Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോളാർ കേസ് കോൺഗ്രസിന് ദേശീയ തലത്തിൽ തലവേദനയാകും; സിപിഐ(എം) നയം ശരിയെന്നു തെളിഞ്ഞു; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയം ജനം തൂത്തെറിഞ്ഞു: കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ മറുനാടൻ മലയാളിയോട്

സോളാർ കേസ് കോൺഗ്രസിന് ദേശീയ തലത്തിൽ തലവേദനയാകും;  സിപിഐ(എം) നയം ശരിയെന്നു തെളിഞ്ഞു; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയം ജനം തൂത്തെറിഞ്ഞു: കൊല്ലം ജില്ലാ സെക്രട്ടറി കെ എൻ ബാലഗോപാൽ മറുനാടൻ മലയാളിയോട്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും തീപ്പൊരി നേതാവ് കെ എൻ ബാലഗോപാലിനു രാജ്യസഭയിൽ എത്തിയിട്ടും മാറ്റമൊന്നുമില്ല. കഴിഞ്ഞ അഞ്ചു വർഷമായി വിവിധ വിഷയങ്ങളിൽ അദ്ദേഹം ഒന്ന് പോലെ കോൺഗ്രസിനോടും ബിജെപിയോടും പോരാട്ടത്തിലാണ്. രാജ്യസഭയിൽ പാർട്ടിയുടെ ഉപനേതാവ് എന്ന നിലയിൽ ആ ഉത്തരവാദിത്വം കൂടുകയുമാണ്. ഒരു പക്ഷെ വളരെ ഗൗരവമേറിയ ചർച്ചകൾ നടക്കുമ്പോൾ ബാലഗോപലിനെ പോലെ ഒരു എംപി സഭയിൽ ഇല്ലാതാകുന്നതിന്റെ അപകടം കൂടിയാണ് അടുത്ത ഏപ്രിൽ മുതൽ ഇന്ത്യൻ ജനത ദർശിക്കാൻ പോകുന്നത്.

വളരെ ഉപരിപ്ലവമായ ചർച്ചകൾ പാർട്ടി ഭേദമന്യേ നേതാക്കൾക്ക് അഭിപ്രായം പറയാൻ കഴിയുമെങ്കിലും ഗൗരവം നിറഞ്ഞ ചർച്ചകൾ നടക്കുമ്പോൾ ബാലഗോപാലിനെ പോലെ സംസാരിക്കാൻ കഴിയുക അപൂർവ്വം നേതാക്കൾക്ക് മാത്രമാണ്. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അടുത്തിടെ പാർലിമെന്റിൽ ചർച്ചക്കു വന്ന ജിഎസ്ടി ബിൽ. (Goods and Services Tax) കോൺഗ്രസും ബിജെപിയും ഒന്നിച്ചു പിന്താങ്ങിയപ്പോൾ ഈ ബില്ല് രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയ്ക്ക് എതിരാണെന്നും ഭാവിയിൽ ഗ്രീസിന്റെ സാമ്പത്തിക നില തകർന്നത് പോലെ ജിഎസ്ടി ബിൽ മൂലം ഇന്ത്യയിലും പ്രശനം ഉണ്ടാകും എന്ന് കാട്ടി വിയോജന കുറിപ്പ് രേഖപ്പെടുത്താൻ രാജ്യസഭയിൽ ഇദ്ദേഹം തയ്യാറായത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ ഏപ്രിലിൽ കാലാവധി അവസാനിക്കാനിരിക്കെ, പാർട്ടിയുടെ കൊല്ലം ജില്ല സെക്രട്ടറി പദം കൂടി ഏറ്റെടുത്തു പ്രവർത്തനം ഏറെക്കുറെ പൂർണ്ണമായും കേരളത്തിലേക്ക് പറിച്ചു നടുകയാണ് പാർട്ടിക്കാരുടെ പ്രിയ സഖാവ്. ഇതിന്റെ പ്രതിഫലനം ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വെളിപ്പെടുകയും ചെയ്തു. കൊല്ലം ജില്ല ഏറെക്കുറെ പൂർണ്ണമായും ചുമപ്പിച്ചാണ് പാർട്ടി തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവ്വഹിച്ചത്.

കഴിഞ്ഞ ഏതാനും ദിവസമായി ബ്രിട്ടീഷ് സന്ദർശനം നടത്തുന്ന സിപിഐ(എം) രാജ്യസഭ ഉപനേതാവും കൊല്ലം ജില്ല സെക്രട്ടറിയും ആയ കെ എൻ ബാലഗോപാൽ എംപി ലണ്ടനിൽ വച്ച് മറുനാടൻ മലയാളി പ്രതിനിധി കെ ആർ ഷൈജുമോനുമായി വിശദമായി സംസാരിച്ചു. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:

  • സാധാരണ ഇരട്ട പദവികൾ സിപിഎമ്മിൽ അപൂർവ്വമാണ്. പക്ഷെ രാജ്യസഭയിൽ പാർട്ടിയുടെ ഉപനേതാവ്. പാർട്ടിക്കു ഏറ്റവും നിർണ്ണായകമായ ഒരു ജില്ലയുടെ സെക്രട്ടറി. ഇത് രണ്ടും എങ്ങനെ മാനേജ് ചെയ്യുന്നു?

ലോകസഭ എംപിയുടെ പ്രവർത്തനവും ആയി താരതമ്യം ചെയ്യുമ്പോൾ രാജ്യ സഭ പദവി വലിയ തലവേദന അല്ല. അതിനാൽ രണ്ടു പദവികളും തമ്മിൽ ഇതുവരെ പ്രശ്‌നം ഉണ്ടായില്ല. രാജ്യസഭയിൽ എന്റെ കാലാവധി ഈ ഏപ്രിലിൽ അവസാനിക്കുകയാണ്. അതോടെ പൂർണ്ണമായും പാർട്ടി പ്രവർത്തനത്തിന് അവസരം ലഭിക്കും.

  • കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് കൊല്ലം ജില്ല യുഡിഎഫിനു യഥാർത്ഥ വാട്ടർലൂ തന്നെ ആയിരുന്നു. എന്തായിരുന്നു രാഷ്ട്രീയ സാഹചര്യം?

ഞങ്ങൾ ഉയർത്തുന്ന രാഷ്ട്രീയത്തിന് ഏറ്റവും ഫലപ്രദമായ സാഹചര്യം ആണ് കഴിഞ്ഞ തവണ തദ്ദേശ ഭരണ സമയത്ത് ഉണ്ടായത്. വർഗ്ഗീയത ഏറ്റവും മോശമായ രീതിയിൽ വളരുന്നത് ജനത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. കൊല്ലം കോർപ്പറേഷൻ, ജില്ല പഞ്ചായത്ത്, ആകെയുള്ള 4 നഗരസഭകൾ, ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളും, ഗ്രമപഞ്ചായത്തുകളിൽ 68 ൽ 61 ഉം അടക്കമുള്ള വിജയം. ഏറെക്കുറെ സമ്പൂർണ്ണം എന്ന് തന്നെ പറയാം. ആർഎസ്‌പി അടക്കം രാഷ്ട്രീയ ചേരിമാറ്റം നടത്തിയെങ്കിലും അതിന്റെ ഒക്കെ പിന്നാമ്പുറം ജനം തിരിച്ചറിഞ്ഞു.

കോൺഗ്രസ് അമിത വിശ്വാസത്തോടെയാണ് കൊല്ലത്ത് എത്തിയത്. വെള്ളാപ്പള്ളി ഒക്കെ വോട്ടു മറിക്കും എന്നവർ കരുതി. എന്നാൽ വെള്ളാപ്പള്ളിയുടെ ജാതി രാഷ്ട്രീയം ജനം തിരിച്ചറിഞ്ഞു. വെള്ളാപ്പള്ളിക്ക് ഏറ്റവും അനുകൂലമായി വോട്ടു ലഭിക്കേണ്ട സാമുദായിക സാഹചര്യമാണ് കൊല്ലത്ത്. അവിടെ അതുണ്ടാകാതെ പോയതോടെ വെള്ളാപ്പള്ളി തികഞ്ഞ നിരാശയിലാണ്. വർഗ്ഗീയ രാഷ്ട്രീയത്തിന്റെ അപകടം കൊല്ലത്തുകാർക്ക് ശരിക്കും അറിയാം.

  • പക്ഷെ ഇതായിരുന്നില്ലല്ലോ ലോകഭ തിരഞ്ഞെടുപ്പിൽ കണ്ട കാഴ്ച. കുണ്ടറയിൽ അടക്കം എംഎ ബേബി പിന്നോക്കം പോയ സാഹചര്യം?

അതിന്റെ കാരണം അന്നേ പറഞ്ഞതാണ്. പ്രേമചന്ദ്രൻ ബിജെപി ആർഎസ്എസ് വോട്ടുകൾ വിലയ്ക്കു വാങ്ങി വോട്ടു കച്ചവടം നടത്തി. വോട്ടു മറിക്കാൻ വേണ്ടി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കുക ആയിരുന്നു ബിജെപി. പട്ടിക ജാതി മോർച്ച നേതാവിനെ സ്ഥാനാർത്ഥി ആക്കി തോൽപ്പിക്കാൻ തന്നെ തീരുമാനിക്കുക ആയിരുന്നു. ഇതൊന്നും പുതിയ ആരോപണം അല്ല. അന്നേ ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണ്. സംസ്ഥാനത്ത് തന്നെ ബിജെപി ഏറ്റവും കുറവ് വോട്ടു പിടിച്ച മണ്ഡലമാണ് കൊല്ലം. അതിന്റെ കാരണം അന്വേഷിച്ചു പോയാൽ കാര്യങ്ങൾ വ്യക്തമാണ്.

  • കോവൂർ കുഞ്ഞുമോൻ എംഎൽഎ ഒക്കെ മലക്കം മറിയുകയാണല്ലോ?

എങ്ങനെ അങ്ങനെ ആകാതിരിക്കാൻ പറ്റും. ജനിച്ച കാലം മുതൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം പറഞ്ഞവർക്ക് സരിതയുടെ ബാഗും തൂക്കി നടക്കുന്ന രാഷ്ട്രീയം പറഞ്ഞു ജനത്തെ നേരിടാൻ കഴിയുമോ? കോവൂർ മാത്രമല്ല ആർഎസ്‌പി നേതാവ് വി പി രാമകൃഷ്ണ പിള്ളയുടെ മകൻ, സംസ്ഥാന നേതാവ് തിലോത്തമൻ പിള്ള തുടങ്ങി എത്രയോ പേരാണ് ആർഎസ്‌പി വിട്ടു സിപിഎമ്മിൽ എത്തുന്നത്. ചുരുങ്ങിയത് 9 പഞ്ചായത്തുകൾ എങ്കിലും ആർഎസ്‌പിക്ക് നഷ്ടമായി കഴിഞ്ഞു.

  • ഏറ്റവും പുതിയ വെളിപ്പെടുത്തൽ 2003 ൽ രാജ്യസഭ ഇലക്ഷനിൽ കോവൂർ കുഞ്ഞുമോൻ വോട്ടു മറിച്ചു എന്നാണല്ലോ? 

ഹേ, അതൊന്നും ശരിയായിരിക്കാൻ ഇടയില്ല

  • സോളാർ സമരത്തിൽ പാർട്ടി നയം പാളുക ആയിരുന്നു എന്നാണോ സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്?

അതെങ്ങനെ പാർട്ടി നയം ശരി ആയിരുന്നു എന്നല്ലേ ഇപ്പോൾ തെളിയുന്നത്. പതിനായിരങ്ങൾ സെക്രട്ടറിയേറ്റ് വളഞ്ഞപ്പോൾ നിവർത്തിയില്ലാതെ അല്ലെ ഉമ്മൻ ചാണ്ടി ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ആ കമ്മീഷൻ അല്ലെ ഇപ്പോൾ വെള്ളം കുടിപ്പിക്കുന്നത്. ചരിത്രത്തിൽ ഇല്ലാത്ത വിധം മുഖ്യ മന്ത്രിക്ക് കമ്മീഷന്റെ മുന്നിൽ ഹാജരായി ഉത്തരം പറയേണ്ടി വന്നില്ലേ. അന്വേഷണം തുടരുകയല്ലേ. ഓരോ ദിവസവും പുതിയ വെളിപ്പെടുത്തൽ ഉണ്ടാവുകയല്ലേ. ഇതെല്ലം ഞങ്ങൾ നടത്തിയ സമരത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ സാഹചര്യമല്ലേ.

  • എങ്കിലും സോളാർ വിഷയത്തിൽ പാർട്ടിയുടെ സ്വരം മൃദുലം ആയിരുന്നില്ലേ, ഒത്തു തീർപ്പു രാഷ്ട്രീയം എന്ന പഴി പോലും കേൾക്കേണ്ടി വന്നില്ലേ?

ഞങ്ങൾ നിയമം കയ്യിൽ എടുക്കണം എന്നാണോ നിങ്ങൾ പറയുന്നത്. ഒരു ഒത്തു തീർപ്പും ഉണ്ടായിട്ടില്ല. അങ്ങനെ ഒത്തു തീർപ്പു ഉണ്ടാക്കാനും കഴിയില്ല. ഞങ്ങൾ ശക്തമായി പ്രതികരിച്ചതുകൊണ്ടല്ലേ ഇപ്പോൾ കള്ളക്കേസ് എടുത്തു സിപിഐ(എം) നേതാക്കളെ കുടുക്കാൻ നോക്കുന്നത്. അടുത്ത പാർലമെന്റ് കൂടുമ്പോൾ ഉമ്മൻ ചാണ്ടി കാരണം കോൺഗ്രസ് ദേശീയമായി പഴി കേൾക്കാൻ പോകുകയാണ്. ഉമ്മൻ ചാണ്ടിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ബിജെപിയാണ്. അവർക്ക് എതിരെ തിരിഞ്ഞ അഴമതി രാഷ്ട്രീയം വീണ്ടും കോൺഗ്രസിനെതിരെ പറയാൻ ഉമ്മൻ ചാണ്ടി അവർക്ക് ആയുധമാണ്. ഹൈക്കമാന്റ് അനുകൂലം ആണെന്നൊക്കെ ഉമ്മൻ ചാണ്ടി പറയുമെങ്കിലും ഡൽഹിയിൽ കോൺഗ്രസ് ഉമ്മൻ ചാണ്ടി വിഷയത്തിൽ ആകെ അങ്കലാപ്പിലാണ്.

  • അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എന്താണ് കൊല്ലത്തെ രാഷ്ട്രീയം, വിഷയങ്ങൾ?

കൊല്ലത്തിനു പ്രത്യേകമായി പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും സോളാറിനേക്കൾ ഉപരിയായി കർഷക വിഷയങ്ങൾ ആകും യുഡിഎഫിന്റെ ആണിക്കല്ല് ഇളക്കുക. സോളാറിൽ തട്ടി ഇമേജ് നഷ്ടമായപ്പോൾ കഴിഞ്ഞ 5 വർഷവും മറന്ന കർഷക ജനതയുടെ ശാപം പേറിയാണ് ഈ സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടുക. റബർ, കശുവണ്ടി കർഷകരുടെ ഒക്കെ കാര്യം കഷ്ടമാണ്. മത്സ്യ ബന്ധന മേഖലയിൽ ഒക്കെ പട്ടിണിയാണ്. നാട്ടിലെ മത്സ്യ വില കേൾക്കുമ്പോൾ തന്നെ ഇക്കാര്യം ബോധ്യപ്പെടും. കടലിൽ പോയാൽ ഒന്നും കിട്ടാനില്ല. അപ്പോൾ അവരുടെ പട്ടിണി മാറ്റാൻ ഉത്തരവാദപ്പെട്ടവർ സ്വന്തം കസേര സംരക്ഷിക്കുന്ന തിരക്കിൽ ആകുമ്പോൾ ജനം എന്ത് ചെയ്യും? ഒരിക്കൽ എങ്കിലും ഈ സർക്കാർ അത്തരം വിഷയങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോ? കൊല്ലം ജില്ലയിൽ മാത്രം 2 ലക്ഷം കശുവണ്ടി കർഷകർ ആണ് കടക്കെണിയിൽ നട്ടം തിരിയുന്നത്. ഇതിനൊക്കെ മറുപടി പറയേണ്ടി വരും.

  • അഷ്ടമുടി കായലിൽ ജലനിരപ്പ് ഉയരുന്നതും മന്റോ തുരുത്ത് നിവാസികളുടെ പ്രശ്‌നത്തിലും താങ്കൾ മോദിയുടെ സഹായം തേടിയിരുന്നല്ലോ?

അത്തരം പാരിസ്ഥിതിക വിഷയങ്ങളും ഈ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് ഞങ്ങൾ ഉയർത്തും. കരിമണൽ വിഷയം അടക്കമുള്ള കാര്യങ്ങൾ ഇപ്പോഴും സജീവമാണ്. മീഡിയ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളൂ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ കരിമണൽ അഴിമതി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടതു വി എസ് അച്യുതാനന്ദന്റെ സർക്കാരാണ്. ഭരണ സ്വാധീനത്താൽ ആണ് അന്വേഷണം ഉണ്ടാകാതിരുന്നത്. ഇത്തരം സമര വിഷയങ്ങൾ ഇല്ലാതാകുന്നില്ല. കൊല്ലത്തെ സംബന്ധിച്ച് ഇതൊക്കെ പ്രധാനമാണ്. നിയമസഭ തിരഞ്ഞെടുപ്പിൽ കൊല്ലം പൂർണ്ണമായും ഇത്തവണ ഇടതു മുന്നണിയുടെ കൂടെ നിൽക്കുന്ന കാഴ്ച ആയിരിക്കും എന്നുറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP