Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടിയുടെ കപടമുഖം തുറന്നു കാട്ടുന്നതിൽ ഇടതുപക്ഷത്തിന് പരാജയം സംഭവിച്ചു; ഇടതു വലതു വോട്ടുകൾ ബിജെപി പിടിച്ചുതുടങ്ങി: ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പോയ മുൻ എംപി പി രാജീവ് ലണ്ടനിൽ വച്ച് മറുനാടൻ മലയാളിയോട് മനസ്സു തുറന്നപ്പോൾ

ഉമ്മൻ ചാണ്ടിയുടെ കപടമുഖം തുറന്നു കാട്ടുന്നതിൽ ഇടതുപക്ഷത്തിന് പരാജയം സംഭവിച്ചു; ഇടതു വലതു വോട്ടുകൾ ബിജെപി പിടിച്ചുതുടങ്ങി: ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പോയ മുൻ എംപി പി രാജീവ് ലണ്ടനിൽ വച്ച് മറുനാടൻ മലയാളിയോട് മനസ്സു തുറന്നപ്പോൾ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ഇന്ത്യയിലെ ഏറ്റവും നവാഗതരായ പാർലമെന്റ് അംഗങ്ങളുടെ കൂട്ടത്തിലാണ് പി. രാജീവിന്റെ  സ്ഥാനം. എന്നാൽ അതേ സമയം തന്നെ ഏറ്റവും പ്രഗൽഭമതിയായ പാർലമെന്റ് അംഗം എന്ന വിശേഷണവും ഇദ്ദേഹത്തിന് അലങ്കാരമായി കൂടെയുണ്ട്. വെറുതെ പറയുന്നതല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും മുതിർന്ന അംഗങ്ങൾ തന്നെ പറയുന്നതാണിത്. അരുൺ ജെയ്റ്റ്‌ലി, ഗുലാം നബി ആസാദ്, മായാവതി എന്നിവരൊക്കെ രാഷ്ട്രീയമായി രാജീവിന്റെ എതിരാളികൾ ആണെങ്കിലും പാർലമെന്റിൽ രാജീവ് കൂടിയേ കഴിയൂ എന്നാണ് മുതിർന്ന അംഗങ്ങളുടെ ഏകാഭിപ്രായം. ഇതിനായി 6 വർഷത്തെ ആദ്യ രാജ്യസഭ ടേം പൂർത്തിയാക്കിയ വേളയിൽ രാജീവിന് നൽകിയ വിടവാങ്ങൽ ചടങ്ങിൽ ഈ നേതാക്കൾ എല്ലാം കൂടി ഏകകണ്ഠമായാണ് സിപിഐ(എം) ജനറൽ സെക്രട്ടറിയോടു രാജീവിന് ഒരു തവണ കൂടി അവസരം നൽകണം എന്നഭ്യർത്ഥിച്ചത്. ഇത്തരം സന്ദർഭങ്ങൾ ഇന്ത്യൻ പാർലമെന്റ് ചരിത്രത്തിൽ തന്നെ അപൂർവ്വമാണ്. രാജീവിന് പാർലമെന്റിയൻ എന്ന നിലയിൽ ലഭിച്ച ഏറ്റവും മികച്ച ബഹുമതിയും ഇത് തന്നെയാകണം.

എറണാകുളം ജില്ലയിൽ രാഷ്ട്രീയ എതിരാളികൾ ഇത്രയധികം ബഹുമാനം നൽകുന്ന വ്യക്തിയെ സ്വന്തം പാർട്ടിക്കും അവഗണിക്കാൻ കഴിയില്ലല്ലോ. അക്കരണത്തൽ തന്നെയാകാം  ഏറെ ഉത്തരവാദിത്വം ഉള്ള എറണാകുളം ജില്ല കമ്മറ്റിയുടെ നായക സ്ഥാനവും ഏൽപ്പിച്ചത്. പാർട്ടിയിലെ ഗ്രൂപ്പിസം ഏറെ പഴി കേട്ട എറണാകുളം ജില്ല കമ്മറ്റിയിൽ 9 പുതു മുഖങ്ങളെ സ്വന്തമായി കിട്ടിയ രാജീവ് പരാതികൾ ഇല്ലാത്ത മികച്ച ഒരു ടീമിനെ തന്നെയാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇതിന്റെ മുഴുവൻ ഗുണ ഫലം അറിയണമെങ്കിൽ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് വരെ കാക്കണം എന്നത് മറ്റൊരു കാര്യം. യുവ എംപിമാരുടെ പരിശീലനവും കോമൺവെൽത്ത് അംഗ രാഷ്ട്രങ്ങൾ തമ്മിലുള്ള പാർലമെന്ററി സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി കോമൺവെൽത്ത് പാർലമെന്ററി അസ്സോസിയേഷൻ ക്ഷണം അനുസരിച്ച് ഇന്ത്യയിൽ നിന്നെത്തിയ 10 അംഗ സംഘത്തിൽ ഇപ്പോൾ ബ്രിട്ടീഷ് സന്ദർശനം നടത്തുന്ന പി. രാജീവ് മറുനാടൻ മലയാളിയുടെ ലണ്ടൻ പ്രതിനിധി കെ ആർ ഷൈജുമോനുമായി നടത്തിയ സംഭാഷണത്തിൽ നിന്നും:

ഈ സന്ദർശനത്തെ കുറിച്ച് തന്നെയാകട്ടെ ആദ്യം?

ന്ത്യയിലെ യുവ എംപിമാർക്കായി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായാണ് ഞങ്ങൾ പത്തുപേർ ഇവിടെ എത്തിയത്. ഏറെ കാര്യങ്ങൾ കണ്ടു മനസ്സിലാക്കാനായി. ഇന്ത്യയിൽ ലഭിക്കുന്നതിനേക്കാൾ അംഗീകാരവും പ്രധാനവ്യും ബ്രിട്ടണിൽ പാർലമെന്റ് അംഗങ്ങൾക്ക് കിട്ടുന്നുണ്ട്. ഉദാഹരണമായി ഇവിടെ സെലക്ഷൻ കമ്മറ്റി നൽകുന്ന നിർദ്ദേശങ്ങളിൽ ഭേദഗതി വേണമെങ്കിൽ പിന്നീട് പാർലമെന്റ് തന്നെ തിരുത്തണം. ഇന്ത്യയിൽ ആണെങ്കിൽ മന്ത്രാലയത്തിന് ഈ ഭേദഗതി വരുത്താം. സെലക്ഷൻ കമ്മറ്റിയുടെ ശുപാർശക്കൊന്നും പലപ്പോഴും വലിയ പ്രാധാന്യം കിട്ടാറുമില്ല.

രാഷ്ട്രീയം പറഞ്ഞു തുടങ്ങാം. അരുവിക്കരയിലെ തോൽവി വേണ്ടവിധം വിലയിരുത്തിക്കഴിഞ്ഞോ?

ഴിഞ്ഞ കാൽ നൂറ്റാണ്ടായി കോൺഗ്രസ്സിന്റെ കൈവശം ഇരിക്കുന്ന മണ്ഡലം ആണത്. സാമാന്യ ജനത്തിന് ഇടതു പക്ഷം ജയിക്കും എന്ന ഒരു പ്രതീക്ഷ നിലനിന്നിരുന്നു. ഇത്തരം പ്രതീക്ഷകൾ തിരഞ്ഞെടുപ്പിന്റെ ഭാഗമാണ്. അതിനാൽ ആണ് തോൽവി വലിയ ''ഷോക്ക് '' ആയി പൊതു സമൂഹം വിലയിരുത്തിയത്. അച്ഛൻ മരിച്ച ശേഷം മകൻ തിരഞ്ഞെടുപ്പിനായി എത്തുമ്പോൾ ലഭിക്കുന്ന ആനുകൂല്യവും ഒക്കെ സെന്റിമെന്റസ് ആയി അവിടെ കോൺഗ്രസ്സിന് ലഭിച്ചു. ഒരുപാട് പിന്നോക്ക പ്രദേശങ്ങൾ ഉള്ള സ്ഥലമാണ്. ജനങ്ങൾ വൈകാരികമായി പ്രതികരിച്ചിരിക്കാം. എന്നാൽ ബിജെപി കൂടുതൽ വോട്ടു പിടിച്ചു എന്നത് നിഷേധിക്കുന്നില്ല. ഇത് വേണമെങ്കിൽ അവരുടെ നേട്ടമായി ചൂണ്ടിക്കാട്ടാം. എന്നാൽ നഷ്ടം സംഭവിച്ചത് ഇടതു പക്ഷത്തിന് മാത്രമല്ല, തുല്യ വിഹിതം വലതു പക്ഷത്തിനും വോട്ടുകൾ അരുവിക്കരയിൽ നഷ്ടമായി.

യുവ നിര പാർട്ടിയിൽ നിന്നും അകന്നതും കൂടിയല്ലേ അരുവിക്കരയിലെ പരുക്ക് വലുതാക്കിയത്?

ലാലയങ്ങളിൽ ഇന്നും എസ്എഫ്‌ഐ തന്നെയാണ് പ്രധാന ശക്തി. എന്നാൽ കോളേജുകളിലും പൊതു സമൂഹത്തിലും രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെടുന്ന യുവ നിരയ്ക്ക് വലിയ കുറവുണ്ട്. ഇവരെയെല്ലാം വർഗ്ഗീയ, മത ശക്തികൾ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാർക്കിടയിൽ ജാതി ചിന്ത അതിശക്തമായി വളരുകയാണ്. പാർട്ടിയിലേക്ക് കൂടുതൽ പേരെ അടുപ്പിക്കണം എന്നതിൽ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്. അതിനായി ശക്തമായ പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്.

അരുവിക്കരയിലും മറ്റും സോഷ്യൽ മീഡിയ ശക്തമായ സാന്നിധ്യം ആയിരുന്നു. പാർട്ടി വേണ്ട വിധം ഈ മേഖല ശ്രദ്ധിക്കുന്നില്ലേ. എളമരം കരീം ഈ സംവിധാനം നിയന്ത്രിക്കുന്നു എന്ന് അറിയുമ്പോൾ തന്നെ യുവ സമൂഹത്തിന്റെ നിയന്ത്രണത്തിൽ ഉള്ള സോഷ്യൽ മീഡിയ പാർട്ടിയുടെ പ്രധാന ടൂൾ ആയിട്ടില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്?

തിനോട് യോജിക്കാൻ കഴിയില്ല. കേരളത്തിൽ ചെറിയൊരു ശതമാനം ജനങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയ സ്വാധീനത്തിൽ ഉള്ളത്. എങ്കിലും വളർന്നു വരുന്ന മാദ്ധ്യമം എന്ന നിലയിൽ നവ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പാർട്ടി കൂടുതൽ ശ്രദ്ധ പതിപ്പിക്കുക തന്നെ ചെയ്യും. ഞങ്ങൾ ഒക്കെ ഇകാര്യത്തിൽ ശ്രദ്ധിക്കുന്നുമുണ്ട്. പാർട്ടിയുടെ ഈ വിഭാഗം പ്രചാരണ പരിപാടികൾ നവ മാദ്ധ്യമങ്ങൾ വഴി ശക്തമാക്കുകയാണ്. അരുവിക്കരയിൽ ചില ട്രെന്റുകൾ സോഷ്യൽ മീഡിയ വഴി സൃഷ്ടിക്കാൻ നടന്ന ശ്രമം ശ്രദ്ധയിൽ പെട്ടിരുന്നു. പക്ഷെ ഇത് ഇപ്പോഴും പൊതു സമൂഹത്തിന്റെ മൊത്തം പ്രതികരണമായി വിലയിരുത്താൻ കഴിയില്ല.

സോഷ്യൽ മീഡിയ ട്രെന്റ് സെറ്റ് ചെയ്യുന്നു എന്നൊന്നും വിലയിരുത്താൻ കഴിയില്ല. പക്ഷെ അതിനും ഒരു ഇടം ഉണ്ട്, അത് തള്ളിക്കളയുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പിലും മറ്റും ഇത് സമൂഹത്തിന്റെ മൊത്തം അളവ് കോലായി ഒന്നും കാണാൻ കഴിയില്ല. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഫേസ്‌ബുക്കിലും ട്വിട്ടറിലും ഒക്കെ കള്ള അക്കൗണ്ട് വഴി ആയിരുന്നു പ്രചരണം എന്ന് പിന്നീട് തെളിഞ്ഞിരുന്നല്ലോ.

ഇടതും വലുതും തമ്മിൽ വലിയ വ്യത്യാസം ഇല്ല എന്ന പ്രചരണം സാധാരണക്കാരെ വല്ലാതെ നിരാശപ്പെടുത്തുന്നില്ലേ. കേരളത്തിൽ ഇടതും വലതും തമ്മിൽ കൊടുക്കൽ വാങ്ങൽ നയം തുടരുന്നു എന്ന ആക്ഷേപത്തെ പറ്റി?

രിയാണ്, സാധാരണക്കാരെ നിരാശപ്പെടുത്തുന്ന ആക്ഷേപം തന്നെയാണ്. ഇത് വളരെ ബോധപൂർവ്വം സൃഷ്ടിക്കുന്ന പ്രചാരണമാണ്. ഇത് വഴി പുകമറ സൃഷ്ടിക്കാൻ കഴിയും. ഏറെ നാളായി മാദ്ധ്യമ സഹായത്തോടെ നടക്കുന്ന ഒരു പ്രചാരണ പരിപാടിയാണിത്. എന്നാൽ എത്ര ശക്തമായാണ് ഇതിനെതിരെ ഇടതു പക്ഷം കേരളത്തിൽ പ്രവർത്തിക്കുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എത്രയോ ആരോപണം പൊതു സമൂഹത്തിൽ ഉയർത്താൻ കഴിഞ്ഞു. പല പ്രശ്‌നങ്ങളും ലൈവ് ആയി നിർത്താനും ഇടതു പക്ഷത്തിന്റെ സജീവത മൂലമാണ് സാധിച്ചത്. സമൂഹത്തിൽ ഉണ്ടാകുന്ന മാറ്റം അനുസരിച്ച് സമര പരിപാടികളിലും മറ്റും ചില വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ സംഭവിക്കുന്ന നിരീക്ഷണങ്ങളിൽ നിന്നും മറ്റുമാണ് ഇത്തരം ആക്ഷേപങ്ങൾ ശക്തമാകുന്നത്.

ഉമ്മൻ ചാണ്ടിയെ വിലയിരുത്തിയാൽ?

കേരളം കണ്ട ഏറ്റവും കാപട്യം നിറഞ്ഞ മുഖ്യ മന്ത്രി എന്ന് മാത്രം പറഞ്ഞാൽ മതി. ഇത്രയും അഴിമതി നടത്തിയ മറ്റൊരു സർക്കാർ കേരളത്തിൽ ഉണ്ടായിട്ടില്ല. വിദ്യഭ്യാസ, ആരോഗ്യ മേഖലയില കഴിഞ്ഞ കാലങ്ങളിൽ നേടിയ നേട്ടം പൂർണ്ണമായും ഇല്ലാതാക്കി എന്നും പറയാം.

പക്ഷെ ഇത് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ടോ?

രു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. പൂർണ്ണ വിജയം എന്നവകശാപ്പെടുന്നില്ല. എന്നാൽ കൂടുതൽ ആളുകളിലേക്ക് ഈ തിരിച്ചറിവ് എത്തുകയാണ്.

കളമശ്ശേരി ഭൂമി തട്ടിപ്പ് കേസിലും മറ്റും പാർട്ടി ഇടപെടൽ സജീവം ആയിരുന്നോ?

യിരുന്നു എന്ന് തന്നെയാണ് വിശ്വാസം. എത്രയോ സമര രംഗങ്ങൾ ഇതിനായി സൃഷ്ടിച്ചു. ഈ വിഷയം ഉയർത്തി കൊണ്ട് വന്നതും സമൂഹത്തിൽ ചർച്ചയായി നിലനിർത്തിയതും പാർട്ടിയുടെ സജീവ ഇടപെടൽ മൂലമല്ലേ?

വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെ ബുദ്ധിമാനും കേമനും ആയി വിശേഷിപ്പിച്ചു പിണറായി വിജയൻ ചിന്തയിൽ എഴുതിയിരുന്നു. മുതിർന്ന നേതാക്കൾ തന്നെ സമൂഹം ചിന്തിക്കുന്നതിന് വിപരീതമായി പറയുന്നത് ശരിയാണോ?

ഞാൻ പ്രസ്തുത ലേഖനം വായിച്ചിരുന്നില്ല, അതിനാൽ അഭിപ്രായവും പറയുന്നില്ല

മോദി ഭരണവും കോൺഗ്രസ്സ് ഭരണവും വിലയിരുത്തിയാൽ?

ല്ലാ അർത്ഥത്തിലും മോദി കൂടുതൽ അപകടകാരിയാണ്. കോൺഗ്രസ്സ് സർക്കാരിന്റെ തുടർച്ച തന്നെയാണ് മോദി സർക്കാരും. നയങ്ങളും ആശയങ്ങളും എല്ലാം ഒന്ന് തന്നെ. സാമ്പത്തിക കാര്യങ്ങളിൽ ഒക്കെ കുറച്ചു കൂടി അപകടകരമായ തീരുമാനങ്ങളാണ് മോദി നടപ്പാക്കുന്നത്. ഏകാധിപത്യ ശൈലി ഭരണം കൂടുതൽ ഉറപ്പിക്കാനുള്ള ശ്രമം ആണ് മോദി നടത്തുന്നത്.

എറണാകുളത്ത് പാർട്ടി പ്രവർത്തനം വെല്ലുവിളിയാണോ. പുതിയ ടീം എങ്ങനെ പ്രവർത്തിക്കുന്നു?

ങ്ങൾ ജില്ലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയവും സാമൂഹികവും ആയ വിഷയങ്ങളിൽ ഇടപെട്ടു ഏറെ സജീവമാകാൻ ഉള്ള ശ്രമം ആണ് ജില്ല ഘടകം നടത്തുന്നത്. ജൈവ പച്ചക്കറി കൃഷിയും മറ്റും വ്യപകമാക്കുകയാണ്. ഓണത്തിന് വിഷം ഇല്ലാത്ത പച്ചക്കറി എന്ന ആശയത്തിന് കൂടുതൽ പ്രചരണം നൽകി സാമൂഹ്യ സന്ദേശം ജനങ്ങളിൽ എത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്. സർക്കാർ ഒഴിഞ്ഞു നിൽക്കുന്നിടത്ത് ജനങ്ങൾക്ക് ആവശ്യമായ സഹായം ചെയ്യുക എന്നതാണ് ഞാനും സഹ പ്രവർത്തകരും കൂടുതാലായും ഏറ്റെടുക്കുന്ന ദൗത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP