Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബീഫിനെതിരായ വാദം തീവ്രവർഗ്ഗീതയുടെ ഭാഗം; എസ് ഡി പി ഐയുടേയും വെൽഫയർ പാർട്ടിയുടേയും പിന്തുണ വേണ്ട; രാഷ്ട്രീയ പോരാട്ടത്തിൽ ജയം ഉറപ്പ്; തൊഴിലുറപ്പാക്കുന്ന വികസനം എത്തിക്കും; കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ നിയമപോരാട്ടം തുടരും; മലപ്പുറത്തെ പോരാട്ട ചൂടിൽ ഇടത് സ്ഥാനാർത്ഥിക്ക് പറയാനുള്ളത്

ബീഫിനെതിരായ വാദം തീവ്രവർഗ്ഗീതയുടെ ഭാഗം; എസ് ഡി പി ഐയുടേയും വെൽഫയർ പാർട്ടിയുടേയും പിന്തുണ വേണ്ട; രാഷ്ട്രീയ പോരാട്ടത്തിൽ ജയം ഉറപ്പ്; തൊഴിലുറപ്പാക്കുന്ന വികസനം എത്തിക്കും; കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ നിയമപോരാട്ടം തുടരും; മലപ്പുറത്തെ പോരാട്ട ചൂടിൽ ഇടത് സ്ഥാനാർത്ഥിക്ക് പറയാനുള്ളത്

എംപി റാഫി

മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിൽ നിന്നുള്ള ഏറ്റവും മികച്ച സ്ഥാനാർത്ഥിയായാണ് അഡ്വ.എം.ബി ഫൈസലിനെ കാണുന്നത്. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന യുവനേതാവെന്നത് ഫൈസലിന് പാർലമെന്റിലേക്കുള്ള കന്നിമത്സരത്തിന് നറുക്കു വീഴാൻ ഇടയാക്കി. നിലവിൽ ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ഫൈസൽ മികച്ച വാഗ്മി കൂടിയാണ്. വേനൽ ചൂടിനെ വകവെയ്ക്കാതെ പ്രചാരണ ഗോദയിൽ കർമ്മ നിരതനായ ഫൈസൽ വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണിപ്പോൾ. ആൾക്കൂട്ടങ്ങളിലേക്ക് ഇറങ്ങി ഓരോ വോട്ടും ഉറപ്പാക്കിയ ശേഷമാണ് ഫൈസൽ അടുത്ത തട്ടകത്തിലേക്ക് യാത്ര തിരിക്കുന്നത്. പൊതുപാരിപാടികളിൽ നീളൻ പ്രസംഗങ്ങളില്ല., കുറഞ്ഞ വാക്കിൽ അറുത്തുമുറിച്ച പ്രസംഗം മാത്രം.

പ്രചാരണ പരിപാടികളിലെല്ലാം യുവാക്കളുടെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പ്രധാന എതിരാളി പികെ കുഞ്ഞാലിക്കുട്ടിയുടെ ഈറ്റില്ലമായ വേങ്ങരയിലായിരുന്നു ശനിയാഴ്ച ഫൈസലിന്റെ പര്യടനം. തെരഞ്ഞെടുപ്പ് പ്രചാരണം ഫിനിഷിംങ് പോയിന്റിലേക്ക് അടുക്കുന്ന സാഹചര്യത്തിൻ തന്റെ വികസന കാഴ്ചപ്പാടും പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും എം.ബി ഫൈസൽ മറുനാടൻ മലയാളിയോടു പങ്കുവെച്ചു. ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറത്ത് പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ച് വിവിധ വ്യാവസായിക പദ്ധതികൾ നടപ്പിലാക്കുകയും ഇതിലൂടെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരം സൃഷ്ടിക്കുകയുമാണ് തന്റെ പ്രധാന വികസന കാഴ്ചപ്പാടെന്ന് ഫൈസൽ മറുനാടന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.

കരിപ്പൂർ വിമാനത്തിന്റെ വികസനവും ഹജ്ജ് എമ്പാർക്കേഷൻ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിക്കും. പത്രികയിൽ വിവരം കുഞ്ഞാലിക്കുട്ടി മറച്ചു വെച്ചതിനെതിരെ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ നടപടികളുമായി മുന്നോട്ടു പോകും. എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി പോലുള്ള വർഗീയ പാർട്ടികളുമായി ഒരു തരത്തിലുള്ള കൂട്ടും ഉണ്ടാവില്ലെന്നും മുസ്ലിംലീഗ് പരസ്യമായി ഇവരോട് ബന്ധം സ്ഥാപിക്കുകയാണെന്നും ഫൈസൽ പറഞ്ഞു. മുസ്ലിം വോട്ട് ഏകീകരിക്കുന്നതിലൂടെ ഫാഷിസ്റ്റ് ശക്തികളെ സഹായിക്കലാണ്. ഇത് ഭാവിയിൽ മുസ്ലിംസമുദായത്തിന് വലിയ പ്രയാസമുണ്ടാക്കും. നൂറു ശതമാനം വിജയിക്കാൻ ആവശ്യമായ ഒരു ട്രന്റാണ് മലപ്പുറത്ത് ഇപ്പോൾ ഉള്ളതെന്നും തെരഞ്ഞെടുക്കപ്പെട്ടാൽ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും അഭിമുഖത്തിൽ ഫൈസൽ വ്യക്തമാക്കി.

വേങ്ങര മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിനിടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലുമായി മറുനാടൻ മലയാളി ലേഖകൻ എംപി റാഫി നടത്തിയ അഭിമുഖത്തിന്റെ പൂർണ രൂപം:

? പ്രചാരണം എങ്ങിനെയാണ് പുരോഗമിക്കുന്നത്

ആദ്യ ദിവസങ്ങളിൽ മൈക്കില്ലാതെ ജനങ്ങളിലേക്കിറങ്ങി എല്ലാ പ്രദേശങ്ങളിലേക്കും പോയി വോട്ടർമാരെ കാണുന്ന രീതിയായിരുന്നു. അതിനു ശേഷം സ്ഥാനാർത്ഥി പര്യടനത്തിന്റെ രണ്ടാംഘട്ടമാണ്. മണ്ഡലങ്ങളിലൂടെയുള്ള പര്യടനം രണ്ടാംഘട്ടം ഞായറാഴ്ച അവസാനിക്കും.

? വികസന കാഴ്ചപ്പാട്

വികസന കാഴ്ചപ്പാട് യഥാർത്ഥത്തിൽ, മലപ്പുറം ജില്ല തന്നെ സ്ഥിതിവിവര കണക്കുകൾ പരിശോധിക്കുമ്പോൾ ആളോഹരി വരുമാനത്തിന്റെ കാര്യത്തിലും വികസനത്തിന്റെ കാര്യത്തിലും ഏറ്റവും പിറകിൽ നിൽക്കുന്ന ജില്ലയായിട്ടാണ് പുതിയ കണക്കുകൾ വരുന്നത്. കഴിഞ്ഞ പതിറ്റാണ്ടുകളായി യു.ഡി.എഫ്, വിശേഷിച്ച് മസ്ലിംലീഗാണ് എല്ലാ മണ്ഡലങ്ങളെയും ലോക്സഭയേയും പ്രതിനിധീകരിക്കുന്നത്. പക്ഷേ ജില്ലയുടെ അടിസ്ഥാന വികസന കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ഊന്നിയ വികസന കാഴ്ചപ്പാട് അവർക്ക് ഇല്ല എന്നുള്ളതാണ് കാണാൻ കഴിഞ്ഞിട്ടുള്ളത്.

കുടിവെള്ള പ്രശ്നമാണെങ്കിലും ഗ്രാമപ്രദേശങ്ങളുടെ വികസനമാണെങ്കിലും സാധാരണ ജനങ്ങളുടെ തൊഴിൽ മേഖലയുമായി ബന്ധപ്പെടുന്ന വ്യാവസായിക വികസനമാണെങ്കിലും വലിയ അളവിൽ പിറകോട്ട് നിൽക്കുന്ന ജില്ലയാണ് മലപ്പുറം. യുവാക്കൾ കൂടുതലുള്ള
ഇവിടെ തൊഴിൽ ഏറ്റവും വലിയ പ്രശ്നമാണ്. പ്രവാസികളും കൂടുതലുള്ള ജില്ലയാണ്. പ്രവാസികളുടെ നിക്ഷേപം ഫലപ്രദമായി വിനിയോഗിച്ച് വിവിധ വ്യാവസായിക പദ്ധതികൾ ചെറുപ്പക്കാർക്ക് തൊഴിൽ കിട്ടുന്ന രൂപത്തിൽ തുടങ്ങണമെന്നാണ് ഒന്നാമത്തെ കാഴ്ചപ്പാട്. അങ്ങിനെ വന്നാൽ പ്രവാസികളുടെ നിക്ഷേപത്തിന് നല്ലൊരു റി്ട്ടേൺ കിട്ടുകയും യുവാക്കൾക്ക് തൊഴിലും കിട്ടും. ഇതിലൂടെ രണ്ട് വിഭാഗത്തേയും സംരക്ഷിക്കാൻ കഴിയും.

മറ്റൊന്ന് കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രശ്നങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. അതിനു വേണ്ട വികസനം സാധ്യമാക്കും. പ്രവാസികളെ സഹായിക്കാൻ കഴിയുന്നതോടൊപ്പം ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമവും നടത്തും. ഇതാണ് പ്രധാന വികസന കാഴ്ചപ്പാടുകൾ.

? പ്രധാന വാഗ്ദാനം

ഒറ്റവാക്കിൽ പറയുകയാണെങ്കിൽ എല്ലാ കാര്യത്തിനും അവരുടെ കൂടെയുണ്ടാകും എന്നുള്ളതാണ്. അത് വികസനമാണെങ്കിലും മറ്റു ജീവിത പ്രശ്നങ്ങളാണെങ്കിലും മറ്റേത് കാര്യത്തിലും അവരിൽ ഒരാളായി കുടുംബാംഗത്തെ പോലെ പരിഗണിക്കാവുന്ന വിധത്തിൽ അവരുടെ കൂടെയുണ്ടാകും എന്നുള്ള ഉറപ്പാണ് കൊടുക്കുന്നത്.

?ഉപതെരഞ്ഞെടുപ്പിൽ ഉയർത്തുന്ന രാഷ്ട്രീയ ചർച്ചകൾ

ലോക്സഭാ തെരഞ്ഞെടുപ്പാകുമ്പോൾ സ്വാഭാവികമായും ദേശീയ രാഷ്ട്രീയമാകും പ്രധാനമായി ചർച്ചയാകുന്നത്. അതിൽ ഫാസിസവും വർഗീയതയും അതിന്റെ പ്രതിരോധത്തെ കുറിച്ചും ഒക്കെയാണ് ചർച്ച ചെയ്യുന്നത്. ഇപ്പോൾ വലിയ രൂപത്തിൽ ന്യൂനപക്ഷങ്ങളും ദളിത് പിന്നോക്ക മേഖലയിൽ നിൽക്കുന്ന ആളുകളുമെല്ലാം അരക്ഷിതമായ ഒരു ജീവിതം നയിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറി. ഭക്ഷണത്തിന്റെ പേരിലുള്ള വലിയ പ്രയാസം ആളുകൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്.

ഇതിനെതിരെയുള്ള ഒരു കാമ്പയിനിംങ്, മതനിരപേക്ഷ ചേരി ശക്തിപ്പെടേണ്ടതുണ്ട്. മതനിരപേക്ഷ ടീം ശക്തിപ്പെടണമെങ്കിൽ ആദ്യം ഇടതുപക്ഷം ശക്തിപ്പെടണം. ഇടതുപക്ഷം മാത്രമാണ് തുറന്ന പോരിന് തയ്യാറായിട്ട് നിൽക്കുന്നത്. ബീഫ് നിരോധനം പോലുള്ള കാര്യത്തെ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യയിലെ ഒരു പൗരന് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്ത് കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഒരു വ്യക്തിയുടെ സ്വകാര്യ വിഷയമാണ്.

അതിൽ പോലും ഫാസിസം ഇടപെടുന്നു എന്നുള്ളതാണ്. തീവ്ര വർഗീയതയിലേക്കാണ് കേന്ദ്ര ഗവൺമെന്റും സംഘപരിവാരും ബിജെപിയുമെല്ലാം മാറുന്നത്. ഏറ്റവും അപകടമെന്നത് ബീഫ് കഴിക്കുന്നത് ചെറിയ വിഭാഗമല്ല. ഇന്ത്യയിലെ 65 ശതമാനത്തിനു മുകളിൽ വരുന്ന ജനങ്ങൾ ബീഫ് കഴിക്കുന്നവരാണ്. ഇത് അത്തരം ജനങ്ങളോടുള്ള വെല്ലുവിളിയെന്നു തന്നെയാണ് ഞങ്ങൾ പ്രചരിപ്പിക്കുന്നത്.

?സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകുമോ ഈ തെരഞ്ഞെടുപ്പ്

കേരള ഭരണം വളരെ നല്ലത് പോലെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നുണ്ട്. കഴിഞ്ഞ പത്ത് മാസക്കാലത്തെ ഭരണ നേട്ടങ്ങൾ വിശദീകരിച്ചു കൊണ്ടാണ് ഞങ്ങൾ കാമ്പയിനിംങ് പുരോഗമിക്കുന്നത്. സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ, പ്രവാസി പദ്ധതികൾ, പെൻഷൻ പദ്ധതികൾ, പ്രവാസി പുനരധിവാസം, മിഷൻ പദ്ധതികളെല്ലാം വലിയ രീതിയിലുള്ള ഇടപെടലാണ്. കഴിഞ്ഞ ബജറ്റ് ഒരു നവകേരള സൃഷ്ടിക്കു വേണ്ടിയുള്ള ചുവടുവെയ്‌പ്പാണ്. മലപ്പുറം ജില്ലയിൽ തന്നെ ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളത്. ഒരുകാലത്തും യു.ഡി.എഫിന് നിർദ്ദേശിക്കാൻ കഴിയാത്ത വികസന മാതൃകകൾ തീർത്താണ് മലപ്പുറം ജില്ലയിൽ അടക്കം എൽ.ഡി.എഫ് ഗവൺമെന്റിന്റെ പദ്ധതികൾ വരുന്നത്. മലപ്പുറം ജില്ലയിൽ മാത്രം എണ്ണമറ്റ പദ്ധതികൾ ഈ സർക്കാറിന് കൊണ്ടുവരാൻ സാധിച്ചു.

ഇത്തവണയും ഒരു മന്ത്രിയും നാല് എംഎ‍ൽഎമാരും മാത്രമാണ് ജില്ലയിലുള്ളത് എന്നിട്ടും വലിയ വികസനങ്ങൾ കൊണ്ടുവരാൻ സാധിച്ചു. കഴിഞ്ഞ തവണ 14 എംഎ‍ൽഎമാരും 5 മന്ത്രിമാരും ഉണ്ടായിട്ട് ഒന്നും ഒന്നും ചെയ്യാൻ പറ്റാത്തത് ഈ ഗവൺമെന്റ് ആദ്യ ബജറ്റിൽ തന്നെ പ്രഖ്യാപിക്കാൻ വേണ്ടി കഴിഞ്ഞു.

? കുഞ്ഞാലിക്കുട്ടിയെ പോലുള്ള ശക്തനായ ഒരു നേതാവിനെതിരെയുള്ള മത്സരത്തെ എങ്ങിനെ കാണുന്നു

മത്സരത്തെ ഒരു രാഷ്ട്രീയ പോരാട്ടമായിട്ടാണ് കാണുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആശയങ്ങളും ഐക്യ ജനാധിപത്യ മുന്നണിയുടെ ആശയങ്ങളും തമ്മിലുള്ള വലിയ പോരാട്ടമാണ് നടക്കുന്നത്. അതിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. അത് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കുമെന്നുള്ളതാണ്.

? കുഞ്ഞാലിക്കുട്ടിയുടെ പത്രികയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ ഇടതുപക്ഷത്തിന്റെ മൗനം രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണെന്ന ആക്ഷേപം ഉയർന്നിരുന്നു

അത് തെറ്റായ ആക്ഷേപമാണ്. ഈ വിഷയം സൂക്ഷ്മ പരിശോധനാ സമയത്ത് കൃത്യമായി ചൂണ്ടിക്കാട്ടിയതാണ്. റിട്ടേണിംങ് ഓഫീസറുടെ വിവേചനമാണ് അത് സ്വീകരിക്കണോ തള്ളണമോയെന്നുള്ളത്. അദ്ദേഹം പത്രിക സ്വീകരിച്ചു. സ്വീകരിച്ചു കഴിഞ്ഞാൽ മറ്റു നിയമ നടപടികളും കമ്മീഷനിൽ പരാതിയുമാണ് കൊടുക്കുക. അതുമായി മുന്നോട്ടു പോകുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സ്ഥാനാർത്ഥിയെന്ന നിലയിൽ ഞാനും പ്രഖ്യാപിച്ചതാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിന്റെ വിദഗ്ദരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കും.

? എസ്.ഡി.പി.ഐ, വെൽഫെയർ പാർട്ടി എന്നിവർ സ്ഥാനാർത്ഥിയെ നിർത്തിയിട്ടില്ല. ഇവരുടെ പിന്തുണ തേടിയിരുന്നോ..

ഒരിക്കലുമില്ല., വർഗീയ രാഷ്ട്രീയ പാർട്ടികളുമായി ഒരു കൂട്ടുകൂടലും തെരഞ്ഞെടുപ്പാണെങ്കിലും അല്ലെങ്കിലും ഇടതുപക്ഷത്തിന് ആ ഒരു നിലപാടില്ല. എസ്.ഡി.പി.ഐ എന്ന പ്രസ്ഥാനവുമായിട്ട് മുസ്ലിംലീഗ് പരസ്യ ബാണ്ഡവത്തിന് തയ്യാറായിരിക്കുന്നു. ഈ രീതിയിലുള്ള മുസ്ലിം ദ്രുവീകരണം ഉണ്ടാക്കുന്നത്, ഏകീകരണം ഉണ്ടാക്കുന്നത് യഥാർത്ഥത്തിൽ ഫാഷിസത്തെ സഹായിക്കുന്നതിന് തുല്ല്യമാണ്. അതാണ് ഇതിനകത്ത് സംഭവിക്കാൻ പോകുന്നത്. അത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലും വലിയ അപകടകരമായ പ്രയാസം മുസ്ലിം സമുദായത്തിന് ഉണ്ടാക്കും എന്ന അഭിപ്രായമാണ് എനിക്കുള്ളത്. വോട്ട് എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിക്കുന്നുണ്ട്. തെരഞ്ഞെടുപ്പാകുമ്പോൾ എല്ലാ ആളുകളോടും വോട്ട് ചെയ്യാൻ പറയും.

? പ്രചാരണം അവസാനഘട്ടത്തിലെത്തുമ്പോഴുള്ള പ്രതീക്ഷകൾ

തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും നല്ല പിന്തുണയും പ്രോത്സാഹനവുമാണ് എൽ.ഡി.എഫ് പ്രവർത്തകരുടെ ഭാഗത്ത് നിന്നും പൊതുവായ വോട്ടർമാരുടെ ഭാഗത്ത് നിന്നും കിട്ടിയിട്ടുള്ളത്. എവിടെ പോകുമ്പോഴും പൊതു സമൂഹം നല്ല പിന്തുണയും പ്രോത്സാഹവും നൽകുന്നു. ആത്മവിശ്വാസത്തോടെ പ്രചാരണ രംഗത്ത് നിലനിൽക്കാൻ സഹായിച്ചത് അതാണ്. അത് ഓരോ ദിവസവും വർദിക്കുന്നതായാണ് കാണുന്നത്. നല്ല യുവാക്കളുടെ പിന്തുണയുണ്ട്. അതുപോലെ തന്നെ കാരണവന്മാർ, സ്ത്രീകൾ ഉൾപ്പടെയുള്ള പിന്തുണയുണ്ട്. നൂറ് ശതമാനം വിജയിക്കാൻ ആവശ്യമായ ഒരു ട്രന്റ് ഈ മണ്ഡലത്തിൽ ഉണ്ടായിട്ടുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്.

? വോട്ടർമാരോട്

ഫാഷിസത്തിനും വർഗീയതക്കും എതിരായ മതനിരപേക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം. ഇവിടത്തെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ച് ഈ നാടിന്റെ സ്വപ്ന പദ്ധതികൾ നടപ്പിലാക്കാൻ കഴിയണം. അതിന് ഇടതുപക്ഷത്തെ വിജയിപ്പിക്കണം എന്നാണ് ജനങ്ങളോട് പറയാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP