Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുസ്ലിം ലീഗിന്റെ അധപതനം അത്ഭുതപ്പെടുത്തുന്നു; ഈ അവസ്ഥയിൽ ഭരണം നിലനിർത്തുക പ്രയാസകരം: മുരളീധരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

മുസ്ലിം ലീഗിന്റെ അധപതനം അത്ഭുതപ്പെടുത്തുന്നു; ഈ അവസ്ഥയിൽ ഭരണം നിലനിർത്തുക പ്രയാസകരം: മുരളീധരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം

ഷാജൻ സ്‌കറിയ

കെ മുരളീധരനോട് ചാരകേസിനെക്കുറിച്ച് മാത്രം സംസാരിക്കാനാണ് പോയത്. എന്നാൽ മുരളിയെപ്പോലൊരു നേതാവിന്റെ അടുത്ത് സംസാരിക്കുമ്പോൾ അത്തരം വേലികെട്ടുകൾ ഒന്നും ബാധകമല്ല എന്നതാണ് സത്യം. മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത്രയധികം കൃത്യതയോടെ ഉത്തരം പറയുന്ന നേതാക്കൾ കേരളത്തിൽ അപൂർവ്വം ആണെന്നിരിക്കെ കേരള ഭരണത്തെക്കുറിച്ചും സമുദായിക ധ്രൂവീകരണത്തെക്കുറിച്ചും ചോദിക്കാതിരിക്കാൻ കഴിയില്ല. പ്രതീക്ഷിച്ചത് പോലെ തന്നെ കൃത്യമായ ഉത്തരങ്ങൾ തന്നെ ആയിരുന്നു ഇക്കാര്യത്തിൽ. ഈ അഭിമുഖത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെ ലിങ്കുകൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്.

  • ഉമ്മൻ ചാണ്ടി സർക്കാരിന്റെ ഭരണത്തെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്?

നല്ല കാര്യങ്ങൾ ഏറെ ചെയ്യുന്ന സർക്കാരാണിത്. ഒരുപാട് നല്ല ശ്രമങ്ങൾ നടക്കുന്നു. എന്നാൽ പ്രകാശം പരത്തുന്ന സൂര്യനെ കാർമേഘം മറയ്ക്കുന്നത് പോലെയാണ് ചില ഘടക കക്ഷികളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്ന പ്രതികരണം. ലീഗ് ഉണ്ടാക്കുന്ന തലവേദനകളും പ്രശ്‌നങ്ങളും പരിഹരിക്കാൻ മാത്രമേ സർക്കാരിന് നേരമുള്ളൂ. ഈ അടുത്ത കാലത്ത് ഉണ്ടായ മിക്ക വിഷയങ്ങളിലും ലീഗിന്റെ നിലപാടുമായി യോജിക്കാൻ കഴിയില്ല. ലീഗ് ആത്മ സംയമനം പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

  • ലീഗിന്റെ സഹായത്തോടെയല്ലേ താങ്കൾ കോഴിക്കോട് നിന്നും പല തവണ തെരെഞ്ഞെടുക്കപ്പെട്ടത്. എന്നിട്ടെന്തേ ഇപ്പോൾ പെട്ടെന്ന് ലീഗ് വിരുദ്ധനായി?

ഞാൻ ലീഗ് വിരുദ്ധനല്ല. മുസ്ലിം ലീഗിനെ അങ്ങേയറ്റം ബഹുമാനിക്കുന്ന ഒരാളാണ്. സിഎച്ച് മുഹമ്മദ് കോയയെ പോലെയുളള സർവ്വ സമ്മതരായ പ്രഗൽഭർ നയിച്ചിരുന്ന പാർട്ടിയാണ് ലീഗ്. ലീഗുകാരനായ സിഎച്ച് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇപ്പോൾ കാണുന്ന തരത്തിൽ ഒരു സമുദായിക ധ്രുവീകരണം ഉണ്ടായിരുന്നില്ലെന്നു ഓർക്കണം. കാരണം ലീഗിന്റെ നിലപാടുകൾ എക്കാലവും മതേതരത്വത്തിൽ ഉറച്ചുള്ളതായിരുന്നു. കേരളത്തിലെ മുസ്ലീമുകൾ മതേതരത്വം നിലനിർത്തുക, ഇതര മതസ്ഥരുമായി സൗഹൃദത്തിൽ പോവുക എന്നീ രണ്ട് കാര്യങ്ങളും എക്കാലവും ലീഗിന്റെ ലക്ഷ്യങ്ങളിൽ ഉണ്ടായിരുന്നു. എൻഎസ് എസ് കൂടി അംഗമായ മന്ത്രി സഭ ആയിരുന്നു സിഎച്ചിന്റേതെന്ന മറക്കരുത്. അന്ന് എൻഡിപി യുഡിഎഫിന്റെ ഘടക കക്ഷി ആയിരുന്നല്ലോ.

  • ഇപ്പോൾ പിന്നെ എന്താണ് പ്രശ്‌നം?

ലീഗിന് ഈ അടുത്ത കാലത്ത് സംഭവിച്ചിരിക്കുന്ന മാറ്റങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. ലീഗിന് എന്താണ് പറ്റിയതെന്ന് അത്ഭുതത്തോടെയാണ് ഞാൻ കണ്ടെത്താൻ ശ്രമിക്കുന്നത്. കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉണ്ടാവുമ്പോൾ അത് തീർക്കാൻ മുൻകൈ എടുത്തിരുന്ന പ്രസ്ഥാനമാണ്. എല്ലാ ഘടക കക്ഷികളുമായി ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ലീഗ് നേതൃത്വമായിരുന്നു തീർത്തിരുന്നത്. അതേ ലീഗ് ഇങ്ങനെ ചെറിയ കാര്യങ്ങൾക്കു വേണ്ടി പിടി വാശി കാണിക്കുകയും സാമുദായിക ധ്രൂവീകരണം ഉണ്ടാക്കുന്ന തരത്തിൽ തുടർച്ചയായി പെരുമാറുകയും ചെയ്യുന്നതെന്ന് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

  • കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വപരമായ പിശകാണോ ഈ അധപതനത്തിന്റെ കാരണം?

എന്നു ഞാൻ പറയില്ല. ലീഗിന് സാരമായ എന്തോ പറ്റിയിട്ടുണ്ട്. അതു അവരുടെ നേതാക്കൾ തന്നെ കണ്ടെത്തട്ടെ. എല്ലാ നേതാക്കളും സമൂഹത്തോടും സർക്കാരിനോടും ഒക്കെ പ്രതിബദ്ധതയുള്ളവരായിരിക്കണം. ആ തരത്തിൽ ആയിരിക്കണം സംഭാഷണങ്ങൾ നടക്കേണ്ടത്.

  • സാമുദായിക ധ്രൂവീകരണത്തിന് ലീഗിനെ മാത്രം എങ്ങനെ കുറ്റം പറയാൻ പറ്റും? വെള്ളാപ്പള്ളിക്കും സുകുമാരൻനായർക്കും തുല്യ പങ്ക് തന്നെയല്ലേ ഉള്ളത്?

എന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നു മാത്രമല്ല എൻഎസ്എസും എസ്എൻഡിപിയും ശക്തമായ നിലപാട് എടുക്കുന്നതു കൊണ്ട് ഈ ധ്രുവീകരണം ബിജെപിക്ക് അനുകൂലമാകാതത്ത്. കേരളത്തിലെ ഹിന്ദു ധ്രുവീകരണം കൊണ്ട് ഏറ്റവും അധികം മുതലെടുപ്പ് നടത്താമായിരുന്നത് ബിജെപി ആയിരുന്നു. ആ മുതലെടുപ്പാണ് ഇവർ മതിൽ കെട്ടി തടഞ്ഞത്. ഇക്കാര്യത്തിൽ വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായർക്കും നിർണായകമായ പങ്കുണ്ട്.

  • നാരായണ പണിക്കർ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വിവാദങ്ങൾ ഒന്നും എൻഎസ്എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലായിരുന്നു എന്നു തോന്നുന്നുണ്ടോ?

നാരായണപ്പണിക്കരുടെ കാലത്ത് ഇത്തരം ഒരു സാഹചര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം ഒരു ചോദ്യത്തിന് പ്രസക്തി ഇല്ല. സുകുമാരൻ നായരുടെ പ്രസ്ഥാവനകളും നിലപാടുകളും അനുചിതം ആണ് എന്നു ഞാൻ വിശ്വസിക്കുന്നില്ല. സാമുദായിക താൽപ്പര്യം സംരക്ഷിക്കേണ്ട ബാധ്യത സുകുമാരൻ നായർക്കുണ്ട്. അഞ്ചാ മന്ത്രി വിവാദം നിറഞ്ഞ് നിൽക്കുമ്പോഴാണ് പിജെ കുര്യനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാൻ എൻഎസ്എസ് പിന്തുണയ്ക്കുന്നതെന്ന് മറക്കരുത്.

  • ഈ അവസ്ഥയിൽ കോൺഗ്രസിന് അടുത്ത തെരെഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിൽ വരാൻ കഴിയുമെന്ന് കരുതുന്നുണ്ടോ?

ഇപ്പോഴത്തെ സാഹചര്യം നില നിന്നാൽ ബുദ്ധിമുട്ടായിരിക്കും. ഈ സാഹചര്യത്തിനു മാറ്റം ഉണ്ടാകാൻ യുഡിഎഫ് നേതൃത്വം മുന്നിട്ടിറങ്ങുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

  • വികസന കുതിപ്പിൽ ഉമ്മൻ ചാണ്ടി സർക്കാർ മുൻപിൽ തന്നെയാണ്. ഇക്കാര്യം ആർക്കും നിഷേധിക്കാൻ പറ്റില്ല.

അങ്ങയുടെ നേതൃത്വത്തിൽ തുടങ്ങണമെന്ന് പറഞ്ഞിരുന്ന ജനപ്രിയ ചാനലിന്റെ ഭാവി എന്താണ്?

കരുണാകരന്റെ മകന് ജനങ്ങളുടെ പണത്തോട് ഉത്തരവാദിത്വം ഉണ്ടാവും. ഏതാണ്ട് അഞ്ചു കോടി രൂപ ജനപ്രിയയുടെ നടത്തിപ്പിനായി ഓഹരി പിരിച്ചിട്ടുണ്ട്. അത് ആർക്കും നഷ്ടമാവാൻ അനുദിക്കില്ല. ലൈസൻസ് കാലാവധി ഉടൻ തീരുകയാണ്. അത് രണ്ട് വർഷത്തേക്ക് കൂടി നീട്ടി എടുക്കാൻ ശ്രമം നടത്തുന്നു. അത് ലഭിച്ച ശേഷം ഭാവി പരിപാടികൾ തീരുമാനിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP