Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂരിലെ ബൈഠക്കിൽ പങ്കെടുത്തില്ല; പിന്നെങ്ങനെ കൂടുതൽ പ്രസവിക്കുന്ന ഹിന്ദുക്കൾക്ക് പാരിതോഷികം നൽകണമെന്ന് താനവിടെ പറയും? ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടത്തിലെ വിവാദവും ഗൂഢാലോചന; പിണറായിയുടേത് വിലകുറഞ്ഞ ആരോപണങ്ങൾ; മറുനാടനോട് കുമ്മനം രാജശേഖരൻ

കണ്ണൂരിലെ ബൈഠക്കിൽ പങ്കെടുത്തില്ല; പിന്നെങ്ങനെ കൂടുതൽ പ്രസവിക്കുന്ന ഹിന്ദുക്കൾക്ക് പാരിതോഷികം നൽകണമെന്ന് താനവിടെ പറയും? ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടത്തിലെ വിവാദവും ഗൂഢാലോചന; പിണറായിയുടേത് വിലകുറഞ്ഞ ആരോപണങ്ങൾ; മറുനാടനോട് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കണമെന്ന് പറഞ്ഞെന്ന തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം ബോധപൂർവ്വമായ ഗൂഢാലോചനയെന്ന വിശദീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു. വിലകുറഞ്ഞ ആരോപണങ്ങളാണ് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ തനിക്കെതിരെ നടത്തുന്നതെന്നും മറുനാടൻ മലയാളിയോടെ കുമ്മനം രാജശേഖൻ പറഞ്ഞു.

കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാൻ തീരുമാനം എടുത്തുവെന്നാണ് പ്രചരണം. കണ്ണൂരിലെ ആർഎസ്എസ് യോഗം നയപരമായ തീരുമാനം എടുക്കാനുള്ളത് ആയിരുന്നില്ല. സംഘടനയുടെ വികസന വിഷയങ്ങൾ മാത്രമാണ് അവിടെ ചർച്ച ചെയ്തത്. ഇത്തരത്തിലൊരു കാര്യവും സംസാരിച്ചില്ല. അതിലെല്ലാം ഉപരി കണ്ണൂരിലെ ഈ യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടുമില്ല. എന്നിട്ടും ഇത്തരം ആക്ഷേപം ഉയരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികം നൽകണമെന്ന് കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ പറഞ്ഞതായും പ്രചരണമുണ്ട്. ഞാൻ പങ്കെടുക്കാത്ത യോഗത്തിൽ എങ്ങനെയായിരുന്നു ഇത് സംഭവിക്കുക-കുമ്മനം ചോദിച്ചു. ശബരിമലയിലെ അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തന വിപുലീകരണവുമായി ബന്ധപ്പെട്ട യാ്ത്രയ്ക്കിടെയായിരുന്നു കണ്ണൂരിലെ ബൈഠക്കെന്നും കുമ്മനം വിശദീകരിച്ചു.

ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടത്തിൽ തീരുമാനം എടുക്കാൻ ബിജെപി പ്രസിഡന്റ് ആരുമല്ല. തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ വിവാദമുണ്ടാക്കാൻ ബോധപൂർവ്വം ചോദ്യം ഉയർത്തി. കണ്ണൂരിലെ ബൈഠക്കിന്റെ വിവാദ പശ്ചാത്തലത്തിലായിരുന്നു അത്. ഒടുവിൽ പറയാത്തത് പറഞ്ഞെന്ന തരത്തിൽ വാർത്ത നൽകി വിവാദമുണ്ടാക്കി. ഇക്കാര്യത്തിൽ നിക്ക് വ്യക്തമായ നിലപാടുണ്ട്. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികമെന്നത് ഒരിടത്തും പറയാത്ത വിഷയമാണെന്നാണ് കുമ്മനത്തിന്റെ നിലപാടും. വിവാദങ്ങളുണ്ടാക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും കുമ്മനം പറയുന്നു.

ക്ഷേത്ര പരിസരത്തെ സ്ഥലവും കെട്ടിടവും അതാത് ദേവസത്തിന്റെ അധീനതയിലാണ്. ക്ഷേത്ര കമ്മറ്റികളാണ് അവിടെ ആരാണ് കച്ചവടം ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ട്. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നതാണ് നിലപാട്. എരുമേലിയിൽ ക്ഷേത്രവും പള്ളിയുമുണ്ട്. ഇവിടേയും അതത് കമ്മറ്റികളാണ് തീരുമാനിക്കുന്നത്. ഏരുമേലി പള്ളിയുടെ കടകളിൽ റെന്റ് കൺട്രോൾ നിയമം ബാധകമല്ല. എന്നാൽ ക്ഷേത്രത്തിന് ഈ നിയമം ബാധകവും. അതുകൊണ്ട് തന്നെ കാലാനുസൃതമായി വാടക വർദ്ധന ആരും ക്ഷേത്രത്തിന് നൽകുന്നില്ല. ഇത്തരം വിഷയങ്ങളാണ് താനുയർത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസിലെ വിഡിയോ പൂർണ്ണമായും പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും.

മാറട് കലാപവും നിലയ്ക്കൽ കലാപവും താനുണ്ടാക്കിയതെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ മാറാടും നിലയ്ക്കലും സമാധാനം എത്തിക്കാനായിരുന്നു ശ്രമം. അത് വിജയം കാണുകയും ചെയ്തു. രണ്ടാം മാറാട് കലാപത്തിന് ശേഷമാണ് പ്രശ്‌നങ്ങളിൽ ഇടപെട്ടത്. അതിന് ശേഷം അവിടെ ഒരുതുള്ളി ചോരപോലും വീണില്ല. ഇത്തരം സത്യങ്ങൾ മറച്ചുവച്ച് വ്യാജ പ്രചരണങ്ങൾക്കാണ് പിണറായി വിജയനെ പോലുള്ളവർ ശ്രമിക്കുന്നത്. ഇത് ജനം തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ഇത്തരം അജണ്ടകൾ ഉയർത്തുന്നവരാണ്. താൻ പങ്കെടുക്കാത്ത കണ്ണൂരിലെ ആർഎസ്എസ് യോഗത്തെ പോലും അതിനായി ഉപയോഗിക്കുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കുമ്മനം പറയുന്നു.

ജനങ്ങളാക്കായാണ് തന്റെ പ്രവർത്തനം. ഒരു ക്രിസ്ത്യാനിയും തന്നെ ക്രൈസ്ത വിരുദ്ധനെന്ന് വിളിക്കില്ല. അതു പോലെ ഒരു മുസ്ലീമും ഇസ്ലാം വരുദ്ധനാണ് താനെന്നും പറയില്ല. ബിജെപിക്കുണ്ടാകാൻ പോകുന്ന രാഷ്ട്രീയ മുന്നേറ്റത്തെ തിരിച്ചറിയുന്നവരാണ് തനിക്കെതിരെ വ്യാജ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇതെല്ലാം ജനം തിരിച്ചറിയും. ശബരിമലയിൽ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകളാണുള്ളത്. ഈ പ്രശ്‌നങ്ങൾ കൂടുതൽ അടുത്തറിയാൻ അടുത്ത ദിവസം ശബരിമലയിൽ പോകുമെന്നും കുമ്മനം വ്യക്തമാക്കി. ക്ഷേത്ര സ്വത്തുക്കളുടെ ചെലവഴിക്കലുമായി ബന്ധപ്പെട്ട് കള്ള പ്രചരണമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. പരോക്ഷ മാർഗ്ഗങ്ങളിലൂടെ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.

റോഡുകളുടേയും മറ്റും വികസനത്തിന് ചെലവഴിച്ചതാണ് ക്ഷേത്ര വികസനത്തിനായി ചെലവഴിച്ചതായി സർക്കാർ ഉയർത്തിക്കാട്ടുന്ന തുകകൾ. റോഡുകൾ തീർത്ഥാടകർക്ക് മാത്രമുള്ളതല്ലെന്ന വസ്തുത മനസ്സിലാക്കുന്ന ആർക്കും ഇത്തരം പ്രസ്താവനകളിലെ പൊള്ളത്തരം മനസ്സിലാകുമെന്നും കുമ്മനം വിശദീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാകും താരമെന്ന ഉത്തമ വിശ്വാസവും കുമ്മനത്തിനുണ്ട്. എല്ലാവരേയും ഒരുമിപ്പിച്ച് ലക്ഷ്യത്തിലേക്ക് പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് മനസ്സിലാക്കിയ രാഷ്ട്രീയ എതിരാളികളുടെ ഭയപ്പാടാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം കരുതുന്നു.

ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ വിമർശിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. കുമ്മനം രാജശേഖരൻ കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പറയുന്നു. കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജയണ്ടയാണെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ആർഎസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ആരോപിച്ചിരുന്നു.

ഇതിനുള്ള മറുപടിയായാണ് പിണറായിയയുടേത് വിലകുറഞ്ഞ ആരോപണങ്ങളെന്ന വിമർശനവുമായി കുമ്മനം മറുനാടനോട് സംസാരിച്ചത്. ഇത്തരം പൊള്ളത്തരങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റം തടയാനാകില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP