Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുട്ടിമന്തനെ പെരുമന്തൻ കളിയാക്കുന്നു; ഞാൻ വിമർശിച്ചത് സുധീരനെന്ന പുലിയെ; ഗോപാലൻ വെല്ലുവിളിക്കുന്നത് സടകൊഴിഞ്ഞ സിംഹത്തെ; ശിവഗിരി സന്യാസിമാർ ഗോകുലത്തിന്റെ അടുക്കള നിരങ്ങുന്നു; ഒരു വെടിക്ക് മൂന്ന് പക്ഷികളെ ലക്ഷ്യമിട്ട് മറുനാടനോട് വെള്ളാപ്പള്ളി നടേശൻ

കുട്ടിമന്തനെ പെരുമന്തൻ കളിയാക്കുന്നു; ഞാൻ വിമർശിച്ചത് സുധീരനെന്ന പുലിയെ; ഗോപാലൻ വെല്ലുവിളിക്കുന്നത് സടകൊഴിഞ്ഞ സിംഹത്തെ; ശിവഗിരി സന്യാസിമാർ ഗോകുലത്തിന്റെ അടുക്കള നിരങ്ങുന്നു; ഒരു വെടിക്ക് മൂന്ന് പക്ഷികളെ ലക്ഷ്യമിട്ട് മറുനാടനോട് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ : പെരുമന്തൻ കുട്ടിമന്തനെ കളിയാക്കുന്നതെന്തിനെന്നു എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ. കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ പണ്ടു കുടിയനായിരുന്നുവെന്ന ബാർ ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് രാജ്കുമാർ ഉണ്ണിയുടെ പ്രസ്താവനയോടും സുധീരൻ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന ഗോകുലം ഗോപാലന്റെ അഭിപ്രായപ്രകടനത്തോടും മറുനാടൻ മലയാളിയിലൂടെ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

സുധീരന്റെ പ്രതാപകാലത്ത് അയാളുടെ പൂർവചരിത്രം താൻ വിളിച്ചുപറഞ്ഞിട്ടുള്ളതാണ്. അന്ന് അതാരും മുഖവിലയ്‌ക്കെടുത്തില്ല. ഇപ്പോൾ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന അവസ്ഥയിൽ സുധീരൻ ചൊറിയും കുത്തിയിരിക്കുമ്പോൾ വിമർശിക്കുന്നതു സുധീരനു കൂടുതൽ ഉണർവു നല്കുകയേയുള്ളുവെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഗോകുലം ഗോപാലനും സുധീരനും തമ്മിലുള്ള പ്രസ്താവനാ യുദ്ധം മുഖവിലക്കെടുക്കേണ്ടതില്ല. സുധീരന്റെ പ്രതാപകാലത്ത് താൻ പൊട്ടിച്ച പടക്കമാണ് ഇപ്പോൾ ഗോപാലൻ ഏറ്റെടുത്തു പൊട്ടിക്കാൻ ശ്രമിക്കുന്നത്. ഇനി അതു പൊട്ടിച്ചിട്ടെന്തു കാര്യം? വെള്ളാപ്പള്ളി ചോദിച്ചു.

ശിവഗിരി തീർത്ഥാടന വേളയിൽ ആട്ടവും പാട്ടും നടത്തിയവർ സുധീരനെ കുടിയനെന്നു വിളിക്കുമ്പോൾ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പ്രത്യേകിച്ചും മഠത്തിന്റെ ഉപദേശക സമിതി അംഗം കൂടിയായ ഗോകുലം ഗോപാലൻ. സ്വന്തം തട്ടകത്തിൽ അടിയേറ്റപ്പോൾ മാത്രമാണ് ഗോപാലൻ സുധീരനെതിരെ തിരിഞ്ഞത്. ഗോപാലൻ പറഞ്ഞ കാര്യങ്ങൾ താൻ വർഷങ്ങൾക്കുമുമ്പേ പറഞ്ഞിരുന്നതാണെന്നും എസ്എൻഡിപി ജനറൽ സെക്രട്ടരി പറഞ്ഞു.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സ്ഥാനാർത്ഥിയായെത്തിയ സുധീരൻ തന്നെ വന്നു കാണാനോ സഹായം അഭ്യർത്ഥിക്കാനോ തയ്യാറായില്ല. താൻ കള്ളുകച്ചവടക്കാരനാണെന്ന കണ്ടെത്തലാണ് സുധീരനെ അത്തരത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചത്. അന്നേ താൻ സുധീരന്റെ പൂർവചരിത്രം വിളിച്ചുപറഞ്ഞിട്ടുള്ളതാണ്. അന്ന് ആരും മുഖവിലയ്‌ക്കെടുത്തില്ല. ആദർശധീരനായ സുധീരനെതിരെ പെരുവിരൽ അനക്കാൻ അന്ന് എല്ലാവർക്കും പേടിയായിരുന്നു. ഇപ്പോൾ വീമ്പിളക്കുന്ന വിദ്വാന്മാർ അന്ന് എവിടെയായിരുന്നു. താൻ പ്രതികരിച്ചത് സുധീരന്റെ പ്രതാപകാലത്തായിരുന്നു. ഇപ്പോൾ സുധീരൻ സട കൊഴിഞ്ഞ സിംഹം മാത്രം. ഇനി സുധീരന്റെ പൂർവ്വചരിത്രം വിളമ്പി ആരും പേരെടുക്കാൻ നോക്കേണ്ട. ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്ന അവസ്ഥമാത്രമാണ് സുധീരന്റേത്. സുധീരൻ കുടിയനായിരുന്നുവെന്ന് പറയുന്നവരുടെ അവസ്ഥ എന്താണ്. പെരുമന്തൻ കുട്ടിമന്തനെ കളിയാക്കുന്നതെന്തിനെന്നും വെള്ളാപ്പള്ളി ചോദിച്ചു.

ഇപ്പോൾ ഗോപാലന്റെ കാശും പരസ്യവും വാങ്ങി മാതൃഭൂമി അടക്കമുള്ള പത്രങ്ങൾ വൻചർച്ചയായി എടുക്കുന്നതിന്റെ പൊരുൾ മനസിലാകുന്നില്ല. ഇതു ചൊറിയും കുത്തിയിരിക്കുന്ന സുധീരനു കൂടുതൽ ഉണർവ്വ് നൽകുന്നതാണ്. ഇപ്പോൾ താൻ നേരത്തെ പറഞ്ഞിരുന്ന കാര്യങ്ങൾ പ്രസക്തമാവുകയാണ്. ശിവഗിരി വിഷയത്തിൽ സത്യം തുറന്നുപറഞ്ഞപ്പോൾ സന്യാസിമാരടക്കം തന്നെ എതിർത്തു. ഇപ്പോൾ ആത്മീയകാര്യങ്ങളിൽ മാത്രം മുഴുകേണ്ട സന്യാസിമാർ ഗോകുലം ഗോപാലന്റെ അടുക്കള നിരങ്ങുകയാണ്. ഗോപാലൻ തിരിയുന്നിടത്തൊക്കെ സന്യാസിമാർ. വിഷമമുണ്ടായാൽ സാന്ത്വനിപ്പിക്കാൻ സന്യാസിമാർ. വിവാദമുണ്ടായാൽ തിരിച്ചുപറയാൻ സന്യാസിമാർ. എന്തൊരു വിരോധഭാസം! ഇപ്പോൾ ഗോപാലന്റെ പണത്തിനു മുന്നിൽ പത്രങ്ങൾ തലകുനിച്ചു. സുധീരന്റെ പൂർവ്വചരിത്രം താൻ വർഷങ്ങൾക്ക് മുമ്പേ പറഞ്ഞപ്പോൾ ഈ വിദ്വാന്മാരൊല്ലാം എവിടെയായിരുന്നു. ഇപ്പോൾ തട്ടുകിട്ടിയപ്പോൾ പുറത്തുചാടി പണം കൊടുത്ത് പ്രചരണം നടത്തുകയാണ്. ഇത് പ്രബുദ്ധകേരളം തിരിച്ചറിയും- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇന്നലെ സുധീരനെതിരേ ബാറുടമാ നേതാവ് രാജ് കുമാർ ഉണ്ണിയും ശ്രീനാരായണ ധർമവേദി നേതാവ് ഗോകുലം ഗോപാലനും ആഞ്ഞടിച്ചിരുന്നു. സുധീരൻ പതിനഞ്ചു വർഷം മുമ്പുവരെ മദ്യം ഉപയോഗിച്ചിരുന്നുവെന്നും 1991 മുതൽ 2011 വരെ തൃശൂരിലെ ഏങ്ങണ്ടിയൂരിൽ ഉപയോഗിച്ചിരുന്നതു എലൈറ്റ് ഗ്രൂപ്പിന്റെ വെള്ള അംബാസഡർ കാറായിരുന്നെന്നും രാജ് കുമാർ ഉണ്ണി ആരോപിച്ചു.സുധീരന്റെ ബന്ധുവിന് ചേലക്കര, ഒല്ലൂർ, ഒറ്റപ്പാലം, തിരുവല്വാമല എന്നീ ബാർ ഹോട്ടലുകളിൽ ഷെയർ ഉണ്ട്, കുടുംബക്കാരുടെ മദ്യപാനവ്യവസായവും മദ്യപാനശീലവും നിർത്തിയിട്ടു മറ്റുള്ളവരെ ഉപദേശിക്കണമെന്നും രാജ്കുമാർ അഭിപ്രായപ്പെട്ടിരുന്നു.

താനിരിക്കുന്ന വേദി പങ്കിടാൻ ബുദ്ധിമുട്ടുള്ള സുധീരൻ എങ്ങനെ മന്ത്രിമാരോടൊപ്പം ഇരിക്കും, അവിടെയും മദ്യവ്യവസായികളില്ലേയെന്നു ഗോകുലം ഗോപാലനും ചോദിച്ചു. ഏറ്റവും കൂടുതൽ മദ്യം വിൽക്കുന്നതു സർക്കാരാണ്, മദ്യനിരോധനം പൂർണമായി നടപ്പാക്കിയാൽ തന്റെ ബാറും പൂട്ടാമെന്നു ഗോകുലം ഗോപാലൻ ഇന്നലെ പ്രസ്താവിച്ചിരുന്നു. ഇരുവരുടെയും പ്രസ്താവനായുദ്ധം അരങ്ങു തകർക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശൻ തന്റെ അഭിപ്രായം മറുനാടനുമായി പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP