Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള കോൺഗ്രസ് ഇല്ലാതെ മുന്നണികൾക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ആകില്ല; കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിച്ചില്ലെങ്കിലും അർഹത ഉണ്ടായിരുന്നു; പിണറായി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണം വേണം: യു കെ സന്ദർശനത്തിന് എത്തിയ ജോസ് കെ മാണി എം പി മനസു തുറക്കുന്നു

കേരള കോൺഗ്രസ് ഇല്ലാതെ മുന്നണികൾക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ആകില്ല; കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിച്ചില്ലെങ്കിലും അർഹത ഉണ്ടായിരുന്നു; പിണറായി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണം വേണം: യു കെ സന്ദർശനത്തിന് എത്തിയ ജോസ് കെ മാണി എം പി മനസു തുറക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിലെ യുവ നേതാക്കളിൽ പലരും രാഷ്ട്രീയത്തിൽ ശ്രദ്ധ നേടിയത് വടക്കു നിന്ന് തെക്കോട്ടു നടത്തിയ കേരള യാത്രകളിലൂടെയാണ്. അക്കൂട്ടത്തിൽ കേരളം എക്കാലവും ഓർത്തിരിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് നേതാവായിരിക്കെ നടത്തിയ കേരള മാർച്ചും ഏകദേശം പത്തു വർഷം കഴിഞ്ഞു ജോസ് കെ മാണി യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ആയിരിക്കെ നടത്തിയ വികസന സന്ദേശ യാത്രയും. ഇരു യാത്രകളും രണ്ടു പേരുടെയും രാഷ്ട്രീയ ഗ്രാഫിൽ വരുത്തിയ മാറ്റം ചെറുതല്ല. നിർണായക തിരഞ്ഞെടുപ്പ് വിജയമാണ് ഇതിനു ശേഷം രണ്ടു പേരെയും കാത്തിരുന്നത്. എന്നാൽ അന്നത്തെ ചുറുചുറുക്കും പ്രസരിപ്പും രണ്ടു പേരിൽ ആർക്കാണ് കൂടുതൽ എന്ന് ചോദിച്ചാൽ ഉത്തരം വ്യക്തമാണ് 51 പിന്നിട്ട, നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ജോമോൻ എന്ന ജോസ് കെ മാണിക്ക് തന്നെ. പ്രായത്തിൽ പത്തു വയസ്സിന്റെ മൂപ്പേ ചെന്നിത്തലക്ക് ഉള്ളുവെങ്കിലും വാക്കിലും പ്രവർത്തിയിലും കൂടുതൽ കൂടുതൽ ചെറുപ്പമാകുകയാണ് പാർലമെന്റിൽ വിദേശ കാര്യാ സമിതി അംഗം കൂടിയായ ജോസ് കെ മാണി.

ഇപ്പോൽ രണ്ട് മുന്നണിക്കും പുറത്തു നിൽക്കുന്ന കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി എന്ത് എന്ന ചോദ്യവും ഉയരുന്ന വേളയിൽ ഇതേക്കുറിച്ചൊന്നും ആശങ്കയില്ലാതെ ജോസ് കെ മാണി മറുനാടൻ മലയാളിയോട് തന്റെ നിലപാടുകൾ വിവരിച്ചു. കേരളം ഭരിക്കുന്ന ഇടതുമുന്നണി സർക്കാറിനെ തള്ളിപ്പറയാൻ തയ്യാറാകാതെ സർക്കാറിന്റെ നല്ലകാര്യങ്ങൾ തുറന്നുപറഞ്ഞു കൊണ്ടായിരുന്നു ജോസ് കെ മാണി പ്രതികരിച്ചത്. മറുനാടൻ മലായളിയുടെ ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി ജോസ് കെ മാണി നടത്തിയ സംഭാഷണത്തിൽ നിന്നും:

  • അവിടെയും ഇവിടെയും ഇല്ലാതെയുള്ള രാഷ്ട്രീയ നിലപാട് എത്ര നാൾ? കേരള കോൺഗ്രസിന്റെ ഭാവിയിൽ ഉള്ള ആശങ്കയെക്കുറിച്ചു?

യുഡിഎഫ് വിടുക എന്നത് ഒരു ഉറച്ച നിലപാടിന്റെ ഭാഗമാണ്. ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനമല്ല. കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി പലവട്ടം ചർച്ച ചെയ്തു വരും വരായ്മകൾ വിലയിരുത്തി തന്നെ എടുത്ത നിലപാടാണ്. ഞങ്ങളെ അങ്ങനെ എഴുതി തള്ളാൻ ആർക്കും കഴിയില്ല. ആവശ്യമായ തീരുമാനം ശരിയായ സമയത്തു തന്നെ ഉണ്ടാകും. കേരള കോൺഗ്രസ് കൂടെയില്ലാത്ത ഒരു മുന്നണിക്കു തിരഞ്ഞെടുപ്പു നേരിട്ട് മുന്നോട്ട് പോകാൻ കഴിയില്ല എന്നതാണ് സത്യം. വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നതിൽ കേരള കോൺഗ്രസ് എത്ര സീറ്റുകളിൽ നിർണായക ശക്തി ആണെന്ന് ഇരു മുന്നണിക്കും വ്യക്തമായി അറിയാം. അതിനാൽ കേരള കോൺഗ്രസിന്റെ രാഷ്ട്രീയ ഭാവി ഒട്ടും അപകടത്തിൽ അല്ല. മാത്രമല്ല, എല്ലാ പാർട്ടികളോടും എതിർത്ത് ഇയ്യിടെ നടന്ന മുത്തോലി, മൂന്നിലവ് പഞ്ചായത്തു വാർഡ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് നേടിയ വിജയവും കണ്ണൂരിലെ ചെറുപുഴ വാർഡിൽ ഒറ്റയ്ക്ക് നേടിയ വോട്ടും ഒക്കെ ശക്തമായ സന്ദേശമാണ്.

  • അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ഒട്ടും അകലയെല്ല. താങ്കളുടെ മനസ്സിലും ആ ചിന്ത ഉണ്ടാകും. ഒരു സുരക്ഷിതത്വം പാർട്ടിക്ക് ഫീൽ ചെയ്യുന്നുണ്ടോ?

ഒരു ലോക്സഭാ സീറ്റിലെ വിജയത്തിൽ ഊന്നിയല്ല കേരള കോൺഗ്രസ് നിലനിൽക്കുന്നത്. അതിനു ശക്തമായ അടിത്തറയുള്ള രാഷ്ട്രീയ സംവിധാനം ഉണ്ട്. മുറിവേറ്റ സാഹചര്യം ഉണ്ടായപ്പോഴാണ് പാർട്ടിക്ക് യുഡിഎഫിൽ നിന്നും വിട്ടു മാറേണ്ടി വന്നത്. എല്ലാ നേതാക്കളും എന്ന് പറയുന്നില്ല. എന്നാൽ ചിലരിൽ നിന്നും അത്തരം അനുഭവം ഉണ്ടായി എന്ന് ഞങ്ങൾ പറഞ്ഞത് ശരിയാണെന്നു സമൂഹത്തിനു ബോധ്യമായ വെളിപ്പെടുത്തലുകളാണ് പിന്നീട് മാധ്യമങ്ങളിൽ നിറഞ്ഞത്. എന്തായാലും ഒരിക്കൽ സത്യം വിജയിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങളുടെ ഭാഗത്താണ് സത്യവും.

  • കർഷക പാർട്ടി എന്ന നിലയിൽ കൃഷി ഇല്ലാതായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ പാർട്ടിയുടെ അസ്തിത്വം എന്ത്. നയങ്ങളിൽ മാറ്റം ഉണ്ടാകേണ്ട സമയം ആയില്ലേ?

കാർഷിക മേഖലയുടെ ക്ഷീണം എന്ന് പറഞ്ഞാൽ അത് കേരള കോൺഗ്രസിന്റെ മാത്രം പ്രശ്നമല്ല. കേരളത്തിന്റെ മൊത്തം പ്രശ്നമാണ്. ജനസംഖ്യയിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ഒരു മേഖലയുടെ തകർച്ച എപ്പോഴും ഞങ്ങളുടെ ശ്രദ്ധയിൽ ഉണ്ടാകും. അതിനാൽ ആണ് റബറിന്റെ കാര്യത്തിൽ എല്ലാവരും മൗനം പാലിക്കുമ്പോൾ ഞങ്ങൾ സമരത്തിന് തയ്യാറാകുന്നത്. ഞാൻ കോട്ടയത്ത് നടത്തിയ സമരത്തെയും അതിന്റെ പരിണത ഫലത്തെയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും മനഃപൂർവം കളിയാക്കിയവർ ഉണ്ട്. പക്ഷെ കേന്ദ്ര സർക്കാർ അടിയന്തിര നടപടി എടുത്തു. റബറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഉണ്ടായി. 300 കോടി രൂപയിൽ ഒരു പണം പോലും പാഴാക്കാതെ കർഷകരിൽ എത്തിക്കാനായി. രണ്ടു തുറമുഖങ്ങൾ വ്വഴി കടുത്ത നിയന്ത്രത്തിലൂടെയേ റബർ ഇറക്കുമതി നടക്കൂ എന്നായി. വില പിടിച്ചു നിർത്താൻ സഹായിച്ച ഈ തീരുമാനം കേരള കോൺഗ്രസ് സമരം വഴി നേടിയതാണ്. കേരളത്തിനേക്കാൾ ഈ സമരം കേന്ദ്ര ശ്രദ്ധയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് നേട്ടമായി ഞാൻ മനസ്സിലാക്കുന്നത്.

  • ഇനിയൊരു സമരം കേരള സമൂഹം ഏറ്റെടുക്കുമോ. ഇടതുപാർട്ടികൾ പോലും സമര മുഖങ്ങളിൽ ചാഞ്ചാടുന്ന സാഹചര്യത്തിൽ?

സമരത്തിന് വേണ്ടിയുള്ള സമരമേ പരാജയപ്പെടുന്നുള്ളൂ. ഗൗരവമായ സമരം ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.

  • കൃഷിയുടെ കാര്യത്തിൽ ഗൗരവമായ സമീപനം ഉണ്ടാകുന്നില്ല എന്നത് ശരിയല്ലേ. താങ്കൾ ഉൾപ്പെടെയുള്ള ആളുകൾ ഇക്കാര്യത്തിൽ നിസ്സംഗത വെടിയേണ്ട സമയമായില്ലേ?

ഞാൻ യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ആയ സമയം മുതൽ ഇക്കാര്യത്തിൽ ശ്രദ്ധ നൽകുന്നതാണ്. അക്കാലത്തു രൂപീകരിച്ച വികസന സേന ശ്രദ്ധേയമായ പ്രവർത്തന പരിപാടികളാണ് നടപ്പാക്കിയത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും വികസന സന്ദേശം എത്തിക്കാൻ കഴിഞ്ഞു. എന്നാൽ പിന്നീട് വന്നവർക്കു വേണ്ടത്ര ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. കൃഷിക്കാരെ സഹായിക്കുന്ന കാര്യത്തിൽ കേരള കേൺഗ്രസിനോളം സംഭാവന ചെയ്തവർ മറ്റാരെങ്കിലും ഉണ്ടോ? ന്യായവില പാക്കേജ് അവതരിപ്പിച്ചത് മുതൽ അർഹരായവർക്ക് പട്ടയം നൽകുന്ന തീരുമാനം വരെ കേരള കോൺഗ്രസിന്റേതാണ്. കർഷക പെൻഷനും മറ്റാരുടെയും സംഭാവന അല്ല, 2015 ഒക്ടോബറിൽ 7000 പേർക്ക് പട്ടയ വിതരണത്തിന് തീരുമാനം ഉണ്ടാക്കിയതും കേരള കോൺഗ്രസ് തന്നെയാണ്. കൃഷി പ്രോത്സാഹനം അടക്കമുള്ള കാര്യത്തിൽ രാഷ്ട്രീയവും സമുദായവും എന്ന് മാത്രമല്ല എല്ലാവരും ചേർന്ന് ഒന്നിച്ചു നീങ്ങിയാൽ മാത്രമേ മാറ്റം ഉണ്ടാക്കാൻ കഴിയൂ. അക്കാര്യത്തിൽ കേരള കോൺഗ്രസിനെ മാത്രമായി കുറ്റപ്പെടുത്തുന്നതിൽ കാര്യമല്ല.

  • താങ്കൾ ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാരെ സോഷ്യൽ മീഡിയ നിർദാക്ഷിണ്യം കുടയുമ്പോൾ വിഷമം തോന്നാറുണ്ടോ?

വിഷമമല്ല, മറിച്ചു ഒരു പൊതു ആവശ്യത്തിന് വേണ്ടി നടത്തുന്ന സമരങ്ങളെയും മറ്റും യാതൊരു അടിസ്ഥാനവും ഇല്ലാതെ നുണയും ആക്ഷേപവും ആയി നേരിടുന്നതിനൊക്കെ നിയന്ത്രണം ആവശ്യമാണ്. അതിനു നിയമ വഴി തേടണമെങ്കിൽ അതും ആകാം എന്നണ് എന്റെ അഭിപ്രായം. പക്ഷെ ഇതൊക്കെ എത്രമാത്രം പ്രായോഗികം എന്നത് സംശയമാണ്. പക്ഷെ ഒന്നുണ്ട്, സോഷ്യൽ മീഡിയ ഒന്നടങ്കം കളിയാക്കിയ റബർ സമരത്തെ തുടർന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം പ്രത്യേക താൽപ്പര്യം എടുത്തു റബർ കർഷകരുടെ ആവശ്യത്തെ കുറിച്ച് മനസിലാക്കാൻ യോഗം വിളിക്കുകയും അനന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തു എന്നതും സോഷ്യൽ മീഡിയ വഴി ട്രോളാൻ വരുന്നവർ അറിഞ്ഞിരിക്കണം. പലപ്പോഴും അറിയാഞ്ഞിട്ടല്ല, പരിഹസിക്കുക അല്ലെങ്കിൽ നെഗറ്റീവ് ചിന്താഗതി വളർത്തുക എന്ന ഒറ്റ ലക്ഷ്യത്തിലൂടെയാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കപ്പെടുന്നത്.

  • മോദിയുടെ കറൻസി നിരോധനത്തെ താങ്കൾ അനുകൂലിച്ച പ്രസ്താവനയാണ് കോട്ടയത്തു നവംബർ പത്തിന് നടത്തിയത്. അക്കാര്യത്തിൽ എന്താണ് ഇപ്പോൾ നിലപാട്?

ഞാൻ കറൻസി നിരോധനത്തെ അനുകൂലിച്ചിട്ടില്ല. എന്നാൽ കള്ളപ്പണം പിടിക്കപ്പെടണം. അതിനു സാധാരണക്കാരനെ വിഷമിപ്പിക്കാത്ത നടപടികൾ ആയിരുന്നു വേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ഞാൻ ഒരു സാധാരണക്കാരന്റെ വീക്ഷണ കോണിൽ ആണ് ചിന്തിക്കുന്നത്. അതിനാൽ അഥളപ്രായവും അത്തരത്തിൽ കാണണം. അഞ്ഞൂറിന്റെ നോട്ടുകൾ 12000, അല്ലെങ്കിൽ ആയിരത്തിന്റെ നോട്ടുകൾ 25000 കൊണ്ട് നടക്കാൻ പ്രയാസം ആയിരുന്ന സാഹചര്യത്തിൽ നിന്നും ഒരാൾക്ക് 2000 നോട്ടുകൾ വഴി അരലക്ഷം രൂപ നിഷ്പ്രയാസം കടത്താം. സർക്കാരിന് കോർപ്പറേറ്റ് ഭാവം ഉണ്ടാകുമ്പോൾ തന്നെ സാധാരണക്കാരായ ബഹുഭൂരിഭാഗത്തെ മറക്കരുത്. വെറും രണ്ടു ശതമാനം പേരാണ് കോർപറേറ്റുകൾ. ഇവർക്ക് വേണ്ടിയാകരുതു തീരുമാനങ്ങൾ. വടക്കേ ഇന്ത്യയിലും മറ്റും കിലോമീറ്ററിൽ സഞ്ചരിച്ചാലും ഒരു എടിഎം മെഷീനും ബാങ്ക് സംവിധാനവും ഉപയോഗിക്കാൻ അറിയാത്ത ദശലക്ഷങ്ങളെ മനസ്സിൽ കണ്ടാണ് ഞാൻ ഇത് പറയുന്നത്.

  • എന്നാൽ കറൻസി നിരോധനത്തിന്റെ ആദ്യ ആറു മാസം കഴിയുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക നില 7. 4 ശതമാനത്തിൽ നിന്നും ഭയപ്പെടുന്ന തരത്തിൽ താഴെ പോയിട്ടില്ല എന്നത് ശ്രദ്ധേയമല്ലേ?

ഞാൻ കണക്കുകളേക്കാൾ വ്യാകുലപ്പെടുന്നത് സാധാരണക്കാരന്റെ വിഷമത്തെയാണ്. ഇത് പറയുമ്പോൾ മോഡേണൈസേഷനെ എതിർക്കുന്നു എന്ന് കരുതണ്ട. തീർച്ചയായും രാജ്യം പുരോഗതി നേടണം, അതിനാവശ്യമായ നടപടികൾ ഉണ്ടാകണം. പക്ഷെ അതിനായി ജനം ദ്രോഹിക്കപ്പെടരുത് എന്നാണ് പറയുന്നത്. അല്ലെങ്കിൽ റഷ്യക്കുണ്ടായ ദുരനുഭവം നമുക്കും ഉണ്ടാകും.

  • മന്മോഹൻ സിങ് ഭരിച്ചപ്പോൾ എട്ടു മന്ത്രിമാരെ വരെ കേരളത്തിന് ലഭിച്ചു. കേരള കോൺഗ്രസ് അവഗണിക്കപ്പെടുക ആയിരുന്നോ?

ഞങ്ങൾ ഒരിക്കലും മന്ത്രി സ്ഥാനം ആഗ്രഹിച്ചു പുറകെ പോയിട്ടില്ല, ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഞങ്ങൾക്കും അതിനു അർഹത ഉണ്ടായിരുന്നു എന്ന് മാത്രം പറയട്ടെ.

  • പിണറായിയെ വിലയിരുത്താമോ?

അത് ഞാൻ ചെയ്യേണ്ട കാര്യമല്ല. പക്ഷെ ഒന്നുണ്ട്, ഇപ്പോഴത്തെ ഇടതു സർക്കാർ ഒട്ടേറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. പക്ഷെ അത് ജനങ്ങളിൽ എത്തുന്നുണ്ടോ എന്നത് സംശയമാണ്.

  • പി സി ജോർജിന് എന്താണ് താങ്കളോട് ശത്രുത?

ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കാം എന്ന മുഖഭാവത്തോടെ തന്നെ) അത് പിസി യോട് ചോദിക്കേണ്ട കാര്യമാണ്.

  • അദ്ദേഹം പാർട്ടിയിൽ മടങ്ങി എത്തുമോ, അടുത്ത കാലത്തു കെ എം മാണിയും പി സി ജോർജും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടിരുന്നല്ലോ?

ഇപ്പോൾ എന്തായാലും അങ്ങനെ ഒരു ചർച്ച ഇല്ല. രാഷ്ട്രീയ പ്രവർത്തകർക്ക് പല വേദികളും ഒന്നിച്ചു പങ്കിടേണ്ടി വരില്ലേ.

  • പൂർണ സമയ രാഷ്ട്രീയ പ്രവർത്തനത്തിൽ കുടുംബത്തിൽ നിന്നുള്ള പിന്തുണ എങ്ങനെ. പ്രത്യേകിച്ചും സോഷ്യൽ മീഡിയ സജീവവും എല്ലാ കാര്യങ്ങളും മറയില്ലാതെ കുടുംബ അംഗങ്ങളിൽ എത്തുകയും ചെയ്യുന്ന സാഹചര്യത്തിൽ. ജീവകാരുണ്യ പ്രവർത്തക കൂടിയായ ഭാര്യ നിഷ ഇക്കാര്യത്തിൽ എങ്ങനെയാണു പ്രതികരിക്കുക?

ഇക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്. ഇത്തരം അപക്വ ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ കണ്ടാലും അതിനെ പോസിറ്റീവായി സ്വീകരിച്ചു ധാർമ്മിക പിന്തുണ നൽകുന്ന ഭാര്യയുടെ കരുത്തു വാക്കുകൾക്ക് അതീതമാണ്. എന്നാൽ ഇത്തരം നിർഭാഗ്യ സാഹചര്യങ്ങൾ എന്നെപ്പോലുള്ള രാഷ്ട്രീയക്കാർ മാത്രമാണോ നേരിടുന്നത്? സിനിമാക്കാർ മുതൽ സാധാരണക്കാരായ മലയാളിയുടെ കുടുംബങ്ങൾ വരെ ഇത്തരത്തിലുള്ള കുപ്രചാരണത്തിനു ബലിയാടുകളാണ്. എത്ര നീചമായ വാർത്തകളാണ് നമ്മൾ കേൾക്കുന്നത്. കൊലപാതകങ്ങളും കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയും സംഭവിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കു ചെറുതല്ല. മാധ്യമങ്ങളുടെ തലക്കെട്ടുകൾ പോലും സോഷ്യൽ മീഡിയ ട്രെന്റ് അനുസരിച്ചല്ലേ. ഇത് അവസാനിപ്പിക്കാൻ സമയമായി. ഒരു മാറ്റം ഉണ്ടാകണം. രാഷ്ട്രീയക്കാരും സിനിമാക്കാരും തുടങ്ങി സാധാരണക്കാർ വരെ മനുഷ്യർ ആണെന്നും അവർക്കും കുടുംബങ്ങൾ ഉണ്ടെന്ന നിലയിൽ പെരുമാറാൻ സമൂഹം ബാധ്യസ്ഥരാണ്. ഈ നില തുടർന്നാൽ, നിങ്ങൾ ജേണലിസ്റ്റുകളുടെ ഭാവി പോലും അപകടത്തിലാണ്. ആർക്കും ആരെക്കുറിച്ചും എന്തും പറയാം എന്നതാണ് അവസ്ഥ. നിങ്ങൾ വാർത്തകൾ തയ്യാറാക്കുമ്പോൾ എഡിറ്റ് ചെയ്യും. എന്നാൽ യാതൊരു എഡിറ്റും ഇല്ലാതെ കേട്ട പാതി കേൾക്കാത്ത പാതി സത്യം എന്തെന്നു തിരിച്ചറിയാതെ ഉടൻ പ്രകോപിതരായി പ്രതികരിക്കുന്ന നിലപാട് ശരിയല്ല, അപകടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP