറിച്ചു.

ഈ സാഹചര്യത്തിലാണ് അഭിനന്ദനവുമായി ഹൈബി ഈഡനും രംഗത്ത് വന്നത്. സിപിഎമ്മിന്റെ സാമൂഹിക ഇടപെടലിനുള്ള വലിയ അംഗീകാരമാണ് ഹൈബിയുടെ വാക്കുകള്‍.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP