Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും; പാവങ്ങൾക്ക് വീട് നൽകുന്ന 'ബൈത്തുറഹ്മ' പദ്ധതിയിൽ രാഷ്ട്രീയ-മത വിവേചനങ്ങളില്ല; സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുക: മുനവ്വറലി ശിഹാബ് തങ്ങൾ മനസുതുറക്കുന്നു

മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും; പാവങ്ങൾക്ക് വീട് നൽകുന്ന 'ബൈത്തുറഹ്മ' പദ്ധതിയിൽ രാഷ്ട്രീയ-മത വിവേചനങ്ങളില്ല; സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുക: മുനവ്വറലി ശിഹാബ് തങ്ങൾ മനസുതുറക്കുന്നു

കോഴിക്കോട്: കേരളത്തിലെ മുസ്ലിം സമൂഹത്തിന്റെ ആത്മീയ ആചാര്യനായിരുന്നു വിടവാങ്ങിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ. മുസ്ലിംലീഗിനെ കരുത്തുറ്റ പ്രസ്ഥാനമാക്കി വളർത്തിയെടുക്കുന്നതിലും സംസ്ഥാനത്തെ മതസൗഹാർദ്ദം നിലനിർത്തുന്നതിലും അതീവ ശ്രദ്ധാലുവായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളെ ഇതര സമൂഹവും ആദരവോടെയാണ് കണ്ടിരുന്നത്. മലബാറിലെ മുസ്ലിംസമൂഹത്തിലെ സാമൂദായിക സൗഹൃദം നിലനിർത്തുന്നതിലും സേവന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിൽ പിതാവിന്റെ പാത പിന്തുടരുകയാണ് കേരളത്തിലെ യുവജന നേതാക്കളിൽ പ്രമുഖനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും.

സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ വിവിധ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിൽ നിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക,ഏഷ്യയിലെ ഒട്ടേറെ അറബ് രാഷ്ട്രങ്ങൾ തുടങ്ങി ഒട്ടേറെ രാഷ്ട്രങ്ങളിൽ അക്കാദമിക് കോൺഫറൻസുകളിലും വിദ്യാഭ്യാസ ശിൽപശാലകളിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യം കൂടിയാണ് അദ്ദേഹം. പിതാവിന്റെ പേരിൽ മുസ്ലിംലീഗ് തുടങ്ങിയ ബൈത്തുറഹ്മ ഭവന നിർമ്മാണ പദ്ധതിയിൽ അഭിമാനിക്കുന്ന ഇദ്ദേഹം പാവങ്ങൾക്ക് വേണ്ടി ലീഗ് നടത്തുന്ന ഈ പദ്ധതിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകിവരുന്നു. സോഷ്യൽ മീഡയിയയിൽ മുസ്ലിംങ്ങൾ തമ്മിൽ കലഹിക്കുന്നതിനെകുറിച്ചും സമുദായത്തിലെ സംഘടനഖളുടെ ഐക്യത്തെയും ഘർവാപ്പസിയെ സംബന്ധിച്ചും മുനവ്വറലി ശിഹാബ് തങ്ങൾ മനസു തുറക്കുന്നു...

  • പാവപ്പെട്ട ഒട്ടേറെ കുടുംബത്തിന് സഹായകരമായി പദ്ധതിയാണ് ബൈത്തു റഹ്മ. ഇതിന് പിന്നിലെ പ്രചോദനം വിശദീകരിക്കാമോ?

പിതാവിന്റെ സ്മരണയ്ക്കായിട്ടാണ് മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിക്കുന്നത്. പദ്ധതിയുടെ ആദ്യ യോഗത്തിൽ ഒരു പഞ്ചായത്തിൽ ഒരു വീട്, മുൻസിപ്പാലിറ്റിയിൽ രണ്ട് തുടങ്ങി ഒട്ടേറെ ആശയങ്ങളുണ്ടായിരുന്നു. പിന്നീട് പഞ്ചായത്തിൽ ഒന്ന് എന്നത് യൂനിറ്റിൽ തന്നെ രണ്ടും മൂന്നും ആയി. എല്ലാറ്റിനും സഹായം നൽകാൻ നിരവധി പേർ രംഗത്തെത്തിയിരുന്നു. മതവും രാഷ്ട്രീയവും നോക്കാതെ സമൂഹത്തിൽ സഹായം വേണ്ടവർക്കാണ് ലീഗ് വീട് വച്ചു നൽകിയത്. 2011 ഓഗസ്റ്റ് 5ന് റമദാനിന്റെ ആദ്യ വെള്ളിയാഴ്ച മലപ്പുറം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും മുനിസിപ്പൽ ഏരിയകളിലുമായി 151 വീടുകളുടെ ശിലാസ്ഥാപന കർമം ഒരേ ദിവസം നടന്നു.

കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തന ചരിത്രത്തിലെ വേറിട്ട സംരംഭം തന്നെയായിരുന്നു ബൈത്തുറഹ്മ പദ്ധതി. പദ്ധതിയിലൂടെ രാഷ്ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റാൻ സാധിച്ചു. തുടക്കത്തിൽ 150 കേന്ദ്രങ്ങളിൽ ഒരേസമയം 150 വീടുകൾക്കാണ് തറക്കല്ലിട്ടത്. എന്നാൽ സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പദ്ധതിക്ക് ആവേശകരമായ പ്രതികരണം ലഭിച്ചതോടെ വീടുകളുടെ എണ്ണം ഇരട്ടിയായി ഉയർത്തുകയായിരുന്നു. മുസ്ലിംങ്ങൾ അല്ലാത്തവർക്കും ഞങ്ങൾ വീട് വച്ച് നൽകിയിട്ടുണ്ട്. ആലിപ്പറമ്പിലെ സദാനന്ദൻ, മോങ്ങത്തെ വേലുആശാരി, ഇരിങ്ങാമൂലയിലെ രവി, കോട്ടക്കലിലെ പുഷ്പലത, മങ്കടയിലെ തങ്കച്ചൻ,എടക്കരയിലെ സുജിത്ത് ഇങ്ങനെ ആയിരത്തിലധികം വീടുകൾ ഈ പദ്ധതിയിലൂടെ നൽകി കഴിഞ്ഞു.

  • പദ്ധതിക്ക് പ്രധാനമായും സഹായം നൽകുന്നത് വിദേശ മലയാളികൾ അല്ലേ?

ഗൾഫ് രാഷ്ട്രങ്ങളിൽ പോകുമ്പോൾ പലർക്കും അറിയാനുള്ളതും ചോദിക്കാനുള്ളതും ബൈത്തുറഹ്മയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചുമാണ്. വാതോരാതെ അതിനെ കുറിച്ച് പറയാനും സഹായം വിഹിതം തരുവാനും ആവേശമാണവർക്ക്. ഗൾഫിൽ നിന്നു തന്നെയാണ് ഇതിന്റെ പ്രധാന പങ്കും. പലർക്കും പാവങ്ങളെ സഹായിക്കാനുള്ള വെമ്പലാണ്. അവരുടെയൊക്കെ അകമഴിഞ്ഞുള്ള സഹായ മനസ്‌കത കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നും. അത്തരം ആളുകളാണ് സമൂഹത്തിൽ വളർന്നുവരേണ്ടത്.

  • കേരളത്തിലെ മതസൗഹാർദം സംരക്ഷിക്കാൻ മുസ്ലിംലീഗിന്റെ പ്രവർത്തനം എത്രത്തോളം ഉപകാരപ്രദമായിട്ടുണ്ട്?

എല്ലാ മതങ്ങളേയും ഒരുമിപ്പിച്ചുള്ള ഒരു കൂട്ടായ്മ അനിവാര്യമാണ്. പ്രത്യേകിച്ചും നമ്മെ ഞെട്ടിപ്പിക്കുന്ന പല വർഗീയ സംഘർഷങ്ങളെ കുറിച്ച് കേൾക്കുമ്പോൾ ഏറെ നിരാശ തോന്നാറുണ്ട്. എല്ലാവരും സൗഹാർദത്തോടെ മുന്നോട്ടുപോകണം. മറ്റു മതവിഭാഗങ്ങളുടെ നേതാക്കളെ കാണാൻ പോകുന്നതും വേദി പങ്കിടലും ഉണ്ട്. പൊതുജനങ്ങൾ ഏറെ ഉത്സാഹത്തോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഓരോ സ്ഥലങ്ങളിൽ പോകുമ്പോഴും മറ്റു മതസ്ഥരുടെ പിന്തുണ കിട്ടുമ്പോൾ ഒരുപാട് സന്തോഷം നൽകാറുണ്ട്.

  • മുസ്ലിം സമൂഹത്തിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം നിലനിൽക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി? ഈ പക്ഷങ്ങൾ തമ്മിലുള്ള ഒരുമിക്കൽ സാധ്യമാണോ?

പൊതു വിഷയങ്ങൾ വരുമ്പോൾ എല്ലാവരുംകൂടി ഒരുമിച്ച് തീരുമാനമെടുക്കും. അത്തരം വിഷങ്ങളിൽ പലപ്പോഴും പരസ്പരം ഒരുമിച്ച് തീരുമാനമെടുത്തിട്ടുമുണ്ട്. അത് മുന്നോട്ടുകൊണ്ടുപോകാൻ തന്നെയാണ് മുസ്ലിംലീഗിന്റെ തീരുമാനം.

  • സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി ഉള്ള വ്യക്തിയാണ് താങ്കൾ. ഫേസ്‌ബുക്ക് കൂട്ടായ്‌മെയെ കുറിച്ച് എന്ത് പറയുന്നു?

അങ്ങനെയും കുറേപേരുണ്ട്. പലരുടേയും കോംപ്ലക്‌സാണ് ഇതിന് കാരണം. അത്തരക്കാർക്ക് സോഷ്യൽ മീഡിയ വലിയ ഉപകാരം തന്നെയാണ്. അവർ അത്തരത്തിലൂടെയെങ്കിലും സൗഹൃദം തുടരട്ടെ. എന്നാൽ ചിലർ സോഷ്യൽ മീഡിയയിലൂടെ കലഹിക്കുന്നതും കാണാം. സ്വതന്ത്രമായി ഇടപെടാൻ പറ്റിയ ഒരു ഇടമായതുകൊണ്ടുതന്നെയാണ് പരസ്പരം അങ്ങോട്ടു ഇങ്ങോട്ടും പഴിചാരുന്നത്. അതുകൊണ്ടു തന്നെ ഇത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. മോശം പരമാർശം നടത്തുന്നവരെ ബോധവൽക്കരണം നടത്തി അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കണം. ഇതിനായി ശക്തമായ ഇടപെടൽ നടത്താനും സമൂഹത്തിനിടയിൽ നിന്ന് ശ്രമം ഉണ്ടാവണം.

  • മുസ്ലിം യൂത്ത് ലീഗിലേയും എംഎസ്എഫിലേയും നേതാക്കൾ വളരെ സജീവമായി പല വിഷയങ്ങളിലും ഇടപെടുന്നു?

ശരിയാണ്, സോഷ്യൽ മീഡിയയും, മാദ്ധ്യമങ്ങളും വർധിച്ചതുകൊണ്ടുതന്നെ അഭിപ്രായം പ്രകടിപ്പാക്കാൻ ഒട്ടേറെ വേദികൾ ഇവർക്ക് ലഭിക്കുന്നുണ്ട്. പല വിഷയങ്ങളും ദൃശ്യ, പത്ര മാദ്ധ്യമങ്ങളിലൂടെ കൂടുതൽ ഇടപെടൽ നടത്താനും അവർക്ക് സാധിക്കുന്നുണ്ട്. മുമ്പുള്ള നേതാക്കൾക്ക് ഇത്തരം അവസരം ലഭിച്ചില്ലെങ്കിലും മികച്ച പ്രവർത്തനം നടത്തിയിരുന്നു.

  • ഘർ വാപസിയെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു?

പ്രത്യേക മതത്തെ അടിച്ചേൽപ്പിക്കാൻ ഒരിക്കലും പാടില്ല. മതം പ്രചരിപ്പാക്കനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. നിർബന്ധിച്ചുള്ള മതപരിവർത്തനം ശരിയല്ല. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മതത്തിന്റെ പേരിലുള്ള സംഘർഷം വർധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യൻ സന്ദർശനത്തിൽ പറഞ്ഞിരുന്നു. ഇന്ത്യ വൈവിധ്യങ്ങളാൽ സമ്പന്നമായ മനോഹര രാജ്യമാണ്. എന്നാൽ, പൈതൃകത്തെയും വിശ്വാസത്തെയും ചൊല്ലി പ്രശ്‌നങ്ങളും വഴക്കുകളും അസഹിഷ്ണുതയും കൂടുകയാണ്. ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ അദ്ദേഹത്തെ ഇവയൊക്കെ ഞെട്ടിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതിൽ നിന്ന് തന്നെ എല്ലാം വ്യക്തമാണ്.

  • അടുത്തിടെ മരണപ്പെട്ട നവാസ് നിസാറിനെ എങ്ങനെ ഓർക്കുന്നു?

ഡൽഹി യൂനിവേഴ്‌സിറ്റിയിൽ വച്ചായിരുന്നു നവാസ് നിസാറിനെ പരിചയപ്പെടുന്നത്. ആകർഷണീയമായ പ്രഭാഷണമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവിനെ കുറിച്ച് കോഴിക്കോട് നടത്തിയ പ്രഭാഷണമാണ് നവാസ് നിസാറിനെ ശ്രദ്ധേയനാക്കിയത്. പൊളിറ്റിക്കൽ സയൻസ്,ഇന്റർ നാഷണൽ വിഷയങ്ങളിലെല്ലാം മാദ്ധ്യമങ്ങളിൽ വിശകലനം നടത്താനും നവാസ് എത്താറുണ്ട്.

കാഴ്ചയെക്കാൾ പ്രധാനം ഉൾക്കാഴ്ചയാണെന്നു ജീവിതത്തിലൂടെ പകർന്നുതന്നൊരു സഹോദരനാണ് നവാസ് നിസാർ. അന്ധതയെ ഇച്ഛാശക്തിയിലൂടെ തോൽപിച്ച്, ഡൽഹി യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ പദവിയോളം വളർന്നപ്പോഴും വിനീതമായ വ്യക്തിത്വവും സ്‌നേഹമസൃണമായ ഇടപെടലുകളും അദ്ദേഹത്തെ വേറിട്ടുനിർത്തി.അവസാന പൊതുപരിപാടിയായ 'സമർഖന്ദ്' സമ്മേളന നഗരിയിൽ അദ്ദേഹം നടത്തിയ പ്രഭാഷണം ആ സമുദായ ഗുണകാംക്ഷിയുടെ ആത്മാർത്ഥതയും പ്രതിബദ്ധതയും അടിവരയിടുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP